1 GBP = 93.60 INR                       

BREAKING NEWS

ക്നാനായക്കാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പിന് സാധ്യതയില്ല; പ്രധാന സ്ഥാനത്തേക്ക് തോമസ് ജോണ്‍ വാരിക്കാട്ട്, ജിജി വരിക്കാശ്ശേരി, മാത്യു പുളിക്കത്തൊട്ടിയില്‍ എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടേക്കും; സംഘടനാ രംഗത്ത് സജീവമാകാന്‍ പലരും മടിക്കുന്നു; നേതൃത്വ പ്രതിസന്ധി എല്ലായിടത്തേക്കും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഒരിക്കല്‍ കൂടി ക്നാനായക്കാര്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് കാലം. ഇത്തവണ പക്ഷെ വോട്ടെടുപ്പ് നടക്കാന്‍ സാധ്യതയില്ല, കാരണം മത്സരിക്കാന്‍ ആളില്ല. കേവലം ഒരു മാസം അകലെ നില്‍ക്കേ ഇതുവരെ എല്ലാ സ്ഥാനത്തേക്കും ഓരോരുത്തര്‍ വീതമാണ് പേരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മുഴുവന്‍ പേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയേറി. ഇപ്പോള്‍ രംഗത്തുള്ള എല്ലാവരും തന്നെ ഒരു പാനല്‍ രൂപത്തില്‍ രംഗത്ത് വന്നിരിക്കുന്നതിനാല്‍ ഇനി ഇവര്‍ക്കെതിരെ ഒരു മത്സരം സംഘടിപ്പിച്ചു ജയിച്ചു കയറുക എന്നത് ദുഷ്‌ക്കരമായതിനാല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാവുക വിദൂര സാധ്യത മാത്രമാണ്.

അതേസമയം ഇത്തവണ മത്സരിക്കാന്‍ ആളുകള്‍ കുറയുന്നത് യുകെ മലയാളികള്‍ക്കിടയിലെ സാമൂഹ്യ പ്രവര്‍ത്തനത്തോടുള്ള പ്രതിപത്തി കുറയുന്നതിന്റെ സൂചകമായും വ്യാഖ്യാനിക്കപ്പെടുന്നു. മലയാളി സംഘടനകളിലും ആധ്യാന്മിക രംഗത്തും ഒക്കെ പ്രവര്‍ത്തിച്ചിരുന്നവര്‍ സാവധാനം ഉള്‍വലിയുന്നതിന്റെ പ്രത്യക്ഷ ലക്ഷണമാണ് ക്നാനായക്കാരുടെ സംഘടനയ്ക്ക് മത്സരിക്കാന്‍ ആളില്ലാതെ പോകുന്നത് എന്ന് മുന്‍കാല ഭാരവാഹികളും സമ്മതിക്കുന്നു.

നിലവില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക സ്ഥാനാര്‍ത്ഥി ലിവര്‍പൂളിലെ പൊതുപ്രവര്‍ത്തകന്‍ തോമസ് ജോണ്‍ വരിക്കാട്ടാണ്. ഏതാനും മാസം മുന്‍പ് തന്നെ യുകെകെസിഎ അമരക്കാരന്റെ റോള്‍ അണിയാനുള്ള ആഗ്രഹം തോമസ് ജോണ്‍ വ്യക്തമാക്കിയിരുന്നതാണ്. ക്നാനായകര്‍ക്കിടയില്‍ മാത്രമല്ല, യുകെ മലയാളികളുടെ പൊതുമണ്ഡലത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തി കൂടിയാണ് തോമസ് ജോണ്‍. യുകെ മലയാളികളുടെ പ്രധാന സംഘടനകളില്‍ ഒന്നായ ലിവര്‍പൂള്‍ ലിംകയുടെ അമരത്തു പല വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചു സംഘടനാ തലത്തില്‍ പക്വതയും അര്‍പ്പണ ബോധവും തെളിയിച്ച ശേഷമാണ് തോമസ് ജോണ്‍ ക്നാനായക്കാര്‍ക്ക് വേണ്ടി നേതൃത്വം ഏറ്റെടുക്കാന്‍ എത്തുന്നത്.

ലിവര്‍പൂളിലെ പ്രധാന സ്‌കൂളുകളില്‍ ഒന്നായ ബ്രോഡ്ഗ്രീന്‍ സ്‌കൂളുമായി ലിംകയ്ക്കു ദീര്‍ഘകാല ബന്ധം ഉണ്ടാക്കുന്നതില്‍ പ്രധാന റോള്‍ വഹിക്കാനും തോമസ് ജോണ്‍ ശ്രമിച്ചിട്ടുണ്ട്. മികച്ച ഭാഷ നിപുണതയും ടീം മാനേജ്‌മെന്റും കൂടി കൈവശമുള്ള തോമസ് ജോണ്‍ രംഗത്തു വന്നതോടെയാണ് മത്സര മോഹമുള്ള ചിലരൊക്കെ പതിയെ ഉള്‍വലിഞ്ഞത് എന്നതും വസ്തുതയാണ്. വെറുതെ മത്സരിച്ചു തോല്‍ക്കാന്‍ നില്‍ക്കേണ്ടെന്ന സൂചന കിട്ടിയതോടെ മോഹം തത്ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കാന്‍ തയ്യാറായവര്‍ ഇനി അടുത്ത ഊഴമാകട്ടെ എന്ന നിലപാടിലാണ്.

സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്ന ജിജി വരിക്കാശേരിയും നിരവധി സംഘടനകളില്‍ കൂടിയാണ് ഒടുവില്‍ ക്നാനായക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ എത്തുന്നത് എന്നതും ശ്രദ്ധേയം. പലവട്ടം യുകെകെസിഎയ്ക്കു പ്രസിഡന്റിനേയും സെക്രട്ടറിയേയും സമ്മാനിച്ചിട്ടുള്ള ബര്‍മിങ്ഹാം യൂണിറ്റിന്റെ വികാരം കൂടിയാണ് ജിജി. കഴിഞ്ഞ വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച യൂണിറ്റിന്റെ സ്ഥാനാര്‍ത്ഥി തോറ്റു പോയതോടെ ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ സ്ഥാനാര്‍ഥി വേണമെന്നതായിരുന്നു യൂണിറ്റിലെ പൊതു വികാരം. എന്നാല്‍ തോമസ് ജോണ്‍ മുന്‍കൂട്ടി പ്രഖ്യാപനം നടത്തിയതിനാല്‍ മത്സരിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്ന വ്യക്തി പിന്മാറുക ആയിരുന്നു. ഇതേ തുടര്‍ന്നാണ് സെക്രട്ടറി സ്ഥാനത്തേക്ക് ജിജിയുടെ പേര് യൂണിറ്റില്‍ ഉയര്‍ന്നത്.

പൊതുസമൂഹത്തിനു തികച്ചും സ്വീകാര്യനും സൗമ്യനും ആയ ജിജി സൈമണ്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഉണ്ടായാല്‍ പോലും ജയിച്ചു കയറും എന്ന വിശ്വാസത്തോടെയാണ് ഇദ്ദേഹം രംഗത്തു വരുന്നത്. ഇതോടെ ജിജിക്ക് എതിരെ നില്‍ക്കാനും ആളില്ലാതായി. ഇയ്യിടെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുത്തു നിര്‍ധന നഴ്‌സിങ് വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ തയ്യാറായ ജിജി മുന്‍പ് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. നിരവധി ക്നാനായക്കാര്‍ യുകെയില്‍ എത്തിയിരിക്കുന്ന മോനിപ്പള്ളിയില്‍ നിന്നു തന്നെയാണ് ജിജിയും എന്നതിനാല്‍ മത്സരം ഉണ്ടായാലും വോട്ടു പിടിക്കാന്‍ വ്യക്തിബന്ധങ്ങള്‍ ഇദ്ദേഹത്തിന് സഹായവുമായിരുന്നു. മോനിപ്പള്ളി സംഗമം പ്രസിഡന്റ് ആയി സജീവമായി പ്രവര്‍ത്തിച്ചിട്ടുള്ള ജിജിയ്ക്ക് യുകെകെസിഎ സെക്രട്ടറി സ്ഥാനം വലിയ വെല്ലുവിളി ആയിരിക്കില്ലെന്നാണ് ക്നാനായക്കാരുടെ വിശ്വാസം.

കേമന്മാര്‍ തന്നെ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് വരുമ്പോള്‍ പ്രധാനമായ മറ്റൊരു പോസ്റ്റായ ട്രഷറര്‍ സ്ഥാനത്തു വരുന്നതും പൊതുരംഗത്തു വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള വ്യക്തിയാണ്. കെന്റിലെ മെഡ് വേ മലയാളി അസോസിയേഷന്റെ സ്വരം കൂടിയായ മാത്യു പുളിക്കത്തൊട്ടിയില്‍ മാത്രമാണ് ഇത്തവണ ട്രഷറര്‍ സ്ഥാനത്തേക്ക് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു വര്‍ഷമായി മെഡ് വേ മലയാളി അസോസിയേഷന്റെ സെക്രട്ടറിയാണ് മാത്യു. മാത്രമല്ല, യുകെസിഎയുടെ എസ്സേ റൈറിംഗ് മത്സരങ്ങളിലും ചെറുകഥ, കവിത എഴുത്ത് മത്സരങ്ങളിലും നിരവധി തവണ സമ്മാനാര്‍ഹനും ആയിട്ടുണ്ട്. 

യുകെകെസിഎ കണ്‍വെന്‍ഷനു വേണ്ടി സ്വാഗതഗാനവും എഴുതിയിട്ടുണ്ട്. കെന്റ് ക്‌നാനായ മിഷന്റെ ആദ്യത്തെ പ്രസിഡന്റും റീജിയണല്‍ കോര്‍ഡിനേറ്ററും ആയിരുന്നു മാത്യു. പൊതുമണ്ഡലത്തില്‍ ക്നാനായക്കാര്‍ക്കൊപ്പം മറ്റു മലയാളികളുമായും മാത്യുവിന് ഉള്ള വ്യക്തിബന്ധങ്ങള്‍ മത്സരം ഉണ്ടായാലും ഇദ്ദേഹത്തിന് സഹായകമാകുമായിരുന്നു എന്നതാണ് യാഥാര്‍ഥ്യം.

മത സംഘടനയ്ക്ക് വേണ്ടി മാത്രം സമയം മാറ്റിവയ്ക്കുന്നവര്‍ എന്ന പേരു ദോഷം ഇത്തവണ രംഗത്തുള്ള ആര്‍ക്കും നേരിടേണ്ടി വരില്ല എന്നതാണ് മൂവരുടെയും പ്രധാന നേട്ടവും. മൂവരും ഓരോ വിധത്തില്‍ സര്‍വ്വ സ്വീകാര്യര്‍ ആണെന്നതിലൂടെ യുകെകെസിഎയുടെ രണ്ടാം പതിറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ സമുദായത്തിന് അഭിമാനിക്കാനും ഓര്‍ത്തു വയ്ക്കാനും കഴിയുന്ന നാളുകള്‍ സമ്മാനിക്കാന്‍ മൂവര്‍ക്കും കഴിഞ്ഞേക്കും എന്ന പ്രതീക്ഷകളും സജീവമാണ്. ഇവര്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞേക്കില്ല എന്ന ചിന്തയാകും ദുര്‍ബലരെ മത്സര ചിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞതും എന്ന് അനുമാനിക്കപ്പെടുന്നു.

അതേ സമയം യുകെകെസിഎയുടെ പ്രവര്‍ത്തന മേഖല വിപുലപ്പെട്ടതും ഇത്തവണ കൂടുതല്‍ ആളുകള്‍ മത്സര രംഗത്ത് എത്തുന്നത് തടയാന്‍ കാരണമായിട്ടുണ്ടാകാം എന്നാണ് നിലവിലെ പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാവുങ്കലിന്റെ അഭിപ്രായം. മുന്‍പ് കണ്‍വന്‍ഷന്‍ മാത്രം നടത്തി സംഘടനാ പ്രവര്‍ത്തനം നയിച്ചിരുന്ന സാഹചര്യത്തിന് പകരം ഇപ്പോള്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന കലാമേളയും കായികമേളയും കൂടാതെ ബാഡ്മിന്റണ്‍ മത്സരം അടക്കമുള്ള വേദികളും സെമിനാറുകളും ഒക്കെ സംഘടിപ്പിക്കേണ്ട ബാധ്യതയുണ്ട്.

ഇതിനൊപ്പം വനിതാ വിഭാഗത്തിന്റെയും ചെറുപ്പക്കാരുടെ സംഘടനയായ യുകെകെസിഎല്ലിന്റെയും പ്രവര്‍ത്തനത്തിനും സഹകരിക്കണം. ചുരുക്കത്തില്‍ രണ്ടു വര്‍ഷം ജോലിയ്ക്കു പോകുന്ന കാര്യം പോലും എളുപ്പമല്ല. സ്വന്തം പണവും സമയവും ഓരോ ഭാരവാഹിയും മാറ്റിവയ്‌ക്കേണ്ടി വരും. ഇതിനൊക്കെ തയ്യാറാകാന്‍ മനസുള്ളവരുടെ എണ്ണം കുറയുന്നു എന്നതാണ് സത്യം. എല്ലാവരുടെയും പ്രായം കൂടുന്നതും ഉത്തരവാദിത്തങ്ങള്‍ പെരുകിയതും ഒക്കെ കാരണമായേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഇതിലുപരി വേറെയും കാര്യങ്ങള്‍ ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട മിഷന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സജീവമായ ശേഷം ആദ്യമായി എത്തുന്ന തെരഞ്ഞെടുപ്പാണ് യുകെകെസിഎയുടേത്. മിഷന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മിഷനാണോ സംഘടനയ്ക്കാണോ പ്രാധാന്യം എന്ന ചോദ്യം ഉയര്‍ന്നിരുന്നു. രണ്ടും രണ്ടു വഴിക്കു നിലനില്‍ക്കും എന്നാണ് മിഷന്‍ പ്രഖ്യാപനത്തില്‍ യുകെയില്‍ എത്തിയ മാര്‍ ജോസഫ് പണ്ടാരശ്ലേരില്‍ ക്നാനായക്കാരോട് വ്യക്തമാക്കിയത്.

എന്നാല്‍ മിഷനിലേക്കും യൂണിറ്റിലേക്കും ഭാരവാഹികള്‍ വിഭജിക്കപ്പെട്ടതോടെ യൂണിറ്റിന് പലയിടത്തും ആവേശം കുറഞ്ഞതായി വിവിധ യൂണിറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മിഷനില്‍ സ്ഥിരം കുര്‍ബാനയും പെരുന്നാളും ഒക്കെ എത്തിയതോടെ യൂണിറ്റിന്റെ കാര്യത്തില്‍ ചെറിയ ഇടര്‍ച്ച ഉണ്ടെന്ന സത്യം ഏവരും അംഗീകരിക്കുന്നു. ഇതിനൊക്കെ പോകാന്‍ എവിടെ സമയം എന്ന് സരസമായ ഭാഷയില്‍ വലിയ ക്നാനായ വികാരം ഒന്നും ഇല്ലാത്ത സാധാരണക്കാര്‍ ചോദിക്കുമ്പോള്‍ സംഘടനയുടെയും മിഷന്റെയും ഒക്കെ ഭാവി എന്തെന്നതിലേക്കുള്ള ഉത്തരവും ലഭിക്കുന്നുണ്ട്.

ഇരുപതു വര്‍ഷം മുന്‍പ് യുകെയിലേക്കു ജീവിതം പറിച്ചു നട്ട പലരുടെയും മക്കള്‍ വലുതായി തുടങ്ങിയിരിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പലരുടെയും മക്കള്‍ പുതു ജീവിതം തുടങ്ങാന്‍ തയ്യാറെടുക്കുന്നു. ജീവിതം കൂടുതല്‍ വരിഞ്ഞു കെട്ടിയതു പോലെ ഏവര്‍ക്കും തോന്നി തുടങ്ങിയിരിക്കുന്നു. ഇതിന്റെയൊക്കെ അനന്തര ഫലം ആദ്യം ഏറ്റവും സജീവമായ യുകെകെസിഎയില്‍ എത്തി എന്ന് കരുതിയാല്‍ മതി. ഒട്ടും വൈകാതെ മലയാളി സംഘനകളിലേക്കും എത്തിക്കൊള്ളും. ഇതിന്റെയെല്ലാം ചുക്കാന്‍ ഏറ്റെടുക്കാന്‍ രണ്ടാം തലമുറ എത്തുമോ എന്നാരെങ്കിലും ആശങ്കയോടെ ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഒന്നേയുള്ളൂ, കണ്ടറിയാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category