1 GBP = 93.60 INR                       

BREAKING NEWS

അജ്മീരില്‍ നിന്ന് മടങ്ങി എത്തി യാല്‍ ഉല്ലാസിന്റെ ഡബ്ബിങ്; വെയിലും കുര്‍ബാനിയിലും അഭിനയിക്കാനും തയ്യാറെന്ന് ഷെയ്ന്‍ നിഗം; പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തേ മതിയാകൂവെന്ന നിലപാടിലേക്ക് 'അമ്മ'യും 'ഫെഫ്ക'യും; യുവ നടനെ വിലക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് മോഹന്‍ലാലും; മമ്മൂട്ടിയും അബിയുടെ മകനൊപ്പം; സിനിമയിലെ മയക്കു മരുന്ന് വെളിപ്പെടുത്തല്‍ വെട്ടിലാക്കുന്നത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ; സര്‍ക്കാരും കരട് ബില്ലുമായി നിലപാട് കടുപ്പിച്ചതോടെ 'മുടി വെട്ടല്‍' വിവാദം ഉടന്‍ തീരും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഷെയ്ന്‍ നിഗം ഉണ്ടാക്കിയ വിവാദങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടും. മുടിവെട്ടല്‍ വിവാദത്തിന്റെ പേരില്‍ സിനിമ മുടങ്ങുന്നത് അംഗീകരിക്കാതെ തന്നെ പ്രശ്ന പരിഹാരത്തിന് താര സംഘടന മുന്നിട്ടിറങ്ങുകയാണ്. യുവ നടനെ വിലക്കുന്നതിനെ അംഗീകരിക്കില്ലെന്ന് അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്. മമ്മൂട്ടിക്കും ഇതേ നിലപാടാണുള്ളത്. ഈ സാഹചര്യത്തില്‍ മഹാ സുബൈറിന്റേയും ജോബി ജോര്‍ജിന്റേയും സിനിമ വീണ്ടും തുടങ്ങി പ്രശ്ന പരിഹാരത്തിനാണ് സാധ്യത ഉയരുന്നത്. വെയിലും കുര്‍ബാനിയിലും അഭിനയിക്കാന്‍ തയ്യാറെന്ന് ഷെയ്ന്‍ നിഗം താര സംഘടനയെ അറിയിച്ചു കഴിഞ്ഞു. ഇതോടെ പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്തേ മതിയാകൂവെന്ന നിലപാടിലേക്ക് 'അമ്മ'യും 'ഫെഫ്ക'യും എത്തുകയാണ്.

സിനിമയിലെ മയക്കു മരുന്ന് വെളിപ്പെടുത്തലോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഏവരും ഒറ്റപ്പെടുത്തുകയായിരുന്നു. ഇതിനിടെ സര്‍ക്കാരും നിലപാട് കടുപ്പിച്ചതോടെ 'മുടി വെട്ടല്‍' വിവാദം ഉടന്‍ തീരുമെന്നാണ് സൂചന. അല്ലെങ്കില്‍ സെറ്റുകളില്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ എത്തും. ചലച്ചിത്രമേഖലയിലെ സമഗ്ര മാറ്റത്തിനുള്ള കരടുനിയമം തയാറായ സാഹചര്യത്തിലാണ് ഇത്. സിനിമ നിര്‍മ്മാണ റജിസ്ട്രേഷനു സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തും. തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിനിമാ റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കും. തൊഴില്‍ തര്‍ക്കങ്ങള്‍, നിര്‍മ്മാണക്കാരും വിതരണക്കാരും തിയറ്റര്‍ ഉടമകളും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം അഥോറിറ്റി കൈകാര്യം ചെയ്യും. നിര്‍മ്മാണം, വിതരണം എന്നിവ സംബന്ധിച്ചു മാര്‍ഗരേഖ തയാറാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ വിഴുപ്പഴക്കലിന് സിനിമാ സംഘടനകള്‍ക്കും താല്‍പ്പര്യമില്ല.

റഗുലേറ്ററി അഥോറിറ്റി നിലവില്‍ വരുന്നതോടെ, തര്‍ക്കങ്ങളും പരാതികളും സിനിമ മേഖലയിലെ സംഘടനകള്‍ കൈകാര്യം ചെയ്യുന്നതു നിയമ വിരുദ്ധമാകും. അഭിനേതാക്കള്‍, മറ്റു സിനിമാ പ്രവര്‍ത്തകര്‍ എന്നിവരെ വിലക്കാനോ മാറ്റിനിര്‍ത്താനോ സംഘടനകള്‍ക്ക് അവകാശമുണ്ടാകില്ല. നിര്‍മ്മാണം, വിതരണം എന്നിവ ഉള്‍പ്പെടെ എല്ലാ പരാതികളും അതോറ്റിയില്‍ നല്‍കണം. റിട്ട. ജില്ലാ ജഡ്ജിയായിരിക്കും അഥോറിറ്റി അധ്യക്ഷന്‍. ചലച്ചിത്ര രംഗത്തുനിന്ന് മുതിര്‍ന്ന ഒരാളും സാമ്പത്തികരംഗത്തുനിന്ന് ഒരാളും അംഗങ്ങളാകും. ഇത് ഏല്ലാവര്‍ക്കും വെല്ലുവിളിയാണ്. ഷെയ്ന്‍ നിഗം പോലുള്ള വിവാദത്തില്‍ ഏകപക്ഷീയ തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യം വരും. ഇത് മനസ്സിലാക്കി ഇനി വിവാദങ്ങള്‍ ഇല്ലാതെ കടന്നു പോകാനാണ് സിനിമാക്കാരുടെ തീരുമാനം. വെയിലിലും കുര്‍ബാനിയിലും തുടര്‍ന്നും ഷെയ്ന്‍ നിഗം അഭിനയിക്കും. ഇതോടെ വിവാദവും തീരും. സിനിമയുടെ നഷ്ടം ഷെയ്ന്‍ നിഗം നല്‍കണമെന്ന വാദം ഒരിക്കലും നടക്കില്ല. കാരണം ഇതിനുള്ള സാമ്പത്തിക സ്ഥിതി ഷെയ്ന്‍ നിഗമിനില്ല. പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ ആവശ്യങ്ങള്‍ ബാലിശമാണെന്നാണ് മറ്റ് സംഘടനകളുടെ വിലയിരുത്തല്‍.

നിര്‍മ്മാതാക്കളുടെ വിലക്കില്‍ വിയോജിപ്പ് രേഖപ്പെടുത്തി അഭിനേതാക്കളുടെ സംഘടനയായ 'അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ രംഗത്തുവന്നതോടെയാണു പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കു നീങ്ങുന്നത്. ഇതിനു യുവനിരയിലെ നടന്മാര്‍ രഹസ്യപിന്തുണ നല്‍കിയതോടെ ലംഘിച്ച കരാറുകള്‍ തിരുത്തി വന്നാല്‍ ഷെയ്ന്‍ നിഗത്തിന് അഭിനയിക്കാന്‍ വഴിതുറക്കുമെന്ന് ഉറപ്പായി. സിദ്ദിഖ് സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ പൊള്ളാച്ചിയിലായതിനാല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 'അമ്മയുടെ ഔദ്യോഗിക യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. ലാലിന്റെ ഇടപെടല്‍ ഉണ്ടായതോടെ ഷെയ്ന്‍ നിഗം 'ഉല്ലാസത്തിന്റെ ഡബ്ബിങ്ങിനെത്തും. തുടര്‍ന്ന് വിവാദത്തിലായ 'വെയില്‍, 'കുര്‍ബാനി' സിനിമകളില്‍ സഹകരിക്കുക എന്നതാണ് പ്രശ്‌നപരിഹാരത്തിനുള്ള ഫോര്‍മുല.

ഷെയ്ന്‍ നിഗം കൊളുത്തിവിട്ട വിവാദം നിര്‍മ്മാതാക്കളും സാങ്കേതികവിദഗ്ധരും തമ്മിലുള്ള തര്‍ക്കമായും മാറി. സംശയത്തിന്റെ പുകമറയില്‍ ഈ വ്യവസായത്തെ നിര്‍ത്തരുതെന്ന ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്റെ പ്രതികരണം നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു നേരെയാണ്. നടന്‍ കരാര്‍ ലംഘനം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് നടനെ സംശയനിഴലില്‍ നിര്‍ത്തിക്കൊണ്ട് നിര്‍മ്മാതാക്കള്‍ സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചത്. തെളിവു തന്നാല്‍ നടപടിയെടുക്കാമെന്നു സര്‍ക്കാര്‍ അറിയിച്ചതും ശ്രദ്ധേയമായി. തെളിവുകള്‍ ആരും ഇതുവരെ നല്‍കിയതുമില്ല. അജ്മീരിലേക്ക് യാത്ര പോയിരിക്കുന്ന ഷെയ്ന്‍ നിഗം ഈ മാസം നാലാം തിയ്യതി മടങ്ങിയെത്തിയേക്കും. അതിന് ശേഷം അമ്മ ഭാരവാഹികളുടെ നേതൃത്വത്തില്‍ അനുനയ ചര്‍ച്ചകള്‍ നടക്കാനാണ് സാധ്യത.

അതിനിടെ തമിഴില്‍നിന്ന് അവസരങ്ങള്‍ തേടിയെത്തുന്നുണ്ടെന്ന് ഷെയ്ന്‍ നിഗം അറിയിക്കുന്നുണ്ട്. ചിയാന്‍ വിക്രമിന്റെ പുതിയ ചിത്രത്തിലേക്കാണ് ക്ഷണം. ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തുവാണ് സംവിധാനം. സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിലായിരിക്കും ഷെയ്ന്‍ അഭിനയിക്കുക. ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് നീക്കം. വിലക്ക് ഭീഷണിയും സംഘടനാതര്‍ക്കവുംമൂലം ഷെയ്ന്‍ നിഗമിന്റെ കുര്‍ബാനി, വെയില്‍, ഉല്ലാസം തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോള്‍ വിവിധഘട്ടങ്ങളില്‍ തടയപ്പെട്ടിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി കൂടുതല്‍ പേര്‍ രംഗത്തു വരുന്നുണ്ട്. ഇരുഭാഗത്തും അപക്വമായ സമീപനമുണ്ടായെന്ന് പ്രമുഖ സംവിധായകന്‍ ആഷിക് അബു പ്രതികരിച്ചു.

കലാകാരനെ വിലക്കുന്നതും നടന്‍ സിനിമയെ ലാഘവത്തോടെ കാണുന്നതും ശരിയല്ല. മുടങ്ങിപ്പോയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഷെയ്ന്‍ തയ്യാറാകണം. സിനിമയില്‍ മുഴുവന്‍ ലഹരിയാണെന്നു പറഞ്ഞ് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ആഷിഖ് അബു പ്രതികരിച്ചു. അതേസമയം, ഷെയ്‌നിന് പൂര്‍ണ പിന്തുണ അറിയിച്ച് നടന്‍ ജോയ് മാത്യു രംഗത്തുവന്നു. നായകനായി ജീവിച്ചുകളയാം എന്ന മോഹവുമായി സിനിമയെ സമീപിക്കുന്ന ആയിരങ്ങളില്‍ ഒരാളായിട്ടല്ല ഷെയ്‌നെന്നും അതുകൊണ്ട് അയാളുടെ രീതികളും എടുത്തു ചാട്ടങ്ങളും അച്ചടക്കമില്ലായ്മയായി വിലയിരുത്തപ്പെട്ടെന്നും താരം സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category