1 GBP = 102.00 INR                       

BREAKING NEWS

അധോലോകത്തിലെ മലയാളി ഭീകരന്മാര്‍

Britishmalayali
എം. ഡൊമനിക്

ണ്ടന്‍ പിക്കാഡില്ലി സര്‍ക്കസ്ലെ അണ്ടര്‍ ഗ്രൗണ്ട് സ്റ്റേഷന്റെ താഴെയ്ക്കുള്ള പടവുകള്‍ ഇറങ്ങുകയാണ് ഞാന്‍. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ഉള്ള മടക്ക യാത്ര. വൈകുന്നേരം അഞ്ചര മണി ആയി സമയം. എല്ലായിടത്തും അത്യാവശ്യം നല്ല തിരക്കുണ്ട്.

പണ്ട് സൂര്യന്‍ അസ്തമിച്ചിട്ട് ഇല്ലാത്ത ഈ സാമ്രാജ്യത്തില്‍, എന്തുകൊണ്ടോ, ചില ദിവസങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയും സൂര്യനെ കാണാറെയില്ല. മൂപ്പര്, എവിടെയോ മറഞ്ഞിരുന്നു, ഇവിടെ പണ്ട് അസ്തമിക്കാന്‍ പറ്റാഞ്ഞതിന്റെ ക്ഷീണം തീര്‍ക്കുകയായിരിക്കും!

അണ്ടര്‍ ഗ്രൗണ്ട് ട്രെയിനില്‍ കയറി ലണ്ടന്‍ കൊവെന്റ് ഗാര്‍ഡനില്‍ എത്തുകയാണ് എന്റെ ലക്ഷ്യം.

തറ നിരപ്പില്‍ നിന്നും നാല്‍പതും അന്‍പതും മീറ്റര്‍ താഴെ ഉള്ള ഈ അധോലോകത്തു നടക്കുന്ന വ്യാപാരങ്ങള്‍ക്ക് പുറം ലോകവുമായി കാര്യമായ ഒരു ബന്ധവും ഇല്ല. അത് മറ്റൊരു ലോകം.

അവിടെ സഞ്ചരിക്കുന്ന എല്ലാവരുടെയും തോളിലോ പുറത്തോ ഒരു ബാഗ് തൂങ്ങുന്നുണ്ടാവും ധര്‍മ്മക്കാരന്റെ മാറാപ്പ് പോലെ. അതില്‍ എന്താണ് ഉള്ളത് എന്ന് അതിന്റെ ഉടമസ്ഥര്‍ക്കെ അറിയൂ.

പണ്ട് കയ്യില്‍ തൂക്കിപ്പിടിച്ചു നടന്നിരുന്ന ബാഗുകള്‍ ഇന്ന് വിക്രമാദിത്യന്റെ വേതാളത്തിനെപ്പോലെ ആളുകളുടെ മുതുകില്‍ കയറി ഇരിക്കുകയാണ്. ഇപ്പോള്‍ അതാണ് സ്റ്റൈല്‍.

സ്വന്തം മക്കളെ പോലും ഒക്കത്തു കയറ്റിയിട്ടില്ലാത്തവന്റെ മുതുകത്തു കയറി കൂടി ഇരിക്കുന്ന ഇത്തിള്‍ കണ്ണികള്‍ ആണവ!

ഇടനാഴികള്‍ കടന്ന് ലിഫ്റ്റില്‍ കയറി അണ്ടര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി ചെന്നാല്‍ കാണുന്നത് ഇരുപത്തിനാലു മണിക്കൂറും ഉണര്‍ന്നിരിക്കുന്ന പല ദിശയിലേക്കും ഉള്ള പ്ലാറ്റ് ഫോമുകള്‍.

അതിന്റെ രണ്ടു വശത്തേയ്ക്കും നീളെ നീണ്ടു കിടക്കുന്ന ടണലുകള്‍. ഫ്ലൂറസെന്റ് വെളിച്ചം വിതറി നിക്കുന്ന പ്ലേറ്റ് ഫോമില്‍ വിവിധ നാട്ടുകാര്‍ ആയ യാത്രക്കാര്‍. പല ഭാഷക്കാര്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അനൗണ്‍സ് ചെയ്യുന്ന പോലെ ഒരാള്‍ പ്ലാറ്റഫോമില്‍ നിന്നും അടുത്ത മിനിറ്റില്‍ വരുന്ന ട്രെയിന്‍ എങ്ങോട്ടാണ് എന്ന് വിളിച്ചു പറയുന്നുണ്ട്.

സമയ നിഷ്ടയുടെ കാര്യത്തില്‍ ദൈവത്തിന്റെ നാട്ടിലെ 'വേണാട് എക്സ്പ്രസ്സ്' പോലെ ആകാതിരിക്കാന്‍ ഇവര്‍ക്ക് പരമാവധി ശ്രദ്ധ ഉണ്ട് താനും.

ടണലിനു ഉള്ളില്‍ നിന്നും ചുമപ്പും വെള്ളയും നിറമുള്ള ട്രെയിന്‍  തല നീട്ടി ഒരു ശീല്‍ക്കാരത്തോടെ കിതച്ചു വന്നു നിന്നു. ഞാനും അതില്‍ കയറി. കയറുന്നവര്‍ക്കും ഇറങ്ങുന്നവര്‍ക്കും നല്ല അച്ചടക്കം. അതുകൊണ്ട് ആ ശീലം ഇല്ലാത്ത മലയാളിയായ നമ്മളും അത് പഠിച്ചു പോകും!.

ആ ട്രെയിനില്‍ വലിയ തിരക്ക് ഉണ്ടായിരുന്നില്ല എങ്കിലും എനിക്ക് ഇരിക്കാന്‍ സീറ്റ് കിട്ടിയില്ല. എന്നാലും കമ്പിയില്‍ പിടിച്ച് തൂങ്ങി നില്‍ക്കാം. പഠിക്കുന്ന കാലത്ത് നാട്ടിലെ പ്രൈവറ്റ് ബസിന്റെ കമ്പിയില്‍ തൂങ്ങി നിന്നുള്ള യാത്രകള്‍ ലണ്ടന്‍ ജീവിതത്തിനു വേണ്ട പരിശീലനം ആയിരുന്നു എന്ന് അന്ന് അറിഞ്ഞില്ലല്ലോ.

ഓടുന്ന ട്രെയിനില്‍ നിന്നുകൊണ്ട് കയ്യില്‍ ഉണ്ടായിരുന്ന മെട്രോ പത്രം വായിച്ചു തുടങ്ങി യപ്പോള്‍ എവിടെ നിന്നോ തുഞ്ചത്ത് എഴുത്തച്ഛന്റെ ഭാഷ കേട്ട പോലെ ഒരു  സംശയം! ഞാന്‍ ചെവി ഒന്നുകൂടി വട്ടം പിടിച്ചു. കേള്‍ക്കുന്നത് മലയാളം ആണ് എന്ന് ഉറപ്പു വരുത്തി. എന്നിട്ട് സംസാരം കേള്‍ക്കുന്ന ഭാഗത്തേയ്ക്ക് പത്രത്തിന്റെ മറവില്‍ കൂടി ഒന്ന് ഒളിഞ്ഞു നോക്കി.

രണ്ട് ചെറുപ്പക്കാര്‍ തമ്മില്‍ ശബ്ദം താഴ്ത്തി സൂക്ഷിച്ചു സംസാരിക്കുകയാണ്. ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട് ട്രെയിനില്‍ നിന്നും മലയാളത്തില്‍ ഉള്ള സംസാരം അത്ര സാധാരണമല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തു.

ഞാനും ഒരു മലയാളി ആയിപ്പോയത് കൊണ്ട് മലയാളം കേട്ടപ്പോള്‍ അറിയാതെ ശ്രദ്ധിച്ചു പോയി. ട്രെയിനില്‍ മറ്റാര്‍ക്കും അവര്‍ പറയുന്ന ഭാഷ മനസ്സിലാകില്ല എന്നൊരു ഉറപ്പ് അവര്‍ക്ക് ഉണ്ട് എന്ന് അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം.

ഞാന്‍ വീണ്ടും എന്റെ പത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിലൊരുത്തന്‍ മറ്റവനോട് പറയുന്ന കേട്ടു 'മുകളിലത്തെ നില മുതല്‍ താഴോട്ട് ഗ്രൗണ്ട് ലെവല്‍ വരെ സ്ഫോടക വസ്തുക്കള്‍ വയ്ക്കും, റിമോട്ട് ന്റെ ബട്ടണ്‍ അമര്‍ത്തി എല്ലാം തകര്‍ക്കണം. അതാണ് പ്ലാന്‍. വേഗം തീര്‍ക്കണം എന്നല്ലേ പറഞ്ഞിരിക്കുന്നത്'.

ഇതു കേട്ടപ്പോള്‍ എന്റെ ഉള്ള് വല്ലാതെ ഒന്ന് കിടുങ്ങി. ദൈവമേ! ഇവിടെ എന്നും എന്തെങ്കിലും അക്രമ വാര്‍ത്തകളേ കേള്‍ക്കാനുള്ളൂ. എപ്പോള്‍ എവിടെ എന്ത് സംഭവിക്കും എന്ന് ആര്‍ക്കും പറയാന്‍ പറ്റാത്ത കാലം.

എത്ര ഭീകരന്‍ മാരെയാ പോലീസ് ഇവിടുന്നു പൊക്കി കൊണ്ടിരിക്കുന്നത്. ആരെയും വിശ്വസിക്കാന്‍ പറ്റത്തില്ല. അടുത്ത ഊഴം ഇവരുടെയാണോ?

ഞാന്‍ അവരെ സൂക്ഷിച്ചു നിരീക്ഷിക്കാന്‍ തുടങ്ങി. രണ്ടുപേര്‍ക്കും കുറ്റി താടിയുണ്ട്. മുഖത്ത് അത്യാവശ്യം ക്രൂരതയും നിഴലിക്കുന്നുണ്ട്. രണ്ടാളുടെയും മടിയില്‍ റാക് സാക്കുകള്‍ ഇരിപ്പുണ്ട്. അതിനുള്ളില്‍ റിമോട്ട് കണ്ട്രോള്‍ കൂടാതെ സ്ഫോടക വസ്തുക്കള്‍ എന്തൊക്കെയായിരിക്കും നിറച്ചിരിക്കുന്നത്?

ഏതാണാവോ ഇവരുടെ ലക്ഷ്യം? എനിക്കല്ലാതെ ചുറ്റും ഇരിക്കുന്ന ആര്‍ക്കും ഇവര്‍ എന്താണ് ചര്‍ച്ച ചെയ്യുന്നത് എന്ന് പോലും മനസിലാകില്ലല്ലോ. ഞാനും കൂടി ഈ ട്രെയിനില്‍ ഇല്ലാതിരുന്നെങ്കില്‍!

എന്നിലെ പൗര ധര്‍മ്മം ഉണര്‍ന്നു. എന്തെങ്കിലും അസാധാരണമായി കേള്‍ക്കുകയോ കാണുകയോ ചെയ്യുകയാണെങ്കില്‍ ഉടന്‍ പോലീസിനെ അറിയിക്കുക എന്നു കേള്‍ക്കാറുള്ള സന്ദേശം ഞാന്‍ ഓര്‍മ്മിച്ചു. അടുത്ത സ്റ്റേഷനില്‍ എത്തിയാല്‍ ഉടനെ രഹസ്യമായി സ്റ്റാഫിനെ അറിയിച്ചു പോലീസിനെ വിളിക്കണം. അവിടം വരെ കുഴപ്പം ഇല്ലാതെ എത്തണേ. ഞാന്‍ പ്രാര്‍ത്ഥിച്ചു.

എന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി കൊണ്ടിരുന്നു.

എന്നാലും മനസ്സു പറഞ്ഞു, തളരാന്‍ പാടില്ല. ഞാനിപ്പോള്‍ അതീവ രഹസ്യ മായി അവരെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മലയാളികള്‍ ആണെന്നോ നാട്ടുകാര്‍ ആണെന്നോ ഉള്ള പരിഗണന ഇവിടെ പാടില്ല. ഇവരെ വിടരുത്. മറുനാട്ടിലും മലയാളിയുടെ മാനം കളയാന്‍, കൂട്ട കൊല ചെയ്യാന്‍, ഇറങ്ങിയിരിക്കുന്നു. രണ്ട് മിനിറ്റ് നുള്ളില്‍ അടുത്ത സ്റ്റേഷനില്‍ എത്തും. അതുവരെ അനങ്ങാതെ നിന്ന് ഇവന്‍ മാരുടെ സംഭാഷണം മുഴുവനും ചോര്‍ത്തി പോലീസിനു കൈമാറണം. ഞാന്‍ മലയാളി ആണെന്ന് ഇവര്‍ക്ക് മനസ്സിലായിട്ടില്ല.

ഇങ്ങനെ ടെററിസ്റ്റുകളെ പിടിച്ചു കൊടുക്കുന്ന വര്‍ക്ക് രാഞ്ജിയുടെ വിശിഷ്ട മെഡല്‍ പോലും കൊടുക്കാറുണ്ട്. അടുത്ത മെഡല്‍ എനിക്ക്  ആയിരിക്കും. രാഞ്ജിയുടെ മുന്‍പില്‍ ഒരു മുട്ട്, പാതി മടക്കി, വണങ്ങി നിന്ന്, ഞാന്‍ മെഡല്‍ മേടിക്കുന്ന രംഗം ടിവിയില്‍ ലോകം മുഴുവനും കാണും.

എത്ര പേരുടെ ജീവന്‍ ആണ് ഞാന്‍ കാരണം രക്ഷ പെടാന്‍ പോകുന്നത്? എന്തൊരു അഭിമാനത്തിന്റ നിമിഷം ആണത്! ഇവിടെ ഞാന്‍ ആണ് ഹീറോ ആകേണ്ടവന്‍.

എന്താണ് അവന്മാര്‍ വീണ്ടും പറയുന്നത്, ഞാന്‍ ശ്രദ്ധിച്ചു ഒരു സെക്കന്റ് കൊണ്ട് മുഴുവനും തവിടു പൊടിയാക്കും അതോടെ ബില്‍ഡിംഗ് നാമാവശേഷമായികൊള്ളും' അത് ശരിയാണ് എന്ന അര്‍ത്ഥത്തില്‍ അടുത്തവന്‍ തലയാട്ടിക്കൊണ്ട് ഒന്ന് ഇരുത്തി മൂളി. എന്നിട്ട് പറഞ്ഞു.

'ഇങ്ങനെ തകര്‍ക്കാന്‍ അല്ലെ കോടതി പറഞ്ഞിരിക്കുന്നത്'.

'അതോടെ മരടിലെ ഫാളാറ്റ് പ്രശ്നം തീരും, പക്ഷെ ഇനിയും കൊച്ചിയില്‍ ഇതുപോലെ നിയമം പാലിക്കാതെ പണിത ഫ്ലാറ്റുകള്‍ വേറെ ഉണ്ടോ എന്ന് ആര്‍ക്കറിയാം?'

ഞാന്‍ വീണ്ടും ഞെട്ടി!

എന്ത്! ഇവന്മാര്‍ മരടിലെ ഫ്ലാറ്റ് പൊളിക്കുന്ന പ്രശ്നം ആണോ സംസാരിക്കുന്നത്?

'കാള പെറ്റു' എന്ന് കേട്ടോണ്ട് കയര്‍ എടുക്കാന്‍ ഒരുങ്ങിയ ഞാന്‍ പോലീസിനെ എങ്ങാനും വിളിച്ചിരുന്നേല്‍... എന്റെ സ്ഥിതി എന്താകുമായിരുന്നു? അധോലോകത്തു നിന്നും മലയാളി ഭീകരന്‍ മാരെ  ഞാന്‍ പിടിച്ചു കൊടുക്കുന്നു,.. പിന്നെ രാഞ്ജിയുടെ വിശിഷ്ട മെഡല്‍,... വീരശൃഖല,... സ്വീകരണങ്ങള്‍,....  ഒലക്കേടെ മൂട്!
നാണം കെട്ട് നാറിയേനെ...

പച്ച കൂമ്പാള  പോലെ വിളറിയ എന്റെ മുഖം ആരും കാണാതെ മറച്ചു പിടിച്ച് കൊണ്ട് ആ മലയാളികളെ ഞാന്‍ ഒതുക്കത്തില്‍  ഒന്നു പാളി നോക്കി. ദുഷ്ടന്മാര്‍... എന്റെ മാനം കളഞ്ഞേനെ. വളിച്ച മുഖവും ആയി ഞാന്‍ കൊവെന്റ് ഗാര്‍ഡന്‍ സ്റ്റേഷനില്‍ ഇറങ്ങി, പോയി.

ഭാഗ്യം. ഞാന്‍ അനുഭവിച്ച ടെന്‍ഷനും, ഒപ്പം കണ്ട മനോരാജ്യവും മറ്റാരും അറിഞ്ഞിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam