1 GBP = 92.00INR                       

BREAKING NEWS

വൈവിധ്യത നിറഞ്ഞ സംസ്‌കാരങ്ങള്‍ വരും കാലങ്ങളില്‍ നിലനില്‍ക്കണമെങ്കില്‍ സമാധാനത്തില്‍ ജീവിക്കുന്ന രാജ്യങ്ങളിലും അവിടങ്ങളിലെ പൗരന്മാര്‍ക്കിടയിലും അസ്ഥിരതയുളവാകരുത്

Britishmalayali
റോയ് സ്റ്റീഫന്‍

സാംസ്‌ക്കാരികമായി വൈവിധ്യത നിറഞ്ഞ ഒരു രാജ്യമായി ലോകത്തിനു മുന്‍പില്‍ പ്രതിഫലിക്കപ്പെടുവാനാണ് ബ്രിട്ടനടങ്ങുന്ന ഭൂരിഭാഗം വികസിത രാജ്യങ്ങളും ആഗ്രഹിക്കുന്നത്. സ്വദേശികളായ പൗരന്മാരുടെ എല്ലാ അധികാരങ്ങളും അവകാശങ്ങളും മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നും കുടിയേറിയവര്‍ക്കും വെള്ളം ചേര്‍ക്കാതെ നിയമപരമായിത്തന്നെ അനുവദിക്കുന്നതും ഇതിലൂടെ മറ്റു ലോകരാജ്യങ്ങള്‍ക്കു മാതൃകയുമാകുന്നുണ്ട്. എന്നാല്‍ 1960-കളില്‍ ബ്രിട്ടണില്‍ തുടങ്ങിയ ഈ സാംസ്‌ക്കാരിക വൈവിധ്യതയെന്ന പുതിയ സംസ്‌കാരം വീണ്ടും അന്യം നിന്നു പോകുവാനുള്ള സ്തിഥിയിലേക്കാണ് ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടണിലെ സ്വദേശികളായ പൗരന്മാര്‍ക്ക് ഈ വിശ്വാസം നഷ്ടപ്പെടുവാന്‍ തുടങ്ങിയത് 2005-ലെ ഭീകരാക്രമണത്തോടനുബന്ധിച്ചായിരുന്നു. എല്ലാ മനുഷ്യരുടെയും  ജനിതകഘടന ഒന്നാണെന്നും അതുകൊണ്ടുമാത്രം രൂപത്തിലും ഭാവത്തിലുമുള്ള ബാഹ്യഘടനയിലുപരി എല്ലാ മനുഷ്യരും ഒന്നാണെന്ന് വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്തിരുന്ന പ്രസിദ്ധരായിരുന്ന പല വ്യക്തികള്‍പോലും ഇന്നത്തെ ചുറ്റുപാടുകളില്‍ മനം മടുത്തിട്ട് വേറിട്ട് ചിന്തിക്കുവാന്‍ തുടങ്ങിക്കഴിഞ്ഞു. മനുഷ്യ സ്വഭാവങ്ങളിലെ വ്യതിരക്തതകളില്‍ പഠനങ്ങള്‍ നടത്തുന്ന വളരെ ചുരുക്കം പേരെങ്കിലും ഇപ്പോഴും വിശ്വസിക്കുന്ന ഒരു സിദ്ധാന്തമുണ്ട് ''വ്യക്തികള്‍ തങ്ങളുടെ തനി സ്വഭാവം അതായത് ജന്മം കൊണ്ടും ചെറുപ്പകാലങ്ങളിലെ ജീവിതാനുഭവങ്ങളിലൂടെ നേടിയ പെരുമാറ്റങ്ങള്‍ പുതിയ ജീവിത സാഹചര്യങ്ങളിലേയ്ക്ക് വളരെ വിരളമായി മാത്രമാണ് മാറ്റുന്നത്. എന്നാല്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു കാര്യസാദ്ധ്യത്തിനായുള്ള മുഖംമൂടികള്‍ അണിഞ്ഞുകൊണ്ട് അവരെക്കുറിച്ചുള്ള നമ്മുടെ ധാരണയും അവരോരുത്തരെപ്പറ്റിയുള്ള അവരുടെ ധാരണയും മാത്രമാണ് യഥാര്‍ത്ഥത്തില്‍ മാറുന്നത്''.  പ്രത്യേക സാഹചര്യങ്ങളില്‍ അതായത് അവര്‍ക്കനുകൂലമായ സാഹചര്യങ്ങളില്‍ അവരോരുത്തരുടേയും തനിസ്വഭാവം പുറത്തെടുക്കും.

വികസിത രാജ്യങ്ങളിലെ പൗരന്മാരുടെ തുറന്ന ചിന്താഗതികളും ഉയര്‍ന്ന മാനുഷിക മൂല്യങ്ങളുമാണ് അവികസിത രാജ്യങ്ങളിലെ നിരക്ഷരായ കുടിയേറ്റക്കാര്‍ക്ക് യാതൊരു തരത്തിലുള്ള ഉപാധികളുമില്ലാതെ അഭയം നല്‍കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അതോടൊപ്പം സ്വദേശീയരായ പൗരന്മാരുടെ അത്രയും നിലവാരത്തില്‍ ജീവിക്കുവാനുള്ള എല്ലാ ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്. സാമൂഹിക തലങ്ങളിലുള്ള ഏകീകരണത്തെ കേവലമൊരു പ്രക്രിയ മാത്രമായികാണാതെ പരസ്പര സഹിഷ്ണുതയുടെ അന്തരീക്ഷത്തിലുള്ള തുല്യ അവസരങ്ങളായി നിലനിര്‍ത്തുവാനാണ് നന്മനിറഞ്ഞ ഈ വ്യക്തികള്‍ ശ്രമിച്ചിരിക്കുന്നത്.

വികസിത രാജ്യങ്ങളിലൊന്നായ ഗ്രേറ്റ് ബ്രിട്ടന്റെ ഉത്ഭവം പോലും വൈവിധ്യത നിറഞ്ഞ സംസ്‌കാരങ്ങളില്‍ നിന്നുമാണ് അതായത് ഇംഗ്ലണ്ട്, സ്‌കോട്ട്ലന്റ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ നിന്നാണ് ബ്രിട്ടന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ രാജ്യങ്ങളിലെ ജനങ്ങളെല്ലാം തന്നെ അവരുടെ തനത് സംസ്‌കാരങ്ങള്‍ നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവരുമാണ് ചുരുക്കത്തില്‍ നിലവില്‍ ഒരൊറ്റ ബ്രിട്ടീഷ് സംസ്‌കാരമെന്നു തിരിച്ചറിയപ്പെടുവാനുള്ള സംസ്‌കാരം പ്രാബല്യത്തില്‍ ഇല്ല. അതിനാല്‍ തന്നെ ലോകത്തിലെല്ലായിടത്തും പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന  ആധുനിക സാംസ്‌ക്കാരിക വൈവിധ്യതയുടെ ഉത്ഭവം ബ്രിട്ടണില്‍ നിന്നാണെന്നു ഒരു പരിധിവരെ സ്ഥാപിക്കുവാന്‍ സാധിക്കും.

എന്നിരുന്നാല്‍ കൂടിയും വേറിട്ടു ചിന്തിക്കുന്ന ചരിത്രപണ്ഡിതന്മാര്‍ ലോകത്തങ്ങോളമിങ്ങോളമുണ്ട് അതായത് സാംസ്‌ക്കാരിക വൈവിധ്യതയെന്ന സംസ്‌കാരം മാനവരാശിയുടെ ഉത്ഭവം മുതല്‍ നിലനില്‍ക്കുന്നതാണെന്നും കാലോചിതമായി പരിണമിച്ചു കൊണ്ടിരിക്കുകയുമാണെന്നാണ് അവരുടെ വാദം. ഭാരതമുള്‍പ്പെടുന്ന ലോകരാഷ്ട്രങ്ങളുടെ ചരിത്രത്തില്‍ ഈ വൈവിധ്യത നിഴലിക്കുന്നുണ്ടെങ്കിലും പ്രകൃതിയുടെ സ്വാഭാവികത ശ്രദ്ധേയമായിരുന്നു അതായത് എല്ലായ്പ്പോഴും തന്നെ എല്ലാ രാജ്യങ്ങളിലും പ്രബലമായ സംസ്‌കാരത്തിന് അത്രയും പ്രബലമല്ലാത്ത സംസ്‌കാരത്തിന്റെമേല്‍ മേല്‍ക്കോയ്മയുണ്ടായിരുന്നു.

ചുരുക്കത്തില്‍ ആധുനികത ഉടലെടുക്കുന്നതിനു മുന്‍പ് സാംസ്‌ക്കാരിക വൈവിധ്യത നിലനിന്നിരുന്നപ്പോഴും സംസ്‌കാരങ്ങള്‍ തമ്മില്‍ അന്യോന്യം മേല്‍ക്കോയ്മയ്ക്കുള്ള മത്സരത്തിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ്, പാശ്ചാത്യ രാജ്യങ്ങളില്‍ ജനാധിപധ്യത്തിനു പകരം കൂടുതലും വംശീയവും  മതാധിഷ്ഠിതവുമായ വൈവിധ്യത്തിന്റെ സവിശേഷതകളുള്ള സമൂഹങ്ങളായിരുന്നു. അക്കാലങ്ങളില്‍ രാജ്യങ്ങളിലും ഒരേ സമൂഹങ്ങളിലും ജീവിക്കുന്ന വ്യക്തികളെ തിരിച്ചറിഞ്ഞിരുന്നത് ജയിച്ചവരെന്നും തോറ്റവരെന്നും, യജമാനനും അടിമയും, കുടിയേറ്റക്കാരനും തദ്ദേശീയനും, യാഥാസ്ഥിതികനും മതവിരുദ്ധനും, പരിഷ്‌കൃതവും പ്രാകൃതവും, സഖ്യകക്ഷിയും ശത്രുവുമെന്ന ചിത്രീകരണങ്ങളോട് കൂടിയായിരുന്നു. ചില ജനങ്ങളുടെയും സംസ്‌കാരങ്ങളുടെയും മേന്മയെയും മറ്റുള്ളവരെ ഭരിക്കാനുള്ള അവകാശത്തെയും വ്യക്തമായി പ്രതിപാദിക്കുന്ന വംശീയ പ്രത്യയശാസ്ത്രങ്ങളാണ് ഈ ശ്രേണിപരമായ ബന്ധങ്ങളെ ന്യായീകരിച്ചത്.

ഈ പ്രത്യയശാസ്ത്രങ്ങള്‍ പാശ്ചാത്യ ലോകത്തുടനീളം വ്യാപകമായി അംഗീകരിക്കപ്പെടുകയും ആഭ്യന്തര നിയമങ്ങള്‍ക്ക് അടിവരയിടുകയും ചെയ്തിരുന്നു. ശാസ്ത്രവും മാനുഷിക ചിന്താഗതികളും അത്രത്തോളം പുരോഗമിക്കാതിരുന്ന കാലഘട്ടങ്ങളില്‍ ഇതുപോലുള്ള സങ്കുചിത മനോഭാവങ്ങള്‍  സ്വാധീന ക്തിയില്ലാത്തവരുടെ മേല്‍ അടിച്ചേല്‍പിച്ചിരുന്നത് ആള്‍ബലം കൊണ്ടും കരബലം കൊണ്ടുമായിരുന്നു. പ്രബലമായ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും മേല്‍കോയ്മയും അധികാരങ്ങളും എന്നെന്നും നിലനില്‍ക്കുമെന്നുള്ള അനുമാനങ്ങളായിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രത്യേകിച്ച് ഹിറ്റ്ലറുടെ മാനവരാശിക്കെതിരെയുള്ള ഹീനവും കിരാതവുമായ ഭരണശൈലികള്‍ മനുഷ്യകുലത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന തിരിച്ചറിവാണ് സമത്വവാദത്തിന്റെ അതായത് എല്ലാ മനുഷ്യരും അടിസ്ഥാനപരമായി സമന്മാരാണെന്ന പ്രത്യയശാസ്ത്രം ഉള്‍ക്കൊള്ളുവാനും അനുദിനജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും  മറ്റു ലോകരാഷ്ട്രങ്ങളെ പ്രേരിപ്പിച്ചത്.

ലോകാരോഗ്യ സംഘടനകളുടെയും സാമ്പത്തിക വിദഗ്ധരുടെയും കണക്കുകള്‍ പ്രകാരം സാംസ്‌കാരിക വൈവിധ്യത നിലവില്‍ വന്നതിനുശേഷം അതായത് 1960 കള്‍ക്കുശേഷം ലോകത്തിലുള്ള ഓരോ മനുഷ്യരും 450 ശതമാനത്തില്‍ പരം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ജീവിക്കുന്ന മനുഷ്യര്‍ ഇന്ന് അവരോരുത്തരുടേയും പൂര്‍വ്വികരെക്കാള്‍ ധനികരാണ്. സാമ്പത്തിക വിദഗ്ധരുടെ കാഴ്ച്ചപ്പാടുകളില്‍ സാമ്പത്തിക വളര്‍ച്ചയും വികസനവും സാങ്കേതിക കണ്ടുപിടിത്തങ്ങളുടെയും, പ്രകൃതി വിഭവങ്ങളുടെ ശരിയായ വിനിയോഗത്തിലൂടെയുമാണ്. അതോടൊപ്പം മാനവ മൂലധനത്തെയും ശരിയായ രീതിയിലൂടെ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്.

എന്നാല്‍ സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ കാഴ്ച്ചപ്പാടുകളില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഭൂമിശാസ്ത്രപരമായ സാമീപ്യവും സാംസ്‌കാരിക വൈവിധ്യതയുമാണ് സാമ്പത്തിക വികസനത്തിന്റെ അടിത്തറ. യൂറോപ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചകള്‍ കാണുമ്പോള്‍ ഈ സാമൂഹിക വാദഗതികള്‍ ശരിയുമാണെന്ന് വിശ്വസിക്കേണ്ടി വരും. നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ചിന്റെ ഗവേഷണങ്ങളും ചൂണ്ടിക്കാണിക്കുന്ന വസ്തുത സാംസ്‌കാരിക സ്വാംശീകരണവും സാംസ്‌കാരിക വൈവിധ്യതയും ലോകമെമ്പാടുമുള്ള സാമ്പത്തിക വികസനത്തിന്റെ വ്യത്യസ്ത രീതികള്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് ചുരുക്കത്തില്‍ സാംസ്‌കാരിക വൈവിധ്യതയ്ക്ക് നിലനില്‍ക്കാത്ത സമൂഹങ്ങളില്‍ സാമ്പത്തിക വളര്‍ച്ച താരതമ്യേന കുറഞ്ഞു പോവുകയാണ്.

ഭാരതത്തില്‍ സാംസ്‌കാരിക വൈവിധ്യതയ്ക്ക് ഏറ്റവും ഉത്തമമായ ഉദാഹരണം തേടുമ്പോള്‍ ആദ്യമേ ലഭിക്കുന്ന ഉത്തരം കേരളമായിരിക്കും. വേറിട്ട സംസ്‌കാരങ്ങളും ജീവിത രീതികളും നിലനില്‍ക്കുമ്പോഴും ഭാരതത്തില്‍ പൂര്‍ണ്ണമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ സംസ്ഥാനം. ജാതിമത ചിന്തകളില്ലാതെ അയല്‍ക്കാര്‍ അന്യോന്യം സഹായിക്കുവാനും സംരക്ഷിക്കുവാനും തയ്യാറാവുന്ന ജീവിതങ്ങള്‍ ചിലപ്പോള്‍ കേരളത്തിന്റെ മാത്രം കൊച്ചഹങ്കാരമായി എന്നെന്നും നിലകൊള്ളും.  പ്രകൃതിദുരന്തങ്ങളെ ഒറ്റക്കെട്ടായി നേരിട്ടതും കേരളത്തിലെ ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന സാംസ്‌കാരിക വൈവിധ്യതയുടെ ഏറ്റവും വലിയ ഉദാഹരണം തന്നെയാണ്.

നിലവിലെ ജീവിത സാഹചര്യങ്ങളില്‍ ഭാരതത്തില്‍ പ്രബലമായ മൂന്ന് മതവിശ്വാസങ്ങളും അന്യോന്യം സഹകരിച്ചുകൊണ്ട് അവരോരുത്തരുടേയും മതവിശ്വാസങ്ങള്‍ സംരക്ഷിക്കുന്നതും കേരളത്തിന്റെ പ്രത്യേകത തന്നെയാണ്. ലോകത്തിന്റെ മാറ്റു ഭാഗങ്ങളില്‍ സംഭവിച്ചതുപോലെ 1960 കള്‍ക്ക് മുന്‍പ് അതായതു സാംസ്‌കാരിക വൈവിധ്യതയെന്ന ആശയം ഉടലെടുക്കന്നതിനു എത്രയോ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ കേരളത്തിലെ ഹിന്ദുമത വിശ്വാസികളായ നാടുവാഴികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും കുടിയേറിയ അന്യമതസ്ഥര്‍ക്ക് അഭയം നല്‍കുകയും അവരോരുത്തരുടേയും ആചാരങ്ങളും അനുഷ്ടാങ്ങളും ആചരിക്കുവാനുള്ള അധികാരവും  നല്‍കിയിരുന്നു. ആധുനിക ലോകത്തെ സമത്ത്വചിന്താഗതികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയതിന്റെ ഗുണങ്ങളാണ് ഇന്ന് ലോകമെമ്പാടും നിറഞ്ഞു നില്‍ക്കുന്ന മലയാളികളിലൂടെ പ്രതിഫലിക്കുന്നത്.

ലോകത്തില്‍ മാനവരാശി നിലനില്‍ക്കണമെങ്കില്‍ ജാതിമത വംശീയ ചിന്താഗതികള്‍ക്കുപരി മനുഷ്യര്‍ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തു അന്യോന്യം സഹകരിക്കണമെന്ന മനുഷ്യ സമത്വത്തിന്റെ പുതിയ പ്രത്യയശാസ്ത്രം നിലവില്‍ വന്നപ്പോള്‍ മാത്രമാണ് മനുഷ്യാവകാശങ്ങള്‍ എല്ലാ രാജ്യങ്ങളും അംഗീകരിക്കുവാന്‍ തുടങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം 1948 -ല്‍ ഐക്യ രാഷ്ട്രസഭ സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍ തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും എല്ലാ രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ക്കും നേതാക്കന്മാര്‍ക്കും പ്രാവര്‍ത്തികമാക്കേണ്ടതിലെ പ്രാധാന്യം ഉള്‍ക്കൊള്ളുവാന്‍ കാലതാമസം വന്നു. മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നുള്ള മോചനത്തിനായി നിയമമെത്തിയപ്പോള്‍ അതിനടനുബന്ധിച്ചു നിരവധി  രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിലവില്‍ വന്നു, സമത്ത്വത്തിലൂന്നിയ മനുഷ്യാവകാശങ്ങളുടെ പ്രോഘോഷകരായും സംരക്ഷകരായും.

വികസിത രാജ്യങ്ങളിലെ പൗരന്മാര്‍ സമത്ത്വസുന്ദരമായ മനുഷ്യ അവകാശങ്ങള്‍ തങ്ങളുടെ രാജ്യത്തു വിവേചനമില്ലാതെ പ്രാവര്‍ത്തികമാക്കിയപ്പോഴും അവികസിത രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളും അജ്ഞത മൂലം മടിച്ചു നിന്നതുകൊണ്ട് അവിടങ്ങളിലെ പൗരന്മാര്‍ ഇന്നും നിയമത്തെയും നിയമവ്യവസ്ഥിതികളെയും അംഗീകരിക്കുവാന്‍ തയ്യാറാവുന്നില്ല. സാംസ്‌കാരിക വൈവിധ്യതയും അതോടൊപ്പം മനുഷ്യാവകാശങ്ങളും അനുഭവിക്കാത്ത വ്യക്തികള്‍ അതായത് ജീവിതത്തില്‍ എല്ലാ മേഖലകളിലും സ്വാതന്ത്രം അനുഭവിക്കാത്തവര്‍ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുമ്പോള്‍ അവിടങ്ങളിലെയും സമത്ത്വസുന്ദരമായ നിയമങ്ങളെ അനുസരിക്കുവാനും അംഗീകരിക്കുവാനും തയ്യാറാകാതെ വരുന്നു. കുടിയേറ്റക്കാര്‍ക്കിടയില്‍ വളരെക്കുറച്ചു വ്യക്തികള്‍ മാത്രമാണ് അനുസരണക്കേട് ശീലമാക്കിയവരും പുതിയ ജീവിത സാഹചര്യങ്ങളിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരും. എന്നാല്‍ ഈ വ്യക്തികളുടെ ദുഷ്പ്രവര്‍ത്തനങ്ങളുടെ ഫലമനുഭവിക്കുന്നത് എല്ലാ കുടിയേറ്റക്കാരും ഒരേപോലെയാണ്.  നീതിന്യായ വ്യവസ്ഥിതികളിലൂടെ കുറ്റവാളികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നതെങ്കിലും പാപഭാരം പേറുന്നത് മറ്റെല്ലാവരും ചേര്‍ന്നു തന്നെയാണ്.

എല്ലാ അര്‍ഥത്തിലും പൂര്‍ണ്ണ സ്വാതന്ത്ര്യം അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍ അഭയം നല്‍കിയ രാജ്യത്തെയും അവിടുത്തെ പൗരന്മാരെയും നിയമ സംവിധാനങ്ങളെയും ഇനിയും ദ്രോഹിച്ചുകൊണ്ടിരുന്നാല്‍ നന്മനിറഞ്ഞ വ്യക്തിത്വങ്ങള്‍ മറിച്ചു ചിന്തിക്കുകയും ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നിറുത്തലാക്കുകയും ചെയ്യും. അതായത് ഭാവിയില്‍ അഭയാര്‍ത്ഥികളെ അവരുടെ രാജ്യങ്ങളിലേക്ക് പ്രവേശിപ്പിക്കാതിരിക്കും. സാധാരണക്കാര്‍ക്ക് വിലകല്‍പിക്കാത്ത ധാരാളം രാജ്യങ്ങള്‍ ഇപ്പോഴും രഹസ്യമായി മാരകമായ ആണവായുധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

അതോടോപ്പം അന്യോന്യം പോര്‍ വിളിച്ചുകൊണ്ടിരിക്കുന്ന ഈ സമയങ്ങളില്‍ ഇനിയും ലോകത്തിന്റെ പല ഭാഗങ്ങളിലും അസ്ഥിരതയുണ്ടാവുകയും ധാരാളം ജനങ്ങള്‍ അഭയാര്‍ത്ഥികളായി മാറുവാനുള്ള സാധ്യത നിലനില്‍ക്കുന്നു. മൂന്ന് പേരേ മരണത്തിലേയ്ക്ക് നയിച്ച ലണ്ടന്‍ ബ്രിഡ്ജ് ആക്രമങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരുന്നെങ്കില്‍ മാത്രമാണ് നിലവിലുള്ള അഭയാര്‍ഥികള്‍ക്ക് സ്വസ്ഥമായി ജീവിക്കുവാന്‍ സാധിക്കുകയുള്ളു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന സമത്ത്വചിന്താഗതികള്‍ നിലനിന്നെങ്കില്‍ മാത്രമേ അമൂല്യമായ ജീവിതങ്ങള്‍ സംരക്ഷിക്കുവാനും സാധിക്കുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category