1 GBP = 94.20 INR                       

BREAKING NEWS

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കലാപമായി മാറുന്നതിനിടയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതിയുടെ ഒപ്പ് വീണു; രാത്രി തന്നെ ഗസറ്റ് വിജ്ഞാപനവും ഇറക്കിയതോടെ വിവാദ നിയമം രാജ്യത്ത് നിലവില്‍ വന്നു; സുപ്രീംകോടതിയില്‍ കാണാം എന്ന് പറഞ്ഞ് പ്രതിപക്ഷം; നിരോധനാജ്ഞ കൊണ്ടൊന്നും അടങ്ങാതെ അസം; മലപ്പുറത്ത് ഒരുങ്ങുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം; ത്രിപുരയില്‍ പ്രതിഷേധം പിന്‍വലിച്ച് സംഘടനകള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം നേടിയെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് വിട്ടുവീഴ്ചയ്ക്കില്ലെന്ന പ്രഖ്യാപനം. വ്യാഴാഴ്ച രാത്രി വൈകിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പുവച്ചത്. ഗസറ്റില്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ വ്യാഴാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പ്രക്ഷോഭത്തിലൂടെ ബില്‍ പിന്‍വലിക്കാമെന്നായിരുന്നു വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സംഘടനകളുടെ പ്രതീക്ഷ. ഇതാണ് തകരുന്നത്. ഇതോടെ കലാപങ്ങള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ വമ്പന്‍ ഇടപെടല്‍ നടത്തുമെന്നും ഉറപ്പായി. അതിവേഗം രാഷ്ട്രപതിയെ കൊണ്ട് ബില്ലിന് അനുമതി വാങ്ങിയെടുത്തതും പ്രക്ഷോഭകാരികളെ ചൊടിപ്പിച്ചിട്ടുണ്ട്.

പൗരത്വ ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്. കഴിഞ്ഞദിവസങ്ങളില്‍ ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസായിരുന്നു. രാഷ്ട്രപതി അംഗീകരിച്ചതോടെ 2014 ഡിസംബര്‍ 31-നുമുമ്പ് പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജൈന, ക്രിസ്ത്യന്‍ മതക്കാര്‍ക്ക് പുതിയ നിയമപ്രകാരം ഇന്ത്യന്‍പൗരത്വം ലഭിക്കും. അതിനിടെ, പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം ശക്തമായി. അസമിലെ ഗുവാഹട്ടിയില്‍ മൂന്നുപേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ പത്തുജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അസം,ത്രിപുര സംസ്ഥാനങ്ങളിലേക്കുള്ള തീവണ്ടി, വിമാന സര്‍വീസുകളും റദ്ദാക്കി. സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. മുസ്ലിം ലീഗ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ കേരളത്തിലും പ്രതിഷേധം ഉയരും. കേന്ദ്ര സര്‍ക്കാരിനെതിരെ മലപ്പുറത്ത് വലിയ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടു വരാനാണ് മുസ്ലിംലീഗിന്റെ തീരുമാനം.

അതിനിടെ പൗരത്വ നിയമ ഭേഗദതിക്കെതിരെ ത്രിപുരയില്‍ നടന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ചു. വിവിധ സംഘടനാ നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ചയിലാണ് തീരുമാനം. സംസ്ഥാനത്ത് വിവിധ സംഘടനങ്ങള്‍ സംയുക്തമായാണ് പ്രതിഷേധം നടത്തി വന്നത്.പൗരത്വ ബില്ലിനെക്കുറിച്ചുള്ള ത്രിപുരയിലെ ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇക്കാര്യത്തില്‍ വ്യക്ത വരുത്തുമെന്നും അമിത് ഷാ ഉറപ്പ് നല്‍കിയതായി നേതാക്കള്‍ പ്രതികരിച്ചു. ത്രിപുര രാജകുടുംബാംഗം പ്രദ്യോദ് ഗേബ് ബര്‍മനുമായും ത്രിപുര പീപ്പിള്‍സ് പ്രസിഡന്റ് അധ്യക്ഷന്‍ പതല്‍ കാന്യയുമായും അമിത് ഷാ പ്രത്യേകം കൂടിക്കാഴ്ചകള്‍ നടത്തി. പ്രതിഷേധം അവസാനിപ്പിക്കാനുള്ള നേതാക്കളുടെ തീരുമാനത്തിന് അമിത് ഷാ നന്ദി അറിയിച്ചു.

അസമില്‍ പ്രതിഷേധം ശക്തം
അസമില്‍ പ്രതിഷേധം ശക്തമായതോടെ അസമിലെ ഗുവാഹത്തി, ടിന്‍സുകിയ, ജോര്‍ഹട്ട്, ദിബ്രുഗഡ് എന്നിവിടങ്ങളില്‍ സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി. ഗുവാഹത്തിക്കും ദിബ്രുഗഡിനും പുറമേ ജോര്‍ഹട്ടിലും നിശാനിയമം ഏര്‍പ്പെടുത്തി. 24 മണിക്കൂര്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് ത്രിപുരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടന്നു. ജീവനക്കാര്‍ ഹാജരാകാത്തതിനാല്‍ പല ഓഫിസുകളും പ്രവര്‍ത്തിച്ചില്ല. വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല. റാലി നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. നൂറോളം ഹര്‍ത്താല്‍ അനുകൂലികളെ കസ്റ്റഡിയിലെടുത്തു. പരാദീഷ് ചൗമുഹാനിയില്‍ ബിജെപിക്കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചു.

ഇന്‍ഡിഗോ, വിസ്താര, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ് എന്നിവയുടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഗോഎയര്‍, എയര്‍ഏഷ്യ വിമാനങ്ങളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു. വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാരെ ഘട്ടം ഘട്ടമായി നീക്കുന്നുണ്ടെങ്കിലും റോഡ് മുഖേനെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ പൂര്‍ത്തിയാക്കാനായില്ല. ഗുവാഹത്തി നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും സൈനികരും പൊലീസുകാരുമുണ്ട്. അസമില്‍ വിദ്യാലയങ്ങള്‍ മുഴുവന്‍ അടച്ചു. ത്രിപുരയിലേക്കും കൂടുതല്‍ അര്‍ധനസൈനികരെ അയച്ചു. അസം ഗണപരിഷത്തിന്റെ ആസ്ഥാനത്തിനു നേരെയും ആക്രമണമുണ്ടായി. അകത്തുകടന്ന പ്രക്ഷോഭകര്‍ കെട്ടിടത്തിനു കേടു വരുത്തി. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കു തീവയ്ക്കുകയും ചെയ്തു. കാംരൂപ് ജില്ലയില്‍ കടകമ്പോളങ്ങളും ഓഫിസുകളും സ്‌കൂളുകളും അടഞ്ഞുകിടന്നു. വാഹനങ്ങളും ഓടിയില്ല.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അസം ജനതയെ വഞ്ചിച്ചുവെന്ന് ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (എഎഎസ്യു) കുറ്റപ്പെടുത്തി. എല്ലാ വര്‍ഷവും ഡിസംബര്‍ 12 കരിദിനമായി ആചരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഇതിനിടെ, ഗോത്രവര്‍ഗ വിഭാഗങ്ങളുടെ സംരക്ഷണത്തിനുള്ള ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ഉടന്‍തന്നെ സംസ്ഥാന വ്യാപകമായി നടപ്പാക്കണമെന്ന് മേഘാലയയിലെ നോര്‍ത്ത് ഈസ്റ്റ് ഇന്‍ഡിജനസ് പീപ്പിള്‍സ് ഫോറം ആവശ്യപ്പെട്ടു. അസമില്‍ നിന്നുള്ള ഗായകനായ പാപോണ്‍ ഡല്‍ഹിയില്‍ ഇന്ന് നടത്താനിരുന്നു സംഗീതപരിപാടിയില്‍ നിന്ന് പിന്മാറി. തന്റെ നാട് കത്തിക്കരിയുകയാണെന്നും ഇതിനിടെ പരിപാടി നടത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമ പോരാട്ടം കടുപ്പിക്കുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ (ഭേദഗതി) ബില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ വ്യക്തികളെ വേര്‍തിരിക്കുന്നതിനാല്‍ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തിനും 14,15, 21 വകുപ്പുകള്‍ക്കും വിരുദ്ധമാണെന്ന് സുപ്രീംകോടതിയില്‍ മുസ്ലിംലീഗ് നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മതനിരപേക്ഷ രാജ്യത്തിന്റെ നിയമങ്ങള്‍ മത നിക്ഷ്പക്ഷമായിരിക്കണം, അഫ്ഗാനിസ്ഥാന്‍ അവിഭക്ത ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. അയല്‍രാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും ഭൂട്ടാനും ഔദ്യോഗിക മതമുണ്ട്. അഹമ്മദീയരും ഷിയകളും ഹസാരകളും അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളാണ്. അവരെയും ശ്രീലങ്കയിലെയും ഭൂട്ടാനിലെയും നേപ്പാളിലെയും ന്യൂനപക്ഷങ്ങളെയും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മ്യാന്മറില്‍ പീഡിപ്പിക്കപ്പെടുന്ന രോഹിന്‍ഗ്യകളും ഒഴിവാക്കപ്പെട്ടു. വ്യക്തികളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതിനാല്‍ ഭേദഗതി പ്രഥമദൃഷ്്ട്യാ വര്‍ഗീയ സ്വഭാവമുള്ളതാണ്. തുല്യത സംബന്ധിച്ച 14ാം വകുപ്പ് ലംഘിക്കപ്പെടുന്നു. ഇന്ത്യയെന്ന ആശയത്തിനുതന്നെ വിരുദ്ധവുമാണ് നടപടിയെന്ന് ലീഗ് വിശദീകരിക്കുന്നു.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. 105-നെതിരെ 125-വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭ പാസാക്കിയത്. ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുന്നില്ലെന്നും ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ കടുത്ത മനുഷ്യാവകാശധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിനാലാണ് ബില്‍ കൊണ്ടു വന്നതെന്നും ഇസ്ലാമിക രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ അരക്ഷിതരായിരിക്കുമെന്ന വാദം വിശ്വസിക്കാനാവില്ലെന്നും രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര അഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 17ന് കേരളത്തില്‍ ഹര്‍ത്താല്‍
ദേശീയ പൗരത്വ ഭേദഗതി ബില്‍, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഡിസംബര്‍ 17ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ഡി.എച്ച്.ആര്‍.എം, ജമാഅത്ത് കൗണ്‍സില്‍ എന്നീ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

രാജ്യത്തെ വിഭജിക്കുന്ന സമീപനത്തിലേക്ക് കേന്ദ്രം പോകുമ്പോള്‍ അതിനൊരു ജനകീയ പ്രതിരോധം ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ത്താലെന്ന് സംഘടനകള്‍ അറിയിച്ചു.

സംയുക്ത സമിതിയുടെ പ്രസ്താവന വായിക്കാം...
പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വഴി
രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുക.
*ഡിസംബര്‍ 17ന് ഹര്‍ത്താല്‍ വിജയിപ്പിക്കുക - സംയുക്ത സമിതി*

ബിജെപി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും രാജ്യത്താകെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എന്‍.ആര്‍.സിയും രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്ലികള്‍ക്ക് നിഷേധിക്കുക എന്ന ആര്‍എസ്എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളത്.ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 5മ, 5യ, 5ര, 14, 15 എന്നിവ പിച്ചിച്ചീന്തപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ മരണമാണിത് . രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വച്ചാണ് എന്‍.ആര്‍.സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണം. ഇതിന് ദീര്‍ഘമായ പ്രക്ഷോഭം അനിവാര്യമാണ്. വിശാല ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കമെന്നോണം പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും എന്‍.ആര്‍.സി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസംബര്‍ 17 ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സംയുക്ത യോഗം തീരുമാനിച്ചു. ഫാഷിസ്റ്റ് സമഗ്രാധിപത്യത്തിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധത്തില്‍ പങ്കാളികളായി ഹര്‍ത്താല്‍ വന്‍ വിജയമാക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category