1 GBP = 94.80 INR                       

BREAKING NEWS

വീട്ടുകാരുമായി അകന്നു നിന്ന ബാലു രണ്ടു മാസം മുന്‍പ് വീട്ടുകാരുമായി അടുത്തു; വീടും ബന്ധുക്കളുമാണ് സുരക്ഷിതം എന്ന ചിന്ത ബാലുവില്‍ വേരൂന്നിയിരുന്നു; ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ബാലു ഏതോ ഷോക്കിങ് ന്യൂസ് കേട്ടതിന്റെ ആഘാതത്തിലാണ് മരണത്തിനു കീഴടങ്ങുന്നത്; സിബിഐയുടെ വരവോടെ എല്ലാം തെളിയുമെന്ന് പ്രിയാ വേണുഗോപാല്‍; വയലിനിസ്റ്റിന്റിന്റേത് അപകട മരണമല്ലെന്ന് വിശ്വസിച്ച് ഇപ്പോഴും കുടുംബാഗങ്ങള്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്തും സംഗീതജ്ഞന്‍ ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധമുണ്ടോ? ബാലഭാസ്‌ക്കറിന്റെ മരണത്തിലെ ഈ അദൃശ്യബന്ധം സിബിഐ മറനീക്കുമെന്ന പ്രതീക്ഷയിലാണ് ബാലുവിന്റെ കുടുംബം. അതുകൊണ്ട് തന്നെയാണ് സിബിഐ അന്വേഷണമെന്ന ആവശ്യം ഇവര്‍ ഉയര്‍ത്തിയതും സിബിഐയുടെ വരവ് സ്വാഗതം ചെയ്യുന്നതും. ഒട്ടുവളരെ ചോദ്യങ്ങള്‍ക്ക് ചുരുള്‍ അഴിയാനുണ്ട് എന്നാണ് ബാലഭാസ്‌ക്കറിന്റെ മാതൃസഹോദരി പുത്രി പ്രിയ വേണുഗോപാല്‍ പറയുന്നത്. അത് ഒരു അപകടമരണമാകാന്‍ ഒരു സാധ്യതയും ഞങ്ങള്‍ കാണുന്നില്ല. അതേസമയം കൊലപാതകമാകാന്‍ സാധ്യതകള്‍ ഏറുന്നുമുണ്ട്-പ്രിയ വേണുഗോപാല്‍ മറുനാടനോട് പറഞ്ഞു.

ആ അപകടം സംശയാസ്പദമാണ്. അപകടത്തിലെ ഓരോ ഘട്ടങ്ങളിലും മുഴച്ചു നില്‍ക്കുന്നത് ദുരൂഹതകളാണ്. അപകടസമയത്ത് കാര്‍ ഓടിച്ചത് ആരെന്ന കാര്യം മുതല്‍ ബാലഭാസ്‌ക്കറിന്റെ മരണം വരെ ദുരൂഹമാണ്. എന്തുകൊണ്ട് ഇത്തരം ദുരൂഹതകള്‍ വന്നു എന്ന കാര്യമാണ് ഞങ്ങള്‍ അന്വേഷിക്കുന്നത്. ബാലഭാസ്‌ക്കര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുകയായിരുന്നു. ഇതിന്നിടയിലാണ് ബാലുവിന്റെ മരണവും വരുന്നത്. എന്തോ ഷോക്കിങ് ആയ കാര്യം ബാലു ആശുപത്രിയില്‍ വെച്ച് കേട്ടിട്ടുണ്ട്. ആ വാര്‍ത്തയാണ് ബാലുവിനെ മരണത്തിലേക്ക് തള്ളിവിട്ടത്. എന്താണ് ആ കാര്യം എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പെട്ടെന്നുള്ള ആ മരണത്തിലും അതിനു കാരണമായ വാഹനാപകടത്തിലൊക്കെ ഒട്ടനവധി ദുരൂഹതകള്‍ പതിയിരിക്കുന്നുണ്ട്.

മരണത്തിനു രണ്ടു മാസം മുന്‍പ് എന്തോ സംഭവിച്ചിട്ടുണ്ട്. വീട്ടുകാരുമായി അകന്നു നിന്നിരുന്ന ബാലു രണ്ടു മാസം മുന്‍പ് വീട്ടുകാരുമായി അടുത്തു. ഇതേ സമയം തന്നെയാണ് ബാലുവിന്റെ മരണവും നടക്കുന്നത്. സ്വര്‍ണം കടത്തുമായി എന്തോ കാര്യങ്ങള്‍ ബാലു അറിഞ്ഞിട്ടുണ്ടാകണം എന്നാണ് ഞങ്ങള്‍ കരുതുന്നത്. ബാലു അസ്വസ്ഥനായിരുന്നു. വീടും ബന്ധുക്കളുമാണ് സുരക്ഷിതം എന്ന എന്തോ ചിന്ത ബാലുവില്‍ വേരൂന്നിയിരുന്നു എന്നാണ് ഞങ്ങള്‍ കരുതുന്നത്. ബാലു വീട്ടുകാരുമായി അടുക്കരുത് എന്നുള്ള ആഗ്രഹം ആര്‍ക്കോക്കെയോ ഉണ്ടായിരുന്നു. സ്വര്‍ണം കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ അത് ബാലു ആരുമായും പങ്കു വയ്ക്കരുത് എന്ന് ആരൊക്കെയോ ആഗ്രഹിച്ചിരുന്നു. ഇതിനിടയില്‍ വന്നതായിക്കൂടെ ബാലുവിന്റെ മരണം? ഈ സംശയമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. കാര്‍ അപകടം നടക്കുന്ന സമയം സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട ചിലര്‍ അപകടസ്ഥലത്ത് ഉണ്ടായിരുന്നതായി സ്വര്‍ണം കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ സ്ഥിരീകരിച്ചിട്ടുണ്ട്. കലാഭവന്‍ സോബിന്‍ നല്‍കുന്ന മൊഴിയും ഇത് തന്നെയാണ്. കാര്‍ അപകടം നടക്കുന്ന സമയം ചിലര്‍ അട്ടഹസിച്ചു എന്നാണ് സോബിന്‍ പറയുന്നത്. വാഹനാപകടം നടക്കുമ്പോള്‍ അത് വഴി പോകുന്നവര്‍ വാഹനം നിര്‍ത്തും. രക്ഷാപ്രവര്‍ത്തനം നടത്തും. ഇവിടെ നടന്നത് നേരെ തിരിച്ചാണ്. വാഹനം നിര്‍ത്തരുത് എടുത്തിട്ടു പോകാനാണ് ആവശ്യപ്പെട്ടത്. ദുരൂഹമായ ചില കാര്യങ്ങളും അവിടെ കണ്ടു. സ്റ്റാര്‍ട്ട് ആക്കിയ ബൈക്ക് ഒരാള്‍ ഉന്തിത്തള്ളി പോകുന്നത് കണ്ടു.

ബാലുവും കുഞ്ഞും മരിക്കാനിടയായ വാഹനാപകടം തന്നെ സംശയാസ്പദമാണ്. ബാലു വീടുമായി അടുക്കരുത് എന്ന് ആരൊക്കെയോ കരുതി. സ്വര്‍ണ്ണക്കടത്ത് ബാലു അറിഞ്ഞിരുന്നെങ്കില്‍ അത് ആരുമായും പങ്കു വയ്ക്കരുത് എന്നൊക്കെ ആരൊക്കെയോ കരുതി. ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്ന ബാലു ഏതോ ഷോക്കിങ് ന്യൂസ് കേട്ടതിന്റെ ആഘാതത്തിലാണ് മരണത്തിനു കീഴടങ്ങുന്നത്. വാഹനാപകടം, സ്വര്‍ണ്ണക്കടത്ത്, ആശുപത്രിയില്‍ പൊടുന്നനെ സംഭവിക്കുന്ന ബാലുവിന്റെ മരണം, മരണത്തിനു ആഴ്ചകള്‍ക്ക് മുന്‍പ് ബാലുവിന്റെ പേരില്‍ വിഷ്ണു സോമസുന്ദരം എടുത്ത ഇന്‍ഷൂറന്‍സ് പോളിസി. ഒരു കോടിക്കടുത്ത തുകയാണ് പാസായി ഇരിക്കുന്നത്. സ്വര്‍ണം കടത്ത് കേസുമായി ബന്ധപ്പെട്ടു ഡിആര്‍ഐ തിരയുന്ന വിഷ്ണു സോമസുന്ദരം ഇപ്പോള്‍ ഒളിവിലാണ്. ബാലുവിന്റെ ട്രൂപ്പിലുള്ള പ്രകാശ് തമ്പി സ്വര്‍ണം കടത്ത് കേസില്‍ ജയിലിലാണ്. വിഷ്ണുവിനെ ഡിആര്‍ഐ തിരയുന്നു. ട്രൂപ്പിലെ സഹായിയും കഴക്കൂട്ടം സ്വദേശിയുമായ ജമീല്‍ ജബ്ബാറിനെയും
ഡിആര്‍ഐ തിരയുന്നു. അതുകൊണ്ട് തന്നെ സ്വര്‍ണം കടത്തും ബാലുവിന്റെ അപകടമരണവുമായി ബന്ധമുണ്ട്. ഞങ്ങള്‍ ഉന്നയിക്കുന്ന എല്ലാ കാര്യത്തിലും അന്വേഷണം വരണം. ഇത് സിബിഐയുടെ വരവോടെ തെളിയും എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്-പ്രിയ വേണുഗോപാല്‍ പറയുന്നു.

അതേസമയം തുടക്കം മുതല്‍ സിബിഐ അന്വേഷണത്തില്‍ കല്ലുകടിയും ദൃശ്യമായിട്ടുണ്ട്. സ്വര്‍ണം കടത്തിന് ഒത്താശ ചെയ്ത സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി കസ്റ്റംസ് മുന്‍സൂപ്രണ്ട് ബി. രാധാകൃഷ്ണനെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ച സമയത്ത് അതിന്നിട നല്‍കാതെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്ത രാധാകൃഷ്ണനെ പൊലീസ് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ബാലഭാസ്‌ക്കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യം ചെയ്യാന്‍ വിളിച്ച സമയത്ത് തന്നെയാണ് സിബിഐയുടെ കയ്യില്‍ എത്തിപ്പെടും മുന്‍പ് കേരളാ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ധൃതി പിടിച്ചുള്ള നീക്കം എന്തിനു വേണ്ടിയാണ് എന്നാണ് ചോദ്യം ഉയര്‍ന്നത്. സിബിഐയുടെ കസ്റ്റഡിയില്‍ രാധാകൃഷ്ണന്‍ എത്തരുത് എന്ന നിര്‍ബന്ധബുദ്ധിയോടെയാണ് ഇന്നലെ കേരളാ പൊലീസ് നീങ്ങിയത്. ഇതോടെ കോഫെപോസ പ്രകാരം തടങ്കലിലായ പ്രതിയെ സിബിഐയ്ക്ക് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വെച്ച് ചോദ്യം ചെയ്യേണ്ടി വരും.

സിബിഐയുടെ കസ്റ്റഡിയില്‍ അകപ്പെടാതിരിക്കാന്‍ വേണ്ടിയുള്ള കുറുക്കു വഴിയായി മാറിയിരിക്കുകയാണ് രാധാകൃഷ്ണന്റെ അറസ്റ്റ്. രാധാകൃഷ്ണന്‍ തിരുവനന്തപുരത്തെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നതായി സിബിഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നിട്ടും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. പക്ഷെ ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സിബിഐ ചോദ്യം ചെയ്യും മുന്‍പ് തന്നെ പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊച്ചിയില്‍ പോയാണ് അറസ്റ്റ് എന്നതും നിര്‍ണ്ണായകമാണ്. ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ടു ഒട്ടുവളരെ ദുരൂഹതകള്‍ നിലനില്‍ക്കുമ്പോള്‍ അതിലും ദുരൂഹമായി മാറുകയാണ് കേരളാ പൊലീസിന്റെ നീക്കങ്ങള്‍. തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ അറസ്റ്റിലായ സെറീന, സുനില്‍ എന്നിവരുടെ മൊഴികളാണു ഈ കേസില്‍ രാധാകൃഷ്ണന്റെ പങ്കു പുറത്തു കൊണ്ടുവന്നത്. സ്വര്‍ണക്കടത്തില്‍ തലസ്ഥാനത്തെ പല ഉന്നതര്‍ക്കും പങ്കുള്ളതായി രാധാകൃഷ്ണന്‍ ഡിആര്‍ഐക്കു മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തല്‍ രാധാകൃഷ്ണനില്‍ ഉണ്ടാകരുതെന്ന നിര്‍ബന്ധം ആര്‍ക്കൊക്കെയോ ചിലര്‍ക്ക് ഉണ്ടെന്ന തോന്നലാണ് ധൃതി പിടിച്ചുള്ള അറസ്റ്റ് സൂചന നല്‍കുന്നത്.

സ്വര്‍ണം കടത്ത് കേസില്‍ ഡിആര്‍ഐ തിരയുന്ന വിഷ്ണു സോമസുന്ദരവുമായി അടുത്ത ബന്ധമാണ് രാധാകൃഷ്ണനുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തു നടത്തിയ കേസിലെ മുഖ്യ ആസൂത്രകനാണ് വിഷ്ണു. വിഷ്ണുവാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകനെന്ന് ഡി ആര്‍ ഐ കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജരുമായിരുന്നു വിഷ്ണു ഇപ്പോള്‍ ഒളിവിലാണ്. ഇതേ സ്വര്‍ണം കടത്ത് കേസില്‍ പ്രതിയായിരുന്ന ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാറും ഒളിവിലാണ്. ഡിആര്‍ഐ പ്രതിചേര്‍ത്തതോടെയാണ് ജമീല്‍ മുങ്ങിയത്. ബാലുവിന്റെ വിദേശ പരിപാടികള്‍ ഇവര്‍ സ്വര്‍ണം കടത്തിനു ഉപാധിയാക്കി മാറ്റി എന്ന സംശയമാണ് ഉയരുന്നത്. ബാലു മരിക്കും മുന്‍പ് തന്നെ രാധാകൃഷ്ണന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് വിഷ്ണുവിന്റെ കമ്പനിയില്‍ നിന്നും പണം വന്നതായി സൂചനയുണ്ട്. ഈ വിവരം സൂചന നല്‍കുന്നത് വിദേശ യാത്രകള്‍ ഇവര്‍ സ്വര്‍ണം കടത്തിന്റെ ഉപാധിയാക്കി മാറ്റി എന്ന് തന്നെയാണ്. ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാര്‍ കൂടി സ്വര്‍ണം കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതല്‍ ദുരൂഹമാകുകയാണ്. ഈ ദുരൂഹതകള്‍ അപ്പാടെ മാറ്റാനാണ് അന്വേഷണത്തിനു സിബിഐ എത്തുന്നത്.

ദുബായില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന സംഘത്തിലെ അംഗമാണ് ജമീലെന്നും പലതവണ സ്വര്‍ണം കടത്തിയെന്നുമാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. അതേസമയം ബാലുവിന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന ഈ വേളയില്‍ പോലും അപകട സമയത്ത് ആരാണ് കാര്‍ ഓടിച്ചത് എന്ന് സ്ഥിരീകരിക്കാന്‍ പോലും അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘത്തിനു സാധിച്ചിട്ടില്ല. അപകട സമയത്ത് വണ്ടി ഓടിച്ചത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണെന്ന് ബോധ്യമായിട്ടുണ്ടെങ്കിലും ആ കാര്യവും അന്വേഷണ സംഘം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. ബാലഭാസ്‌ക്കറിന്റെ മരണത്തിലുള്ള അന്വേഷണം മുന്നോട്ടു നീങ്ങവേയാണ് ട്രൂപ്പിലുള്ളവര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണം കടത്തുമായി ബന്ധമുണ്ടായിരുന്നെന്ന ഡിആര്‍ഐയുടെ സ്ഥിരീകരണം വരുന്നത്. ഇതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണത്തിന്റെ അന്വേഷണവും ഇഴയാന്‍ തുടങ്ങിയത്. ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആര്‍.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ മരണത്തിനു പിന്നാലെയാണ് സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. വിഷ്ണുവും പ്രകാശന്‍ തമ്പിയും ചേര്‍ന്ന് ഇരുന്നൂറ് കിലോയിലേറെ സ്വര്‍ണമാണ് കടത്തിയത് എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുണ്ടായിരുന്ന സൗണ്ട് റിക്കോര്‍ഡിസ്റ്റാണ് ജമീല്‍ ജബ്ബാര്‍. കഴക്കൂട്ടം സ്വദേശിയാണ് ജമീല്‍. അടുപ്പമായത് മുതല്‍ ബാലഭാസ്‌ക്കര്‍ക്കൊപ്പമുണ്ട് ഇയാള്‍. സൗണ്ട് റെക്കോര്‍ഡിസ്റ്റ് ആണെങ്കിലും ബാലുവിന്റെ സുഹൃത്ത് എന്ന രീതിയിലാണ് ജമീല്‍ ഒപ്പമുണ്ടായിരുന്നത്. ബാലുവിന്റെ കാര്‍ ആ ഘട്ടങ്ങളില്‍ മിക്കപ്പോഴും ഓടിച്ചിരുന്നത് ജമീല്‍ ആയിരുന്നു. ഒന്ന് രണ്ടു തവണ ബാലുവിന്റെ വീട്ടിലും ജമീല്‍ പോയിട്ടുണ്ട്. ബാലുവിന്റെ മരണത്തിനു ശേഷം 14 തവണ ദുബായ് ജമീല്‍ സന്ദര്‍ശിച്ചുവെന്നാണ് ഡിആര്‍ഐ കണ്ടെത്തിയിരിക്കുന്നത്. ഈ യാത്ര സ്വര്‍ണം കടത്തിനായിരുന്നു എന്ന സ്ഥിരീകരണമാണ് ഡിആര്‍ഐ നടത്തിയത്. അതുകൊണ്ട് തന്നെയാണ് സ്വര്‍ണം കടത്ത് കേസില്‍ ഇപ്പോള്‍ ജമീലിനെ കൂടി ഡിആര്‍ഐ പ്രതി ചേര്‍ത്തിരിക്കുന്നത്. 14 തവണ ജമീലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബാലുവിന്റെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ഡിആര്‍ഐ കൈമാറിയിട്ടുണ്ട് എന്നാണ് സൂചന. ജമീലിനെതിരെ കൊഫേപോസെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഡി.ആര്‍.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ കിടക്കുന്നതിന്നിടെ ഹൃദയാഘാതം വന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌ക്കര്‍ മരിച്ചത്.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവര്‍ ബാലുവിന്റെ ട്രൂപ്പിലെ അംഗങ്ങള്‍ ആയിരുന്നുവെന്നത് അപകടവും മരണവും ദുരൂഹതകളിലേക്ക് വഴി തുറന്നു. അന്വേഷണം ഒടുവില്‍ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും ദുരൂഹതകള്‍ക്ക് മാറ്റമുണ്ടായില്ല. അപകടത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. എന്നാല്‍ കുടുംബം നേരെ തിരിച്ചുള്ള നിലപാടിലായിരുന്നു. ഇപ്പോള്‍ എല്ലാത്തിനും ഉത്തരമായി സിബിഐ എത്തുകയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category