1 GBP = 103.40 INR                       

BREAKING NEWS

യുകെയിലെ ഓരോ കുടുംബവും കൂടുതല്‍ കടക്കെണിയിലേക്ക്; ഏറ്റവും കൂടുതല്‍ കടം പേഴ്‌സണല്‍ ലോണിന്റെ പേരില്‍; പിന്നാലെ വിദ്യാഭ്യാസ ലോണും; ആഡംബരം കാട്ടാന്‍ ലോണ്‍ എടുക്കുന്നവര്‍ വന്‍ കടക്കെണിയിലേക്ക്; യുകെ മലയാളികളെ കൂടുതല്‍ വെട്ടിലാക്കുന്നത് മക്കളെ പഠിപ്പിക്കലും കല്യാണം നടത്തലും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെയിലെ ഓരോ കുടുംബവും കൂടുതല്‍ കടക്കെണിയിലേക്കു എന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ചു ഓരോ കുടുംബത്തിന്റെയും കടവും പെരുകുകയാണ് എന്ന വസ്തുതയാണ് ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്‌സ് പങ്കുവയ്ക്കുന്ന വിവരങ്ങള്‍. കടമില്ലാത്ത കുടുംബങ്ങള്‍ നന്നേ വിരളം എന്ന് തന്നെയാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പലവിധ കടങ്ങളായി യുകെയില്‍ ജീവിക്കുന്നവര്‍ ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കും മറ്റും നല്‍കാന്‍ ഉള്ളത് 119 ബില്യണ്‍ പൗണ്ട് ആയി ഉയര്‍ന്നിരിക്കുകയാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സംഖ്യാ ആണിത്. ഒരു കടമെടുത്തു മറ്റു കടം വീട്ടുന്നവരും കുറവല്ല. ഇതോടെ എന്നും കടക്കെണിയില്‍ ജീവിക്കുക എന്ന ഓപ്ഷനാണ് ഇത്തരക്കാര്‍ തിരഞ്ഞെടുക്കുന്നത്. കടത്തിന്റെ എണ്ണം പെരുകും തോറും മാനസിക, സാമൂഹിക ജീവിത അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കുടുംബത്തെയും ബാധിക്കുന്നു എന്നത് പലരും മറക്കുകയാണ്. മോര്‍ട്ടഗേജ് ഒഴിവാക്കിയുള്ള പഠനത്തിലാണ് യുകെയിലെ ജനങ്ങള്‍ കടമെടുക്കുന്നതിന്റെ രീതി തന്നെ വിപുലപ്പെടുത്തിയിരിക്കുന്നു എന്ന വിവരം പുറത്തുവരുന്നത്.
കിട്ടുന്നിടത്തു നിന്നെല്ലാം വായ്പകള്‍
പലിശ എത്രയെന്നു പോലും നോക്കാതെ കിട്ടുന്നിടത്തു നിന്നെല്ലാം വായ്പകള്‍ സ്വന്തമാക്കുന്ന ശീലം വര്‍ധിക്കുകയാണ്. വിവിധ ഘടകങ്ങള്‍ പരിഗണിക്കുമ്പോള്‍ കുറഞ്ഞ പലിശക്ക് ലോണ്‍ ലഭിക്കാന്‍ ഉള്ള പ്രയാസം തിരിച്ചറിയുന്നവര്‍ കൂടുതല്‍ ഉയര്‍ന്ന പലിശക്കും വായ്പകള്‍ എടുക്കാന്‍ തയ്യാറാവുകയാണ്. ഇതോടെ ബാങ്കുകളില്‍ നിന്നും മാത്രമല്ല ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനങ്ങളില്‍ നിന്നും ദിവസ പലിശ സ്ഥാപനങ്ങളില്‍ നിന്നും എല്ലാം കടം എടുക്കുന്ന രീതിയും വര്‍ദ്ധിക്കുകയാണ്. യുകെ മലയാളികള്‍ക്കിടയില്‍ ആണെങ്കില്‍ കടം എടുക്കാന്‍ ഓരോ അവസരവും കാത്തിരിക്കുന്ന ശീലം കൂടിയാണ് കണ്ടുവരുന്നത്. തുടക്കത്തില്‍ വീട് വാങ്ങാനും കാര്‍ വാങ്ങാനും വായ്പ എടുത്തവര്‍ കുട്ടികള്‍ മുതിര്‍ന്നപ്പോള്‍ വിദ്യാഭ്യസ ആവശ്യത്തിനാണ് ലോണുകള്‍ എടുത്തത്. യുകെയിലെ സാധാരണക്കാര്‍ വിദ്യാഭ്യാസ ആവശ്യത്തിന് കുട്ടികളെ കൊണ്ട് തന്നെ ലോണ്‍ എടുപ്പിക്കുമ്പോള്‍ മലയാളികള്‍ ആ ഭാരവും സ്വന്തം തലയില്‍ കയറ്റുന്ന ഏര്‍പ്പാടാണ് ചെയ്യുന്നത്. പരിചയം ഉള്ള ഒരാള്‍ അങ്ങനെ ചെയ്തു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പലരും ഇപ്രകാരം ചെയ്യുന്നത്.

ഇഷ്ടമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവര്‍ ആവശ്യപ്പെടുന്ന കോഴ്സ് ഫീസും നല്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഒട്ടേറെ കോഴ്‌സുകള്‍ ഫീസ് ഇല്ലാതെയും സ്‌കോളര്‍ഷിപ്പ് മുഖേനെയും ചെയ്യാന്‍ അവസരം ഉണ്ടെങ്കിലും അതിനോട് മുഖം തിരിച്ചു കടബാധ്യത കൂട്ടാന്‍ മടി കാട്ടാത്തവരായി മാറുകയാണ് മലയാളികളില്‍ പലരും. വെയില്‍സില്‍ മിക്ക കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് സൗകര്യം ലഭിക്കുമ്പോള്‍ പഠനത്തിന്റെ ഭാഗമായി ലണ്ടന്‍ യൂണിവേഴ്‌സിറ്റികള്‍ തിരഞ്ഞെടുക്കുന്ന മക്കള്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന ഇടങ്ങള്‍ മാതാപിതാക്കളില്‍ നിന്നും മറച്ചു വയ്ക്കാനും ശ്രമിക്കാറുണ്ട്. മാത്രമല്ല വിദ്യാഭ്യാസ ലോണ്‍ എടുക്കാതെ മാതാപിതാക്കളെ കൊണ്ട് പേഴ്‌സണല്‍ ലോണ്‍ എടുപ്പിച്ചു ഇഷ്ട കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളും ഏറെയാണ്. വിരമിക്കല്‍ പ്രായം കഴിഞ്ഞാലും ഇത്തരം വായ്പകളുടെ തിരിച്ചടവിനു വേണ്ടി എല്ലുമുറിയെ പണിയെടുക്കാന്‍ ബാധ്യസ്ഥരാവുകയാണ് ഇത്തരം മാതാപിതാക്കള്‍.

മക്കളുടെ കാര്യം അവര്‍ നോക്കട്ടെ
വിദ്യാഭാസ വായ്പകളില്‍ നല്ലൊരു പങ്കു തിരികെ കിട്ടാറില്ല എന്നതും വാസ്തവമാണ്. കോഴ്സുകള്‍ കലഹരണപ്പെടുകയും ഒത്തിണങ്ങിയ ജോലി ലഭിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ തിരിച്ചടവ് സംഭവിക്കുന്നില്ല എന്നതാണ് വസ്തുത ചിലരാകട്ടെ ലോണ്‍ ലഭിക്കാന്‍ സാഹചര്യം ഉണ്ടായിട്ടും അത് മുതല്‍ക്കാതെ കയ്യില്‍ ഉള്ള പണം ചിലവാക്കി ഒടുവില്‍ മറ്റു മാര്‍ഗം ഇല്ലാതെ ഉയര്‍ന്ന പലിശക്ക് വീണ്ടും ലോണ്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത്തരം ദീര്‍ഘ ദൃഷ്ടിയില്ലാത്ത സാമ്പത്തിക മാനേജ്‌മെന്റും ഒടുവില്‍ കുടുംബങ്ങളെ കടത്തിന് മുകളില്‍ കടം എന്ന നിലയിലേക്ക് എത്തിക്കുകയാണ്. അത്യാവശ്യം ലോണ്‍ എടുക്കുക എന്ന ശീലത്തിന് പകരം ആവശ്യത്തിനും അനാവശ്യത്തിനും ലോണ്‍ എടുക്കുക എന്നതും യുകെ മലയാളികള്‍ക്കിടയില്‍ നാട്ടുനടപ്പാണ്. ഓരോ വര്‍ഷവും അവധിക്കു നാട്ടില്‍ പോകാനും ആഘോഷമായി കുട്ടികളുടെ പിറന്നാളുകളും ആദ്യ കുര്‍ബാനയും ഒക്കെ നടത്താന്‍ മുന്നില്‍ നില്‍ക്കുന്നവര്‍ പലരും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളുടെ കത്തുകള്‍ വരുന്നതും കാത്ത് ദിവസങ്ങള്‍ കഴിക്കുന്നവരാണ്.

വിവാഹ ആഡംബരം എത്രയാകാം?
ആഡംബരത്തിനു ഏറെ മുന്നില്‍ നില്‍ക്കുന്ന മലയാളി സംസ്‌ക്കാരം യുകെയിലും ഒട്ടും മോശമല്ലാത്ത നിലയില്‍ പിന്തുടരുന്നുണ്ട്. വീടിന്റെ വായ്പ 20 വര്‍ഷത്തോളം അടച്ചു തീര്‍ത്തു ആശ്വാസത്തോടെ കഴിയുമ്പോളാണ് മകള്‍ വിവാഹ പ്രായം എത്തിയ കാര്യം മാതാപിതാക്കളുടെ ഓര്‍മ്മയില്‍ എത്തുന്നത്. കയ്യില്‍ ഉള്ള സമ്പാദ്യം വച്ച് നടത്താന്‍ കഴിയുന്നതല്ല വിവാഹത്തിന്റെ ബഡ്ജറ്റ് എന്ന് മനസിലാക്കിയ ഈ കുടുംബം വീണ്ടും പതിനഞ്ചു വര്‍ഷത്തേക്ക് വീട് റീമോര്‍ട്ടഗേജ് ചെയ്തു 50000 പൗണ്ട് കണ്ടെത്തിയാണ് വിവാഹം ആഡംബര പൂര്‍വം നടത്തിയത് വിവാഹത്തിന് എത്തിയവരെല്ലാം കെങ്കേമമായി എന്ന് പറഞ്ഞെങ്കിലും 300 പൗണ്ടിന് മുകളില്‍ മാത്രം അടച്ചിരുന്ന മോര്‍ട്ടഗേജ് പേയ്മെന്റ് ഇപ്പോള്‍ വീണ്ടും 700  നു മുകളില്‍ എത്തിയത് കണ്ടു കണ്ണ് തള്ളുകയാണ് 60 കഴിഞ്ഞ പിതാവ്. അഞ്ചു വര്‍ഷത്തിനിടയില്‍ വളര്‍ന്നു വരുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിന് എവിടെ നിന്ന് കടമെടുക്കും എന്നത് അടുത്ത ആധി. ഇവ്വിധം ജീവിതം തന്നെ കടക്കെണിയില്‍ ഉഴിഞ്ഞിടുകയാണ് പലരും എന്നതിന് അടിവരയിടുകയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്‌സിന്റെ കണ്ടെത്തലും.

അതേ സമയം ചിലവ് കുറച്ചു ഇത്തരം ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കും എന്ന സത്യത്തിനു നേരെ കണ്ണടയ്ക്കുന്നതാണ് പലരെയും കടക്കെണിയില്‍ തളച്ചിടുന്നത്. പഠിക്കുന്ന കോഴ്‌സിന്റെ സോഷ്യല്‍ സ്റ്റാറ്റസ് നോക്കുന്ന മലയാളികള്‍ എന്തുകൊണ്ടോ സ്‌കോളര്‍ഷിപ്പും അലവന്‍സും ലഭിക്കുന്ന ഇടങ്ങളില്‍ പഠിക്കാന്‍ മക്കളെ പ്രേരിപ്പിക്കുന്നില്ല. അത്തരം ചില കോഴ്‌സുകള്‍ സോഷ്യല്‍ സ്റ്റാറ്റസില്‍ അല്‍പം പിന്നിലാണെങ്കിലും മാതാപിതാക്കളെ കടക്കെണിയില്‍ തള്ളിയിടില്ല എന്നതാണ് വാസ്തവം. എന്നാല്‍ കോഴ്സ് കഴിഞ്ഞാല്‍ ഉടന്‍ ജോലി ലഭിക്കുന്ന ഇത്തരം കോഴ്‌സുകള്‍ പഠിച്ചാലും ജീവിക്കാന്‍ ഉള്ള പണം കണ്ടെത്താനാകും. റേഡിയോഗ്രാഫര്‍, ഓഡിയോമെട്രി, ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫിസര്‍, എന്‍വയോണ്‍മെന്റ് ഓഫിസര്‍ തുടങ്ങി പല കോഴ്‌സുകള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമുണ്ട്. എന്നാല്‍ മക്കള്‍ മെഡിസിന്‍ പഠനം മാത്രമേ നടത്തൂ എന്ന് വാശി പിടിച്ചാല്‍ ലോണ്‍ എടുക്കാതെ നിവൃത്തിയില്ല.

ഇത്തരത്തില്‍ മറ്റൊരു ആഡംബര ഭ്രമം കൂടി മലയാളിയെ പിടിമുറുകിയതാണ് വിവാഹ ദൂര്‍ത്തിന്റെ  കമ്പോളം. കയ്യില്‍ പണം ഉള്ളവര്‍ വാരിക്കോരി ചിലവാക്കുമ്പോള്‍ തങ്ങള്‍ പണം ഇല്ലാത്തവര്‍ ആണെന്ന് സമൂഹം അറിയാതിരിക്കാന്‍ വേണ്ടി സ്വന്തം കിടപ്പാടം പണയപ്പെടുത്തേണ്ട ഗതികേടാണ് മലയാളി സമൂഹം നേരിടുന്നത്. ഹോട്ടല്‍ ബുക്കിങ്ങും ഡിജെ പാര്‍ട്ടികളും യുകെയിലും നാട്ടിലും വിവാഹ പാര്‍ട്ടിയും നടത്തി വരുമ്പോള്‍ ഒന്നര കോടി രൂപയാണ് പൊടിഞ്ഞു മാറുന്നത്. കേരളത്തില്‍ ദൂര്‍ത്തിന്റെ സകല പരിധിയും കൈവിട്ട വിവാഹങ്ങള്‍ അതിനോട് കിടപിടിക്കും വിധമാണ് യുകെ മലയാളി സമൂഹത്തെയും പിടികൂടുന്നത്. യുകെയിലെ പല നല്ല ശീലങ്ങളും കടമെടുത്ത മലയാളികള്‍ എന്തുകൊണ്ടോ അത്യാവശ്യം വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ചു മിതമായ തോതില്‍ ഉള്ള ആഘോഷവുമായി കയ്യിലെ ബഡ്ജറ്റ് അനുസരിച്ചു വിവാഹം നടത്തുന്ന കാര്യം ഇനിയും ആലോചിച്ചു തുടങ്ങിയിട്ടില്ല. ഇത്തരത്തില്‍ ഉള്ള കണക്കെടുപ്പുമായി യുകെ മലയാളികള്‍ക്ക് വേണ്ടി ഒരു പ്രത്യേക കട കണക്കെടുപ്പ് നടത്തിയാല്‍ ശരാശരി കുടുംബ കടക്കെണി പതിനായിരത്തിനു പകരം പല പതിനായിരമായി ഉയരും എന്നത് നിശ്ചയം. പക്ഷെ പൂച്ചക്കാര് മണികെട്ടും എന്നതാണ് കടമെടുപ്പിന്റെ കാര്യം വരുമ്പോള്‍ മലയാളിയെ തേടി എത്തുന്ന ആദ്യ ചോദ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category