1 GBP = 97.50 INR                       

BREAKING NEWS

നൈറ്റ് ഡ്യൂട്ടി ചെയ്തു ജീവിതം തുലച്ചെന്നു കരുതുന്നവര്‍ക്കായി ചില പൊടിക്കൈകള്‍; ഡ്യൂട്ടി കഴിഞ്ഞു വന്ന് കുഞ്ഞുങ്ങളെ നോക്കേണ്ടി വരുന്നവര്‍ക്ക് ഇരട്ടി ദുരിതം; കൂടെ ജോലി ചെയ്യുന്നവരെ കൈയി ലെടുത്താല്‍ ദുരിതങ്ങള്‍ കുറെയൊക്കെ മാനേജ് ചെയ്യാം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളി കുടുംബങ്ങളില്‍ പങ്കാളികളില്‍ ഒരാള്‍ എങ്കിലും നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ടി വരുന്നത് ബഹുഭൂരിഭാഗം പേരുടെയും നിലനില്‍പ്പിന്റെ വിഷയം കൂടിയാണ്. ജീവിക്കാന്‍ മറ്റു വഴി ഇല്ല എന്നതാണ് സത്യം. കുട്ടികള്‍ ഇപ്പോഴും വളര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെയാണ് മിക്ക വീടുകളിലും. കുട്ടികള്‍ മുതിര്‍ന്നവര്‍ക്ക് കാലങ്ങളായി ചെയ്തു വരുന്ന ജോലി ഉപേക്ഷിക്കുകയും പുതിയത് ഒന്ന് കണ്ടെത്തി സെറ്റില്‍ ചെയ്യുവാനുള്ള പ്രയാസവും മൂലം ശാരീരിക, മാനസിക പ്രയാസം സഹിച്ചും രാത്രി ജോലിയില്‍ തന്നെ തുടരുന്നു എന്നതാണ് വാസ്തവം. രാത്രികാല ജോലി തങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഒന്നു പോലെ കാര്‍ന്നു തിന്നുകയാണ് എന്നറിയാമെങ്കിലും മറ്റു മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ ഇല്ലാത്തതിനാല്‍ സഹിക്കുക തന്നെ എന്നതാണ് മിക്കവരുടെയും അവസ്ഥ. സ്ഥിരമായ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നത് മൂലം മാനസിക സമ്മര്‍ദം അനുഭവിക്കാത്തവര്‍ ആരുമുണ്ടാകില്ല എന്നാണ് ഇത് സംബന്ധിച്ച് നടന്ന പഠനങ്ങള്‍ തെളിയിക്കുന്നതും.
രാത്രി ജോലിയില്‍ പത്തും പന്ത്രണ്ടും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാരും കെയറര്‍മാരും. പലപ്പോഴും ആവശ്യമായ വിശ്രമം പോലും ലഭിക്കാത്തവര്‍. ഇതിനും പുറമെയാണ് മലയാളികള്‍ നേരിടുന്ന വിഷമങ്ങള്‍. പലര്‍ക്കും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നാല്‍ വീട്ടിലും ആവശ്യത്തിന് വിശ്രമം കിട്ടിയെന്നു വരില്ല. കൊച്ചു കുട്ടികള്‍ ഉള്ളവര്‍ ആണെങ്കില്‍ ജോലി കഴിഞ്ഞു വന്നാല്‍ കുട്ടിയെ കൂടി നോക്കുന്ന ജോലിയും ഏറ്റെടുക്കേണ്ടി വരും. കാരണം പങ്കാളി പകല്‍ ജോലി ചെയ്യുന്ന ആളാണെങ്കില്‍ വേറെ മാര്‍ഗ്ഗം ഇല്ല എന്നതാണ് വാസ്തവം. ആദ്യകാല കുടിയേറ്റക്കാരില്‍ പലരും ഈ ഘട്ടം പിന്നിട്ടവര്‍ ആണെങ്കിലും അടുത്തകാലത്തായി എത്തി തുടങ്ങിയ രണ്ടാം തലമുറ കുടിയേറ്റക്കാരില്‍ നല്ല പങ്കും ഇത്തരം ഒരാവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്.

പാതി സമയത്തു വിശ്രമം എടുക്കാന്‍ ശ്രമിക്കുക
നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ആവശ്യത്തിനു വിശ്രമം അനുവദിക്കുന്നതാണ് ബ്രിട്ടനിലെ നിയമം. വിശ്രമത്തിനായി ലഭിക്കുന്ന ഇടവേളയില്‍ വയര്‍ നിറയെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാതെ അല്‍പം വെള്ളമോ ജ്യുസോ ഒക്കെ പരീക്ഷിക്കുന്നതാകും നല്ലത്. ഒന്ന് മയങ്ങാന്‍ അവസരം കിട്ടിയാല്‍ തലച്ചോറിനുള്ള വിശ്രമം കൂടിയാകും. ഇത്തരത്തില്‍ അര മണിക്കൂര്‍ സ്വസ്ഥമായി ഇരിക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെയുള്ള പ്രയാസങ്ങള്‍ മറികടക്കാം.

നാശം പിടിച്ച ജോലി എന്ന് കരുതാതിരിക്കുക
രാത്രി ജോലി ചെയ്യുന്ന നല്ല പങ്കും ഇഷ്ടം കൊണ്ടല്ല ആ സമയം തിരഞ്ഞെടുക്കുന്നത്. പലര്‍ക്കും ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് പ്രധാനം. മറ്റു ചിലര്‍ക്കാകട്ടെ ഡ്യൂട്ടി പാറ്റേണ്‍ അനുസരിച്ചു ചെയ്യാതിരിക്കാനും ആകില്ല. അങ്ങനെ വരുമ്പോള്‍ മനസില്ലാ മനസ്സോടെയാകും ജോലിക്കു എത്തുക. നാശം എന്ന് മനസ്സില്‍ കരുതി ജോലി ചെയ്താല്‍ തന്നെ ക്ഷീണം തോന്നുക സ്വാഭാവികം. പകല്‍ അത്യാവശ്യം വിശ്രമം എടുക്കുന്നു എന്ന് ഉറപ്പാക്കി വേണം നൈറ്റ് ജോലിക്കു എത്താന്‍. പകല്‍ വിശ്രമിക്കാന്‍ ഉള്ള സാഹചര്യം അനുവദിച്ചാല്‍ പോലും മലയാളികളില്‍ പലരും ഈ ശീലം മനഃപൂര്‍വം  മറന്നു പോകുന്നവരാണ്. പിന്നെ ജോലിക്കെത്തിയാല്‍ തൊട്ടതും പിടിച്ചതും ഒക്കെ കുറ്റമായി മാറുകയും ചെയ്യും. പാതി മനസോടെയുള്ള ജോലിയാണ് പിഴവുകള്‍ക്ക് കാരണമായി മാറുന്നതും.

അല്‍പം യോഗയോ ധ്യാനമോ ഒക്കെ പരീക്ഷിക്കാം
താന്‍ ഫുള്‍ ടൈം ഫിറ്റ് ആണെന്നതാണ് പലരുടെയും ധാരണ. എന്നാല്‍ അത് വെറും തെറ്റിദ്ധാരണ ആണെന്നതാണ് സത്യം. അല്‍പം യോഗയോ ധ്യാനമോ വെറുതെ കണ്ണടച്ച് ഇരിക്കലോ ഒക്കെ മനസിനെ ശാന്തമാക്കാന്‍ ഉള്ള വഴികളാണ്. ഇതിലൂടെ ലഭിക്കുന്ന പോസിറ്റീവ് എനര്‍ജി നല്‍കുന്ന കരുത്തു ഏറെ വലുതാണ്. ശരീരത്തിന് അല്‍പം ജോലി പകല്‍ നല്‍കി എന്നത് നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോള്‍ ക്ഷീണകാരണമായി മാറുന്നില്ല എന്നതാണ് സത്യം.

ശരീരത്തിന് വേണ്ടി ഭക്ഷിക്കുക
വയര്‍ അറിഞ്ഞു കഴിക്കുക എന്നൊരു ചൊല്ലുണ്ട് മലയാളത്തില്‍. അതായതു അവനവന്റെ വയര്‍ ആണെന്ന് ഓര്‍മ്മിച്ചു വാരിവലിച്ചു കഴിക്കാതിരിക്കുക എന്നതാണ് ഇതിന്റെ ഓര്‍മ്മപ്പെടുത്തല്‍. ജോലിക്കു പോകും മുന്‍പേ ധാരാളം ഭക്ഷണം കഴിച്ചു പോകുന്നതാണ് പലരുടെയും ശീലം. ഇത് ക്ഷീണം കൂട്ടാന്‍ മാത്രമേ സഹായിക്കൂ. രാത്രിയില്‍ കുടിക്കാന്‍ ജ്യുസ് അഥവാ വെള്ളം  കൂടെ കരുതുക. കഴിവതും കാപ്പിയുടെ അളവ് കുറയ്ക്കുക.

ഉറങ്ങാന്‍ നല്ലതു രാവിലെയുള്ള സമയം
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞാല്‍ ഏറ്റവും നല്ലതു ഉറങ്ങാന്‍ രാവിലെ ഉള്ള സമയം തന്നെയാണ്. ആ സമയം മറ്റു കാര്യങ്ങള്‍ക്കു പോകാതെ ഉറങ്ങാന്‍ തന്നെ ശ്രമിക്കുക. ഒരാള്‍ക്ക് ശരാശരി 7 - 8 മണിക്കൂര്‍ ഉറക്കം വേണമെന്നിരിക്കെ നിര്‍ഭാഗ്യവശാല്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് ഇതിനു കഴിയാറില്ല. ആ സാഹചര്യത്തില്‍ കുറെ സമയം എങ്കിലും ഉറങ്ങാന്‍ വേണ്ടി രാവിലെ നല്ല കുളി, ജനല്‍ കര്‍ട്ടനുകള്‍ അടച്ചു, ഫോണും മറ്റും സൈലന്റ് മോഡിലാക്കി ഉറങ്ങാന്‍ ഉള്ള സാഹചര്യം സൃഷ്ടിച്ചു ബെഡില്‍ കിടക്കുക എന്നതാണ് ശരിയായ രീതി. പകരം ടിവിയൊക്കെ ഓണ്‍ ചെയ്തു സോഫയില്‍ കിടക്കുന്നത് ശരിയായ ഉറക്ക രീതിയേ അല്ല.

സ്വയം ആക്റ്റീവ് ആകുക
രാത്രി ജോലിയുടെ പ്രധാന കുഴപ്പം സമയം നീങ്ങില്ല എന്നതാണ്. ഇടയ്ക്കിടെ ക്ലോക്കില്‍ നോക്കിയാല്‍ സമയ സൂചിക നിശ്ചലമായോ എന്ന് പോലും തോന്നിയേക്കാം. ഇതിനു പകരമായി രോഗികളോട് അല്‍പം വര്‍ത്തമാനം പറയുക, രാവിലെ ജോലിക്കു എത്തുന്നവര്‍ക്കായി എന്തെങ്കിലും ചെറിയ ജോലികള്‍ ചെയ്തും സമയം തള്ളിനീക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ ഷിഫ്റ്റ് സമയം കടന്നു പോകുന്നത് പോലും അറിയില്ല. ഒരു ടിഷ്യു എടുത്തു മേശയും കസേരയും തുടച്ചാല്‍ പോലും പത്തു മിനിറ്റ് പ്രയോജനപ്പെടുത്താം.

ഓഫ് ദിവസങ്ങള്‍ സമ്പന്നമാക്കുക
നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കാണ് കുടുംബവുമായി ഏറ്റവും കുറവ് സമയം ഒന്നിച്ചു ചിലവിടാന്‍ ലഭിക്കുന്നത്. വീക്കെന്‍ഡ് നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെ കാര്യം ഇതിലും കഷ്ടമാണ്. അതിനാല്‍ കിട്ടുന്ന ഓഫ് ദിവസങ്ങള്‍ കഴിവതും കുടുംബത്തിന് വേണ്ടി മാത്രം ചിലവാക്കുക. ഇത് സ്വന്തം മനസിന് നല്‍കുന്ന സന്തോഷം അളവില്ലാത്തതു ആകുമെന്നുറപ്പ്. നല്ല ഭക്ഷണം ഉണ്ടാക്കാന്‍ സാധിച്ചാല്‍ പോലും അത്തരം ദിവസങ്ങള്‍ ആഘോഷമാക്കി മാറ്റാന്‍ സാധിക്കും.

ജോലി സ്ഥലം പ്രകാശത്തില്‍ കുളിക്കട്ടെ
പലരും നൈറ്റ് ഡ്യൂട്ടിക്ക് എത്തിയാല്‍ ആദ്യം ചെയ്യുന്നത് മിക്ക ലൈറ്റുകളും ഓഫ് ചെയ്യുക എന്നതാണ്. സത്യത്തില്‍ മികച്ച വെളിച്ചത്തില്‍ ജോലി ചെയ്യുമ്പോഴാണ് മനസിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുക. തിയറ്ററിലും മറ്റും ജോലി ചെയ്യുന്ന നഴ്‌സുമാര്‍ നിര്‍ബന്ധമായും പരമാവധി വെളിച്ചത്തില്‍ വേണം ജോലി ചെയ്യാന്‍. അരണ്ട വെളിച്ചം മനസും ശരീരവും ഒന്ന് പോലെ ക്ഷീണിപ്പിക്കാന്‍ കാരണമാക്കും.

വീട്ടിലേക്കു മടങ്ങുമ്പോള്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുക
വെളിച്ചം കുറവുള്ള സാഹചര്യത്തില്‍ ജോലി ചെയ്ത ശേഷം വീട്ടിലേക്കു മടങ്ങുമ്പോള്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും വേനല്‍ക്കാല മാസങ്ങളില്‍. കണ്ണിനു വെയിലേറ്റു ക്ഷീണം തട്ടാതിരിക്കുക മാത്രമല്ല, വീട്ടില്‍ എത്തുമ്പോള്‍ ഉറങ്ങാനും ഈ ശീലം സഹായമാകും.

കൃത്യമായി ഡോക്ടറെ കാണുക
നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരുടെ ബോഡി മെക്കാനിസം എല്ലായ്പ്പോഴും പ്രവചനാതീതം ആയിരിക്കും. പൊടുന്നനെ ക്ഷീണവും തളര്‍ച്ചയും ഉണ്ടായേക്കാം. പ്രത്യേക മുന്നറിയിപ്പ് ഇല്ലാതെ ശരീരം ഗുരുതര  രോഗാവസ്ഥയിലേക്കു നീങ്ങി എന്നും വരാം. ശരീരത്തിന്റെ തൂക്കം കൂടുന്നതും രക്ത സമ്മര്‍ദ്ദം ഉയരുന്നതും നല്ല ലക്ഷണം അല്ല. പകല്‍ ഒട്ടും ഉറങ്ങാന്‍ കഴിയുന്നില്ലെങ്കിലും ഡോക്ടറുടെ സഹായം തേടണം. പ്രമേഹം ഉള്ളവര്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുമ്പോള്‍ പ്രത്യേക മുന്‍കരുതല്‍ എടുക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category