1 GBP = 98.20INR                       

BREAKING NEWS

കാശുള്ള വീട്ടിലെ പെണ്‍കുട്ടി യെ പ്രണയിച്ച തേങ്ങാ കച്ചവടക്കാരന്റെ മകന്‍; ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമയുമായി മുംബൈയ്ക്ക് പോയത് തോല്‍പ്പെട്ടിയുമായി; പടര്‍ന്ന് പന്തലിച്ചപ്പോഴും മനസ്സില്‍ നിറഞ്ഞത് കോണ്‍ഗ്രസിനോടുള്ള അഭിനിവേശം; മത്സരിക്കാന്‍ അമ്പലപ്പുഴ ചോദിച്ചപ്പോള്‍ കരുണാകരന്‍ ചൂണ്ടിക്കാട്ടിയത് കുട്ടനാട്ടിലേക്കും; ലീഡറുടെ പിഴക്കാത്ത തീരുമാനം എംഎല്‍എയും മന്ത്രിയുമാക്കി; തോമസ് ചാണ്ടി അന്നും ഇന്നും എന്നും കുവൈറ്റ് ചാണ്ടി; തോമസ് ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ കുട്ടനാട്

Britishmalayali
kz´wteJI³

ആലപ്പുഴ: കുട്ടനാടും കുവൈത്തും തമ്മില്‍ സാമ്യമില്ലെങ്കിലും കുട്ടനാട്ടിലെ തോമസ് ചാണ്ടി 'കുവൈത്ത് ചാണ്ടി'യൊയിരുന്നു. കെ എസ് യുവിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ കാലെടുത്തുവയ്ക്കുകയും പിന്നീട് കുവൈറ്റിലെത്തി വന്‍ വ്യവസായി ആയി മാറുകയും ചെയ്ത ചരിത്രമാണ് പിന്നീട് എന്‍സിപിയിലേക്ക് ചേക്കേറിയ തോമസ് ചാണ്ടിയുടേത്. വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായി നാട്ടിലേക്ക് മടങ്ങിയ ചാണ്ടി പിന്നീട് കുട്ടനാട്ടുകാരുടെ നേതാവായി. എന്‍സിപിയുടെ എല്ലാമെല്ലാമായി കേരള രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് തോമസ് ചാണ്ടിയെ രോഗം തളര്‍ത്തിയതും മരണത്തിലേക്ക് കൂട്ടിക്കൊണ്ട് പോയതും.

''ഒരു തോല്‍പ്പെട്ടിയുമായി ഇവിടെ നിന്നു പോയതല്ലേ സുഹൃത്തേ, ഇത്രയൊക്കെയായില്ലേ, ഇനിയെന്ത്!'-ഈ ചോദ്യത്തിലൂടെ എല്ലാ വിവാദങ്ങളേയും പുഞ്ചിരിയോടെ നേരിട്ട നേതാവായിരുന്നു തോമസ് ചാണ്ടി. 1947 ഓഗസ്റ്റ് 29നു ചേന്നംകരി കളത്തില്‍പറമ്പില്‍ വെട്ടികാട് വി സി.തോമസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചതു സാധാരണ കുടുംബത്തിലാണ്. വ്യാപാരത്തില്‍ പിതാവിനെ സഹായിക്കുമ്പോഴും കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് രാഷ്ട്രീയമുണ്ടായിരുന്നു. അതിനിടയില്‍ മേഴ്സിയുമായി പ്രണയത്തിലായി. കാശുള്ള വീട്ടിലെ പെണ്‍കുട്ടിയാണ്. വിവാഹം നടക്കണമെങ്കില്‍ നല്ലൊരു തൊഴില്‍ വേണം. കയ്യിലൊരു ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമയുണ്ട്. നേരെ മുംബൈയ്ക്കു വണ്ടി കയറി. ജീവിതം കരയ്ക്കടുപ്പിക്കാന്‍ പോന്ന പണിയൊന്നും കിട്ടാഞ്ഞപ്പോള്‍ 1976 ല്‍ കുവൈത്തിലേക്ക്. സ്വകാര്യ സ്ഥാപനത്തിലെ സ്റ്റോര്‍ കീപ്പര്‍ ജോലിയാണ് ആദ്യം കിട്ടിയത്. അവിടെ നിന്ന് പടര്‍ന്ന് പന്തലിച്ച ബിസിനസ്സുകാരനായി. പിന്നെ രാഷ്ട്രീയ നേതാവും.

ബിസിനസ് വളരുമ്പോഴും രാഷ്ട്രീയം തോമസ് ചാണ്ടിക്കു ഹരമായിരുന്നു. കെ.കരുണാകരനോടൊപ്പം കോണ്‍ഗ്രസ് വിട്ട ശേഷവും കോണ്‍ഗ്രസിനോട് പ്രിയം സൂക്ഷിച്ചു. രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കുട്ടനാട്ടില്‍ സഞ്ചരിച്ച ബോട്ട് വിലയ്ക്കു വാങ്ങി 'രാജീവ്ജി' എന്നു പേരിട്ട് ഓര്‍മകളില്‍ ചേര്‍ത്തു കെട്ടി. രാഷ്ട്രീയാവേശം വിടാതെ കുവൈത്തിലെ കോണ്‍ഗ്രസ് അനുഭാവികളുടെ സംഘടനയുണ്ടാക്കി. നാട്ടില്‍ കൂടുതല്‍ സമയം ചെലവിടാന്‍ തുടങ്ങിയതോടെ ഒരു ലക്ഷ്യം മനസ്സില്‍ ഞാറ്റുപച്ചയായി - എംഎല്‍എയാകണം. കെ.കരുണാകരനോടുള്ള അടുപ്പം വച്ച്, ഡിഐസി പിറന്നപ്പോള്‍ ഒപ്പം നിന്ന് അമ്പലപ്പുഴ സീറ്റ് ചോദിച്ചു. താന്‍ കുട്ടനാട്ടില്‍ മത്സരിക്ക് എന്നായിരുന്നു ലീഡറുടെ ഉപദേശം. ചാണ്ടി അതു സ്വീകരിച്ചു. 2006 ല്‍ ഡോ. കെ.സി.ജോസഫിന്റെ കുത്തക തകര്‍ത്തു ചാണ്ടി ലക്ഷ്യം നേടി. ഡിഐസി എന്‍സിപിയില്‍ ലയിച്ചതോടെ 2011 ലും 2016 ലും എന്‍സിപി സ്ഥാനാര്‍ത്ഥിയായി ജയം തുടര്‍ന്നു. 2011 ല്‍ വീണ്ടും ഡോ. കെ.സി.ജോസഫിനെയും 2016 ല്‍ ജേക്കബ് ഏബ്രഹാമിനെയും തോല്‍പിച്ചു.

ദീര്‍ഘകാലമായി അര്‍ബുദ രോഗബാധിതനായിരുന്ന അദ്ദേഹം ഇന്നലെ 2.30നു വൈറ്റില ടോക് എച്ച് റോഡില്‍ മകന്‍ ഡോ. ടോബിയുടെ വസതിയിലാണ് അന്തരിച്ചത്. ഭാര്യ: മേഴ്സി. മറ്റു മക്കള്‍: ബെറ്റി, ടെസി. മരുമക്കള്‍: റെനി, ഡോ. അന്‍സു, ജോയല്‍.സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11നു കുട്ടനാട് ചേന്നങ്കരി സെന്റ് പോള്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍.ഇന്നലെ ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്കു കൊണ്ടുപോകും മുന്‍പേ മരണം സംഭവിച്ചു. ആലപ്പുഴയിലെ കുട്ടനാട് ചേന്നങ്കരി കളത്തില്‍പറമ്പില്‍ വെട്ടികാട് വി സി. തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഡിപ്ലോമ നേടിയ ശേഷം പൊതുരംഗത്തു സജീവമായി. കുട്ടനാട്ടില്‍ കെഎസ്യു പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയം തുടങ്ങിയത്. ജീവിക്കാനായി ഗള്‍ഫിലേക്കു കുടിയേറി, നേടാവുന്നതെല്ലാം നേടി മടങ്ങി, മന്ത്രിപദം വരെയെത്തിയ തോമസ് ചാണ്ടിയുടെ ജീവിതം വിസ്മയമാണ് ഇന്നും പലര്‍ക്ക്.

കുവൈത്തിലെ ഇന്ത്യക്കാര്‍ കുട്ടികളെ പഠിപ്പിക്കാന്‍ പ്രയാസപ്പെടുന്നതു കണ്ടപ്പോള്‍ മറ്റു ചിലരുമായി ചേര്‍ന്ന് 1985 ല്‍ ഒരു സ്‌കൂള്‍ തുടങ്ങി യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍. യുദ്ധാനന്തരം തിരുവല്ലക്കാരനായ ടൊയോട്ട സണ്ണിയെന്ന വ്യവസായിയുടെ സഹായത്തോടെ ചാണ്ടി വീണ്ടും കുവൈത്തില്‍ സജീവമായി. കൂടുതല്‍ സ്‌കൂളുകള്‍ തുറന്നു. ഇവയില്‍ ചിലതു പിന്നീടു കൈമാറി. നിലവിലുള്ളത് കുവൈത്തിലെ 3 സ്‌കൂളുകളും സൗദിയിലെ ഒരെണ്ണവും. ഓഷ്യാനിക് ജനറല്‍ ട്രേഡിങ് കമ്പനി, ഹൈഡൈന്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി മറ്റു മേഖലകളിലും സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നു. പണ്ടു വള്ളം തുഴഞ്ഞ കായലിന്റെ തീരത്തും ബിസിനസ് കെട്ടിപ്പൊക്കി ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ട്. എറണാകുളം അറ്റ്ലാന്റ ട്രാവല്‍സ് മറ്റൊന്ന്.

കെഎസ്യുവില്‍ തുടങ്ങി കുവൈത്തിലേക്ക് പറന്ന് വ്യവസായിയായി മടക്കം
ചേന്നംകരിക്കാരനാണെങ്കിലും കര്‍മംകൊണ്ട് കുവൈത്തുകാരനാണ് തോമസ് ചാണ്ടി. 1947 ഓഗസ്റ്റ് 29നാണ് ജനനം. വി സി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകന്‍. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്ന് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയ ശേഷമാണ് കുവൈത്തിലേക്കു പറന്നത്. പഠനകാലത്ത് കുട്ടനാട്ടിലെയും കൈനകരിയിലെയും കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രസിഡന്റായിരുന്നു.

1970ലാണ് നാട്ടിലെ രാഷ്ട്രീയം മതിയാക്കി ജീവിതപ്പച്ച തേടി തോമസ് ചാണ്ടി കുവൈത്തിലെത്തിയത്. അവിടെ കെട്ടിപ്പൊക്കിയത് വന്‍ വ്യവസായ സാമ്രാജ്യവും. വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് തോമസ് ചാണ്ടിയുടെ ബിസിനസുകളിലേറെയും. യുണൈറ്റഡ് പബ്ലിക് സ്‌കൂള്‍, ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവയുടെ ചെയര്‍മാനാണ് ചാണ്ടി. സൗദി അറേബ്യയിലെ റിയാദിലും സ്‌കൂളുണ്ട്. വ്യവസായി എന്ന നിലയില്‍ ഒരു വശത്തു വലിയ ലോകം കെട്ടിപ്പടുക്കുമ്പോഴും അശരണര്‍ക്ക് അഭയം നല്‍കിയെന്ന നിലയില്‍ ചാണ്ടിയെ ഇഷ്ടപ്പെടുന്ന നിരവധി പേരുമുണ്ട്. കേരളത്തിലും കുവൈത്തിലും സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണ് തോമസ് ചാണ്ടി നടത്തിയത്. കുവൈത്തിലെ ആശുപത്രികളില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പിനിരയായ മലയാളി പെണ്‍കുട്ടികള്‍ക്ക് നാട്ടിലേക്കു തിരിച്ചുപോരാനും കെണിയില്‍ പെടാതിരിക്കാനും സഹായഹസ്തം നീട്ടിയവരില്‍ ഒരാളെന്ന നിലയില്‍ ചാണ്ടി അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. . അയ്യായിരത്തോളം കുടുംബങ്ങള്‍ക്കു വീടുവച്ചു കൊടുത്തും അവിടങ്ങളില്‍ അത്യാധുനിക ശുചിത്വ ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കിയും തോമസ് ചാണ്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായി.

ആദ്യകാല രാഷ്ട്രീയം കഴിഞ്ഞ ശേഷം രാജ്യത്തിനകത്തും പുറത്തും വന്‍ ബിസിനസ് ലോകം കെട്ടിപ്പടുത്ത ശേഷമാണ് തോമസ് ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 2006-ലെ തെരഞ്ഞെടുപ്പില്‍ കെ കരുണാകരന്റെ നേതൃത്തില്‍ രൂപീകൃതയായ ഡിഐസി സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍നിന്ന് നിയമസഭയിലെത്തുകയായിരുന്നു ചാണ്ടി. അഞ്ചു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് ഡിഐസികെ എല്‍ഡിഎഫില്‍ എത്തി. അങ്ങനെ 2011ലെ തെരഞ്ഞെടുപ്പിലും ഇടുപക്ഷത്തിനൊപ്പം നിയമസഭയിലും ഇങ്ങനെ മന്ത്രിമോഹം സാഫല്യമടയാതെ തുടര്‍ച്ചയായ രണ്ടു സര്‍ക്കാരുകളിലും പ്രതിപക്ഷ ബെഞ്ചിലായിരുന്നു ചാണ്ടിയുടെ സ്ഥാനം. രണ്ടു തവണയും പരാജയപ്പെടുത്തിയത് കേരള കോണ്‍ഗ്രസിലെ ഡോ. കെ സി ജോസഫിനെ. 2016-ല്‍ കേരള കോണ്‍ഗ്രസ് മാണിയിലെ ജേക്കബ് ഏബ്രഹാമായിരുന്നു എതിരാളി.

എംഎല്‍എയായെങ്കിലും തോമസ് ചാണ്ടി കുവൈറ്റിനെ മറന്നില്ല. കൂടുതലും ചെലവഴിച്ചത് കുവൈറ്റിലാണ്. നിയമസഭാ സമ്മേളനത്തിന് മാത്രം കേരളത്തില്‍ പറന്നെത്തി. തന്റെ സഹോദരനായിരുന്നു കുട്ടനാട്ടെ കാര്യങ്ങളെല്ലാം നോക്കാന്‍ തോമസ് ചാണ്ടി ഏല്‍പ്പിച്ചത്. പാര്‍ട്ടിക്കാരും നാട്ടുകാരും അവലാതികള്‍ പറഞ്ഞതും തോമസ് ചാണ്ടിയുടെ സഹാദരന് മുമ്പില്‍ തന്നെ. ഇങ്ങനെ തോമസ് ചാണ്ടി എംഎല്‍എ എല്ലാ അര്‍ത്ഥത്തിലും കുവൈറ്റ് ചാണ്ടിയായി മാറുകയായിരുന്നു.

അന്തരിച്ച തോമസ് ചാണ്ടി എംഎല്‍എയുടെ ശവസംസ്‌കാരത്തിന്റെ സമയക്രമീകരണം

1. 23.12.2019 തിങ്കള്‍ 1 മണി
കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീകശരീരം പ്രത്യേകം ക്രമീകരിച്ചിട്ടുള്ള വാഹനത്തില്‍ ഇടപ്പള്ളി -പാലാരിവട്ടം - ബൈപ്പാസ് വൈറ്റില വഴി 3 മണിക്ക് ആലപ്പുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ എത്തിച്ചേരും

3.00 മണി മുതല്‍ 5.00 മണി വരെ പൊതുദര്‍ശനം

5.30 ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൂപ്പള്ളിക്ക് സമീപമുള്ള ഭവനത്തില്‍.

2. 24.12.2019 ചൊവ്വ

12.00 മണിക്ക് ഭവനത്തിലെ പ്രാര്‍ത്ഥന ആരംഭിക്കും.
2.00 മണിക്ക് ഭവനത്തിന് സമീപമുള്ള, ചേന്നംകരി സെന്റ്.പോള്‍സ് മാര്‍ത്തോമ്മ ദേവാലയ സിമിത്തേരിയില്‍ സംസ്‌കാരം
3.00 മണിക്ക് പള്ളിയങ്കണത്തില്‍ അനുശോചന സമ്മേളനം

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category