1 GBP = 91.00 INR                       

BREAKING NEWS

മയക്കുമരുന്ന് കണ്ടെത്താനും ഇനി മെഷീന്‍; നാവില്‍ വെച്ച് ഉമിനീര്‍ എടുത്താല്‍ ലഹരി അറിയാം; മൂത്രം പരിശോധിച്ചാലും ഫലം സെക്കന്‍ഡുകള്‍ക്കുള്ളില്‍; ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച് കിറുങ്ങിയിട്ടും ഒന്നും സംഭവിക്കാത്തപോലെ നില്‍ക്കുന്നവരെ ഇനി സ്പോട്ടില്‍ പിടികൂടാം; വിദേശ രാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോണ്‍ കിറ്റ്' കേരളത്തിലും; ഏറെ പ്രശ്‌നമുള്ള കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് നല്‍കിയത് 15 കിറ്റ്; ലഹരി വിപത്തിനെതിരെ നിര്‍ണ്ണായക ചുവടുവെപ്പുമായി കേരളാ പൊലീസ്

Britishmalayali
എം മാധവദാസ്

തിരുവനന്തപുരം: നടന്‍ ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നതോടെ കേരളത്തില്‍ സജീവ ചര്‍ച്ചയായ വിഷയമാണ് ന്യൂജന്‍ ലഹരി വസ്തുക്കളുടെ ഉപയോഗം. പുതിയ തലമുറ വളരെ വേഗം ഇത്തരം ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനാ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് പൊലീസിന് ഏറ്റവും വലിയ തിരിച്ചടിയായത്. ഉദാഹരണമായി ഒരാള്‍ മദ്യപിച്ച് വണ്ടിയോടിക്കയും മറ്റും ചെയ്താല്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് അത് നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ കഴിയും. കഞ്ചാവ് ഉപയോഗിച്ചാല്‍ രൂക്ഷഗന്ധത്തിലൂടെയും ഒരു പരിധിവരെ അറിയാന്‍ കഴിയും. എന്നാല്‍ ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടമല്ലാത്ത എല്‍എസ്ഡിപോലുള്ള ന്യുജന്‍ ലഹരിമരുന്നുകള്‍ ഉപയോഗിച്ച് വാഹനമോടിക്കുകയയോ മറ്റോ ചെയ്താലും തിരിച്ചറിയാന്‍ കഴിയില്ല. പൊലീസ് വന്ന് ബ്രെത്ത് അനലൈസര്‍ വെച്ച് ഊതി നോക്കിയാല്‍ അവര്‍ അതിനെ കൂളായി അതിജീവിക്കും.

ഈ പരിമിതിയായിരുന്നു പലപ്പോഴും കേരള പൊലീസിന് വിനയായിരുന്നത്. എന്നാല്‍ മയക്കുമരുന്നും ന്യൂജന്‍ ലഹരി ഗുളികളും ഉപയോഗിക്കുന്നവരെ കൈയോടെ പിടികൂടാന്‍ ഒടുവില്‍ കേരള പൊലീസിനും പ്രത്യേക പരിശോധനാ കിറ്റ് വരികയാണ്. വിദേശരാജ്യങ്ങളിലെ പൊലീസ് ഉപയോഗിക്കുന്ന 'അബോണ്‍ കിറ്റ്' ആണു കേരളത്തിലെത്തിയത്. ഗുജറാത്ത് പൊലീസ് ഇതു നേരത്തേ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന അബോണ്‍ കമ്പനിയുടെ മള്‍ട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളാണ് കേരളാപൊലീസ് വാങ്ങിയത്.

നഗരങ്ങളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നു ബോധ്യപ്പെട്ടതിനാല്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊലീസിന് 15 കിറ്റ് വീതം നല്‍കയിട്ട്ുണ്ട്. കിറ്റ് ഫലപ്രദമാണോയെന്ന് 2 നഗരങ്ങളിലെയും പൊലീസ് കമ്മിഷണര്‍മാരോടു ഡിജിപി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിനു ശേഷം എല്ലാ ജില്ലകളിലും കിറ്റ് ലഭ്യമാക്കും.മുന്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ഹൈക്കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണു നടപടിയുണ്ടായത്. ലഹരി ഉപയോഗം കണ്ടുപിടിക്കാനാകാതെ പോകുന്ന കേസുകളുടെ കണക്കും അബോണ്‍ കിറ്റ് ഉപയോഗിച്ചാലുള്ള ഗുണവും വ്യക്തമാക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് നടപടിക്കു ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ഹെറോയിന്‍, ചരസ്, എക്സ്റ്റസി, മരിജുവാന, മെത്താംഫിറ്റമിന്‍, പെത്തഡിന്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മയക്കുമരുന്നുകള്‍ ലഭ്യമാണ് ഇന്ന് കേരളത്തില്‍. അവയില്‍ ഏതെങ്കിലുമൊക്കെ ഉപയോഗിച്ച് നില്‍ക്കുന്നവരെ കണ്ടാല്‍ സ്‌പോട്ടില്‍ വെച്ചു തന്നെ ഒന്ന് ടെസ്റ്റ് ചെയ്യാന്‍ വേണ്ട ഒരു മള്‍ട്ടി ഡ്രഗ്ഗ് കിറ്റും ഇന്നോളം കേരളാ പൊലീസിന്റെ കയ്യില്‍ ഇല്ലായിരുന്നു. വഡോദരാ പൊലീസിന്റെ വിജയ മാതൃകയെ അനുകരിച്ചുകൊണ്ട് കേരളത്തിലും ഇനി ഇതിനുള്ള സംവിധാനമൊരുങ്ങുന്നത്. അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500 രൂപയാണ് വില. പരീക്ഷാടിസ്ഥാനത്തില്‍ ആദ്യം ഉപയോഗിച്ച്, ഫലപ്രദമെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്തെ സേനയ്ക്ക് മുഴുവന്‍ തികയുന്നത്ര കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യും. ജില്ലാ പൊലീസ് മേധാവികള്‍ നയിക്കുന്ന ആന്റി നാര്‍ക്കോട്ടിക് ആക്ഷന്‍ ഫോഴ്സിനാവും ഇതിന്റെ ചുമതല.

തീരുമാനം കോടതി ഇടപെടലിനെ തുടര്‍ന്ന്
മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ നടത്തപ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങളെപ്പറ്റിയുള്ള ഒരു പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തിയാണ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ മയക്കുമരുന്ന് വേട്ടയിലെ പ്രയാസങ്ങള്‍ അറിയിച്ചത്. പത്രമാധ്യമങ്ങളില്‍ മയക്കുമരുന്നിന്റെ വര്‍ധിച്ചുവരുന്ന ഉപയോഗത്തെപ്പറ്റി വന്ന എഡിറ്റോറിയല്‍ ആര്‍ട്ടിക്കിളുകള്‍, സംസ്ഥാനത്ത് നിലവില്‍ മയക്കുമരുന്ന് തത്സമയം ടെസ്റ്റുചെയ്യാന്‍ പറ്റുന്ന മള്‍ട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ സ്ഥാപകപ്രസിഡന്റും മുന്‍ വിജിലന്‍സ് എസ്പിയും ആയിരുന്ന എന്‍. രാമചന്ദ്രന്‍ ഐപിഎസ് കോടതിക്കെഴുതിയ കത്ത് എന്നിവയെ അധികരിച്ചുകൊണ്ട് കോടതി സ്വമോധയാ ആയി ഒരു പൊതു താത്പര്യ ഹര്‍ജി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 2019 മെയിലായിരുന്നു ഈ നടപടി.

സംസ്ഥാനത്തെ പൊലീസ് സേനയെ നയിച്ച തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍, ഏറെ നാളായി മയക്കുമരുന്നുകള്‍ക്ക് ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്ള സ്വാധീനശക്തിയെപ്പറ്റി പഠനങ്ങള്‍ നടത്തുകയായിരുന്നു എന്‍. രാമചന്ദ്രന്‍ ഐപിഎസ്. ലിംഗഭേദമെന്യേ, കാട്ടുതീപോലെയാണ് കുട്ടികളിലെ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ലഹരി ഉപഭോക്താക്കള്‍ മദ്യത്തില്‍ നിന്നും വലിയ തോതില്‍ മയക്കുമരുന്നുകളിലേക്ക് മാറിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടുനടക്കാനുള്ള എളുപ്പം, പിടിക്കപ്പെടാനുള്ള സാധ്യതക്കുറവ്, താരതമ്യേന കൂടിയ വീര്യം എന്നിവയാണ് ആളുകളെ മയക്കുമരുന്നിലേക്ക് അടുപ്പിക്കുന്നത്. ഇങ്ങനെ വര്‍ധിച്ച ഉപഭോഗം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്.
അപൂര്‍വം കേസുകളില്‍ മയക്കുമരുന്നിന്റെ ശേഖരവുമായി ഇതിന്റെ വില്‍പനക്കാര്‍ പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് ഈ മയക്കുമരുന്നുകളുടെ സാന്നിധ്യത്തെപ്പറ്റിപ്പോലും നമ്മള്‍ അറിയുന്നത്. ഈയടുത്ത് എംഡിഎംഎ എന്ന ഒരു പാര്‍ട്ടി ഡ്രഗുമായി കൊച്ചിയിലെ ഒരു സീരിയല്‍ നടി പിടിക്കപ്പെട്ട സംഭവം തന്നെ ഉദാഹരണം. എന്നാല്‍ അത് വളരെ അപൂര്‍വമായി മാത്രം നടക്കുന്ന ഒരു സംഭവമാണ്. എന്നാല്‍, മയക്കുമരുന്ന് സമൂഹത്തില്‍വളരെ ആഴത്തില്‍ തന്നെ വേരുറപ്പിച്ചിട്ടുണ്ട് എന്ന് നമ്മളെ ഓര്‍മ്മപ്പെടുത്തുന്ന പല കൊലപാതകങ്ങളും, ആക്രമണങ്ങളും, ബലാത്സംഗങ്ങളും, ശിശുപീഡനങ്ങളും എല്ലാം തന്നെ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നിരവധി ക്വട്ടേഷന്‍ സംഘങ്ങള്‍ അവരുടെ കേഡറുകളെ പോറ്റുന്നത് മയക്കുമരുന്നിന്റെ ബലത്തിലാണ്.

ഒരിക്കല്‍ മയക്കുമരുന്നിന് അടിമപ്പെടുന്നവര്‍ പിന്നീട് അത് കിട്ടാന്‍ വേണ്ടി കൊല്ലിനും കൊലയ്ക്കും ഒക്കെ തയ്യാറാവുന്നു. കരമനയിലെ അനന്തുവിന്റെ കൊലപാതകം, ശ്രീ വരാഹത്തെ കൊലപാതകം, മയക്കുമരുന്ന് മാഫിയ രണ്ടു യുവാക്കളെ തൃശൂരില്‍ അവരുടെ ബൈക്കില്‍ വണ്ടിയിടിച്ച് വെട്ടിക്കൊന്ന സംഭവവും ഇതോടു ചേര്‍ത്ത് വായിക്കാവുന്നവയാണ്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ്ങ്, മെഡിക്കല്‍ കോളേജുകളില്‍ ഉപരിപഠനം നടത്തുന്ന പല വിദ്യാര്‍ത്ഥികളും മയക്കുമരുന്നുകള്‍ക്ക് അടിമകളാണ്. കഴിഞ്ഞ വര്‍ഷം, കൊച്ചിയിലെ നെട്ടൂരില്‍ അനന്തു എന്ന ഒരു പ്ലസ്ടു വിദ്യാര്‍ത്ഥി മയക്കുമരുന്നിന് അടിമയായി ഒടുവില്‍ തീവണ്ടിക്കുമുന്നില്‍ ചാടി ജീവനൊടുക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ പലപ്പോഴും കേവലം ഒരു കൗതുകത്തിന്റെ പുറത്തും, പലപ്പോഴും കൂട്ടുകെട്ടുകളില്‍ പെട്ടും, അല്ലെങ്കില്‍ ഒരിത്തിരി സാഹസികതയ്ക്കും ഒക്കെയായിട്ടാവും മയക്കുമരുന്നുപയോഗിച്ച് തുടങ്ങുക. എന്നാല്‍ ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്തിക്കിട്ടാന്‍ വളരെ പ്രയാസമാകും.
മയക്കുമരുന്നു നിര്‍മ്മാര്‍ജ്ജനത്തിന്റെ ആദ്യപടി, സമയാസമയത്ത് അതിന്റെ ഉപയോഗം കണ്ടെത്തുന്നതാണെന്നു എന്‍. രാമചന്ദ്രന്‍ ഐപിഎസ് പറഞ്ഞു. മറ്റു രാജ്യങ്ങളില്‍ ഒരാളെ പരിശോധിക്കുമ്പോള്‍ ആദ്യം ചോദിക്കുന്ന ചോദ്യം, ' ആര്‍ യു ക്‌ളീന്‍ ..? ' എന്നാണെന്നും, പരിശോധിക്കുന്ന ഉദ്യോഗസ്ഥന് സംശയം തോന്നുന്ന പക്ഷം ഉടനടി എടുത്തുപയോഗിക്കാന്‍ പറ്റുന്ന പാകത്തിന് ഇത്തരത്തിലുള്ള ഡിസ്‌പോസബിള്‍ സലൈവ ബേസ്ഡ് മള്‍ട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകള്‍ അവിടെ പ്രചാരത്തിലുള്ളതാണ് മയക്കുമരുന്നിനെ നിയന്ത്രിക്കാന്‍ അവര്‍ക്ക് കരുത്തേകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category