1 GBP = 92.50 INR                       

BREAKING NEWS

പ്ലേ സ്‌കൂളില്‍ നിന്ന് വരുമ്പോള്‍ ഇടിച്ചിട്ട കാര്‍ ഒന്നു നിര്‍ത്തിയിട്ട് മുമ്പോട്ട് പോയി; യുവാക്കള്‍ ബൈക്ക് തടഞ്ഞിട്ട് കാര്‍ പിടിച്ചു നിര്‍ത്തി; കാറിനുള്ളിലേക്ക് കയറിയതു മുതല്‍ കേട്ടത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത വാക്കുകള്‍; കയറിയപ്പോള്‍ തന്നെ പെണ്‍കുട്ടി പറഞ്ഞത് പുതിയ കാറാണ് ചോരയൊന്നും സീറ്റില്‍ വീഴാതെ നോക്കണമെന്നും; എല്ലാവര്‍ക്കും നന്ദി; പ്രതിയെ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടത് ഏറെ മാനസിക വിഷമമുണ്ടാക്കി; ശ്രീകാര്യത്തെ അപകടത്തില്‍ പോരാട്ടം തുടരും: ആരുഷിന്റെ അമ്മ മറുനാടനോട്

Britishmalayali
ആര്‍ പീയൂഷ്

തിരുവനന്തപുരം: രണ്ടു വയസുകാരന്‍ ആരുഷിനെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ച് വഴിയിലുപേക്ഷിച്ച മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി സജി മാത്യുവില്‍ നിന്നും മാതാവ് രേഷ്മ കേട്ടത് മനുഷ്യത്വം തൊട്ടു തീണ്ടാത്ത വാക്കുകള്‍. കാറിനുള്ളിലേക്ക് കയറിയപ്പോള്‍ മുതല്‍ ഇയാള്‍ വളരെ മോശമായി പെരുമാറുകയും അപമാനിച്ചു സംസാരിക്കുകയും ചെയ്തു.

അപകടമുണ്ടാകാന്‍ കാരണം തങ്ങളാണെന്നും തന്റെ കാറിലേക്ക് വന്നിടിക്കുകയായിരുന്നു എന്നും പറഞ്ഞ് ദേഷ്യപ്പെട്ടു. കൂടാതെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി പുതിയ കാറാണെന്നും കാറിനുള്ളില്‍ ചോര പറ്റാതെ നോക്കണം എന്നാവശ്യപ്പെടുകയും ചെയ്തു. എന്നുമാണ് രേഷ്മ പറയുന്നത്. ഡിസംബര്‍ 28ന് നടന്ന അപകടത്തെ കുറിച്ചും തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെ പറ്റിയും രേഷ്മ മറുനാടന്‍ മലയാളിയോട് പറയുന്നു.

കുഞ്ഞിനെ പ്ലേ സ്‌ക്കൂളില്‍ നിന്നും വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരികയായിരുന്നു. ഗാന്ധിപുരത്തെത്തിയപ്പോഴാണ് എന്റെ ടൂവീലറിന്റെ പിന്നില്‍ ഒരു കാര്‍ വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഞാനും മോനും റോഡിലേക്ക് വീണു. മോന്റെ മുഖം റോഡിലൂടെ ഉരഞ്ഞ് നല്ല രീതിയില്‍ പരിക്ക് പറ്റി. എന്റെ വാഹനത്തില്‍ ഇടിച്ച കാര്‍ ഒന്നു നിര്‍ത്തിയിട്ട് മുന്നോട്ടെടുത്ത് പോയി. ആ സമയം അവിടെ വിജനമായിരുന്നു. അപ്പോഴാണ് എവിടെ നിന്നോ എത്തിയ രണ്ടു ചെറുപ്പക്കാര്‍ ഞങ്ങള്‍ വീണു കിടക്കുന്നതും കാര്‍ അവിടം വിട്ടു പോകുന്നതും കണ്ടത്. അവര്‍ വേഗം കാറിനെ മറികടന്ന് ബൈക്ക് കുറുകെ നിര്‍ത്തി തടഞ്ഞത്.

അവര്‍ തമ്മില്‍ കുറേ വാക്കുതര്‍ക്കമുണ്ടായ ശേഷമാണ് കാര്‍ പിന്നിലേക്ക് വന്ന് ഞങ്ങളെ കയറ്റിയത്. കാറിനുള്ളില്‍ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അത് അയാളുടെ മകളാണെന്ന് പിന്നീടറിഞ്ഞു. കാറില്‍ കയറിയപ്പോള്‍ തന്നെ പെണ്‍കുട്ടി പറഞ്ഞു. പുതിയ കാറാണ് ചോരയൊന്നും സീറ്റില്‍ വീഴാതെ നോക്കണമെന്ന്. ഞാന്‍ കുഞ്ഞിന്റെ മുഖം എന്റെ വസ്ത്രം കൊണ്ട് പൊതിഞ്ഞു പിടിച്ചു. രക്തം നന്നായി പോകുന്നുണ്ടായിരുന്നു. കുഞ്ഞ് നിലവിളിച്ച് കരയുമ്പോഴും വാഹനം പതുക്കെ ഓടിക്കുകയായിരുന്നു അയാള്‍. കുഞ്ഞിന്റെ നിലവിളി ആസ്വദിച്ച് ഡ്രൈവ് ചെയ്യും പോലെ. ഒന്നു വേഗം ഏതെങ്കിലും ഒരു ആശുപത്രിയിലെത്തിക്കാമോ എന്ന് ഞാന്‍ അപേക്ഷിച്ചപ്പോള്‍ എനിക്ക് ഇങ്ങനെ വാഹനം ഓടിക്കാന്‍ കഴിയൂ എന്നും വേണമെങ്കില്‍ വേറെ ഏതെങ്കിലും വാഹനത്തില്‍ പോകൂ എന്നും പറഞ്ഞ് കാര്‍ ചാവടി മുക്കില്‍ നിര്‍ത്തുകയായിരുന്നു.

ആ സമയം അവിടെ ഉണ്ടായിരുന്ന ഓട്ടോക്കാരനോട് അപകടമുണ്ടായ വിവരം പറയുകയും വേഗം കിംസ് ആശുപത്രിയില്‍ എത്തിക്കണമെന്നും ആവിശ്യപ്പെട്ടു. അദ്ദേഹം മറ്റ് ഓട്ടോ ഡ്രൈവര്‍മാരോട് അപകടമുണ്ടാക്കിയ കാറാണിതെന്നും തടഞ്ഞു വെക്കാനും പറഞ്ഞു. ഉടന്‍ തന്നെ ഞങ്ങളെ ആ ഓട്ടോറിക്ഷക്കാരന്‍ കിംസിലെത്തിച്ചു. കുഞ്ഞിനെ വേഗം തന്നെ ഐ സി യു വില്‍ കയറ്റി. എനിക്ക് കാലിന് മാത്രമേ പരിക്ക് പറ്റിയിരുന്നുള്ളൂ. എനിക്കും പ്രാഥമിക ശുശ്രൂഷ നല്‍കി. എന്റെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ വരുന്നത് വരെ ഞങ്ങളെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷാക്കാരന്‍ അവിടെ തന്നെ നില്‍പ്പുണ്ടായിരുന്നു. അയ്യപ്പന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹമാണ് കാറിന്റെ നമ്പറൊക്കെ കുറിച്ചു വച്ചതും വേണ്ട സഹായങ്ങളൊക്കെ ചെയ്തു തന്നതും. മൂന്ന് ദിവസത്തോളം ഐ.സി.യുവില്‍ കുഞ്ഞ് കിടന്നു. പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. ഇപ്പോള്‍ കുഞ്ഞ് സുഖം പ്രാപിച്ചു വരുന്നുണ്ട്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സാര്‍ വന്ന് ആശ്വസിപ്പിക്കുകയും എല്ലാ നിയമ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലെ കണ്ടിട്ടില്ലാത്ത ഒരു പാടു പേരും ഒപ്പം നിന്നു. എല്ലാവര്‍ക്കും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുകയാണ്. പൊലീസിന്റെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും ലഭിച്ചു. പക്ഷേ നിസാര വകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടത് ഏറെ മാനസിക വിഷമമുണ്ടാക്കിയിട്ടുണ്ട്. ഇനിയൊരാള്‍ക്കും ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടാകാതിരിക്കാന്‍ ഇയാള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനമെന്നും രേഷ്മ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

അപകടമുണ്ടാക്കിയ ശേഷം ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലുപേക്ഷിച്ച് കടന്ന് കളഞ്ഞ മുന്‍ പൊലീസ് ഉദ്യോഗസ്ഥനും പ്രവാസിയുമായ കൊട്ടാരക്കര വെട്ടിക്കവല സദാനന്തപുരം കിഴക്കേ വിള വീട്ടില്‍ സജി മാത്യുവിനെ അറസ്റ്റ് ചെയ്യാതിരുന്നതിന് വ്യാപക പ്രതിഷേധമാണുയര്‍ന്നത്. മറുനാടന്‍ മലയാളി ഇതു സംബന്ധിച്ച് വാര്‍ത്തയും നല്‍കി. ഇതോടെ കഴിഞ്ഞ രാത്രിയില്‍ കഴക്കൂട്ടം എസ്ഐ എ. സന്തോഷ് കുമാര്‍ പ്രതിയെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തിരുന്നു.

അശ്രദ്ധമായി അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിന് ഐ.പി.സി 279, ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് ഐ.പി.സി 337, സമയത്ത് വൈദ്യസഹായം നല്‍കാതിരുന്നതിന് ഐ.പി.സി 134 (എ) പൊലീസില്‍ അറിയിച്ചതുകൊണ്ടു 134 ( ബ) ഒഴിവാക്കിയാണ് കേസെടുത്തത്. അപകടസമയത്ത് ഇയാള്‍ ഓടിച്ചിരുന്ന കെ.എല്‍ 24 ടി 013 2 നമ്പരിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറും കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ ഒരു രാത്രി കസ്റ്റഡിയില്‍ വച്ചതിന് ശേഷം രാവിലെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കേശവദാസപുരത്തെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം നടന്നത്. കാറില്‍ ഇയാള്‍ക്കൊപ്പം മകളും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ അമിതവേഗതയിലെത്തിയ സ്‌ക്കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ തന്റെ വാഹനത്തില്‍ തട്ടുകയായിരുന്നു എന്നാണ് സജി മൊഴി നല്‍കിയത്.

സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതും മറുനാടന്‍ മലയാളി സംഭവത്തെ പറ്റി വിശദമായി വാര്‍ത്ത നല്‍കിയതും മൂലമാണ് പൊലീസ് വിഷയത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിച്ചത്. മറുനാടന്‍ പുറത്തു വന്നതിന് പിന്നാലെ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരുഷിന്റെ വീട്ടിലെത്തി സംഭവത്തെ പറ്റി ചോദിച്ചറിയുകയും എത്രയും വേഗം നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ധേശം നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category