1 GBP = 97.70 INR                       

BREAKING NEWS

പൗരത്വ നിയമത്തിനെതിരെ കേരള മുസ്ലിംങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം; പൗരന്മാരെ രണ്ടായി വിഭജിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് സമസ്ത; കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍; രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാനുള്ള മോദി സര്‍ക്കാറിന്റെ കുടില തന്ത്രമെന്ന് ഹൈദരലി തങ്ങള്‍; ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാന്‍ ഒരു കാലത്തും അനുവദിക്കുകയുമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങളും

Britishmalayali
kz´wteJI³

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരള മുസ്ലിംങ്ങളെ നേരിട്ടു ബാധിക്കില്ലെങ്കിലും കേരളത്തിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സമരങ്ങള്‍ നടക്കുകയാണ്. ഈ വിഷയത്തില്‍ വിവിധ സംഘടനകള്‍ കൈകോര്‍ത്തു കൊണ്ട് ഹര്‍ത്താല്‍ നടത്തുമ്പോള്‍ തന്നെ സമസ്ത അടക്കമുള്ള സംഘടനകളും പ്രക്ഷോഭ പാതയിലാണ്. ഇന്നലെ സമസ്ത കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചുവിടാന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന കുടില തന്ത്രമാണു പൗരത്വഭേദഗതി നിയമമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ ഭേദഗതിയിലൂടെ പൗരന്മാരെ രണ്ടായി വിഭജിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ഐക്യവും സഹവര്‍ത്തിത്വവും തകര്‍ക്കുന്നതുമാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യനീതിയും തുല്യാവകാശവും ഉറപ്പാക്കുന്ന ഭരണഘടനയുടെ 14 ാം അനുച്ഛേദം ഇത്തരം വിഭാഗീയ നടപടികള്‍ അംഗീകരിക്കുന്നില്ല. അതുകൊണ്ടു മോദി സര്‍ക്കാരിന്റെ ഈ നീക്കം നിയമപ്രകാരം നിലനില്‍ക്കില്ലെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഒരു സമുദായത്തിനു മാത്രം പൗരത്വം നിഷേധിച്ച അനുഭവം ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ല. അഭയാര്‍ഥികളായി എത്തിയവരില്‍ മുസ്ലിംകളെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്കു പൗരത്വം നല്‍കാനുള്ള തീരുമാനം വിവേചനമാണ്. മതധ്രുവീകരണമാണു ബിജെപിയുടെ അജന്‍ഡ. മതരാഷ്ട്രമാണ് അവരുടെ ലക്ഷ്യം. ഇത് ഇന്ത്യയുടെ പാരമ്പര്യത്തിന് എതിരാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷത്തെ ഭീതിയില്‍ നിര്‍ത്താനാണു ശ്രമിക്കുന്നത്. പൗരത്വപ്പട്ടിക ദേശവ്യാപകമാക്കുമ്പോള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളെയും ബാധിക്കും.. ഭരണവീഴ്ച മറച്ചുവയ്ക്കാന്‍ നടത്തുന്ന വിഭജന തന്ത്രങ്ങളെ മതനിരപേക്ഷ വിശ്വാസികള്‍ ചെറുത്തു തോല്‍പിക്കുമെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

ഇന്ത്യ ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ലെന്ന് ജിഫ്രിക്കോയ തങ്ങള്‍
മതത്തിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം പൗരത്വം നിഷേധിക്കുന്നതു ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ മതേതരപാരമ്പര്യത്തെ നിരാകരിക്കുന്നതുമാണെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കുന്നതും രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതുമായ നിയമം ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ഒരു ഇന്ത്യക്കാരനും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജന്മഗൃഹത്തില്‍നിന്നും ജന്മദേശത്തുനിന്നും ആട്ടിയോടിക്കാനുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കുടിലശ്രമങ്ങള്‍ ജനാധിപത്യമാര്‍ഗത്തില്‍ ഉറച്ചുനിന്നു ചെറുത്തുതോല്‍പ്പിക്കാന്‍ ജനാധിപത്യസമൂഹം പ്രതിജ്ഞാബദ്ധമാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ മഹാരാജ്യം ഏതെങ്കിലും മതവിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ല, അങ്ങനെയാവാന്‍ ഒരു കാലത്തും അനുവദിക്കുകയുമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മുസ്ലിംകളല്ലാത്തവര്‍ക്ക് പൗരത്വം കൊടുക്കേണ്ടെന്നല്ല ഞങ്ങള്‍ പറയുന്നത്. എല്ലാവര്‍ക്കും കൊടുക്കണം. അവരിങ്ങോട്ട് വന്നത് ഈ രാജ്യത്തെ സ്‌നേഹിച്ചുകൊണ്ടാണെന്നും തങ്ങള്‍ പറഞ്ഞു.

ഇപ്പോള്‍ മുസ്ലിംകള്‍, പിന്നെ മറ്റു വിഭാഗത്തിനു മേലായിരിക്കും അവര്‍ കത്തിവയ്ക്കുക. പിന്നീട് രാഷ്ട്രീയപാര്‍ട്ടിയിലേക്കും അവരുടെ കൈകള്‍ നീളും. പ്രതിഷേധിക്കാന്‍ മുസ്ലിംകള്‍ മാത്രമായി മാറുമെന്നും മറ്റുള്ളവര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നുമാണ് അവര്‍ കരുതിയത്. എന്നാല്‍ അവര്‍ക്ക് തെറ്റിയെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മൗലികാവകാശങ്ങളുടെ ഹൃദയവും ആത്മാവുമെന്നു വിശേഷിപ്പിക്കുന്ന ഭരണഘടനയിലെ 14-ാം അനുച്ഛേദമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ മുസ്ലിംകള്‍ക്കു മാത്രം റദ്ദു ചെയ്യുന്നതു ഭരണഘടനയുടെ അന്തഃസത്തയെ തകര്‍ക്കുന്ന നടപടിയാണ്. ഡോ. അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ശില്‍പ്പികള്‍ വിഭാവനം ചെയ്ത് രാജ്യം അംഗീകരിച്ച ഭരണഘടനയുടെ തകര്‍ച്ച മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സമ്പൂര്‍ണമായ പതനത്തിലേക്കാണ് അതുകൊണ്ടു ചെന്നെത്തിക്കുക.
അതുകൊണ്ടു രാജ്യത്തെ മുഴുവന്‍ ജനാധിപത്യ, മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചുനിന്ന് ഈ കരിനിയമത്തിനെതിരേ പോരാടാന്‍ തയ്യാറാകണം. ഫാസിസ്റ്റ് വിരുദ്ധതയില്‍ ഉറച്ചുനില്‍ക്കുന്നവരെല്ലാം ഈ വിഷയത്തില്‍ ഒന്നിച്ചുനിന്നു കൂട്ടായ പോരാട്ടം നടത്തണം. കഴിഞ്ഞകാലത്തെ രാഷ്ട്രീയവൈരവും നീരസങ്ങളുമെല്ലാം മറന്നു മതേതരകക്ഷികള്‍ മുസ്ലിം സമുദായത്തെ ഈ ദുഃസ്ഥിതിയില്‍നിന്നു രക്ഷപ്പെടുത്തണം. ഈ പോരാട്ടത്തില്‍ ഇതര മതവിശ്വാസികളും മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണം. ഈ കരിനിയമത്തിനെതിരേ ഭരണപക്ഷ പ്രതിപക്ഷഭേദമില്ലാതെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചു തീരുമാനിച്ചത് ശുഭസൂചനയാണ്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ഇക്കാര്യത്തില്‍ സമസ്ത അഭിനന്ദിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതാക്കളും ഈ നിലപാടു സ്വീകരിക്കണം. അങ്ങനെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കണം.

ബാബരി വിഷയത്തിലും രാജ്യത്തെ മുസ്ലിംകള്‍ക്കു നീതി ലഭിച്ചിട്ടില്ല. മതപരമായ വിവേചനം രാജ്യത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടനയെത്തന്നെ അപ്രസക്തമാക്കുന്ന, ജനാധിപത്യത്തെ തകര്‍ക്കുന്ന ഏതു നിയമത്തെയും ചെറുത്തുതോല്‍പ്പിക്കാന്‍ പൊതുസമൂഹം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സി.കെ.എം സ്വാദിഖ് മുസല്യാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.പി അബ്ദുസലാം മുസല്യാര്‍, മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ.ശങ്കരനാരായണന്‍, എംപിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എളമരം കരീം, പി.വി.അബ്ദുല്‍ വഹാബ്, ഇ.കെ.വിജയന്‍ എംഎല്‍എ, യു.എം.അബ്ദുറഹ്മാന്‍ മുസല്യാര്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എ.പി.അബ്ദുല്‍ വഹാബ്, ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി, , അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം ടി. അബ്ദുല്ല മുസല്യാര്‍, ഉമര്‍ ഫൈസി മുക്കം,പി.പി.ഉമ്മര്‍ മുസല്യാര്‍ കൊയ്യോട് എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മുസല്യാര്‍ എന്നിവര്‍ പ്രാര്‍ത്ഥന നടത്തി. പ്രവര്‍ത്തകര്‍ പൗരത്വ സംരക്ഷണ പ്രതിജ്ഞയെടുത്തു.

മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഐഎസ്എം റാലി
രണ്ടു ദിനോസറുകള്‍ മാത്രം വാഴുന്ന ജുറാസിക് റിപ്പബ്ലിക്കല്ല മതനിരപേക്ഷ ഇന്ത്യയെന്നും തലമുറകള്‍ ജീവനും രക്തവും നല്‍കി പോരാടി നേടിയെടുത്ത സ്വാതന്ത്ര്യവും മതനിരപേക്ഷ - ജനാധിപത്യ മൂല്യങ്ങളും എന്തു വില കൊടുത്തും സംരക്ഷിക്കുമെന്നും പ്രഖ്യാപിച്ച് ഐഎസ്എം സംസ്ഥാന സമിതി അവകാശ സമര റാലി സംഘടിപ്പിച്ചു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ റാലിയില്‍ രോഷം അലയടിച്ചു.
പൗരത്വ നിയമ ഭേദഗതിയിലൂടെ ഭരണകൂടം കാണിച്ചത് കടുത്ത വിവേചനമാണെന്ന ഐക്യരാഷ്ട്രസംഘടനയുടെ നിരീക്ഷണത്തെ കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും രാജ്യത്തിന്റെ മുഖം വികൃതമാക്കിയ മോദിയും അമിത് ഷായും മാപ്പു പറയണമെന്നും റാലി ആവശ്യപ്പെട്ടു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന വിഭജന രാഷ്ട്രീയത്തെ ചെറുക്കാന്‍ ഭിന്നതകള്‍ മറന്ന് പൗരന്മാര്‍ ഒന്നിക്കണമെന്ന് പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യവെ കെഎന്‍എം (മര്‍കസുദ്ദഅവ) ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി പറഞ്ഞു.

കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകളടക്കം ആയിരങ്ങളാണ് റാലിയില്‍ അണിനിരന്നത്. സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ.ഫുക്കാര്‍ അലി അധ്യക്ഷത വഹിച്ചു. ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കെ.ടി.അന്‍വര്‍ സാദത്ത്, ഡോ. ജാബിര്‍ അമാനി, എം ടി.മനാഫ്, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, എന്‍.എം.അബ്ദുല്‍ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category