1 GBP = 92.00 INR                       

BREAKING NEWS

പൗരത്വ നിയമത്തിന് എതിരായ പ്രമേയത്തിന് നിയമ സാധ്യതയോ ഭരണഘടനാ സാധ്യതയോ ഇല്ല; പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയം; സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ല; വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല; ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല: പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തള്ളി കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

'പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. ഈയാവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കുന്നതില്‍ എനിക്കൊരു പ്രശ്‌നവുമില്ല. കേരളത്തിന് ഒരു പ്രശ്‌നവും വരാത്ത ഒരു വിഷയത്തില്‍ ഈയാളുകള്‍ ഇടപെടുന്നത് എന്തിനാണ്? വിഭജനത്തില്‍ കേരളത്തിനൊന്നും സംഭവിച്ചിട്ടില്ല. ഇവിടെ അനധികൃത കുടിയേറ്റക്കാരുമില്ല,' അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയ സംഭവത്തില്‍ രാജ്യസഭ അവകാശ സമിതി നടപടി സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് ഇടെയാണ് കേരളാ ഗവര്‍ണറുടെ പ്രമേയം പുറത്തുവന്നതും. കേരള നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ ബിജെപി നേതാവ് നല്‍കിയ അവകാശ ലംഘന നോട്ടീസ് രാജ്യസഭ അവകാശ സമിതി വെള്ളിയാഴ്ച ചര്‍ച്ച ചെയ്തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി നേതാവും രാജ്യസഭാ അവകാശ സമിതി അംഗവുമായ ജി വി എല്‍ നരസിംഹ റാവു എംപിയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയത്. ബിജെപിക്ക് ഭൂരിപക്ഷമുള്ള അവകാശ സമിതി, നിയമസഭയുടെ പ്രമേയത്തിന് എതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് യുഎന്‍ഐ റിപ്പോര്‍ട്ട്.

കേരള മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്റിന്റെ പരമാധികാരത്തിന് എതിരാണെന്ന് കാട്ടിയാണ് നരസിംഹ റാവു നോട്ടീസ് നല്‍കിയത്. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാര്‍ലമെന്റിന്റെ അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവംശ് നാരായണ്‍ സിങ് അധ്യക്ഷനായ സമിതിയില്‍ ആകെയുള്ള പത്ത് അംഗങ്ങളില്‍ നാല് പേര്‍ ബിജെപി അംഗങ്ങളാണ്. എന്‍ഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ ഒരംഗവും കോണ്‍ഗ്രസിന്റെ രണ്ടംഗങ്ങളും ഡിഎംകെയുടെയും ബിജെഡിയുടെ ഒന്നുവീതം അംഗങ്ങളും സമിതിയിലുണ്ട്. പരാതി നല്‍കിയ ബിജെപി എംപി നരസിംഹ റാവുവും സമിതിയില്‍ അംഗമാണ്. വിഷയം സമിതി ഉറപ്പായും പരിഗണിക്കുമെന്ന് നരസിംഹ റാവു പറഞ്ഞു. സമിതിയിലെ അംഗമെന്ന നിലയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച്ചയാണ് കേരളാ നിയമസഭ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ പ്രമേയം അവതരിപ്പിക്കുന്നതിനാല്‍ അനുമതി നല്‍കിയില്ല. ബിജെപി. എംഎല്‍എ ഒ.രാജഗോപാല്‍ ചര്‍ച്ചാ വേളയില്‍ എതിര്‍പ്പു പറഞ്ഞെങ്കിലും സഭ പാസാക്കിയപ്പോള്‍ മൗനം പാലിച്ചു. ചുരുക്കത്തില്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്.

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്‌കാരത്തേയും ഉള്‍ക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യന്‍ ദേശീയത. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍ മത-രാഷ്ട്ര സമീപനമാണ് അതില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്. ഇത് ഭരണഘടന മുന്നോട്ട് വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാല്‍ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളില്‍ ഉയര്‍ന്ന് വരുന്ന ആശങ്കകള്‍ കണക്കിലെടുത്തുകൊണ്ട് പൗരത്വം നല്‍കുന്നതില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് വഴി വെക്കുന്നതും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത തകര്‍ക്കുന്നതുമായ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.

ദേശീയപൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ എതിര്‍പ്പുകള്‍ ഇല്ലാതെ പാസാക്കിയ പ്രമേയം ദേശീയ തലത്തില്‍ വലിയ ചര്‍ച്ച ആകുകയാണ്. കേരളത്തിന്റെ മാതൃക പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം കേരളത്തിന്റെ നീക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധം നേരിടുന്ന കേന്ദ്രസര്‍ക്കാറിനും തലവേദന ആയിരിക്കയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരളാ സര്‍ക്കാരിനെ അഭിനന്ദിച്ച് കൂടുതല്‍പ്പേര്‍ രംഗത്തുവന്നിരുന്നു. പ്രമേയം പാസാക്കിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നതായി സ്റ്റാലിന്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഡിഎംകെ അധ്യക്ഷനു പിറകെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് ആരിഫ് നസീം ഖാനാണ് കേരളാ സര്‍ക്കാരിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരും ഇത്തരത്തില്‍ പ്രമേയം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'കേരളാ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ അടക്കം എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടണം,' അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് ധിക്കാരപരമായ സമീപനം ആണെന്നാണ് പ്രമേയത്തോടുള്ള കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പസാക്കിയ കേരള നിയമസഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി രംഗത്തു വന്നിട്ടുണ്ട്. കേരളം ഭരണഘടനക്കെതിരെ നീങ്ങുന്നു എന്നാണ് ബിജെപി ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്. ഭരണഘടനയെയും പാര്‍ലമെന്റിനെയും അവഹേളിക്കുന്നതാണ് കേരള നിയമസഭയുടെ പ്രവൃത്തിയെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയും ബിജെപി നേതാവുമായ മുഖ്താര്‍ അബ്ബാസ് നഖ്വി ആരോപിച്ചു. പാര്‍ലമെന്റിന്റെയും സംസ്ഥാന നിയമസഭകളുടെയും ചുമതലകള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭരണഘടന തൊട്ട് സത്യം ചെയ്ത ആളുകള്‍ തന്നെ അതിനെ ഇല്ലാതാക്കുന്നത് തീര്‍ത്തും ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതാണ്. അതിനെതിരെ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കുന്നത് ഭരണഘടനയെ മാത്രമല്ല പാര്‍ലമെന്റിനെയും അവഹേളിക്കലാണ്- നഖ്വി പറഞ്ഞു. അതേസമയം അരാജകത്വത്തിനു വഴിവയ്ക്കുന്നതാണ് കേരള നിയമസഭയുടെ നടപടിയെന്ന് ബിജെപി നേതാവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ പ്രതികരിച്ചു. തീര്‍ത്തും തെറ്റായതും ഭരണഘടന വിരുദ്ധവുമായ പ്രവൃത്തിയാണ് കേരള നിയമസഭയുടേത്. പാര്‍ലമെന്റ് പാസാക്കി രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച ഒരു നിയമത്തിനെതിരെ നിയമസഭയ്ക്ക് എങ്ങനെ പ്രമേയം കൊണ്ടുവരാനാവും? അത് അരാജകത്വത്തിനാണ് വഴിവയ്ക്കുക. ഭരണഘടനയാണ് പരമം എന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍ക്കണമെന്ന് അഗര്‍വാള്‍ പ്രതികരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category