1 GBP = 97.60 INR                       

BREAKING NEWS

ഞങ്ങളെ തമ്മില്‍ തല്ലിച്ചിട്ട് എന്തു കിട്ടാനെന്ന് ക്‌നാനായക്കാര്‍; ഫണ്ട് രൂപതയ്ക്ക് നല്‍കുന്നത് ഭാവിയില്‍ ദോഷം ചെയ്യുമെന്നു സം ഘടനാ നേതൃത്വം; ഇംഗ്ലീഷ് പള്ളിയില്‍ പോകാന്‍ മടിയില്ലെന്നും രജിസ്റ്റര്‍ ഓഫിസ് വഴി ആവശ്യങ്ങള്‍ നടത്താമെന്നും ഒരുപറ്റം വിശ്വാസികള്‍; എതിര്‍പ്പുകള്‍ താല്‍ക്കാലികമെന്നു സഭ നേതൃത്വം

Britishmalayali
kz´wteJI³

കവന്‍ട്രി: ''കുടുംബ പ്രാരാബ്ധം എന്തെന്ന് യുകെയിലെ മലയാളി വൈദികര്‍ക്ക് മനസിലാകുന്നില്ല. അവര്‍ അതറിയണമെങ്കില്‍ പെണ്ണ് കെട്ടി സ്വസ്ഥമായി കുടുംബ സമേതം ജീവിക്കാന്‍ തുടങ്ങണം, എങ്കിലേ സാധാരണക്കാരനെ പിഴിയുന്ന പിരിവ് ഏര്‍പ്പാടിന് ശമനമാകൂ'', ഏറെക്കാലം മതസംഘടനയില്‍ പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ പൊതുസമൂഹത്തിനായി പ്രവര്‍ത്തിക്കുന്ന ഗ്ലോസ്റ്റര്‍ നിവാസിയായ ഒരു മലയാളിയുടെ വാക്കുകള്‍ ആണിത്. അല്‍പം കളിയും കാര്യവും കലര്‍ന്ന ചിന്ത. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇദ്ദേഹത്തെ പോലെ ഉള്ളവര്‍ കുടുംബത്തിന് നല്‍കേണ്ട സമയം പോലും മറന്നാണ് ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയത്.

എന്നാല്‍ ഒടുവില്‍ പ്രവാസ ജീവിതത്തിലെ അവശേഷിക്കുന്ന നന്മകളും സൗഹൃദങ്ങളും കൂടി ഇല്ലാതാകുന്ന സാഹചര്യത്തിലേക്ക് ആത്മീയ പ്രവര്‍ത്തനം എത്തി എന്ന് വേദനയോടെ മനസിലാക്കുകയാണ് ഇദ്ദേഹം. മുന്‍പ് പലരും ചൂണ്ടിക്കാട്ടിയപ്പോള്‍ അതൊക്കെ ചുമ്മാ എന്നു പറഞ്ഞവരാണ് ഇപ്പോള്‍ വന്ന കാലത്തേ പോലെ വീണ്ടും ഇംഗ്ലീഷ് പള്ളിയില്‍ പോയി ദൈവത്തെ സ്തുതിക്കാം എന്ന് ചിന്തിച്ചു തുടങ്ങിയിരിക്കുന്നത്. ഓരോ കാരണം പറഞ്ഞു തങ്ങളെ തേടിയെത്തുന്ന പിരിവുകളും ആവശ്യങ്ങളുമാണ് പലരെയും ഇത്തരം ചിന്തകളിലേക്ക് എത്തിക്കുന്നത് എന്ന് ചുരുക്കം.

എന്നാല്‍ ഇതിനു കൃത്യമായ മറുപടിയും സഭാ നേതൃത്വത്തിനു നല്‍കാനുണ്ട്. വളര്‍ച്ചയുടെ പാതയില്‍ അല്‍പം ത്യാഗം ഒക്കെ സഹിക്കേണ്ടി വരും. ഒരു ചെടി പറിച്ചു നടുന്നതിനു തുല്യമാണ് ഒരു അന്യ രാജ്യത്തു പ്രവാസം കെട്ടിപ്പടുക്കുന്നത്. കുടിയേറ്റത്തിന്റെ ആദ്യ കാല സാമ്പത്തിക പരാതീനകള്‍ മാറി പലരും നല്ല വീടുകളും കാറുകളും ഒക്കെ സ്വന്തമാക്കിയപ്പോള്‍ ദൈവത്തെ മറക്കുന്ന വിധം ലൗകികതയുടെ ഭാഷയില്‍ സംസാരിക്കുന്നത് സ്വാഭാവികം.

സഭയില്‍ ഒരു കാര്യവും ആരും ഒറ്റയ്ക്ക് എടുക്കുന്നില്ല, കൂട്ടായ തീരുമാനത്തിലൂടെയാണ് രൂപതയുടെ വരവിനു ശേഷം എല്ലാ കാര്യങ്ങളും ചെയ്യുന്നത്. എന്തിനും ഏതിനും അടുക്കും ചിട്ടയും വേണം. അതിനായി പുതിയ ഓരോ തീരുമാനങ്ങള്‍ എത്തുമ്പോള്‍ സഭക്ക് എതിരെ സംസാരിക്കുന്നതു ശ്രദ്ധ കിട്ടാന്‍ വേണ്ടിയാകണം. ബഹുഭൂരിപക്ഷവും ഇത്തരം തീരുമാനങ്ങളില്‍ സഭയ്ക്ക് ഒപ്പവുമാണ്. അപ്പോള്‍ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ദുര്‍ബലമാകുക തന്നെ ചെയ്യും, ആത്മ വിശ്വാസത്തോടെ തന്നെയാണ് സഭയുടെ നീക്കവും എന്ന് ഈ വാക്കുകള്‍ തന്നെ തെളിയിക്കുന്നു.

പ്രകോപന കാരണമെന്ത്?
രണ്ടു വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ട മിഷനുകള്‍ യുകെയില്‍ എല്ലായിടത്തും സജീവമായി പ്രവര്‍ത്തിക്കുകയാണ്. സൗകര്യം മുന്‍നിര്‍ത്തി ക്നാനായക്കാര്‍ക്ക് 15 മിഷനുകള്‍ പ്രത്യേകമായി നല്‍കുകയും ചെയ്തു. എന്നാല്‍ മിഷന്‍ വന്നതോടെ കുറേക്കൂടി ഗൗരവം കൈവരുകയും ക്നാനായ യൂണിറ്റുകളുടെയും കേന്ദ്ര സംഘടനയുടെയും പ്രാധാന്യവും കുറയുന്ന സാഹചര്യം ഉടലെടുക്കുക ആയിരുന്നു. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഇത്തവണ യുകെകെസി നേതൃത്വത്തിലേക്കു തിരഞ്ഞെടുപ്പില്ലാതെ ഭാരവാഹികള്‍ എത്തും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

മുന്‍ വര്‍ഷങ്ങളില്‍ ഒരു സ്ഥാനത്തേക്ക് തന്നെ മൂന്നു പേര്‍ വരെ മത്സരിച്ച സ്ഥാനത്താണ് ഇപ്പോള്‍ പേരിനൊരാള്‍ എന്ന നിലയിലേക്ക് എത്തിയത്. തുടക്കകാലത്തു വാര്‍ഷിക കണ്‍വന്‍ഷന്‍ മാത്രം നടത്തിയിരുന്ന ക്നാനായ സംഘടനാ പിന്നീടു കലാമേളയും കായിക മേളയും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും വടംവലിയും പോഷക സംഘടനകളും ഒക്കെയായി കളം നിറഞ്ഞപ്പോളാണ് മിഷന്റെ വരവ്.

അന്നു തന്നെ സന്ദേഹം ഉയര്‍ത്തി ഒരു പറ്റം ആളുകള്‍ രംഗത്ത് വന്നെങ്കിലും എല്ലാവരെയും സമാധാനിപ്പിച്ചത് യുകെയില്‍ എത്തിയ അതിരൂപത ബിഷപ്പ് മാര്‍ മൂലക്കട്ടിലിന്റെ വാക്കുകളാണ്. മിഷന്‍ മിഷന്റെ വഴിക്കും സംഘടനാ അതിന്റെ വഴിക്കും നീങ്ങും എന്നായിരുന്നു ബിഷപ്പിന്റെ ഉറപ്പ്. അതായതു പരസ്പര ബഹുമാനം ഇരുകൂട്ടര്‍ക്കും ലഭിക്കും എന്ന് പറയാതെ പറയുന്ന വാക്കുകള്‍. എന്നാല്‍ ഇതിപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ് എന്ന് ആരോപിക്കുകയാണ് യുകെകെസിഎ കേന്ദ്ര നേതൃത്വം വിശ്വാസികള്‍ക്ക് എഴുതിയ കത്തിലൂടെ.

തുറന്ന കത്തായി വാട്സ്ആപ് ഗ്രൂപ്പുകളില്‍ യഥേഷ്ടം ഫോര്‍വേഡ് ചെയ്യപ്പെടുന്ന കത്തില്‍ യുകെകെസിഎയെ വെട്ടിപ്പിടിക്കാന്‍ സീറോ മലബാര്‍ സഭയുടെ മൗന സമ്മതത്തോടെ മിഷന്‍ നീക്കം നടത്തുന്നതിന്റെ ആശങ്കയാണ് പ്രധാനമായും പങ്കിടുന്നത്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് പൗണ്ടിന്റെ വരവ് ചിലവ് കണക്കുകള്‍ കൈകാര്യം ചെയ്യുന്ന സംഘടനയുടെ പണ സംബന്ധമായ കാര്യങ്ങള്‍ ഇനി മിഷന്‍ കൈകാര്യം ചെയ്യാം എന്ന നിര്‍ദേശമാണ് ഇപ്പോള്‍ ചേരിതിരിവിലേക്ക് എത്തിയിരിക്കുന്നത്. ഇതുവഴി സംഘടനയുടെ കയ്യും കാലും കെട്ടിയിടുന്നതിനു തുല്യം ആണെന്നാണ് കത്തിലെ ഭാക്ഷ്യം.

രൂപത വന്നപ്പോള്‍ എതിര്‍ത്തവര്‍ എവിടെ? ഇതും അത്രയേ ഉള്ളൂ
മിഷന്റെ പേരില്‍ കോലാഹലം കൂട്ടുന്ന ക്നാനായക്കാരില്‍ ഒരു പങ്കിന്റെ ആശങ്ക ഒന്നും ഗൗരവം ഉള്ള കാര്യം അല്ലെന്നാണ് സഭയുടെ പൊതുനിലപാട്. രൂപത പ്രഖ്യാപിച്ചപ്പോള്‍ ഇതേവിധം കോലാഹലങ്ങള്‍ ഉണ്ടാവുകയും ബിഷപ്പിന്റെ സ്ഥാനാരോഹണം പോലും ആഡംബരമാന്നെന്നു സോഷ്യല്‍ മീഡിയ വഴി പറഞ്ഞവരൊക്കെ ഇപ്പോള്‍ പ്രത്യക്ഷത്തില്‍ മൗനത്തിലാണ്. പലയിടങ്ങളില്‍ പള്ളി സ്വന്തമാക്കിയും എല്ലായിടത്തും മാസ് സെന്ററുകള്‍ ആരംഭിച്ചതും നൊടിയിടയിലാണ്.

യുകെയില്‍ ജീവിക്കുമ്പോള്‍ തന്നെ കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ പോലും ലഭിക്കാത്ത വിധമുള്ള ആത്മീയ അന്തരീക്ഷം സൃഷ്ടിക്കാന്‍ രൂപതയ്ക്കും മിഷന്‍ സെന്ററുകള്‍ക്കും സാധിച്ചു എന്നത് നേട്ടമായി കാണുകയാണ് സഭ. ഇതിനായി കത്തോലിക്കര്‍ രണ്ടു വിഭാഗമായി തിരിയേണ്ടി വന്നെങ്കിലും അതുവഴി കൂടുതല്‍ പേര്‍ക്ക് സഭയോട് ഒത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായത് ക്നാനായ സംഘടനാ നേതൃത്വം കാണാതെ പോകുക ആണെന്നും സഭ കരുതുന്നു.

മാത്രമല്ല ഇത്തരം കാര്യങ്ങള്‍ ഒരു മേശക്കിരുപുറം ഇരുന്നു സംസാരിക്കാതെ പൊതു സമൂഹത്തില്‍ എത്തിച്ചു ചര്‍ച്ച ചെയ്യുന്നതിലൂടെ എന്തു നേട്ടമാണ് എന്ന് മനസിലാകുന്നില്ലെന്നും സഭാ നേതൃത്വം വ്യക്തമാക്കുന്നുണ്ട്. ആളുകളില്‍ തെറ്റിദ്ധാരണ പരത്തുന്നതിനു പകരം പക്വതയുള്ള നേതൃത്വമാണ് ആത്മീയ സംഘടനയ്ക്കു ആവശ്യം എന്നും സഭയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഇരു വിഭാഗവും നേര്‍ക്ക് നേര്‍ നില്‍ക്കാന്‍ പ്രധാന കാരണം ഇവര്‍ തന്നെ കൈകാര്യം ചെയ്യുന്ന പണത്തിന്റെ പേരിലാണെന്ന് വ്യക്തം. അതാകട്ടെ ഭൂരിഭാഗവും അരവയര്‍ ഒട്ടി പണിയെടുക്കുന്ന സാധാരണക്കാരന്റെയും. എവിടെയും എന്നപോലെ അവന്റെ ശബ്ദം ഇക്കാര്യത്തിലും ആരും കേള്‍ക്കാനിടയില്ല. കാരണം തീരുമാനങ്ങളില്‍ അവനു പങ്കാളിത്തമില്ല. സഭയില്‍ ആയാലും സംഘടനയില്‍ ആയാലും ഒരു വിഭാഗം ആളുകള്‍ തീരുമാനമെടുക്കും, ബാക്കിയുള്ളവര്‍ അതിനെ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ കീഴ് വഴക്കം. അതിനെ ചോദ്യം ചെയ്യാനുള്ള കരുത്തൊന്നും വിശ്വാസി സമൂഹം കാട്ടാനുമിടയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category