56 പോളര്‍ കരടികള്‍ തെരുവിലിറങ്ങി; റഷ്യയിലെ ഒരു ഗ്രാമം ഭീതിയുടെ നിഴലില്‍; റബ്ബര്‍ ബുള്ളറ്റുകളുമായി പോലീസും റേഞ്ചര്‍മാരും രംഗത്ത്; കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ പ്രത്യേക സംരക്ഷണം; പൊതു പരിപാടികള്‍ റദ്ദുചെയ്തു
ആക്രമണകാരികളായ 56 ധ്രുവക്കരടികള്‍ തെരുവിലിറങ്ങിയതോടെ റഷ്യയിലെ വിദൂര ഗ്രാമങ്ങളിലൊന്നില്‍ ജനജീവിതം ഭീതിദമായ അവസ്ഥയിലായി. റിര്കായ്പിയെന്ന സൈബീരിയന്‍ ഗ്രാമത്തിലാണ് ധ്രുവക്കരടികള്‍ ഭീതിപരത്തുന്നത്. ഗ്രാമത്തിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയും സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് പ്രത്യേകം സംരക്ഷണമേര്‍പ്പെടുത്തുകയും ചെയ്തു. കരടികള്‍ റെസിഡന്‍ഷ്യല്‍ മേഖലയില്‍ പ്രവേശിക്കുന്നത് തടയാന്‍ സൈന്യം പട്രോളിങ് നടത്തുന്നുണ്ട്.
റഷ്യയുടെ കിഴക്കേയറ്റത്തുള്ള ചുക്റ്റോക പ്രവിശ്യയിലാണ് റിര്കായ്പി ഗ്രാമം. ഇവിടെ 766 കരടികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ഗ്രാമത്തിന് പുറത്താണ് കരടികളെ കണ്ടെത്തിയത്. മഞ്ഞുവീഴ്ചയുണ്ടായതിനെത്തുടര്ന്നാണ് കരടികള്‍ കൂട്ടംതെറ്റി ഗ്രാമത്തിലേക്ക് വന്നതെന്നാണ് കരുതുന്നത്. കരടികള്‍ ഗ്രാമത്തിലേക്ക് കടക്കുകയാണെങ്കില്‍ അത് വലിയ അപകടമാകുമെന്ന് അധികൃതര്‍ കരുതുന്നു.
റിര്കായ്പിയില് ആയിരത്തില്‍ത്താഴെ ആളുകളാണ് താമസിക്കുന്നത്. ആളുകള്‍ സഞ്ചരിക്കുന്ന പ്രധാന വഴികളില്‍ കരടികളെത്തുന്നുണ്ടോ എന്ന് നോക്കാന്‍ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷവും ഇതേ സമയത്ത് കരടികള്‍ ഗ്രാമത്തില്‍ കടന്നിരുന്നു. എന്നാല്‍, ഇത്തവണ എണ്ണത്തില്‍ കൂടുതലുള്ളതാണ് ഗ്രാമവാസികളെ ആശങ്കയിലാഴ്ത്തുന്നത്.
കാലാവസ്ഥാ വ്യതിയാനമാണ് കരടികള്‍ നാട്ടിലേക്കിറങ്ങുന്നതിന് പ്രധാനകാരണമെന്ന് വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് വ്യക്തമാക്കി. മഞ്ഞുപാളികളും കടല്ത്തീരവുമായുള്ള വ്യത്യാസം കുറഞ്ഞതോടെയാണ് കരടികള്‍ നാട്ടിലേക്കിറങ്ങാനിടയാക്കിയതെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ് വ്യക്തമാക്കി. കരടികളുടെ ആക്രമണത്തിനിരയാകുന്നതില്നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്. കരടികള്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിച്ചുകൊടുത്ത് അവയെ ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അകറ്റുകയാണ് ചെയ്യുന്നത്.
ധ്രുവക്കരടികളെ വെടിവെക്കുന്നത് റഷ്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ജനവാസ കേന്ദ്രങ്ങളില്‍നിന്ന് അവയെ തുരത്തുന്നതിന് റേഞ്ചര്‍മാര്‍ റബ്ബര്‍ ബുള്ളറ്റുകളുപയോഗിക്കുന്നുണ്ട്. സ്കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും സമീപം പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്. വര്‍ഷാവസാന പരിപാടികളും റിഹേഴ്സലുകളും പരിപാടികളുമൊക്കെ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സൈബീരിയന്‍ ഗ്രാമങ്ങളില്‍ ധ്രുവക്കരടികള്‍ എത്താറുള്ളത് പതിവാണ്. ഭക്ഷണം തേടിയെത്തുന്ന ഇവയുമായുള്ള മനുഷ്യരുടെ സംഘര്‍ഷവും സ്ഥിരമാണ്. എന്നാല്‍, ആര്‍ട്ടിക്കിലെ മഞ്ഞ് കൂടുതലായി ഉരുകാന്‍ തുടങ്ങിയതോടെ, കരടികള്‍ കൂട്ടമായി ഗ്രാമങ്ങളിലേക്കെത്തുന്നതിന്റെ ഇടവേള കുറഞ്ഞതായി അധികൃതര്‍ പറയുന്നു. ഭക്ഷണക്ഷാമവും ഇവയെ ഗ്രാമങ്ങളിലേത്തെക്കിക്കുന്നു.