മുസ്ലിം ഏരിയയില്‍ പാര്‍ക്ക് ചെയ്തതുകൊണ്ടാണോ ആ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്? മുസ്ലീമുകള്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തിട്ടും മതേതരവാദികള്‍ എവിടേന്ന് ചോദിക്കുന്നവര്‍ ഏത് നാട്ടുകാരാണ്? ജിഹാദി റേപ്പിസ്റ്റ് എന്ന് പേരിട്ട് വിളിക്കാന്‍
ഹൈദരാബാദില്‍ ഒരു വനിതാ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടിട്ട് ഏതാണ്ട് അഞ്ച് ദിവസമാകുന്നു. ആദ്യദിവസം വൈകിയെത്തിയ ആ ദുരന്തത്തിന്റെ ആഘാതം ഇന്ത്യയിലെ സകല മനുഷ്യരെയും ഞെട്ടിച്ച് കളഞ്ഞു. മറ്റൊരു നിര്‍ഭയ കേസ് പോലെയാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നത്. അഗ്നിക്കിരയായി കൊല്ലപ്പെട്ട ആ യുവതിയുടെ ചിത്രങ്ങള്‍ സഹിതമാണ് ആദ്യം മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതെങ്കില്‍ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞതോട് കൂടി സകല മാധ്യമങ്ങളും ആ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പോലും നീക്കം ചെയ്തിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തിന് സമീപമുള്ള ഹൈവേയില്‍ ഒരു ക്ലിനിക്കില്‍ പോകുന്നതിന് വേണ്ടി എത്തിയ പെണ്‍കുട്ടി സ്കൂട്ടര്‍ വഴിയില്‍ കൊണ്ട് നിര്‍ത്തിയത് കണ്ട് മദ്യപിച്ചുകൊണ്ടിരുന്ന ഒരുസംഘം കാപാലികര്‍ ആസൂത്രണം ചെയ്തതായിരുന്നു ബലാത്സംഗവും കൊലപാതകവും.
ഈ പെണ്‍കുട്ടി തിരിച്ച് വരുമ്പോള്‍ അവളെ കീഴടക്കുന്നതിന് വേണ്ടി സ്കൂട്ടറിന്റെ ടയറിലെ കാറ്റ് അഴിച്ചുവിടുകയും ബലാത്സംഗം ചെയ്യുന്നതിനുള്ള സൗകര്യം കണക്കിലെടുത്ത് ലോറി അഞ്ച് കിലോമീറ്റര്‍ അകലെ കൊണ്ട് പാര്‍ക്ക് ചെയ്യുകയും പിന്നീട് ഈ പെണ്‍കുട്ടിയെ കാത്തിരുന്ന് സ്കൂട്ടര്‍ നന്നാക്കാന്‍ സഹായിക്കാന്‍ എന്ന വ്യാജേന തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. സകല എതിര്‍പ്പുകളെയും മറികടന്ന് ഈ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തവര്‍ ഒടുവില്‍ തെളിവ് പോലും അവശേഷിക്കാതിരിക്കാന്‍ കൊന്ന് കത്തിച്ച് ചാമ്പലാക്കുകയായിരുന്നു എന്നോര്‍ക്കുക. ഈ മഹാദുരന്തം ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മനസാക്ഷിയുള്ള സകലരേയും ഞെട്ടിക്കുന്നതും ഇന്ത്യാമഹാരാജ്യത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്നതുമാണ് ഈ കൊടും ക്രൂരത.
ഇത്തരം ക്രൂരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടി വാ തുറക്കാന്‍ ശ്ക്തിയുള്ള ഒരുത്തന് പോലും ഇല്ല എന്നുള്ളത് ആശ്വാസകരമാണ്. ഇന്ത്യ ഒരുമിച്ച്, ജാതിമത ഭേദമന്യേ ഈ ക്രൂരതക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. ഈ കൊടുംക്രൂരത ഒരുക്കിയ നാലുപേരും അറസ്റ്റിലാകുകയും അവരെ നിയമത്തിന് മുമ്പില്‍ വിട്ടുകൊടുക്കുന്നതിന് വേണ്ടി അതിവേഗ വിചാരണക്കോടതി സ്ഥാപിക്കുക പോലും ചെയ്തിരിക്കുന്നു. ഹൈദരാബാദ് എന്നല്ല, ഇന്ത്യ എന്നല്ല, ലോകം മുഴുവന്‍ കണ്ണീരോടുകൂടി ആ യുവഡോക്ടറുടെ കുടുംബത്തിന് നീതി കിട്ടാന്‍ രംഗത്തുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ക്രൂര കൊലപാതകത്തെ പോലും മതം കലര്‍ത്തി വഷളാക്കാന്‍ ചിലര്‍ രംഗത്തിറങ്ങിയിരിക്കുന്നു. പ്രതീഷ് വിശ്വനാഥന് എന്ന എഎച്ച്പി നേതാവ് അതില്‍ മതം കണ്ടെത്തിയാല്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍, എന്നെപ്പോലുള്ളവര്‍ ഏറെ ബഹുമാനിക്കുന്ന ടി പി സെന്‍കുമാറിനെ പോലെ ഒരു മുന്‍ പൊലീസ് ഓഫീസര്‍, ഒരു മുന്‍ ഡിജിപി ഈ ക്രൂര കൊലപാതകത്തിലും മതവും ജാതിയും കണ്ടെത്തുന്നത് സങ്കടകരമാണ്.
ഈ ക്രൂരകൃത്യം കൃത്യമായി പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയത് നാലുപേരാണ്. അവരില്‍ ഒരാള്‍ മാത്രമാണ് മുഹമ്മദ് പാഷ. ജൊള്ളു നവീന്‍, ജൊള്ളു ശിവ, ചെന്ന കേശവലു എന്നിങ്ങനെയാണ് ബാക്കി മൂന്നുപേരുടെ പേരുകള്‍. പേരുകള്‍ കൊണ്ട് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് മുഹമ്മദ് പാഷ ഒരു മുസ്ലിം സമുദായംഗമാണെന്നും ബാക്കി മൂന്നുപേരും ഹിന്ദു സമുദായാംഗങ്ങളാണ് എന്നുമാണ്. പക്ഷെ ഇതില്‍ മതം കലര്‍ത്തുന്നവര്‍ മുഹമ്മദ് പാഷയും കൂട്ടുകാരും കൊലപാതകം നടത്തി, ബലാത്സംഗം നടത്തി എന്നാണ് പ്രചരിപ്പിക്കുന്നത്. നാല് ബലാത്സംഗ പ്രതികളില്‍ മൂന്നുപേരും മുസ്ലീങ്ങള്‍ അല്ലാതിരുന്നിട്ടും ഒരു മുസ്ലിം പേരുകാരന്റെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാട്സാപ്പ് സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ കൊടുമ്പിരികൊള്ളുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..