1 GBP = 102.00 INR                       

BREAKING NEWS

ദൈവത്തിന്റെ കൈയ്യബദ്ധം: കഥ

Britishmalayali
ജെ പി

വെറുതെ ഇരുന്ന് വിരസതയടിച്ചപ്പോള്‍ ദൈവം ഭൂമിയിലേക്ക് നോക്കി. താന്‍ സൃഷ്ടിച്ച ജീവജാലങ്ങളെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സന്തോഷമായി ജീവിക്കുന്നുണ്ട് എന്ന് കണ്ടു. 

അച്ചുതണ്ടില്‍ പിടിച്ച് പതുക്കെ ഭൂഗോളം കറക്കിവിട്ട് ദൈവം കാത്തിരുന്നു. ഒടുവില്‍ ഭൂഗോളം കറങ്ങി കറങ്ങി നിന്നു. 

ദൈവത്തിന്റെ കണ്ണില്‍ ആദ്യമുടക്കിയത് മുറ്റത്ത് അരിയാസ് (ഗോലി) കളിച്ച് കൊണ്ടിരുന്ന ഫ്രാന്‍സിസ് സേവ്യറിന്റെ പുരയിലാണ്. ഫ്രാന്‍സിസ് സേവ്യര്‍ അനിയനോടൊത്ത് കളിയോട് കളി. 

ഉച്ച കഞ്ഞിക്കുള്ള അരി കിടന്ന് തിളയ്ക്കുന്നു. അടുപ്പില്‍ നിന്നും ഉയരുന്ന പുക മേല്‍ക്കൂരയും കടന്ന് സ്വര്‍ഗ്ഗത്തിലേക്ക് വരുന്നത് കണ്ട് ദൈവത്തിന് അല്‍പം നീരസം തോന്നി. 

ഉമ്മറ തിണ്ണയിലിരുന്ന് മുറുക്കാനിടിച്ച് കൊണ്ടിരുന്ന അമ്മാമക്ക് വയസ്സ് തൊണ്ണൂറ് കഴിഞ്ഞിട്ടുണ്ടാവുമെന്ന് ദൈവം കണക്ക് കൂട്ടി. 

''ഡാ, പാഞ്ച്യേ, നീയാ പാടത്ത് പോയി പശൂനെ അഴിച്ചിട്ട് വന്നേടാ.'' 

ഇടിക്കുന്നതിനിടയില്‍ അമ്മാമ്മയ്ക്ക് പശൂനെക്കുറിച്ചാണ് വേവലാതി. 

''അമ്മാമ ഒന്ന് മിണ്ടാണ്ടിന്നെ, അതവിടെങ്ങാനും നിക്കട്ടെ. ഈ കളി കഴിയാണ്ട് ഞാന്‍ എങ്കടും പൂവില്ല.''

ഫ്രാന്‍സിസ് സേവ്യര്‍ ഒരിച്ചിരി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് ദൈവത്തിന് മനസ്സിലായി. 

''മഴ വരണട ക്ടാവേ. പറഞ്ഞാ കേക്കാത്തൊരു ചെക്കന്‍.''

അമ്മാമ മുറുക്കാനെടുത്ത് വായിലേക്ക് തെരുകി വെച്ചു. 

''പിന്നെ മഴ, അമ്മാമ ഒന്ന് എണീട്ട് പോയെ. ഈ വെയിലത്തല്ലെ മഴ. വേറെ പണി ഇല്ലെങ്കി കഞ്ഞി തിളച്ചോന്നു നോക്ക്.''

ദൈവം ആകാശത്തേക്ക് നോക്കി. ശരിയാണെല്ലോ! നല്ല വെയില്. പിന്നെങ്ങനാ മഴ പെയ്യാ? 

ദൈവം പിന്നെ പാടത്തേക്ക് നോക്കി. ഒരു പശു തലങ്ങും വിലങ്ങും നടന്ന് പുല്ല് തിന്നുന്നു. അതൊരു കൊഴുത്ത കാളക്കുട്ടിയായിരുന്നു എങ്കില്‍ എത്ര നന്നായിരുന്ന് എന്നോര്‍ത്ത് ദൈവം നിരാശ പൂണ്ടു. 

പക്ഷെ നിരാശയുടെ പിടിയില്‍നിന്നും സ്വയം രക്ഷനേടി ദൈവം ഫ്രാന്‍സിസ് സേവ്യറിനെ വീക്ഷിച്ചു. ഇവന് ചെറിയൊരു പണി കൊടുത്താലോ എന്നാലോചിക്കുകയും ചെയ്തു. 

ദൈവം തന്റെ ചെറുവിരല്‍ ആകാശത്തിന് നേരെ ചൂണ്ടി. അപ്പോള്‍ പടിഞ്ഞാറ് നിന്നും മഴക്കോള് വന്നു. ദൈവം മോതിരവിരല്‍ നീട്ടിയപ്പോള്‍ കാറ്റും മഴയും ഉണ്ടായി. അവ ഫ്രാന്‍സിസ് സേവ്യറിന്റെ പെരയ്ക്ക് ചുറ്റും ആഞ്ഞടിക്കുകയും പരന്ന് പരന്ന് മാടായിക്കോണം ഗ്രാമം മുഴുവന്‍ മഴ പെയ്യിക്കുകയും ചെയ്തു.

''ഈ അമ്മാമേടെ ഒരു കരിനാക്ക്. പറഞ്ഞ് പെയ്യിച്ചതാ.''

കളി നിറുത്തേണ്ടി വന്ന അരിശത്തിന് അരിയാസ് എല്ലാം മുറ്റത്തെറിഞ്ഞിട്ട് ഫ്രാന്‍സിസ് സേവ്യര്‍ പശൂനെ അഴിക്കാന്‍ പാടത്തേക്കോടി. ദൈവം അതുകണ്ട് ഊറിയൂറി ചിരിച്ചു. 

''ചേട്ടാ, ഞാനും വരാം പാടത്തിക്ക്.'' 

അനിയന്‍ ഫ്രാന്‍സിസിനൊപ്പം എത്താന്‍ പുറകെ ഓടി. 

''വേണ്ടര്‍ക്ക, നീയീ മഴേത്ത് വരണ്ട.''

മഴയുടെ ഇരമ്പലിനിടയില്‍ ഫ്രാന്‍സിസ് സേവ്യറിന്റെ ഒച്ച ദൈവം കേട്ടു. ഒരു പേടീം ഇല്ലാത്ത ക്ടാങ്ങള്. 

ദൈവം തന്റെ നടുവിരല്‍ മാടായിക്കോണം ഗ്രാമത്തിന് നേരെ നീട്ടി. അപ്പോള്‍ അതി ശക്തിയായി ഇടി മുഴങ്ങി. ഗ്രാമം മുഴുവന്‍ വിറച്ചു. പക്ഷെ ഫ്രാന്‍സിസ് സേവ്യറിന് ഒരു കുലുക്കവുമില്ലെന്ന് കണ്ടപ്പോള്‍ ദൈവം തന്റെ ചൂണ്ടുവിരല്‍ അവന് നേരെ നീട്ടി. 

അപ്പോഴുണ്ടായ മിന്നലിന്റെ വെളിച്ചത്തില്‍ ഫ്രാന്‍സിസ് സേവ്യറും അനിയനും ചേര്‍ന്ന് പശുവിന്റെ കയറഴിക്കുന്നത് കണ്ട് ദൈവത്തിന് ജാള്യത തോന്നി. ഇത്രയൊക്കെ പ്രകോപിപ്പിച്ചിട്ടും ഇവന്മാര്‍ക്ക് യാതൊരു കൂസലുമില്ലല്ലോ എന്നായി ദൈവത്തിന്റെ ചിന്ത. 

ഇത്തവണ ദൈവം തന്റെ നടുവിരലും ചൂണ്ടുവിരലും ഒരുമിച്ച് ഫ്രാന്‍സിസ് സേവ്യറിന്റെ നേരെ ചൂണ്ടി. അതില്‍നിന്നും ഇടിയും മിന്നലും ഒരേ സമയം പ്രവഹിച്ചു. 

കയറഴിച്ച് വിട്ട പശു പ്രാണരക്ഷാര്‍ത്ഥം ഓടി ഫ്രാന്‍സിസ് സേവ്യറിന്റെ പെരേലെത്തി അണച്ച് കൊണ്ട് നിന്നു. 

കത്തിക്കരിഞ്ഞ് കിടക്കുന്ന ഫ്രാന്‍സിസ് സേവ്യറിനെയും അനിയനെയും കണ്ട് ദൈവം വാ പൊളിച്ചു. തന്റെ വീര കൃത്യങ്ങള്‍ക്കുള്ള പ്രതിഫലനമായി ഉയര്‍ന്ന് പൊങ്ങിപ്പോയ പെരുവിരലിനെ വളച്ചൊടിച്ച് ദൈവം കൈവെള്ളയിലാക്കി.

താനെന്തൊരു മണ്ടത്തരമാണ് കാണിച്ചതെന്ന് ദൈവം ഓര്‍ത്തുപോയി. താനാണിത് ചെയ്തതെന്ന് ആരും അറിയാതിരിക്കാന്‍ ഭൂഗോളം പിന്നെയും കറക്കി കൊണ്ടിരുന്നു. 

മാടായിക്കോണം ഗ്രാമം ദുഃഖത്തിലാണ്ടുപോയി. മുറ്റത്ത് കിടന്ന ഗോലികള്‍ ശവമടക്കിന് വന്നവരുടെ കാലുകള്‍ക്കടിയില്‍ പെട്ട് വിങ്ങിപ്പൊട്ടി. 

വേറെ വേറെ പെട്ടികളില്‍ ഫ്രാന്‍സിസ് സേവ്യറും, അനിയനും കറുത്ത കുടകള്‍ അകമ്പടിയായി പള്ളിയിലേക്ക് എടുക്കപ്പെട്ടു. 

വെളുത്ത ഉടുപ്പിട്ട പള്ളീലച്ചന്മാര്‍ ഒപ്പീസ് ചൊല്ലി പുറകെ നടന്നു. പാടത്തെ പുല്‍നാമ്പുകള്‍ പോലും കണ്ണീരണിഞ്ഞു നിന്നു.

ഇതെല്ലാം കണ്ട് ദൈവത്തിനും സഹിക്കാന്‍ വയ്യാതായി. ഒരു കയ്യബദ്ധത്തിന് ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല. മാടായിക്കോണം ഗ്രാമക്കാര്‍ക്ക് സന്തോഷിക്കാന്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ദൈവം തീരുമാനിച്ചു. 

മാടായിക്കോണത്തെ പുഞ്ചപ്പാടങ്ങളില്‍ സമൃദ്ധിയായി വിളകള്‍ നല്‍കി. തോടുകള്‍ നിറയെ ആമ്പലും താമരയും വിരിയിച്ചു. കനാലില്‍ മീനുകള്‍ പെറ്റുപെരുകി. പഞ്ചവര്‍ണ്ണ തത്തകളും ചിത്രശലഭങ്ങളും മാടായിക്കോണത്ത് പാറിപ്പറന്നു. 

ഫ്രാന്‍സീസിന്റെ അപ്പന്‍ സേവ്യറിന് ദുഃഖമകറ്റാന്‍ ഒരു കള്ളുഷാപ്പ് തന്നെ മാടായിക്കോണത്ത് ദൈവം തുറന്ന് കൊടുത്തു. സേവ്യര്‍ അന്തിക്കവിടെ പോയിരുന്ന് മോന്തുകയും മക്കളെക്കുറിച്ച് മനോഹരമായി പാടുകയും ചെയ്തു.

തൊണ്ണൂറ് കഴിഞ്ഞ അമ്മാമക്ക് പത്ത് കൊല്ലം കൂടെ ആയുസ്സ് നീട്ടി കൊടുക്കണമെന്ന് ദൈവം ആഗ്രഹിച്ചെങ്കിലും, താന്‍ കാരണമാണല്ലോ പേരക്കിടാങ്ങള്‍ മരിച്ച്  പോയതെന്നോര്‍ത്ത് അമ്മാമ്മ നേരത്തെ സമാധിയായി. 

ഇതുവരെ താന്‍ പിടിക്കപ്പെട്ടില്ലല്ലോ എന്നോര്‍ത്ത് ദൈവത്തിന് സമാധാനമായി. ഒരു പ്രായശ്ചിത്തമെന്നോണം ദൈവമിപ്പോഴും മാടായിക്കോണത്തെ അനുഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam