1 GBP = 94.40 INR                       

BREAKING NEWS

പുതുവര്‍ഷത്തിനെ വരവേല്‍ക്കുന്നതിനു മുന്‍പ് പോയ വര്‍ഷത്തിന്റെ ആകമാനമായ ഒരു അവലോകനം ഓരോരുത്തരുടെയും കഴിവുകളെയും പ്രവര്‍ത്തനമേഖലകളേയും കൂടുതല്‍ ഫലപ്രദമാക്കുവാന്‍ സഹായകമാകും

Britishmalayali
റോയ് സ്റ്റീഫന്‍

ല്ലാ വര്‍ഷങ്ങളിലെയും പോലെ 2019 കടന്നുപോവുമ്പോള്‍ വീണ്ടുവിചാരവും ഉത്തരവാദിത്ത്വ ബോധവുമുള്ള എല്ലാ വ്യക്തികളും ഒന്നു പുറകോട്ടുതിരിഞ്ഞു നോക്കുക പതിവാണ്. വര്‍ത്തമാനത്തിന് എന്നും നീളം കൂടുതലാണെന്ന് വിശ്വസിക്കുമ്പോഴും തിരിച്ചറിയുമ്പോഴും ഇന്നലകള്‍ മിന്നി മറഞ്ഞു പൊയ്കൊണ്ടിരിക്കുകയാണെന്ന ബോധ്യം മാത്രമാണ് നിലനില്‍ക്കുന്നത്. സമയമെന്നത് മനുഷ്യ ജീവിതത്തില്‍ ഒരിക്കല്‍ പോലും തിരിച്ചു ലഭിക്കുവാന്‍ സാധിക്കുന്നില്ലാത്ത വിലയേറിയതും എന്നാല്‍ സ്വന്തമല്ലാത്ത വസ്തു മാത്രമാണ്. ജീവിതത്തില്‍ സമയം ഒരു വിലയേറിയ വിഭവമാണ്, അത് പോയിക്കഴിഞ്ഞാല്‍, അത് എന്നെന്നേക്കുമായി നഷ്ടപ്പെടുക മാത്രമാണ് ചെയ്യുന്നത്.

തിരിഞ്ഞു നോട്ടത്തിലൂടെ ഭൂരിഭാഗം വ്യക്തികളും തങ്ങളുടെ ഓരോ പ്രവൃത്തിയെയും വിശകലനം ചെയ്യുകയും വിലയിരുത്തുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം അപൂര്‍വ്വം ചില വ്യക്തികള്‍ക്ക് മാത്രമാണ് തങ്ങളുടെ കഴിഞ്ഞുപോയ ഓരോ പ്രവര്‍ത്തനങ്ങളെ എല്ലാക്കാലവും ന്യായീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കൂടുതല്‍ വ്യക്തികളും വീണ്ടു വിചാരമുള്ള വ്യക്തികളാവേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നുണ്ട്. തങ്ങളുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതായിരുന്നു എന്നുമാത്രമാണ് വിവേകമുള്ളവര്‍ തിരിച്ചറിയുന്നത്. മനുഷ്യന്‍ വീണ്ടുവിചാരമുള്ള വ്യക്തിയായതുകൊണ്ട് സ്വന്തം ചെയ്തികളിലൂടെ അനുദിനം പഠിച്ചുകൊണ്ടിരിക്കുകയാണെന്നതും പരമാര്‍ത്ഥതയാണ്.

പഠനങ്ങളില്‍ അഗ്രഗണ്യരായവരും വേറിട്ട ഉന്നത വിദ്യാഭ്യാസഡിഗ്രികള്‍ നേടിയവരാണെങ്കിലും യഥാര്‍ത്ഥ ജീവിത  അനുഭവങ്ങളിലൂടെ മാത്രമാണ് ജ്ഞാനം പൂര്‍ണ്ണമാവുന്നതെന്ന് നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന സമയം മാത്രമാണ് പഠിപ്പിക്കുന്നത്. അതായത് ജീവിതമാകുന്ന സ്‌കൂളില്‍ നിന്നും പഠിക്കുന്ന പാഠങ്ങളാണ് യഥാര്‍ത്ഥ ജീവിതത്തില്‍ തണലായി മാറുന്നത്. അതോടൊപ്പം അനുഭവങ്ങളില്‍ നിന്ന് വ്യക്തികള്‍ പഠിക്കുന്നില്ലെങ്കില്‍ അതേ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുവാന്‍ ഇടയാവുകയും അവ ഓരോരുത്തരെയും വീണ്ടും ദുര്‍ബലരാക്കുകയും ചെയ്യുകയാണ് പതിവ്.

ചെറുപ്പം മുതലേ അന്യോന്യം മത്സരിക്കുവാന്‍ മാത്രം ശീലിച്ച ജീവികള്‍ തന്നെയാണ് മനുഷ്യരുള്‍പ്പെടുന്ന എല്ലാ ജീവജാലങ്ങളും. മറ്റുള്ളവരെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുവാന്‍ ആഗ്രഹിക്കുന്ന സ്വാര്‍ത്ഥമതികളായ വ്യക്തികള്‍ കൂടെയുള്ളവരെയും നേരിട്ട് പരിചയമില്ലാത്തവരെപ്പോലും നിര്‍ദ്ദയമായ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിന്റെ പ്രധാന കാരണം അവരോരുത്തരും തന്നില്‍ത്തന്ന തിരിച്ചറിയുന്ന കുറവുകള്‍ മാത്രമാണ്. സ്വന്തം കഴിവില്ലായ്മയിലുള്ള നിരാശ ബോധ്യവും അവസരങ്ങളുണ്ടായിട്ടും സമയോചിതമായി പ്രവര്‍ത്തിച്ചു മുന്നേറുവാന്‍ സാധിക്കാതെ വന്നതിലെ നിരാശാബോധവും.

ഓരോ വ്യക്തികളുടെയും ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ മാത്രമാണ് മറ്റുള്ള ജീവജാലങ്ങളുടെ ആവശ്യകത ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. ഭൂമിയുടെയും ഇതിനുള്ളില്‍  ജീവിക്കുന്ന മനുഷ്യരുള്‍പ്പടുന്ന എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പ് പ്രകൃതീയമായി ലഭിച്ച സൃഷ്ടി കര്‍മ്മത്തില്‍ അതായത് പ്രത്യുല്‍പാദനത്തില്‍  മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ബൗദ്ധികമായി വികസിച്ചു എന്ന് വിശ്വസിക്കുന്ന ഏതാനും ചില മനുഷ്യരൊഴികെയുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയുടെ ഈ സ്വാഭാവിക നിയമം അനുദിനം പാലിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ ആവശ്യകമായ ചൂടും വെളിച്ചവും  നല്‍കുന്ന സൂര്യന്റെ ഉള്ളിലും ഉപരിതലത്തിലും നടക്കുന്ന ആണവപ്രവര്‍ത്തനം ഒരു നിമിഷം പോലും നിന്നുപോകുന്നില്ല അതായത് ഹൈഡ്രജന്റെ ആറ്റങ്ങള്‍ സംയോജിപ്പിച്ച് ഹീലിയം രൂപം കൊള്ളുന്ന പ്രക്രിയ.

അതുപോലെ എല്ലാ ജീവജാലങ്ങള്‍ക്കും പ്രവര്‍ത്തന സമയങ്ങളും വിശ്രമ വേളകളും നല്‍കുന്നത് ഭൂമി ഉരുണ്ടതായതുകൊണ്ടും. അത് സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നതു കൊണ്ടും മാത്രമാണ്. മനുഷ്യനും ജീവജാലങ്ങള്‍ക്കും ഉണര്‍വേകുന്ന  ഋതുഭേദങ്ങള്‍ ലഭിക്കുന്നത് ഭൂമി സൂര്യനു ചുറ്റും ഒരു പ്രത്യേക രീതിയില്‍ വലയം വയ്ക്കുന്നതുകൊണ്ടും. ഇവയെല്ലാം രൂപകല്‍പ്പന ചെയത്  സൃഷ്ടിച്ച സൃഷ്ടികര്‍ത്താവ് ഇവയെല്ലാം ഇങ്ങനെ തന്നെ നിലനില്‍ക്കുവാന്‍ വേണ്ടി സൃഷ്ടിച്ചതാണ്. ഇനി മഹാവിസ്ഫോടനത്തിലൂടെയാണ് ഇവയെല്ലാം രൂപീകൃതമായതെന്നു വിശ്വസിക്കുന്ന ശാസ്ത്ര സമൂഹവും ഇവയുടെ ആസ്ഥിത്വവത്തെയോ  നിലനില്‍പ്പിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്നില്ല. മറിച്ചു ഇവയെല്ലാം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന  വസ്തുത അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. അതായത് ഈ പ്രപഞ്ചത്തിലുള്ള ഓരോ കണികയും ഓരോ നിമിഷവും രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. സാമൂഹിക സാംസ്‌കാരിക ജീവിത രീതികള്‍ക്കനുസൃതമായി ഓരോ വ്യക്തികളും രൂപാന്തരപ്പെടേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ഇവയെല്ലാം നയിക്കുന്നത്.

ബ്രിട്ടീഷ് ജനത അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രമാണ് ഇന്നും രാജ്ഞിയും അവരുടെ പരമ്പരയും രാജാക്കന്മാരായി നിലനില്‍ക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബം ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും സമൂഹത്തിലും രാഷ്ട്രീയ സാംസകാരിക തലങ്ങളിലുമുണ്ടായിട്ടുള്ള എല്ലാ  പരിണാമങ്ങളും വികസനവും ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമാണ്. ബ്രിട്ടണിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരുള്‍പ്പെടുന്ന എല്ലാ വ്യക്തികളും രാജപരമ്പരയോടും അവരുടെ ജീവിതരീതികളോട്  ചേര്‍ന്നു ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ക്രിസ്മസ്സ് ദിനത്തില്‍ രാജകുടുംബംഗങ്ങള്‍ക്കൊപ്പം വിശുദ്ധ ബലിയില്‍ പങ്കെടുക്കുവാന്‍ സാന്‍ഡ്രിങ്ങ്ഹാം പള്ളിയിലേക്കെത്തുന്നുന്നത്.

ഡിസംബറിലെ കഠിനമായ തണുപ്പിനെ അവഗണിച്ചുകൊണ്ട് തലേന്ന് രാത്രിയില്‍ തന്നെ കാത്തുനില്‍ക്കുന്ന കാഴ്ച അത്ഭുതമുളവാക്കുന്നതാണ്. അത്രയും ഗാഢമായ സ്‌നേഹവും ബഹുമാനവും ലോകത്തിന്റെ പലഭാഗങ്ങളിലും നിലവില്‍ അന്യം നിന്നുപോയ രാജപരമ്പരയോട് ബ്രിട്ടീഷ് ജനത കാണിക്കുന്നുണ്ടെങ്കില്‍ പ്രാഥമികയും രാജ്ഞിയും അവരുടെ സന്തതി പരമ്പരകളും ഓരോ സാധാരണക്കാരന്റെയും ഹൃദയങ്ങളില്‍ ഇടമുള്ളതുകൊണ്ട് മാത്രമാണ്. രണ്ടാമതായി കൊച്ചുകുട്ടികളുള്‍പ്പെടുന്ന രാജകുടുംബംഗങ്ങള്‍ തിരിച്ചു നല്‍കുന്ന സ്നേഹവും ബഹുമാനവും ആദരങ്ങളും. ഇളമുറ തലമുറയില്‍പ്പെട്ട കുടുംബംഗങ്ങളായ ജോര്‍ജും ഷാര്‍ലേറ്റും പോലും അവരുടെ മാതാപിതാക്കളെ ബഹുമാനിച്ചുകൊണ്ട് സാധാരണക്കാരോട് ഇടപെടുവാന്‍ കാണിക്കുന്ന ഉത്സാഹം. തങ്ങളുടെ മുത്തശ്ശിയുടെ പ്രായമുള്ളവരോട് ആദരവും തങ്ങളുടെ സമപ്രായക്കാരോട്  സൗഹാര്‍ദ്ദവും പ്രകടിപ്പിക്കുവാന്‍ മടികാണിക്കുന്നില്ല. അന്യോന്യമുള്ള സ്നേഹവും ബഹുമാനവും ആദരവും ഓരോ വ്യക്തികളെയും സമൂഹങ്ങളെയും ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പ്രവര്‍ത്തങ്ങളിലൂടെ കാണുവാന്‍ സാധിക്കുന്നു.

ആദ്യമേ സൂചിപ്പിച്ചതുപോലെ ഓരോ വ്യക്തികളും അവരുടേതായ സ്ഥിതിയില്‍ തന്നെ അവരോരുത്തര്‍ക്കും സമൂഹത്തിനും വിലപ്പെട്ടവര്‍ തന്നെയാണ്. മനുഷ്യരായി ജീവിക്കുന്ന ഓരോ വ്യക്തികളും  പ്രത്യേകമായി വിലമതിക്കപ്പെടേണ്ടവരും സ്നേഹിക്കപ്പെടേണ്ടവരും  അംഗീകരിക്കപ്പെടെണ്ടവരുമാണെന്ന് അവരോരുത്തരുടേയും സ്വഭാവസവിശേഷതകളില്‍ പ്രതിഫലിക്കുന്നുണ്ട്. എന്നാല്‍ പല അവസരങ്ങളിലും തങ്ങളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ഭൂരിഭാഗം വ്യക്തികളും വിലമതിക്കാറില്ല. പ്രത്യേകിച്ചും ചെറുപ്പകാലങ്ങള്‍ മുതല്‍ മറ്റുള്ളവരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും മതിയായ സ്നേഹവും വിലമതിപ്പും ലഭിക്കാത്ത സാഹചര്യങ്ങളില്‍. പലപ്പോഴും ഓരോരുത്തരും മറ്റുള്ളവരുടെ മുന്‍പില്‍ ചെറുതായി പോകുന്നതുപോലുള്ള ചിന്താഗതികള്‍ ഉടലെടുക്കും.

എല്ലാ അവസരങ്ങളിലും തങ്ങളെക്കൊണ്ട് സാധിക്കാവുന്നവ എല്ലാ പ്രവര്‍ത്തിച്ചു കഴിഞ്ഞിട്ടും പ്രതീക്ഷിച്ച അംഗീകാരങ്ങളും ആദരങ്ങളും ലഭിക്കാതെ പോകുന്ന അവസരങ്ങള്‍. സ്വാഭാവികമായും ഓരോരുത്തരും തങ്ങള്‍ മറ്റുള്ളവരെക്കാള്‍ വിലകുറഞ്ഞവരായി അനുഭവപ്പെടും. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കുന്നില്ല അഥവാ മറ്റുള്ളവരുടെ പ്രതീക്ഷയോടൊത്തു തങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നില്ല എന്ന നിരാശാബോധ്യത്തിലേക്കാണ് എത്തിക്കുന്നത്. എന്നാല്‍ മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കാതെ ഓരോ വ്യക്തികളും അവരോരുത്തരെയും സ്വന്തമായി ആദരിക്കുവാനും അംഗീകരിക്കുവാനും ശ്രമിക്കുമ്പോള്‍ അവരോരുത്തരിലെയും ആല്‍മവിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളോരുത്തരും വലിയ വിലയേറിയ വ്യക്തികളാണെന്ന് തിരിച്ചറിയുകയും ചെയ്യും.

ലോകത്തില്‍ ജനസംഘ്യ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് അതോടൊപ്പം ഓരോ വ്യക്തികളും തങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടേണ്ടവരാണെന്ന തിരിച്ചറിവ് ജനിപ്പിക്കേണ്ടത് അത്യന്താപേക്ഷിതവും. ജനസംഘ്യയുടെ ആനുപാതികമായി ലോകത്തില്‍ ഭക്ഷ്യ സുരക്ഷയും ഒരുക്കേണ്ടതും അത്യാവശ്യമായിരിക്കെ ലോകത്തിലുള്ള എല്ലാ സ്ഥലങ്ങളും കൃഷിയിടങ്ങളായി മാറ്റിയാല്‍ പോലും പരാഗണത്തിന് ആവശ്യമായ തേനീച്ചകളെത്തിയില്ലെങ്കില്‍ വിളവുകള്‍ ലഭിക്കില്ല. ഭൂമിയില്‍ എത്രയധികം വളമിട്ടാലും ചെടികള്‍ സമൃദ്ധമായി വളരും അതോടൊപ്പം പൂവിടുകയും ചെയ്യും. എന്നാല്‍ സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്ന ഈ ചെടികള്‍ മനുഷ്യന്റെ ഭക്ഷണത്തിനാവശ്യമായ ഫലങ്ങളും ധാന്യങ്ങളും പുറപ്പെടുവിക്കണമെങ്കില്‍ തേനീച്ചകളിലൂടെ പരാഗണം നടക്കണം.

തേനീച്ചകള്‍ തങ്ങളുടെ ജീവിതത്തിനാവശ്യമായ ഭക്ഷണം ശേഖരിക്കുന്ന ജോലി മാത്രമാണ് ആല്‍മാര്‍ത്ഥമായി പൂര്‍ത്തീകരിക്കുന്നത്. അതോടൊപ്പം ഈ ജീവികള്‍ അറിയാതെ സസ്യലതാതികളുടെ നിലനില്‍പ്പിനാവശ്യമായ പരാഗണവും നടത്തുകയാണ്. ചുരുക്കത്തില്‍ ഓരോ ജീവജാലങ്ങളും തങ്ങളുടെ ദൗത്യങ്ങള്‍ കലര്‍പ്പില്ലാതെ പൂര്‍ത്തീകരിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാവുകയും സമൂഹത്തിന് മുതല്‍ക്കൂട്ടായി മാറുകയാണ്. ഈ പ്രക്രിയ മാത്രമാണ് മനുഷ്യരിലും സമൂഹങ്ങളിലും സംഭവിക്കുന്നത്. ഓരോ വ്യക്തികളും കഴിവുള്ളവരും അവരോരുത്തരുടേയും കഴിവുകളും പ്രവര്‍ത്തനങ്ങളും സമൂഹത്തിന് ഉപകാരപ്രദവുമാണ്. മറ്റുള്ളവരുടെ ആദരത്തിനും അംഗീകാരത്തിനും കാത്തുനില്‍ക്കാതെ സ്വന്തം സല്‍പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊണ്ടേയിരിക്കുക.

ഈ അടുത്ത നാളുകളില്‍ ബ്രിട്ടണിലുള്ള ഒരു മലയാളി  വൈദീകന്‍ കുര്‍ബാന മധ്യത്തില്‍ വിശ്വാസികളുടെ ആത്മ വിശ്വാസത്തെ അളക്കുവാനായി ചോദ്യം ചോദിച്ചതായി സമൂഹ മാധ്യമങ്ങളിലൂടെ അറിയുവാന്‍ സാധിച്ചു. നിങ്ങളില്‍ മറ്റുള്ളവര്‍ക്ക് മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അഥവാ നിങ്ങളുടെ പ്രവര്‍ത്തനങ്ങളും സംസാര ശൈലികളും സ്വന്തം കുട്ടികള്‍ക്കെങ്കിലും ജീവിതത്തില്‍ അനുവര്‍ത്തിക്കുവാന്‍ സാധിക്കുമെന്ന് പൂര്‍ണ്ണമായി  വിശ്വസിക്കുന്നുണ്ടെങ്കില്‍ കയ്യുയുര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ നൂറുകണക്കിന് വിശ്വാസികളുണ്ടായിരുന്നിട്ടും ഒരാള്‍ക്കുപോലും ചങ്കൂറ്റത്തോടെ കയ്യുയര്‍ത്തുവാന്‍ സാധിച്ചില്ല.

പല കാരണങ്ങളുണ്ടാവാം പലരും പ്രസംഗം കേള്‍ക്കുന്നുണ്ടെന്നു നടിക്കുന്നുണ്ടെങ്കിലും ശ്രദ്ധിക്കാറില്ല, വീണ്ടും ചിലര്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും മനസിലാക്കുവാനും പ്രതികരിക്കുവാനും താമസിച്ചു കാണും. കരണമെന്തായാലും അവിടെ കൂടിയിരുന്ന വിശ്വാസികളില്‍ കുറവുവുണ്ടായിരുന്നത് ആത്മ വിശ്വാസം മാത്രമായിരുന്നു. കൂടുതല്‍ വ്യക്തികളും സമൂഹത്തില്‍ പരസഹായമില്ലാതെ മാതൃകാപരമായി സ്വന്തം ജോലിയും ചെയ്ത് കുടുംബത്തെപ്പോറ്റുന്നവര്‍ തന്നെയാണ്. എന്നാല്‍ ഓരോ വ്യക്തികളുടെയും പ്രവര്‍ത്തനങ്ങളിലും ജീവിത രീതികളിലും അവര്‍ക്കുള്ള വിശ്വാസക്കുറവാണ് അവിടെ പ്രതിഫലിച്ചത്. അതായത് തങ്ങളോരുരുത്തരുടേയും പ്രവര്‍ത്തനങ്ങളിലുള്ള ആത്മ വിശ്വാസക്കുറവ്.

സ്വന്തം കഴിവുകളിലുള്ള ആല്‍മവിശ്വാസവും ജീവിതത്തിലും പ്രവര്‍ത്തനമേഖലകളിലും നിന്നും ലഭിക്കുന്ന മതിപ്പുളവാകുന്ന അംഗീകാരങ്ങളും മാത്രമാണ് വ്യക്തികള്‍ക്ക് അനുദിനം പ്രചോദനമായി മാറുന്നത്. അപ്പോള്‍ മാത്രമാണ് മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളിലെ നന്മകള്‍ കാണുവാന്‍ സാധിക്കുന്നതും മറ്റുള്ളവരെ അംഗീകരിക്കുവാനും ആദരിക്കുവാനും സാധിക്കുന്നത്.  അടുത്ത പുതുവര്‍ഷമായ 2020 പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍  എല്ലാ വായനക്കാര്‍ക്കും അവരുടെ കഴിവുകളുടെ പരമാവധി ഉപയോഗിക്കുവാനുള്ള ധാരാളം അവസരങ്ങള്‍ ലഭിക്കട്ടെ എന്നാശംസിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category