1 GBP = 92.00 INR                       

BREAKING NEWS

ആദ്യ ലോക കേരളസഭ ചേരാനായി പൊടിച്ചത് 2.85 കോടി രൂപ; ഗള്‍ഫിലെ മേഖലാ സമ്മേളനത്തിനായി പൊടിച്ചത് 20 ലക്ഷത്തിലേറെയും; മോടി പോരെന്ന് പറഞ്ഞ് സ്ഥിരം വേദിക്കായി അത്യാഢംബരം തീര്‍ക്കാന്‍ ധൂര്‍ത്തടിച്ചത് 16.5 കോടി രൂപയും; ആട് ജീവിതങ്ങളെ മറന്ന് പ്രാഞ്ചിയേട്ടന്മാര്‍ക്ക് ഉല്ലാസം തീര്‍ക്കാന്‍ മാത്രമായി ഖജനാവ് ചോര്‍ത്തി ലോക കേരളസഭ; വിമാന ടിക്കറ്റ് ചെലവ് ഒഴികെ മറ്റ് ചെലവ് പൂര്‍ണമായും വഹിക്കുന്നത് കേരള സര്‍ക്കാര്‍; പ്രതിസന്ധിയില്‍ മുണ്ടു മുറുക്കി ഉടുക്കുമ്പോള്‍ പ്രവാസിസഭയെ 'രാജദര്‍ബാര്‍' ആക്കി സര്‍ക്കാര്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിനു ഇന്നു തിരുവനന്തപുരത്ത് തുടക്കമാവുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പുകള്‍ക്കും ബഹിഷ്‌ക്കരണ തീരുമാനത്തിനും ഇടയിലാണ് ലോകകേരള സഭയുടെ പരിപാടികള്‍ക്ക് തുടക്കമാകുന്നത്. നാല്‍പ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് ലോകകേരള സഭ നടക്കുന്നത് എന്ന് ആരോപിച്ചാണ് പ്രതിപക്ഷം ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചിരിക്കുന്നത്.

വൈകീട്ട് നിശാഗന്ധിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സഭയുടെ പരിഗണനയ്ക്ക് വിധേയമാകുന്ന നയരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് അവതരിപ്പിക്കുന്നത്. നവ കേരള നിര്‍മ്മാണത്തില്‍ പ്രവാസികളുടെ പങ്കിനെക്കുറിച്ചാണ് സമ്മേളനത്തിലെ പ്രധാന ചര്‍ച്ച. ലോകകേരള സഭ സ്ഥിരം സംവിധാനം എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കരട് ബില്‍ നാളെ നിയമസഭാ മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ലോക കേരള സഭയ്ക്ക് നിയമസാധുത നല്‍കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സഭാ സമ്മേളനത്തില്‍ ഇതിനായുള്ള നിയമ നിര്‍മ്മാണം നടത്താനാണ് ആലോചന. ഇതോടെ ലോക കേരള സഭയ്ക്ക് നിയമ പ്രാബല്യം ലഭിക്കും. രണ്ടാം ലോക കേരളസഭയുടെ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. രക്ഷാധികാരികളായി ബിനോയ് വിശ്വം എംപി, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ്, എന്നിവരേയും ചെയര്‍മാനായി സുനീര്‍ ഖാനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സ്വീകാര്യതയേക്കാള്‍ കൂടുതല്‍ എതിര്‍പ്പാണ് സമ്മേളനത്തെക്കുറിച്ച് ഉയരുന്നത്. എന്ത് നേട്ടമാണ് സംസ്ഥാന സര്‍ക്കാരിന് ലോക കേരള സഭ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞിട്ടുണ്ട്. അതേസമയം യുഡിഎഫ് എംഎല്‍എമാരും സഭയില്‍ നിന്ന് രാജി വച്ചിട്ടുണ്ട്. കേരളത്തിനു പൊതുവേ സ്വീകാര്യമായ രീതിയില്‍ ആരംഭിക്കേണ്ടിയിരുന്ന ലോക കേരള സഭ പ്രതിപക്ഷത്തിന്റെ തീരുമാനത്തിന്റെ നിഴലില്‍ എതിര്‍പ്പുമായാണ് കടന്നു വരുന്നത്. പ്രവാസി മലയാളികള്‍ക്കും സര്‍ക്കാറിനും പ്രയോജനമില്ലാത്ത വേദിയായി മാറിയിരിക്കുകയാണെന്നാണ് ലോക കേരള സഭയെക്കുറിച്ചുള്ള പ്രധാന ആക്ഷേപം.

വിദേശ മലയാളികളുടെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും സര്‍ക്കാരിന്റെ മുന്നില്‍ ഉപദേശ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ 351 അംഗങ്ങള്‍ ആണ് സഭയില്‍ ഉള്ളത്. നിയമസഭാ അംഗങ്ങളും ലോക്സഭാ അംഗങ്ങളും നിലവില്‍ ലോക കേരള സഭയില്‍ അംഗങ്ങളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ ഉള്ള പ്രമുഖ മലയാളികളും പ്രത്യേക ക്ഷണിതാക്കളായെത്തുന്നുണ്ട്. അഞ്ചു കോടിയോളം രൂപ ബജറ്റില്‍ ലോക കേരള സഭയ്ക്ക് നീക്കിവെച്ചിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ച് പുതുക്കി പണിഞ്ഞാണ് ലോക കേരള സഭയ്ക്ക് സ്ഥിരം വേദി തയാറാക്കിയത്. ഈ തീരുമാനം വിവാദമായിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് 16 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കരാര്‍ നല്‍കിയത്. ഇത് തന്നെ വിവാദമായിരുന്നു. ഈ വിവാദം വന്നപ്പോള്‍ ബാക്കി തുക ഊരാളുങ്കല്‍ സൊസൈറ്റി സര്‍ക്കാരിനു തിരികെ നല്കും എന്നാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അറിയിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രതിനിധികളുടെ ചെലവ് വിമാന ടിക്കറ്റ് ചെലവ് ഒഴികെയുള്ള മറ്റ് ചെലവ് പൂര്‍ണമായും കേരള സര്‍ക്കാര്‍ ആണ് വഹിക്കുന്നത്. ചില പ്രതിനിധികള്‍ സ്വന്തം ചെലവില്‍ തന്നെയാണ് വന്നു മടങ്ങുന്നത്. ഇവര്‍ ഈ കാര്യം മുന്‍കൂട്ടി തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അല്ലാതെയുള്ളവരുടെ ചെലവ് സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ ലോക കേരള സഭ സമ്മേളനം ചേരും. എല്ലാ വര്‍ഷവും മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും പകരം പുതിയ അംഗങ്ങളെ ചേര്‍ക്കുകയും ചെയ്യുന്നതാണ് സംവിധാനം.

പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണത്തിന്റെ പിന്നില്‍ രാഷ്ട്രീയം ആണെന്ന അഭിപ്രായമാണ് ലോക കേരള സഭാ സെക്രട്ടറിയേറ്റ് അംഗവും നോര്‍ക്കാ റൂട്ട്സ് വൈസ് ചെയര്‍മാനുമായ കെ.വരദരാജന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞത്. ലോക കേരള സഭയില്‍ നിന്നുള്ള ഗുണങ്ങള്‍ ഇടത് സര്‍ക്കാരിന് ലഭിക്കും എന്ന ധാരണയില്‍ നിന്നാണ് ബഹിഷ്‌ക്കരണ തീരുമാനം വന്നിരിക്കുന്നത്. പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും തീരുമാനമെടുത്ത് പോയതിന്റെ പേരില്‍ മാറി നില്‍ക്കുന്നു എന്നാണ് പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങള്‍ പലരും ഞങ്ങളോട് പ്രതികരിച്ചത്. കക്ഷി രാഷ്ട്രീയത്തിന്നതീതമാണ് ലോക കേരള സഭ. ഒ.രാജഗോപാലും പി.സി.ജോര്‍ജും എംഎല്‍എമാരാണ്. ഇവര്‍ ലോക കേരള സഭയില്‍ പങ്കെടുക്കുന്നുണ്ട്. ഇപ്പോഴും പ്രതീക്ഷ പ്രതിപക്ഷം പങ്കെടുക്കും എന്നാണ്. ഞങ്ങള്‍ ഇപ്പോഴും പ്രതിപക്ഷവുമായി ബന്ധപ്പെടുന്നുണ്ട്. എംഎല്‍എമാരും എംപിമാരും ഒഴികെ 258 അംഗങ്ങളാണ് പ്രതിനിധികളായി പങ്കെടുക്കുന്നത്. ഇരുപത്തിയൊന്നു സംസ്ഥാനങ്ങളില്‍ നിന്നും 47 ലോകരാജ്യങ്ങളില്‍ നിന്നുമുള്ള മുഴുവന്‍ പ്രതിനിധികളുടെയും അംഗ സംഖ്യ ഇതാണ്-വരദരാജന്‍ പറയുന്നു.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പിന്റെയും ബഹിഷ്‌ക്കരണത്തിന്റെയും കാരണങ്ങള്‍:
ലോക കേരള സഭയുടെ ആദ്യസമ്മേളനത്തില്‍ യാതൊരു മുന്‍വിധികളുമില്ലാതെ പ്രതിപക്ഷം സഹകരിച്ചത്. നല്ല ചര്‍ച്ചകളാണ് ഉദ്ഘാടന സമ്മേളനത്തില്‍ നടന്നത്. കുറെയധികം തീരുമാനങ്ങളും എടുത്തു. ലോക കേരള സഭ ഒരു ആഡംബര വസ്തുവായി മാറരുതെന്ന മുന്നറിയിപ്പാണ് പ്രതിപക്ഷം നല്‍കിയത്. മറിച്ച് പ്രവാസികളായ മലയാളികള്‍ക്കും സംസ്ഥാനത്തിനും പ്രയോജനകരമായ ഒരു വേദിയായി ഇത് മാറണം എന്നാണ് ഇതിലൂടെ അര്‍ഥമാക്കിയത്. പക്ഷെ രണ്ടു വര്‍ഷം കഴിഞ്ഞ് രണ്ടാം കേരള സഭാ സമ്മേളനം എത്തുമ്പോള്‍ ഇത് ഒരു ആഡംബര വസ്തുവാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. എന്തു പ്രയോജനമാണ് ഈ സഭ കൊണ്ട് പ്രവാസികള്‍ക്കും സംസ്ഥാനത്തിനും ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സര്‍ക്കാരിന്റെ മറ്റെല്ലാ പദ്ധതികളെയും പോലെ ലോക കേരളസഭയെയും ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും പര്യായമാക്കി മാറ്റി.

ഒരു പ്രഹസനം എന്നതിനപ്പുറം ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ലോക്‌സഭാ സമ്മളേനത്തിന് ശേഷം ഇപ്പോഴത്തെ സമ്മേളനത്തിനിടിയില്‍ കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വന്ന രണ്ടു പ്രവാസികള്‍ക്ക് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യേണ്ടി വന്നു. രണ്ടും സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുവദിക്കാതെ ഭരണകക്ഷിക്കാരും അധികൃതരും അവരെ പീഡിപ്പിച്ചത് കാരണം. 2018 ഫെബ്രുവരി 23 നായിരുന്നു പുനലൂരില്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വന്ന സുഗതന്‍ എന്ന പ്രവാസി ആ വര്‍ക്ക്‌ഷോപ്പിന് വേണ്ടി പണിത ഷെഡ്ഡില്‍ തൂങ്ങി മരിച്ചത്. ഇടതു മുന്നണിയിലെ രണ്ടാമത്തെ ഭരണ കക്ഷിയായ സിപിഐയുടെ യുവജനവിഭാഗത്തിന് കോഴ കൊടുക്കത്തതിനാല്‍ അവര്‍ അവിടെ കൊടി കുത്തി പണി തടസ്സപ്പെടുത്തിയതായിരുന്നു കാരണം. ഗള്‍ഫില്‍ ജീവിത കാലം മുഴുവന്‍ പണിയെടുത്ത് സമ്പോദിച്ച പണം ഉപയോഗപ്പെടുത്തി നാട്ടില്‍ സംരംഭം തുടങ്ങാന്‍ ശ്രമിച്ചതിനാണ് സുഗതന് ജീവന്‍ നഷ്ടമായത്.

2019 ജൂണ്‍ 18 നാണ് കണ്ണൂരിലെ ആന്തൂരില്‍ സാജന്‍ പാറയില്‍ എന്ന മറ്റൊരു പ്രവാസി തൂങ്ങി മരിച്ചത്. ഭരണ മുന്നണിയിലെ ഒന്നാം കക്ഷിയായ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ധാര്‍ഷ്ട്യത്തിന് ഇരയായി അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. നൈജീരിയയില്‍ നിന്ന് മടങ്ങിയത്തിയ സാജന്‍ തന്റെ ജീവിത സമ്പാദ്യമായ 16 കോടി രൂപ മുടക്കി നാട്ടില്‍ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായത്. പ്രവാസി മലയാളികളുടെ പേരില്‍ കേരളസഭ നടത്തി ഒരു വശത്ത് ചുവപ്പ് പരവതാനി വിരിക്കുകയും മറു വശത്ത് ഇവിടെ സംരംഭം തുടങ്ങന്‍ വരുന്നവരെ കൊലയ്ക്ക് കൊടുക്കുകയുമാണ് ഇടതുമുന്നണി ചെയ്യുന്നത്. കാപട്യം നിറഞ്ഞതും നിഷ്ഠൂരവുമാണ് ഇടതു മുന്നണിയുടെ ഈ നിലപാട്. അതിനാലാണ് ഈ കാപട്യത്തിന് കുട പിടിക്കാന്‍ കഴിയാത്തതിനാല്‍ ലോക കേരള സഭ എന്ന പ്രഹസനത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതും അതില്‍ നിന്ന് രാജി വച്ചതും.

ഇടതു സര്‍ക്കാരിന് കീഴില്‍ ആത്മഹത്യ ചെയ്യേണ്ടി വന്ന ഈ രണ്ടു പ്രവാസികള്‍ക്കും അവരുടെ മരണ ശേഷം പോലും നീതി ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറായില്ല. പുനലൂരില്‍ ആത്മഹത്യ ചെയ്ത സുഗതന്റെ മക്കള്‍ക്ക് ഇന്നും അവിടെ വര്‍ക്ക്‌ഷോപ്പ് ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സുഗതന് പാരപണിതവര്‍ പല വഴികളിലൂടെയും അദ്ദേഹത്തിന്റെ ആശ്രിതര്‍ക്കും പാരപണിയുന്നു. സാജന്റെ ആത്മഹത്യയ്ക്ക് ശേഷം അദ്ദേഹത്തിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പോലും സിപിഎം ശ്രമിച്ചു. ആ കുടുംബത്തെ മൂക്ക് കൊണ്ട് നിലത്ത് 'ക്ഷ' എഴുതിച്ച ശേഷമാണ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നല്‍കിയത്. അനാവശ്യമായി നഗരസഭ നിര്‍ദ്ദേശിച്ച മാറ്റങ്ങളെല്ലാം നടപ്പില്‍ വരുത്തേണ്ടി വന്നു. സാജന്റെ മരണത്തിന് ഉത്തരവാദികളായ ആര്‍ക്കെതിരെയും ഒരു ശിക്ഷാ നടപടിയും ഉണ്ടായില്ല. ചിലരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു എങ്കിലും എല്ലാവരെയും ഇതിനകം തിരിച്ചെടുത്തു. ഈ പ്രവാസി സംരംഭകര്‍ക്ക് അവരുടെ ദാരുണ മരണത്തിന് ശേഷം പോലും നീതി ലഭ്യമാക്കാന്‍ കഴിയാത്ത സര്‍ക്കാരിന് ലോക കേരള സഭ വിളിച്ചു കൂട്ടാന്‍ അര്‍ഹതയില്ല.

കേരളത്തില്‍ സംരംഭം തുടങ്ങാന്‍ വരുന്ന പ്രവാസികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ട് ആര്‍ഭാടപൂര്‍വ്വം ലോക കേരള സഭ കൂടുന്നതില്‍ എന്താണ് അര്‍ഥം? ഇടതു സര്‍ക്കാരിന്റെ മറ്റെല്ലാ പദ്ധതിയെയും പോലെ ലോക കേരളസഭയും പൊള്ളയായ ഒരു സംരംഭം മാത്രമാണ്. വെറുതെ വാഗ്ദാനങ്ങള്‍ വാരിച്ചൊരിയുകയും തീരുമാനങ്ങളെടുക്കുയും ചെയ്യുകയല്ലാതെ ഒന്നും നടപ്പാക്കാതിരിന്ന സര്‍ക്കാരിന്റെ പതിവ് രീതി തന്നെയാണ് ലോക കേരള സഭയിലും നടക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന ലോക കേരളസഭയില്‍ പ്രതിപക്ഷം ഉള്‍പ്പടെ ഇരുന്നു കൈക്കൊണ്ടവയില്‍ 99% തീരുമാനങ്ങളും നടപ്പാക്കിയിട്ടില്ല. ഈ സര്‍ക്കാര്‍ കഴിഞ്ഞ നാല് ബഡ്ജറ്റുകളില്‍ ചെയ്തതു പോലെ കുറെ പദ്ധതികള്‍ വാരിക്കോരി പ്രഖ്യാപിക്കുകയും അത് നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ശൈലി തന്നെയാണ് ഇവിടെയും സ്വീകരിച്ചത്. നടപ്പാക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു സമ്മേളനം ചേരുന്നത്?

ആകെ നടന്ന രണ്ടു കാര്യങ്ങള്‍ ലോക കേരള സഭയ്ക്കായി സെക്രട്ടേറിയറ്റ് രൂപീകരിച്ചതും നിയമസഭയിലെ പ്രൗഢഗംഭീരമായിരുന്ന ശങ്കരനാരായണന്‍ തമ്പി ഹാള്‍ പൊളിച്ച് പണം വാരിയെറിഞ്ഞ് മറ്റൊന്നു നിര്‍മ്മിക്കുകയും ചെയ്തതാണ്. ശരറാന്തല്‍ വിളക്കുകള്‍ തൂങ്ങിനിന്നിരുന്ന കമനീയമായ ഹാളായിരുന്നു പഴയത്. 16.5 കോടി രൂപ ചെലവിട്ടാണ് ആ ഹാള്‍ പുതുക്കിയത്. ആദ്യ കേരള സഭ ചേരുന്നതിനായി 1.85 കോടി രൂപ ചെലവില്‍ രണ്ടു വര്‍ഷം മുമ്പ് ഹാള്‍ മോടി പിടിപ്പിച്ചിരുന്നു. ആ മോടി പോരെന്ന് തോന്നിയിട്ടാണ് 16.5 കോടി കൂടി ചെലവാക്കി വീണ്ടും മോടി കൂട്ടിയത്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ രണ്ടു ദിവസം മാത്രം ചേരുന്ന ഒരു സമ്മേളനത്തിനായി ഇത്രയും വന്‍തുക ചെലവാക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം പൊതുസമൂഹത്തില്‍ ഉയരുന്നുണ്ട്. പ്രത്യേകിച്ച് സംസ്ഥാനം നിത്യചെലവ്ക്ക് പോലും പണമില്ലാത്ത അത്ര കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍. ആദ്യ കേരള സഭയ്ക്കായി ചെലവായത് 2,85,29,482 രൂപയാണ്. ഗള്‍ഫില്‍ നടന്ന മേഖലാ സമ്മേളനത്തിനായി ചിവലാക്കിയത് 18,40,670 രൂപയാണ്. ഗള്‍ഫില്‍ ലക്ഷക്കണക്കിന് മലയാളികള്‍ ആടു ജീവിതം നയിച്ച് നരകിക്കുകയാണ്. ഇവിടെ അവരുടെ പേരില്‍ ആര്‍ഭാടവും നടത്തുന്നു.

ഗള്‍ഫില്‍ തടവിലായവരുടെ കണക്ക് പോലും സര്‍ക്കാരിന്റെ കയ്യില്‍ ഇല്ല. അവരുടെ പ്രശ്‌നങ്ങള്‍ കണ്ടെത്താനോ പരിഹരിക്കാന്‍ ഒരു ഉദ്യമവും ഉണ്ടായിട്ടില്ല. വിദേശത്ത് പണിയെടുക്കുന്ന മലയാളികളുടെ പ്രശ്‌നങ്ങള്‍ അഡ്‌റസ് ചെയ്യാതെ ഇവിടെ കണ്ണഞ്ചിക്കുന്ന ആര്‍ഭാടത്തോടെ സമ്മേളനം ചേരുന്നത് അര്‍ത്ഥരഹിതമാണ്. മുഖ്യമന്ത്രി ഇടയ്ക്ക് വിദേശത്ത് പോയി വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞ് പ്രവാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. കേരള സഭയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. ആര്‍ഭാടവും ധൂര്‍ത്തും നടത്തുന്നതിനുള്ള വേദിയാക്കി സര്‍ക്കാര്‍ ലോക കേരള സഭയെ മാറ്റി-പ്രതിപക്ഷം ആക്ഷേപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category