1 GBP = 93.50 INR                       

BREAKING NEWS

മുഖങ്ങള്‍: ഭാഗം -34

Britishmalayali
രശ്മി പ്രകാശ്

ലതും കണ്ടും കേട്ടുമാണ് ജീവിതം മുന്നോട്ടു പോകുന്നത്. എന്നാല്‍ ചില അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലും വരുമെന്ന് നമ്മള്‍ ആരും ചിന്തിക്കില്ല. പരസ്പ്പരം സ്നേഹവും വിശ്വാസവും കരുതലും ഒന്നുമില്ലാത്ത ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. മരണം കടന്നുവരാത്ത വീടുകള്‍ ഒന്നുപോലും ഈ ഭൂമിയിലില്ല. പുതുതായി പണിതീര്‍ന്ന വീടുകളില്‍ പോലും മരണത്തിന്റെയും, വേര്‍പാടിന്റെയും ദുഃഖം പേറുന്ന മനസ്സുകള്‍ തീര്‍ച്ചയായും ഉണ്ടായിരിക്കും. എന്നാല്‍ ഒരു പെണ്‍കുട്ടിയെ കാണാതാകുന്നത്, വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ തിരികെ ലഭിക്കുന്നത് ഇതൊക്കെ അസാധാരണമായ സംഭവങ്ങള്‍ തന്നെയാണ്. ഈ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് മനസ്സിനെ ഞാന്‍ വല്ലാതെ പാകപ്പെടുത്തിയെടുത്തു. എനിക്കുറപ്പായിരുന്നു ഇസ ജീവനോടെയുണ്ടെന്ന്, അതൊരുപക്ഷേ ഒരമ്മയ്ക്ക് മാത്രം മനസ്സിലാകുന്ന വിശദീകരണങ്ങളൊന്നുമില്ലാത്ത ഉറപ്പാണത്. ഇസ കരയട്ടെ, എത്ര കരഞ്ഞാലും തീരാത്ത സങ്കടങ്ങള്‍ അവളുടെ ഉള്ളിലുണ്ട് ഫിലിപ്പ്.

ഫിലിപ്പ് ഒരക്ഷരം പോലും പറഞ്ഞില്ല. കാര്‍ പതിയെ വീടിനു മുന്നിലായി ഗ്രേസ് പാര്‍ക്കു ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളുമായി വലിയൊരാള്‍ക്കൂട്ടം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്‍ജിന്‍ ഓഫ് ചെയ്ത് കുറച്ചുനേരം ഗ്രേസ് സ്റ്റിയറിങ് വീലിലേക്ക് തല കുനിച്ചിരുന്നു. ആരും അനങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ എലിസബത്ത് ഡോര്‍ തുറന്നിറങ്ങി. ഡ്രൈവിങ് സീറ്റിലിരിക്കുന്ന ഗ്രേസിനെ വിളിച്ചു. ഒരു ടിഷ്യു എടുത്തു മുഖം തുടച്ചിട്ട് ഗ്രേസ് ഡോര്‍ തുറന്നു പുറത്തിറങ്ങി. ഇസയെയും കുഞ്ഞിനേയും ചേര്‍ത്തു പിടിച്ചു വീടിനുള്ളിലേക്കു നടന്നു.

എലിസബത്ത്, ലെക്സിയുമായി പുറത്തേക്കിറങ്ങുമ്പോഴും ഫിലിപ്പ് അതെ ഇരിപ്പില്‍ തുടര്‍ന്നു.

ഒരുപാട് ആളും ബഹളവും ഒക്കെ കുഞ്ഞു ജോയെ വല്ലാതെ ഭയപ്പെടുത്തി. കണ്ണുകള്‍ ഇറുക്കി അടച്ചു അവന്‍ ഇസയുടെ തോളില്‍ പതിഞ്ഞു കിടന്നു. വെല്‍ക്കം ബാക്ക് ഡിയര്‍ ഇസ ആന്റ് ലെക്സി, വീ ലവ് യു, വീ മിസ്ഡ് യു എന്നൊക്കെ എഴുതിയ പ്ലക്കാര്‍ഡുകളും ബലൂണുകളും പൂക്കളും ഒക്കെ ആയാണ് ഇസയെയും, ലെക്സിയെയും ആളുകള്‍ എതിരേറ്റത്.

തുറന്നു കിടന്ന വാതിലിലൂടെ പരിചിതമായ മുഖങ്ങളെ അവഗണിച്ചു ഇസ അകത്തേക്ക് കയറി. ശരീരത്തിലൂടെ ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു പോയതുപോലെ. അവസാന കാഴ്ചയില്‍, മായാതെ നിന്ന മാതാവിന്റെ മുന്നിലെ വിളക്കിനു പോലും മാറ്റമില്ല. ഇസ ഒരു നിമിഷം മാതാവിന്റെ മുന്നില്‍ തലകുനിച്ചു നിന്നു. അതിശയിക്കണ്ട മോളെ നീ തിരികെ വരുമ്പോള്‍ ഒന്നിനും ഒരു മാറ്റവും ഈ വീട്ടില്‍ ഉണ്ടാകരുതെന്ന് അമ്മക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇസ നനഞ്ഞ കണ്ണുകളോടെ ഗ്രേസിനെ നോക്കി. നിന്റെ മുറിയിലേക്ക് ചെല്ലൂ, ലെക്സിയെയും കൂട്ടിക്കോളൂ. ഇത്ര നാളും നിങ്ങള്‍ ഒരുമിച്ചായിരുന്നില്ലേ. അമ്മ ചൂടുള്ളതെന്തെങ്കിലും കുടിക്കാന്‍ എടുക്കാം.

ഇസ, ജോയും, ലെക്സിയുമായി മുകളിലേക്ക് പോയി. അടഞ്ഞു കിടന്ന വാതില്‍ തുറക്കുമ്പോള്‍ അവളെ പ്രതീക്ഷിച്ചെന്നപോലെ ഐസക് അവിടെയുണ്ടായിരുന്നു. രണ്ടു ശരീരവും ഒരാത്മാവുമായി ജീവിച്ചവര്‍. ഇസ പോയത് ഏറ്റവും തളര്‍ത്തിയത് ഐസക്കിനെ ആയിരുന്നു. ജോയെ ലെക്സിയുടെ കയ്യില്‍ കൊടുത്തിട്ടു ഇസ, ഐസക്കിന്റെ അടുത്തേക്ക് ചെന്നു.

അവള്‍ ഐസക്കിനെ സൂക്ഷിച്ചു നോക്കി. ഏകദേശം ആറടി പൊക്കം തോന്നിക്കുന്ന, നീണ്ട കണ്‍പീലികളുള്ള സുന്ദരനായ ഒരു യുവാവായി അവന്‍ മാറിയിരിക്കുന്നു. എടാ... എന്ന് ഇസ വിളിച്ചതും ഐസക്, ഇസയെ മുറുക്കെ കെട്ടിപ്പിടിച്ചു. നീ എവിടാരുന്നു ഇസ. നീയില്ലാതെ ഞാന്‍ ഒറ്റക്കായിപ്പോയി. നീ, ഞാന്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത് നിന്നെ കാണാതായപ്പോഴാണ്. നിന്നോട് വഴക്കു പിടിച്ചു മേടിച്ച ഹെഡ്ഫോണുമായി ഞാന്‍ എത്ര രാത്രികളില്‍ ഉറങ്ങാതിരുന്നിട്ടുണ്ടെന്നോ? നമ്മുടെ അമ്മയെക്കാളും എന്നെക്കാളും ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്നറിയാന്‍ ഒരുപാടി വൈകിപ്പോയി മോളെ.

നീ ഇങ്ങനൊന്നും പറയല്ലേടാ, നീയും അപ്പയും അമ്മയും ഇല്ലാതെ നാലുചുവരുകള്‍ക്കുള്ളില്‍ ഞാനും ലെക്സിയും പേടിച്ചും ഭയന്നും ഉറങ്ങാന്‍ പോലും പറ്റാതെ തള്ളിനീക്കിയ ദിവസങ്ങള്‍. അഞ്ചല്ല അന്‍പതു വര്‍ഷത്തേക്കാള്‍ അതിന് ദൈര്‍ഘ്യമുണ്ടായിരുന്നു.

ഇപ്പോള്‍ ഒന്നും പറയണ്ട ഇസാ. ഐസക്, ഇസയെ തന്നോട് കൂടുതല്‍ ചേര്‍ത്തിരുത്തി. അപ്പോഴാണ് ലെക്സിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ അവന്‍ ശ്രദ്ധിച്ചത്. ആരും ഒന്നും പറഞ്ഞില്ലെങ്കിലും അത് ഇസയുടെ കുഞ്ഞായിരിക്കും എന്നവന്‍ ഊഹിച്ചു. തങ്ങളെ മാറി മാറി നോക്കി ലെക്സിയുടെ കയ്യിലിരിക്കുന്ന ജോയുടെ നേരെ അവിടെ ഇരുന്നു കൊണ്ട് തന്നെ ഐസക് കൈ നീട്ടി.

ഒരു മടിയും കൂടാതെ ജോ, ലെക്സിയുടെ കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങി ഐസക്കിന്റെ അടുത്തേക്കോടി വന്നു. ഐസക് അവനെയും തന്റെ മടിയിലേക്ക് ചേര്‍ത്തു.
ജോ, ഇറ്റസ് യുവര്‍ അങ്കിള്‍, അങ്കിള്‍ ഐസക്.

മോംസ് ട്വിന്‍ ബ്രദര്‍.

ജോ, ഐസക്കിനെ അതിശയത്തോടെ നോക്കി.

ലെക്സിയെയും, ഇസ തന്റെ അടുത്തേക്ക് വിളിച്ചിരുത്തി.

ഇവളും കൂടി ഇല്ലായിരുന്നേല്‍ ഞാന്‍ എപ്പോഴേ മരിച്ചുപോയെനേ. പാവം എനിക്ക് വേണ്ടി ഫെലിക്സിന്റെ കയ്യീന്ന് ഒരുപാട് അടിയും ചവിട്ടും കൊണ്ടിട്ടുണ്ട്. ഇനി മുതല്‍ ഇവളെയും നമ്മുടെ വീട്ടിലെ ഒരംഗമായി നിങ്ങള്‍ കരുതണം.

ഫെലിക്സ് എന്ന് ഇസ പറഞ്ഞപ്പോള്‍ ജോ പെട്ടെന്ന് അവളെ നോക്കി.

മോം, വേര്‍ ഈസ് ഡാഡ്?

ആരും മറുപടി ഒന്നും പറയാതിരുന്നപ്പോള്‍ ചോദിച്ചത് അബദ്ധമായോ എന്ന മട്ടില്‍ അവന്‍ മിണ്ടാതിരുന്നു.

ഇത് നിന്റെയും ഫെലിക്സിന്റെയും കുട്ടിയാണോ ഇസ? ഐസക് ഒരു ദീര്‍ഘനിശ്വാസത്തോടെ ചോദിച്ചു.

അതേടാ, ഫെലിക്സിന്റെ മാനസിക വൈകല്യങ്ങള്‍ക്ക് ഞാന്‍ പകരം കൊടുക്കേണ്ടി വന്നത് എന്റെ ജീവിതമാണ്. പാവം ലെക്സിയും എങ്ങനെയോ അതിന്റെ ഭാഗമായി.

അപ്പോഴാണ് വാതിലില്‍ ആരോ തട്ടുന്ന ശബ്ദവും അതിനോടൊപ്പം ഒരു കരച്ചിലും കേട്ടത്.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam