1 GBP = 93.60 INR                       

BREAKING NEWS

ചരിത്രപരമായ മണ്ടത്തരം തിരുത്തിയെന്ന് കളിയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍; തള്ളിയത് ആറു മതങ്ങള്‍ക്കൊപ്പം മുസ്ലിം എന്നു കൂടി ചേര്‍ക്കണമെന്നും മൂന്ന് അയല്‍രാജ്യങ്ങള്‍ എന്നത് എല്ലാം എന്നു തിരുത്തണമെന്നുമുള്ള ആവശ്യം; ശ്രീലങ്കന്‍ തമിഴരെ ഒഴിവാക്കിയതും ചര്‍ച്ച; 2014 ഡിസംബര്‍ 31-നു മുമ്പ് എത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ ഇനി ഇന്ത്യക്കാര്‍; ക്രിമിനല്‍ നിയമ നിര്‍മ്മാണം എന്ന് പറഞ്ഞ് പ്രതിപക്ഷം ലഹള ഉണ്ടാക്കുന്ന പൗരത്വ ബില്‍ വാസ്തവത്തില്‍ ഇത്രയേറെ ഭയപ്പെടാനുള്ള ഒന്നാണോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ചരിത്രപരമായ മണ്ടത്തരം തിരുത്തുന്നതിന് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി ബില്‍! കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇത് പറയുന്നത് പ്രതിപക്ഷത്തെ ചൊടിപ്പിക്കാനാണ്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെയും കോണ്‍ഗ്രസിന്റെയും പ്രസ്താവന ഒരേ പോലെയാണെന്ന് അമിത് ഷാ പറയുന്നു. പൗരത്വ ബില്‍ മുസ്ലിം വിരുദ്ധമല്ല. ജമ്മു കശ്മീരില്‍ മുസ്ലീങ്ങള്‍ താമസിക്കുന്നതുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് എന്ന് ചിന്തിക്കുന്നത് എന്തിനാണ്. അവിടെ ഹിന്ദുക്കളും ബുദ്ധമതക്കാരും ഇല്ല എന്നാണോ?, എല്ലാവരെയും ഉദ്ദേശിച്ചാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. അതെങ്ങനെ മുസ്ലിം വിരുദ്ധമാകും എന്നും അമിത് ഷാ ചോദിച്ചു. എങ്ങനെയാണ് പൗരത്വ ഭേദഗതി ബില്‍ മുസ്ലിം വിരുദ്ധം ആകുന്നത്?. മുസ്ലീങ്ങളുടെ പൗരത്വത്തെ കുറിച്ച് ബില്‍ എവിടെയും പരാമര്‍ശിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. എന്നിട്ടും പ്രതിപക്ഷം തെരുവിലാണ്. ന്യൂനപക്ഷ വോട്ടുകള്‍ പരമാവധി നേടാനുള്ള തന്ത്രമൊരുക്കല്‍. 2024ല്‍ തെരഞ്ഞെടുപ്പില്‍ വിജയത്തിന് ഇത് അനിവാര്യതയാണെന്ന് കോണ്‍ഗ്രസിനും അറിയാം. പൗരന്മാരുടെ കൃത്യമായ കണക്കും തിരിച്ചറിയല്‍ സംവിധാനവും ഏതൊരു രാഷ്ട്രത്തിന്റെയും അടിസ്ഥാനവിഷയമാണ്. അതിലേക്കുള്ള ആദ്യചുവടാണിത്. നിലവിലുള്ള പൗരന്മാര്‍ക്ക് ആര്‍ക്കും പൗരത്വം നിഷേധിക്കുന്നില്ല. എന്നാല്‍ പൗരന്മാരല്ലാത്ത മറ്റുള്ളവരെ പ്രതിപാദിക്കുന്നതാണ് ബില്‍. അങ്ങനെ അനധികൃതമായി കഴിയുന്ന മുസ്ലിം ഒഴികെയുള്ളവര്‍ക്ക് മാത്രമായി ആനുകൂല്യം ചുരുക്കുന്നതാണ് പ്രശ്നങ്ങള്‍ക്കും വിവാദത്തിനും കാരണം.

മൂന്ന് അയല്‍രാജ്യങ്ങളിലെ കടുത്ത വേട്ടയാടല്‍ അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കാനുദ്ദേശിച്ചുള്ളതാണ് ബില്‍ എന്ന വാദവുമായി കേന്ദ്ര സര്‍ക്കാരും ഇതിനെ പ്രതിരോധിക്കുന്നു. പൗരത്വബില്ലുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പവും തെറ്റായ വിവരങ്ങളുമാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. മുസ്ലിങ്ങള്‍ ഭയക്കേണ്ടതില്ല. അവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. അങ്ങനെതന്നെ തുടരും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പൈതൃകവും സവിശേഷതയും സംരക്ഷിക്കാനും പ്രാദേശിക താത്പര്യങ്ങള്‍ ഉറപ്പുവരുത്താനും കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴും നോര്‍ത്ത് ഈസ്റ്റ് പ്രതിഷേധ അഗ്‌നിയിലാണ്. ഇത് കേന്ദ്ര സര്‍ക്കാരിന് തലവേദനയാണ്. അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തിയ മുസ്ലിങ്ങളൊഴികെയുള്ളവര്‍ക്കു പൗരത്വം നല്‍കുന്നതിനുള്ള പൗരത്വ ഭേദഗതിബില്‍ പാര്‍ലമെന്റ് പാസാക്കുമ്പോള്‍ അത് നിയമത്തിലേക്ക് അടുക്കുകയാണ്. എത്രയും വേഗം ബില്ലില്‍ രാഷ്ട്രപതിയും ഒപ്പിടും. കഴിഞ്ഞദിവസം ലോക്‌സഭ അംഗീകരിച്ച ബില്ലിന് രാജ്യസഭയും ബുധനാഴ്ച രാജ്യസഭയും പച്ചക്കൊടികാട്ടി. 125 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 105 പേരാണ് എതിര്‍ത്തു വോട്ടുചെയ്തത്.

2014 ഡിസംബര്‍ 31-നുമുമ്പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് ഇന്ത്യന്‍പൗരത്വം നല്‍കാനാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതില്‍നിന്നു മുസ്ലിങ്ങളെമാത്രം ഒഴിവാക്കിയതിനെതിരേയായിരുന്നു പാര്‍ലമെന്റില്‍ പ്രതിപക്ഷപ്രതിഷേധം അലയടിച്ചത്. അതേസമയം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അംഗങ്ങള്‍ ആര്‍ക്കും പൗരത്വം നല്‍കരുതെന്ന നിലപാടിലായിരുന്നു. പാക്കിസ്ഥാനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ള മുസ്ലിങ്ങളെ ഇന്ത്യന്‍ പൗരരാക്കാനാണോ ആവശ്യപ്പെടുന്നതെന്ന് ചര്‍ച്ചയ്ക്കു മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തോടു ചോദിച്ചു. മൂന്ന് അയല്‍രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങളെ തുല്യരായല്ല പരിഗണിക്കുന്നത്. അവരുടെ ജനസംഖ്യ കുറഞ്ഞു. അവര്‍ ഒന്നുകില്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ മതപരിവര്‍ത്തനത്തിനോ ഇന്ത്യയിലേക്കു കുടിയേറാനോ നിര്‍ബന്ധിക്കപ്പെടുകയോ ആണ് -ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റില്‍ വിജ്ഞാപനം വരുന്നതോടെ 1955-ലെ പൗരത്വ നിയമത്തിനു ഭേദഗതി നടപ്പാവും. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസും ഇടതുപക്ഷവും മുസ്ലിംലീഗും ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യവും പ്രതിപക്ഷാംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളും വോട്ടെടുപ്പിലൂടെ തള്ളിയശേഷമാണ് ബില്‍ പൂര്‍ണരൂപത്തില്‍ സഭ അംഗീകരിച്ചത്. ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ വോട്ടെടുപ്പു ബഹിഷ്‌കരിച്ചു. പത്തംഗങ്ങള്‍ സഭയില്‍ ഹാജരായിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നുള്ള വ്യതിചലനവുമാണെന്നാരോപിച്ചാണ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12-നു തുടങ്ങിയ ചര്‍ച്ച വൈകീട്ട് ആറരവരെ നീണ്ടു. അതിന് ശേഷം അമിത് ഷായുടെ മറുപടിയും പിന്നെ വോട്ടിനിടലും.

ആറുപതിറ്റാണ്ട് പഴക്കമുള്ള പൗരത്വനിയമമാണ് ഭേദഗതി ചെയ്യുന്നത്. ഇത് ധൃതിപിടിച്ചെടുത്ത ഒരു തീരുമാനവുമല്ല. 2014-ലെയും 2019-ലെയും പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായിത്തന്നെയാണ് പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 2014 ഡിസംബര്‍ 31-നുമുമ്പായി അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്നായി വംശഹത്യഭയന്ന് രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയംപ്രാപിച്ച അവിടങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളായ ഹിന്ദു, സിഖ്, ജൈന, ബൗദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം നല്‍കി സംരക്ഷിക്കുന്നതിനാണ് പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവന്നിട്ടുള്ളത്. ഇത്തരത്തിലുള്ളവരെ അനധികൃത നുഴഞ്ഞുകയറ്റക്കാരായി കണക്കാക്കാതെ പൗരത്വം നല്‍കുകയാണ് പുതിയ ബില്ലിന്റെ ലക്ഷ്യം. മാതൃരാജ്യമായ ഭാരതത്തിന് ഇവരെ സ്വീകരിക്കാതിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നതാണ്. കഴിഞ്ഞ ലോക്‌സഭയുടെ കാലത്ത് ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പാസാകാത്തതിനെത്തുടര്‍ന്ന് റദ്ദാവുകയായിരുന്നു.

ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ രാജ്യത്തിന്റെ പലഭാഗത്തും അഭയാര്‍ഥികളായി കഴിയുന്നുണ്ട്. അവര്‍ക്കു പോകാന്‍ വേറെ ഇടമില്ലെന്നതാണ് കാരണം. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ഭൂരിപക്ഷമായ മുസ്ലിങ്ങള്‍ക്ക് ബില്ലില്‍ പൗരത്വത്തിന്റെ പരിരക്ഷയില്ല. 1955-ലെ ഇന്ത്യന്‍ പൗരത്വ നിയമപ്രകാരം ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കാന്‍ പ്രധാനമായും രണ്ടു വ്യവസ്ഥകളാണുള്ളത്. അപേക്ഷിക്കുന്ന വ്യക്തി അവസാന പന്ത്രണ്ടു മാസങ്ങളില്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നിരിക്കണം, അവസാന 14 വര്‍ഷങ്ങളില്‍ 11 വര്‍ഷമെങ്കിലും ഇന്ത്യയില്‍ കഴിഞ്ഞിരിക്കണം എന്നിവ. ഇതില്‍ രണ്ടാമത്തെ വ്യവസ്ഥയായ 11 വര്‍ഷം എന്നത് ആറാക്കിക്കുറയ്ക്കുകയാണ് ഭേദഗതി.

നോര്‍ത്ത് ഈസ്റ്റും പൗരത്വം രജിസ്റ്ററും
400 അഭയാര്‍ഥിക്യാമ്പുകളാണ് രാജസ്ഥാനിലെ ജോധ്പുര്‍, ജയ്‌സാല്‍മീര്‍, ബിക്കാനീര്‍, ജയ്പുര്‍ എന്നിവിടങ്ങളിലുള്ളത്. ഇവിടെയുള്ളത് പാക്കിസ്ഥാനികളാണ്. പശ്ചിമബംഗാളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി ബംഗ്ലാദേശ് അഭയാര്‍ഥികളും കഴിയുന്നു. പഞ്ചാബ്, ഡല്‍ഹി, ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് സിഖ് അഭയാര്‍ഥിക്യാമ്പുകളുള്ളത്. പൗരത്വത്തിനായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.

ഇത്തരത്തില്‍ ഒരു ബില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഉയര്‍ന്നുവരാവുന്ന ആശങ്കകള്‍ പരിഹരിച്ചുകൊണ്ടുതന്നെയാണ് ബില്‍ അവതരിപ്പിച്ചിട്ടുള്ളതും. അതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗമേഖലകളില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. പുതിയ ഭേദഗതിപ്രകാരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലുള്ള മേഖലകളും ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍പ്പെടുത്തി ഭരണം നടത്തുന്ന അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗിരിവര്‍ഗമേഖലകളും പുതിയ നിയമഭേദഗതിയില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങളുടെ എണ്ണം 23 ശതമാനത്തില്‍നിന്ന് നാലുശതമാനമായി. ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം 84 ശതമാനത്തില്‍നിന്ന് 79 ശതമാനമായി കുറഞ്ഞു. അതേസമയം, മുസ്ലിങ്ങളുടെ എണ്ണം ഒന്‍പതില്‍നിന്ന് 14 ശതമാനമാകുകയും ചെയ്തു. ബില്‍ മുസ്ലിങ്ങളുടെ അവകാശത്തെ കവര്‍ന്നെടുക്കുന്നതാണെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്ന് അമിത് ഷാ പറയുന്നു. ഇന്ത്യന്‍ പൗരത്വത്തിന് നിയമപ്രകാരം അവര്‍ക്ക് അപേക്ഷ നല്‍കാമെന്നും ബില്ലിനെ ആരും ഭയപ്പെടേണ്ടതില്ലെന്നും പൗരത്വത്തിന് അപേക്ഷ നല്‍കിയാല്‍ ഉടന്‍ പിടിച്ച് ജയിലിലടയ്ക്കുമെന്ന ധാരണ ശരിയല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ആ വ്യക്തിക്കെതിരായ എല്ലാ അന്വേഷണങ്ങളും അവസാനിപ്പിക്കാന്‍ വ്യവസ്ഥയുമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

പൗരത്വ ഭേദഗതി ബില്‍ ഭരണഘടനയുടെ അടിസ്ഥാന ശിലയ്‌ക്കേറ്റ ആഘാതമാണെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന്മേല്‍ പടുത്തുയര്‍ത്തിയ, മതേതരത്വം ജീവശ്വാസമായ ഇന്ത്യാ മഹാരാജ്യത്തില്‍ ഒരു മതവിഭാഗത്തിന് മാത്രം പൗരത്വം നിഷേധിക്കപ്പെടുന്ന ഈ ബില്ലിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുകയാണ്. 1955ലെ പൗരത്വ ആക്ട് പ്രകാരം ഇന്ത്യയില്‍ ജനിച്ച വ്യക്തിക്കോ മാതാപിതാക്കള്‍ ഇന്ത്യന്‍ സ്വദേശികളായവര്‍ക്കോ, ഒരു നിശ്ചിത കാലയളവില്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ ജീവിച്ച് വളര്‍ന്ന വ്യക്തിക്കോ ആണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. ആക്ട് പ്രകാരം അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരനാകാന്‍ കഴിയില്ല. ഇതാണ് നിലവില്‍ ഭേദഗതി ചെയ്യുന്നത്.

ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ പ്രകാരമുള്ള പ്രദേശങ്ങള്‍ക്ക് ഈ ബില്‍ ബാധകമാകില്ല. അസം, മേഘാലയ, ത്രിപുര, മിസോറാം എന്നിവയാണ് ആ പ്രദേശങ്ങള്‍. 1971 മാര്‍ച്ച് 24ന് മുമ്പ് അസമില്‍ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂര്‍വികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കില്‍ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാല്‍ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് ഈ സംസ്ഥാനങ്ങളില്‍ പുതിയ നിയമം എത്തിയാല്‍ അത് കൂടുതല്‍ പേര്‍ക്ക് പൗരത്വം നല്‍കാന്‍ ഇടവരുത്തും. അവിടെ നിരവധി കുടിയേറ്റക്കാരുണ്ട്. ഇതുകൊണ്ടാണ് പ്രതിഷേധ ചൂളയിലേക്ക് അവര്‍ പോകുന്നതും.

പ്രതിപക്ഷം ആയുധമാക്കുന്നത് തമിഴ് വംശജരേയും
ഭരണഘടനാവിരുദ്ധവും അധാര്‍മികവും നിയമവിരുദ്ധവുമാണ് പൗരത്വഭേദഗതി ബില്‍ എന്നാണ് പ്രതിപക്ഷ നിലപാട്. മുസ്ലിങ്ങളെ മാത്രം ബില്ലില്‍നിന്ന് ഒഴിവാക്കിയത് മതാടിസ്ഥാനത്തില്‍ രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കാനാണെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മതവിവേചനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുസ്ലിം വിവേചനം ലക്ഷ്യമിട്ട് മതം അടിസ്ഥാനമാക്കി രാജ്യത്തെ വിഭജിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് പ്രതിപക്ഷ ആരോപണം.

ബില്ലില്‍ പറയുന്ന രാജ്യങ്ങളില്‍ ഇസ്ലാമിക വിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന വാദം തെറ്റാണ്. അഹമ്മദീയരും മറ്റും പീഡനം നേരിടുന്നു. മാത്രമല്ല, ചില അയല്‍രാജ്യങ്ങളെ ഒഴിവാക്കി. മ്യാന്മറില്‍നിന്ന് രോഹിന്‍ഗ്യന്‍ മുസ്ലിങ്ങളും ശ്രീലങ്കയില്‍നിന്ന് തമിഴ് വംശജരും അഭയാര്‍ഥികളായി എത്തി. തമിഴ്നാട്ടില്‍ 24 ജില്ലകളിലായി രണ്ടായിരത്തിലേറെ ക്യാമ്പുകളില്‍ ശ്രീലങ്കയില്‍നിന്ന് എത്തിയവര്‍ 35 വര്‍ഷത്തിലേറെയായി അഭയാര്‍ഥികളായി തുടരുന്നു. ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. മതാടിസ്ഥാനത്തിലുള്ള ഏത് നിയമവും വിലക്കപ്പെട്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ബില്ലിനെ സര്‍ക്കാരിന്റെ തീരുമാനത്തെ 'വിനാശകാലേ വിപരീതബുദ്ധി' എന്ന് വിശേഷിപ്പിക്കാനേ സാധിക്കൂവെന്ന് പ്രതിപക്ഷം പറയുന്നു.

പൗരത്വ ഭേദഗതി ബില്‍ ഏതെല്ലാംവിധം ഭരണഘടനാ വിരുദ്ധമാകുന്നുവെന്ന് രാജ്യസഭയിലെ ചര്‍ച്ചയില്‍ പ്രതിപക്ഷാംഗങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഭരണപക്ഷം ഉയര്‍ത്തിയത് ദുര്‍ബലമായ പ്രതിരോധം. തുല്യത ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തെ ലംഘിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷനിരയില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ, പി ചിദംബരം, കപില്‍ സിബല്‍ (കോണ്‍ഗ്രസ്), ടി കെ രംഗരാജന്‍, കെ കെ രാഗേഷ്, ബിനോയ് വിശ്വം (ഇടതുപക്ഷം), ഡെറിക്ക് ഒബ്രിയന്‍ (തൃണമൂല്‍), സഞ്ജയ് സിങ് (എഎപി), ജാവെദ് ഖാന്‍ (എസ്പി), സതീഷ്ചന്ദ്ര മിശ്ര (ബിഎസ്പി), തിരുച്ചി ശിവ (ഡിഎംകെ), വൈക്കോ (എംഡിഎംകെ) തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി.

ഇനി ദേശീയ പൗരത്വ രജിസ്റ്റര്‍
കേന്ദ്ര സര്‍ക്കാര്‍ അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഇന്ത്യന്‍ പൗരന്മാരുടെ പട്ടിക ഉണ്ടാക്കുന്നതിനെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നു പറയുന്നത്. ആദ്യം അസമിലാണ് പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കിയത്. എന്നാല്‍, രാജ്യം മുഴുവനായും പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ നവംബര്‍ 20ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 31ന് അന്തിമ പൗരത്വ രജിസ്റ്റര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. അര്‍ഹതയുള്ളവര്‍ പോലും പട്ടികയില്‍ നിന്ന് പുറത്തു പോയെന്നായിരുന്നു പ്രധാന ആരോപണം. ബംഗാളി ഹിന്ദുക്കള്‍ ആയിരുന്നു ഇങ്ങനെ പട്ടികയില്‍ നിന്ന് പുറത്തു പോയത്.

അതേസമയം, ബംഗാളില്‍ ഇത് രാഷ്ട്രീയപരമായി ബിജെപിക്ക് വന്‍ തിരിച്ചടി ആയിരുന്നു. എന്നാല്‍, പൗരത്വ (ഭേദഗതി) ബില്‍ വരുമ്പോള്‍ ഒരു ബംഗാളി ഹിന്ദുവിന് പോലും പുറത്തു പോകേണ്ടി വരില്ല. പൗരത്വത്തിനുള്ള ആവശ്യകതകള്‍ സ്വാഭാവികവല്‍ക്കരണത്തിലൂടെ ബില്‍ ഇളവ് ചെയ്തിട്ടുണ്ട്. അനധികൃത ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ ആറ് മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ താമസിക്കേണ്ട കാലാവധി ആറ് വര്‍ഷമായി ബില്‍ കുറച്ചിട്ടുണ്ട്. പൗരത്വനിയമം ലംഘിച്ചാല്‍ വിദേശിയരായ ഇന്ത്യന്‍ പൗരന്മാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മതപരമായ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ന്യൂനപക്ഷങ്ങളെ ഇത് സഹായിക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നുണ്ട്.

മതത്തിന്റെ പേരില്‍ സ്വന്തം രാജ്യവിട്ട് ഇന്ത്യയില്‍ അഭയം പ്രാപിച്ചവര്‍ക്ക് വേണ്ടിയാണ് ബില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടികളില്‍ നിന്ന് ഇത്തരക്കാരെ രക്ഷിക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് തണലാണ് ഈ ബില്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ബില്‍ ദേശതാത്പര്യത്തെ മാനിക്കുന്നതാണെന്നും ബില്‍ ചരിത്ര പരമാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ബില്‍ സംരക്ഷണം ഒരുക്കുന്നില്ല. പാക്കിസ്ഥാനില്‍ അഹ്മദീയ മുസ്ലിം വിഭാഗവും ഷിയാ മുസ്ലിംങ്ങളും വിവേചനം നേരിടുന്നുണ്ട്. ബര്‍മയില്‍ രോഹിങ്യന്‍ മുസ്ലിംങ്ങളും ഹിന്ദുക്കളും വിവേചനം നേരിടുന്നുണ്ട്. ശ്രീലങ്കയില്‍ ഹിന്ദു, ക്രിസ്ത്യന്‍ തമിഴ് വിഭാഗങ്ങളും വിവേചനം നേരിടുന്നുണ്ട്. മുസ്ലിംങ്ങള്‍ക്ക് മറ്റ് ഇസ്ലാം രാജ്യങ്ങളില്‍ അഭയം തേടാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

1946ലെ ഫോറിനഴ്സ് ആക്ട് പ്രകാരവും 1920ലെ പാസ്പോര്‍ട്ട് ആക്ട് പ്രകാരവും പൗരത്വ നിയമപ്രകാരവും അനുമതിയില്ലാതെ രാജ്യത്തെത്തിയ മുഴുവന്‍ വിദേശികളേയും അനധികൃത കുടിയേറ്റക്കാരായാണ് നിലവില്‍ കണക്കാക്കുന്നത്. ഇതിന്റെ പേരില്‍ നിയമ നടപടികളും ഇവര്‍ നേരിടുന്നുണ്ട്. എന്നാല്‍ പൗരത്വ ഭേദഗതി ബില്‍ നിയമമാകുമ്പോള്‍ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയില്‍നിന്ന് നീക്കുമെന്നാണ് ബില്ലില്‍ പറയുന്നത്. ഇതുസംബന്ധിച്ച് തുടര്‍ന്നുവരുന്ന നിയമ നടപടികളില്‍നിന്ന് ഇവര്‍ സ്വമേധയാ ഒഴിവാകും. മാത്രമല്ല ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ കഴിയും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമ നടപടികള്‍ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ ഇവര്‍ക്ക് തടസ്സമാകില്ലെന്നും ബില്ലില്‍ പറയുന്നു.

ഇനി സുപ്രീംകോടതിയിലേക്ക്
പൗരത്വ ബില്ലിനെ പ്രതിപക്ഷം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. ലോക്സഭയിലെ ചര്‍ച്ചയില്‍ അതിശക്തമായ എതിര്‍പ്പാണ് ശശി തരൂര്‍ ഉന്നയിച്ചത്. ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് എതിര്‍പ്പു രേഖപ്പെടുത്തി കൊണ്ടു സംസാരിച്ച തരൂര്‍ വ്യക്തമക്കി. പ്രത്യയശാസ്ത്രം, പ്രദേശം, ഭാഷ എന്നിവയുടെ പേരില്‍ സ്വാതന്ത്ര്യ സമരത്തില്‍ പോലും വിവേചനം ഉണ്ടായിട്ടില്ല. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. ദേശീയതയുടെ മാനദണ്ഡം മതമാണെന്ന് പറഞ്ഞവര്‍ പാക്കിസ്ഥാനുണ്ടാക്കി പോയെന്നും ഗാന്ധിയും അംബേദ്കറും നെഹ്രുവുമൊന്നും ഇതിനെ അനുകൂലിച്ചില്ലെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

ബില്‍ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ക്ക് മേലുള്ള ജിന്നയുടെ വിജയമായി അടയാളപ്പെടുത്തുന്നതാണെന്നായിരുന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്. ഈ ബില്ലിലൂടെ ഹിന്ദു പാക്കിസ്ഥാന്‍ എന്നതിലേക്ക് രാജ്യം ഒരുപടികൂടി അടുക്കുമെന്നും തരൂര്‍ പറഞ്ഞു. മതാടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന് ജിന്നയുടെ ആഗ്രഹമായിരുന്നു. എന്നാല്‍, ഗാന്ധി അതിനെതിരായിരുന്നു. പൗരത്വ ഭേദഗതി ബില്ലിലൂടെ ജിന്നയുടെ വാദങ്ങളെ ബിജെപി അംഗീകരിക്കുകയാണ്. ബിജെപി ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ലോക്സഭയും രാജ്യസഭയും പൗരത്വ ബില്‍ അംഗീകരിച്ചാലും ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങളുടെ ലംഘനത്തെ സുപ്രീംകോടതി അംഗീകരിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെ ആര്‍ട്ടിക്കിള്‍ 14ലും 15ലും പറയുന്നപോലെ തുല്യക്കും മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരെയുള്ള അധിക്ഷേപമായി മാത്രമല്ല, ഇന്ത്യ എന്ന ആശയത്തിന് നേരെയുള്ള ആക്രമണമായാണ് കോണ്‍ഗ്രസ് ബില്ലിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന ആശയത്തെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും തരൂര്‍ വ്യക്തമാക്കി. പൗരത്വഭേദഗതി ബില്ലില്‍ നിന്നും ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെയും ആഭ്യന്തരമന്ത്രിയെയും കൂടി രക്ഷിക്കണമെന്നുമായിരുന്നു എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്.

'ഇത്തരമൊരു നിയമത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാന്‍ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുകയാണ്. ഒപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയേയും. അല്ലാത്തപക്ഷം യഹൂദവിരുദ്ധ നിയമമായ ന്യൂറെംബര്‍ഗ് റേസ് നിയമവും ഇസ്രഈലി പൗരത്വ നിയമവും നടപ്പിലാക്കിയവര്‍ക്കൊപ്പം, ഹിറ്റ്ലര്‍ക്കും ഡേവിഡ് ബൈന്‍ ഗുറിയോണിനൊപ്പം നമ്മുടെ ആഭ്യന്തരമന്ത്രിയുടെ പേരും ചരിത്രത്തില്‍ ചേര്‍ത്ത് വെക്കേണ്ടി വരും''- എന്നായിരുന്നു ഉവൈസി പറഞ്ഞത്.

അനധികൃത കുടിയേറ്റക്കാര്‍ അഴിക്കുള്ളിലാകും
പ്രതിപക്ഷത്തിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്. പൗരത്വ ബില്ലിന് ശേഷം ദേശീയ പൗരത്വ രജിസ്റ്റര്‍ കൊണ്ടു വരും. ഇതോടെ അനധികൃത കുടിയേറ്റക്കാരെ മുഴുവന്‍ കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍ ജയിലിന് സമാനമായ ക്യാമ്പുകളില്‍ അടയ്ക്കും. നിലവിലെ നിയമപ്രകാരം മുസ്ലിം മത വിഭാഗത്തില്‍ പെടാത്ത എല്ലാവര്‍ക്കും പൗരത്വം ലഭിക്കും. ഇന്ത്യയില്‍ കാലാകാലങ്ങളായി കഴിയുന്ന അന്യ നാട്ടിലെ മുസ്ലിം കുടുംബങ്ങള്‍ക്ക് വേറെ വഴിയില്ലാതെയുമാകും.

പൗരത്വ ബില്‍ ലോക്‌സഭയും രാജ്യസഭയും പാസാക്കിയതോടെ ഭീതിയുടെ മുള്‍മുനയില്‍ വയനാട്ടിലെ റോഹിന്‍ഗ്യന്‍ കുടുംബങ്ങളും കഴിയുകയാണ്. നാല് വര്‍ഷമായി വയനാട്ടില്‍ കഴിയുന്ന രണ്ട് കുടുംബങ്ങളാണ് പലായന ഭീതി നേരിടുന്നത്. ഇന്ത്യയില്‍നിന്നും പോകേണ്ടിവന്നാല്‍ മരണമല്ലാതെ മറ്റുവഴിയില്ലെന്ന് ഇവര്‍ വിലപിക്കുന്നു. മ്യാന്മറില്‍നിന്നും 2013ല്‍ ഇന്ത്യയിലെത്തിയ അമാനുള്ളയുടെയും മുഹമ്മദ് ഇല്യാസിന്റെയും കുടുംബങ്ങളാണ് പകച്ചുനില്‍ക്കുന്നത്. അറുപത്തിമൂന്നുകാരനായ അമീനുള്ള ഭാര്യയും അഞ്ച് മക്കളോടുമൊപ്പമാണ് വയനാട്ടില്‍ കഴിയുന്നത്. ഇരുപത്തിയാറുകാരനായ ഇല്യാസിനൊപ്പം ഭാര്യ ഗുല്‍ബഹാറും ഒന്നരവയസ്സുകാരി മകള്‍ ഫാത്തിമയും സഹോദരന്‍ മുഹമ്മദ് സുബൈറുമുണ്ട് . ഭാര്യ പൂര്‍ണ ഗര്‍ഭിണിയാണ്. കല്‍പ്പറ്റ മുട്ടിലില്‍ വാടക ക്വാര്‍ട്ടേഴ്‌സുകളിലാണ് ഇവര്‍ കഴിയുന്നത്.

യുഎന്‍ അഭയാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടവരും യുഎന്‍ തിരിച്ചറിയല്‍ രേഖ (യുഎന്‍എച്ച്‌സിആര്‍) ഉള്ളവരുമായതിനാലാണ് അഭയം നല്‍കിയതെന്ന് ജില്ലാ പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പൗരത്വനിയമ ഭേദഗതിയിലൂടെ അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കില്ല. ഇതാണ് ഇവരുടെ ആശങ്ക. 2012ല്‍ മ്യാന്മറില്‍നിന്നും ഇവര്‍ 2013ല്‍ ഡല്‍ഹിയിലെത്തി. ഇവിടെനിന്നും തമിഴ്നാട്ടിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍. തമിഴ്നാട്ടില്‍നിന്നും വയനാട് മുസ്ലിം അനാഥാലയം അധികൃതരാണ് അഭയമൊരുക്കി ജില്ലയിലെത്തിച്ചത്. 2015 ഒക്ടോബറില്‍ വയനാട്ടില്‍ എത്തി. അഞ്ച് കുടുംബങ്ങളാണ് വന്നത്. മൂന്ന് കുടുംബങ്ങള്‍ തിരികെ തമിഴ്നാട്ടിലേക്ക് പോയി. അനാഥാലയം അധികൃതര്‍ ഇപ്പോള്‍ കൈയൊഴിഞ്ഞ അവസ്ഥയാണ്. ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പിലുള്ള ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളെയും ഇല്യാസ് കണ്ടിട്ട് ഒമ്പതുവര്‍ഷമായി. ഇത് തന്നെയാകും മറ്റ് റോഹിന്‍ഗ്യന്‍ കുടുംബങ്ങളുടേയും അവസ്ഥ. ഇന്ത്യയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെത്തിയ മുസ്ലീങ്ങളും രാജ്യത്തിന് പുറത്തേക്കോ ജയിലിന് സമാനമായ ക്യാമ്പിലോ പോകേണ്ടി വരും.

തള്ളിയത് ആറ് മതവിഭാഗങ്ങള്‍ക്കൊപ്പം മുസ്ലിം എന്നുകൂടി ചേര്‍ത്തും, മൂന്ന് അയല്‍രാജ്യങ്ങള്‍ എന്നത് എല്ലാ അയല്‍രാജ്യങ്ങളും എന്ന് തിരുത്തണമെന്ന ആവശ്യം
തിങ്കളാഴ്ച ലോക്‌സഭയില്‍ പാസായ ബില്‍ ബുധനാഴ്ച രാജ്യസഭയും കടന്നു. എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടിക്കും ശേഷം വോട്ടിനിട്ടാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കെ കെ രാഗേഷിന്റെ പ്രമേയം 99 നെതിരെ 124 വോട്ടുകള്‍ക്ക് തള്ളി. സിപിഐ എം രാജ്യസഭ ഉപനേതാവ് എളമരം കരീം, ബിനോയ് വിശ്വം, ഹുസൈന്‍ ദല്‍വായ് എന്നിവരും സെലക്ട് കമ്മിറ്റി ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നു. ഇവ ശബ്ദവോട്ടോടെ തള്ളി. എളമരം കരീം, ഡെറിക്ക് ഒബ്രിയന്‍, ടി കെ രംഗരാജന്‍, കെ സോമപ്രസാദ്, അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ മുന്നോട്ടുവെച്ച മറ്റ് ഭേദഗതികളും തള്ളി.

മുസ്ലിങ്ങളെമാത്രം ബില്ലില്‍നിന്ന് ഒഴിവാക്കിയത് മതാടിസ്ഥാനത്തില്‍ രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കാനാണെന്ന് സിപിഐ എം രാജ്യസഭാനേതാവ് ടി കെ രംഗരാജന്‍ ചര്‍ച്ചയില്‍ പറഞ്ഞു. മ്യാന്മറില്‍നിന്ന് രോഹിന്‍ഗ്യന്‍ മുസ്ലിങ്ങളും ശ്രീലങ്കയില്‍നിന്ന് തമിഴ് വംശജരും അഭയാര്‍ഥികളായി എത്തി. ഇവര്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം തയ്യാറല്ല. മതാടിസ്ഥാനത്തിലുള്ള ഏത് നിയമവും വിലക്കപ്പെട്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും- രംഗരാജന്‍ പറഞ്ഞു. പൗരത്വം നല്‍കാന്‍ പരാമര്‍ശിക്കുന്ന ആറ് മതവിഭാഗങ്ങള്‍ക്കൊപ്പം മുസ്ലിം എന്നുകൂടി ചേര്‍ത്തും, മൂന്ന് അയല്‍രാജ്യങ്ങള്‍ എന്നത് എല്ലാ അയല്‍രാജ്യങ്ങളും എന്ന് തിരുത്തിയുമാണ് സിപിഐ എം അംഗങ്ങള്‍ ഭേദഗതി നിര്‍ദ്ദേശിച്ചത്. ബില്‍ വിവേചനമരമല്ലെന്നും മുസ്ലീങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അമിത് ഷായുടെ മറുപടി.

എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എല്‍ജെപി, അകാലിദള്‍ എന്നിവയും എഐഡിഎംകെ, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, അസംഗണ പരിഷത്ത്, ബിപിഎഫ്, എന്‍പിഎഫ് തുടങ്ങിയ കക്ഷികളും ബില്ലിനെ പിന്തുണച്ചു. കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍, ഡിഎംകെ, ടിആര്‍എസ്, എസ്പി, ബിഎസ്പി, എഎപി തുടങ്ങിയ പാര്‍ട്ടികള്‍ വിയോജിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category