1 GBP = 95.35 INR                       

BREAKING NEWS

സിസ്റ്റര്‍ ദീപയെ കണ്ടവരുണ്ടോ? യുകെ മലയാളികള്‍ക്കിടയില്‍ പലപ്പോഴും എത്തിയിട്ടുള്ള സിസ്റ്റര്‍ ദീപ ഒറ്റപ്പെട്ടു കഴിയുന്നുവെന്ന് കുടുംബം; മാനസിക രോഗിയെന്ന് പറഞ്ഞു ഇറക്കി വിടുന്നതാണോ മര്യാദ? സ്വയം ഇറങ്ങി പോയതാണെന്നു മഠവും; മാനസിക രോഗിയാക്കിയത് മഠത്തിലെ പീഡനമെന്ന് സി. ലൂസിയും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇടത്തരം ക്രിസ്ത്യന്‍ കുടുംബത്തിലെ ഏക പെണ്‍തരി. രണ്ടു ആങ്ങളമാര്‍ പൊന്നു പോലെ നോക്കിയ പെങ്ങള്‍. പള്ളിയുമായി നല്ല അടുപ്പമുണ്ടായിരുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ കന്യാസ്ത്രീയാക്കാന്‍ മാനന്തവാടി നിരവില്‍പുഴ കല്ലറ ജോസഫിനോട് സഭാ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ വീട്ടിലെ ഏക പെണ്‍കുഞ്ഞല്ലേ എന്ന് പലവട്ടം ചിന്തിച്ചതാണ്. ഒടുവില്‍ മനസിനെ ധൈര്യപ്പെടുത്തി. ദൈവഹിതം ഇതായിരിക്കുമെന്നു ജോസഫും ഭാര്യയും സ്വയം വിശ്വസിച്ചു. അങ്ങനെ ഏങ്ങലടിച്ച ആങ്ങളമാര്‍ക്കിടയില്‍ നിന്നും വീട്ടിലേക്കു തിരിഞ്ഞു നോക്കാതെ ആ കുഞ്ഞിപ്പെങ്ങള്‍ വീടിന്റെ പടിയിറങ്ങി. ഒടുവില്‍ ബിന്ദു ജോസഫ് എന്ന അവള്‍ സിസ്റ്റര്‍ ദീപ ജോസഫായി.

ക്കാര്യങ്ങള്‍ ഏതാനും ദിവസം മുന്‍പ് കല്ലറ കുടുംബത്തില്‍ നിന്നും സിസ്റ്റര്‍ ദീപയുടെ സഹോദരന്‍ ബിന്റോ എഴുതി ബ്രിട്ടീഷ് മലയാളിയെ തേടിയെത്തിയ കത്തിലെ ആദ്യ ഭാഗമാണ്. കഴിഞ്ഞ 16 വര്‍ഷമായി ഇംഗ്ലണ്ടില്‍ കഴിയുന്ന സിസ്റ്റര്‍ ദീപയെ കണ്ടെത്താന്‍ സഹായിക്കുമോ എന്നതാണ് പല പേജുകള്‍ ഉള്ള കത്തിലെ ആവശ്യം. യുകെയിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ആത്മീയവും അല്ലാത്തതുമായ പല പരിപാടികളിലും സിസ്റ്റര്‍ ദീപ സാന്നിധ്യം അറിയിച്ചിട്ടുള്ളതിനാല്‍ ഏതെങ്കിലും മലയാളിക്ക് സഹായിക്കാന്‍ കഴിഞ്ഞേക്കും എന്നാണ് കുടുംബം കരുതുന്നത്.

എന്തുകൊണ്ട് സഭ സഹായിക്കുന്നില്ല?
ഈ ചോദ്യം ഉയരാന്‍ കാരണം കഴിഞ്ഞ നാലു മാസമായി മകളെക്കുറിച്ചുള്ള ആശങ്കയുമായി ജോസഫും കുടുംബവും തങ്ങളുടെ അവസാന അത്താണിയായ മാനന്തവാടി രൂപത കയറി ഇറങ്ങുകയാണ്. സാധാരണക്കാരായ തങ്ങള്‍ ഇംഗ്ലണ്ടിലെ മഠവുമായി ബന്ധപെട്ടിട്ട് കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ആണ് രൂപതയുടെ സഹായം കുടുംബം തേടിയത്. എന്നാല്‍ രൂപതയാകട്ടെ തങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ല സിസ്റ്റര്‍ ദീപ എന്ന ന്യായീകരണത്താല്‍ ആദ്യമൊക്കെ പലവിധ കാര്യങ്ങള്‍ പറഞ്ഞു ജോസഫിനെയും കുടുംബത്തെയും പിന്തിരിപ്പിക്കാന്‍ ആണ് ശ്രമിച്ചത്.

അതേസമയം മകളുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയിലായ കുടുംബം സഭയ്ക്കു വേണ്ടാതായെങ്കിലും പൊന്നുപോലെ നോക്കി വളര്‍ത്തിയ മകളെ അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയുമോ എന്നതാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്. ഒടുവില്‍ പരാതി പറഞ്ഞു മടുത്ത കുടുംബം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരസ്യമായി പരാതിയുമായി പൊതുസമൂഹത്തെ സമീപിക്കും എന്ന് സഭയെ അറിയിക്കുക ആയിരുന്നു. ഇതോടെ ഗ്ലോസ്റ്ററിലെ മഠവുമായി ബന്ധപ്പെട്ട സഭ നവംബര്‍ മാസം പത്തിനു മഠം മദര്‍ സുപ്പീരിയര്‍ ജനറല്‍ വയനാട്ടില്‍ നേരിട്ടെത്തി കുടുംബത്തെ കാര്യങ്ങള്‍ ധരിപ്പിക്കും എന്നറിയിക്കുക ആയിരുന്നു.

ഇതോടെ ആശ്വാസം കണ്ടെത്തിയ കുടുംബം പറഞ്ഞ തീയതിയില്‍ മദര്‍ വന്നില്ലെന്ന് മാത്രമല്ല തുടര്‍ അന്വേഷണത്തില്‍ സഹകരിക്കില്ല എന്നും തിരിച്ചറിയുക ആയിരുന്നു. ഇതോടെ ഇന്നലെ മുതല്‍ മാനന്തവാടി ബിഷപ്പ് ഹൗസിനു മുന്നില്‍ സിസ്റ്റര്‍ ദീപയുടെ മാതാപിതാക്കള്‍ നാട്ടുകാരുടെ സഹായത്തോടെ സമരം ആരംഭിച്ചിരിക്കുകയാണ്. സിസ്റ്റര്‍ ദീപയുമായി ഏറെ മാനസിക അടുപ്പം ഉള്ള സഹോദരന്‍ ബിന്റോ ഫേസ്ബുക്ക് വഴിയാണ് ഇപ്പോള്‍ സഹായം ആവശ്യപ്പെടുന്നത്. തന്റെ പെങ്ങളെ എന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ആധിയും സഹോദരന്റെ വാക്കുകളില്‍ വ്യക്തമാണ്. 

സഭയും മഠവും പറയുന്നത് സിസ്റ്റര്‍ മനോരോഗിയാണെന്ന്
അതേസമയം മറ്റൊരു കന്യാസ്ത്രീ കൂടി ക്രൂശിക്കപ്പെടുന്നു എന്ന പരാതി ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ രൂപതയും ഇംഗ്ലണ്ടിലെ മഠം അധികൃതരും പറയുന്ന ഭാഷ്യം വേറെയാണ്. സിസ്റ്റര്‍ ദീപ ദീര്‍ഘകാലമായി മാനസിക രോഗിയാണെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുക ആണെന്നുമാണ്. ഏഴു വര്‍ഷം മുന്‍പ് സ്വന്തം ഇഷ്ടത്താല്‍ സിസ്റ്റര്‍ ദീപ മഠം വിട്ടിറങ്ങി ഒറ്റയ്ക്ക് കഴിയുക ആണെന്നാണ്. മഠം വിട്ടശേഷമുള്ള കാര്യങ്ങളില്‍ ഇടപെടുക പ്രയാസം ഉണ്ടെന്നാണ് ഔദ്യോഗിക നിലപാട്.
അതേസമയം മാനസിക രോഗിയായ സിസ്റ്ററെ ഒരു ദിവസം വെറുതെ ഇറങ്ങി പോകാന്‍ അനുവദിക്കുക ആയിരുന്നോ എന്ന കുടുംബത്തിന്റെ ചോദ്യത്തിന് മഠം അധികൃതര്‍ ഉത്തരം നല്‍കുന്നില്ല. ഇംഗ്ലണ്ടില്‍ വീട്ടുജോലിക്ക് ചെന്നാല്‍ പോലും ഒരാള്‍ക്ക് തൊഴില്‍ ഉടമയുടെ അനുവാദം കൂടാതെ കരാര്‍ കാലാവധിയില്‍ ഇങ്ങനെ ഇറങ്ങി പോകാന്‍ കഴിയുമോ എന്നും കുടുംബം ആശങ്കയോടെ ചോദിക്കുന്നു. സിസ്റ്റര്‍ ഇറങ്ങിപ്പോയെന്നു പറയുന്ന മഠം ഇക്കാര്യം അക്കാലത്തൊന്നും കുടുംബത്തെ അറിയിച്ചിട്ടില്ല എന്നാണ് കുടുംബം പറയുന്നത്. അതേസമയം കുടുംബം സിസ്റ്ററെ കറവപ്പശു ആക്കുക ആണെന്നും പണം പിടുങ്ങുകയാണ് ലക്ഷ്യം എന്നും മാനന്തവാടി രൂപതയുമായി ബന്ധപ്പെട്ടവര്‍ മാധ്യമങ്ങളോട് സൂചിപ്പിക്കുന്നത്. 

ദീപയെ മാനസിക രോഗിയാക്കിയത് സഭയെന്നു സിസ്റ്റര്‍ ലൂസി 
അതിനിടെ അടുത്തിടെ സഭയുമായി കലാപത്തിന് ഇറങ്ങി ഒറ്റപ്പെട്ടിരിക്കുന്ന സിസ്റ്റര്‍ ലൂസി പുറത്തിറക്കിയ വിവാദ പുസ്തകത്തിലും സിസ്റ്റര്‍ ദീപയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. സിസ്റ്റര്‍ ദീപയെ മാനസിക രോഗിയാക്കിയത് സഭ ആണെന്നാണ് സിസ്റ്റര്‍ ലൂസിയുടെ ആരോപണം  തികഞ്ഞ ദൈവഭക്തിയും ക്രിസ്ത്യന്‍ വിശ്വാസവുമായി മഠത്തില്‍ എത്തിയ ദീപയെ കാത്തിരുന്നത് അത്തരം കാഴ്ചകള്‍ ആയിരുന്നില്ല. ഇക്കാര്യങ്ങള്‍ കുടുംബവും ശരി വയ്ക്കുന്നു. ആദ്യകാലങ്ങളില്‍ ബാംഗ്ലൂരിലെ മഠത്തില്‍ സന്തോഷവതിയായിരുന്ന മകള്‍ പിന്നീട് മൂകാവതിയായാണ് കാണപ്പെട്ടത്. എന്തു പറ്റിയെന്ന ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു.

പിന്നീടു പറഞ്ഞത് ഡിപ്രെഷനു മരുന്ന് കഴിക്കുന്നുവെന്നാണ്. എന്താണ് ഡിപ്രെഷന്‍ എന്നുപോലും തനിക്കു അറിയില്ലായിരുന്നു എന്ന് പിതാവ് ജോസഫ് പറയുന്നു. എന്നാല്‍ ഇത്ര കടുത്ത മാനസിക രോഗി ആണെങ്കില്‍ സിസ്റ്റര്‍ ദീപ എങ്ങനെയാണു ഇംഗ്ലണ്ടില്‍ പലയിടത്തും മോട്ടിവേഷണല്‍ ക്ലാസുകള്‍ എടുത്തതെന്ന ചോദ്യത്തിനും ഉത്തരമില്ല. അതേസമയം കൂടുതല്‍ ഗൗരവതരമായ ആരോപണമാണ് സഭക്കെതിരെ സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ ഉന്നയിക്കുന്നത്. ബാംഗ്ലൂരിലെ മഠത്തില്‍ കഴിയുമ്പോള്‍ സിസ്റ്റര്‍ ദീപ മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്നും ലൈംഗിക പീഡനം നേരിട്ടിട്ടുണ്ട് എന്നാണ് സി ലൂസിയുടെ വെളിപ്പെടുത്തല്‍.

മഠത്തില്‍ ചുമതല ഉണ്ടായിരുന്ന 70 വയസുള്ള ഇംഗ്ലീഷ് വൈദികനും സി ദീപയെ പീഡിപ്പിച്ചത് വഴിയാണ് അവര്‍ മാനസിക രോഗിയായത് എന്നും പുസ്തകത്തില്‍ വിവരിക്കുന്നു. ഇക്കാര്യങ്ങള്‍ പുറത്തു വന്നതോടെ നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബം ബിഷപ്പ് ഹൗസിനു മുന്നില്‍ സമരം ചെയ്യാന്‍ എത്തിയിരിക്കുന്നത്. എന്നാല്‍ ഇംഗ്ലണ്ട് പൗരത്വം നേടി അവിടെ കഴിയുന്ന സിസ്റ്റര്‍ ദീപയുടെ കാര്യത്തില്‍ തങ്ങള്‍ എന്തു ചെയ്യാനാണ് എന്ന് താമരശ്ശേരി രൂപതയും ചോദിക്കുന്നു. 

സഭക്ക് വേണ്ടാതായെങ്കില്‍ ഞങ്ങളെ ഏല്‍പിക്കട്ടെ
കഴിഞ്ഞ 23 വര്‍ഷമായി നിറയൗവന പ്രായം സഭ പറയുന്നിടത്തൊക്കെ ചിലവാക്കിയ സിസ്റ്റര്‍ ദീപയെ മാനസിക രോഗി എന്ന് വിളിച്ച് എങ്ങനെ വഴിയില്‍ ഇറക്കി വിടും എന്നാണ് കുടുംബം രോഷത്തോടെ ചോദിക്കുന്നത്. രോഗിയായപ്പോള്‍ വേണ്ടാതായെങ്കില്‍ ഞങ്ങളെ ഏല്‍പ്പിക്കുകയല്ലേ ധാര്‍മ്മികത? ഞങ്ങള്‍ പൊന്നുപോലെ നോക്കുമല്ലോ?

സഭയില്‍ പോയെങ്കിലും അവളെ ഇപ്പോഴും പെങ്ങളായി തന്നെ കാണുവാന്‍ തങ്ങള്‍ക്കു കഴിയുമെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു. സിസ്റ്റര്‍ ദീപയുടെ കാര്യത്തില്‍ ഒരു ഘട്ടത്തിലും അനുഭാവപൂര്‍ണവും സഹതാപവും ഉള്ള നിലപാടല്ല സഭയും മഠവും സ്വീകരിച്ചതെന്നും കുടുംബം കുറ്റപ്പെടുത്തുന്നു. മനോരോഗിയെന്ന് സഭ കുറ്റപ്പെടുത്തുമ്പോള്‍ തന്നെ എങ്ങനെയാണ് ഒറ്റയ്ക്ക് ജീവിക്കാന്‍ വിട്ടതെന്ന ചോദ്യത്തിലും കുടുംബം വിശദീകരണം ആവശ്യപ്പെടുന്നു. 

ഒന്നിനു പുറകെ ഒന്നായി സഭയെ തേടി വിവാദങ്ങള്‍ എത്തുമ്പോള്‍ സിസ്റ്റര്‍ ദീപയും അവരില്‍ ഒരു ഇരയായി മാറപ്പെടുകയാണോ? സഭ എന്ന് കേള്‍ക്കുമ്പോള്‍ വിശ്വാസി സമൂഹത്തില്‍ പേടിയും ഭയവും വളര്‍ന്നു വരികയാണോ? പരാതികള്‍ അവഗണിക്കപ്പെടുമ്പോള്‍ പരസ്യമായി പരാതിക്കാര്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ വരെ എത്തുമ്പോള്‍ തുടര്‍ച്ചയായ നീതി നിഷേധം എന്ന നിലയിലേക്കാണോ സിസ്റ്റര്‍ ദീപയുടെ കാര്യവും നീങ്ങുന്നത്.

പരസ്യ പ്രതിഷേധം ഉണ്ടായതോടെ മാധ്യമ ശ്രദ്ധ ലഭിച്ചെങ്കിലും സിസ്റ്റര്‍ ദീപയെ എങ്ങനെ നാട്ടില്‍ എത്തിക്കും എന്ന കാര്യത്തില്‍ സഭയ്ക്കും കൃത്യമായ ധാരണ ഇല്ലെന്നതാണ് വസ്തുത. സ്വയം ഇറങ്ങി പോയതാണെങ്കില്‍ പോലും ഇനി സിസ്റ്റര്‍ ദീപയെ എന്തു പറഞ്ഞു സമീപിക്കും എന്നതാണ് സഭയും മഠവും നേരിടുന്ന പ്രധാന പ്രതിസന്ധി. 

ഏതായാലും സിസ്റ്റര്‍ ദീപ ഇപ്പോള്‍ സുരക്ഷിതം ആണെന്നാണ് ബ്രിട്ടീഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. ഇവര്‍ ഒറ്റയ്ക്ക് ഒരിടത്തു കഴിയുക ആണെന്നും ഏക ആശ്രയം ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കുന്ന തുച്ഛമായ ധനസഹായം ആണെന്നുമാണ് ലഭ്യമായ വിവരം. ഏതെങ്കിലും വിധത്തില്‍ സിസ്റ്ററെ കണ്ടെത്തി നാട്ടില്‍ എത്തിക്കാന്‍ സഹായിക്കാന്‍ ബ്രിട്ടനിലെ മലയാളി സമൂഹം തയാറാകുമോ എന്ന അപേക്ഷയും കുടുംബം മുന്നോട്ടു വയ്ക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category