1 GBP = 93.50 INR                       

BREAKING NEWS

മുഖങ്ങള്‍; ഭാഗം -36

Britishmalayali
രശ്മി പ്രകാശ്

എല്ലാവരും ഒരു നിമിഷം സ്തംഭിച്ചു പോയി. ആത്മസംയമനം വീണ്ടെടുത്ത ഐസക് ,ജോയുടെ പുറകെ ഓടി. ജോ ...പ്ലീസ് സ്റ്റോപ്പ് ദേര്‍. ഐ വില്‍ ടേക്ക് യു റ്റു യുവര്‍ ഹോം.ഇതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ അവന്‍ മുന്നോട്ടോടി.

ഐസക് ഓടി ചെല്ലുമ്പോള്‍ ജോ വാതിലില്‍ തട്ടിക്കൊണ്ടു അവന്റെ ഡാഡിനെ വിളിച്ചു കരയുകയാണ്. എത്ര മാത്രം ക്രൂരത തന്റെ അമ്മയോട് ,അച്ഛന്‍ കാണിച്ചിട്ടുണ്ടെന്നു ജോയ്ക്ക് അറിയില്ലല്ലോ? അയാള്‍ കൊടുത്ത സ്‌നേഹത്തിന്റെ ആഴവും പരപ്പും ആ കുഞ്ഞു കണ്ണുകളില്‍ കണ്ണീരായി നിറഞ്ഞു നിന്നു.

അങ്കിള്‍ ഐസക്,'പ്ലീസ് ഐ വാണ്ട് റ്റു സീ മൈ ഡാഡ്'.
എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്നറിയാതെ ഐസക് അവനെ വാരിയെടുത്തു.

അപ്പോഴേക്കും ഇസയും ഓടി വന്നു. ഏതോ പ്രേത ഭവനത്തെ നോക്കി പേടിച്ചു നില്‍ക്കുന്നതുപോലെ ഇസ അകത്തേക്ക് കടക്കാന്‍ മടിച്ചു നിന്നു.അഞ്ചു വര്‍ഷം തന്റെ ജീവിതത്തിലെ വര്‍ണ്ണങ്ങളും, സുഗന്ധവും, സ്വപ്നങ്ങളും മായ്ച്ചു കളഞ്ഞ വീട്. അവിടേക്ക് നോക്കാന്‍ പോലും ഇസ ഭയപ്പെട്ടു.

വീടിന്റെ ഒരു ഭാഗത്തെ ഭിത്തിയില്‍ കരിപിടിച്ചിരിക്കുന്നു, തീ പിടുത്തത്തില്‍ സംഭവിച്ചതാകാം . അവരുടെ അടുത്തേക്ക് രണ്ടു പോലീസുകാര്‍ വന്നു എന്താണ് കാര്യമെന്ന് തിരക്കി.ഐസക് അവരോടു കാര്യം പറഞ്ഞു. തിരികെ പുറത്തേക്ക് ഇറങ്ങുമ്പോള്‍ ജോ, ഐസക്കിന്റെ തോളില്‍ കിടന്നുകരച്ചിലടക്കാന്‍ പാടുപെട്ടു.

ഐസക്, ഞാന്‍ ഇനി പള്ളിയിലേക്കില്ല.നീ അപ്പയോടും അമ്മയോടും പറഞ്ഞേക്ക്. ജോയെ കയ്യില്‍ വാങ്ങി അവള്‍ തിരികെ വീട്ടിലേക്ക് നടന്നു.ആകെ അസ്വസ്ഥമായ മനസ്സുമായാണ് ഇസ വീട്ടില്‍ തിരികെ എത്തിയത്. വീട്ടിലെത്തിയ ഉടന്‍ അവള്‍ മുറിയില്‍ കയറി വാതില്‍ അടച്ചു. ഇടയ്‌ക്കെപ്പോഴോ ജോയുടെ കരച്ചില്‍ മാത്രംമുറിയില്‍ നിന്നും ഉയര്‍ന്നു കേട്ടു.

ഗ്രേസ് മുകളിലേക്ക് പോകാന്‍ തുനിഞ്ഞെങ്കിലും ഐസക് അവരെ തടഞ്ഞു.അവള്‍ കുറച്ചു സമയം ഒറ്റക്കിരിക്കട്ടെ അമ്മേ.ഉച്ചയായിട്ടും ഇസയും ജോയും താഴേക്ക് വന്നതേയില്ല. ഐസക് ഒരു പ്ലേറ്റില്‍ ചോറും ഇസയ്ക്ക് ഇഷ്ടമുള്ള പരിപ്പ് കറിയും നെയ്യും പപ്പടവും എടുത്ത് മുകളിലേക്ക് ചെന്നു. കുറെ നേരംതട്ടിയിട്ടാണ് വാതില്‍ തുറന്നത്.മുന്നില്‍ കരഞ്ഞു വീര്‍ത്ത മുഖവുമായി ഇസ. ജോ കട്ടിലില്‍ കിടന്ന് ഉറങ്ങുന്നുണ്ട്.

എന്താ മോളെ ഇത്? നീ ഒരുപാട് കരഞ്ഞതല്ലേ? ഇനി കരച്ചില്‍ വേണ്ട.ജോയുടെ മാനസികാവസ്ഥ നമ്മള്‍ മനസ്സിലാക്കണം. എവിടെ നടന്ന കാര്യങ്ങളുടെ അര്‍ത്ഥമോ നമ്മുടെ മനസ്സിലെ വേലിയേറ്റങ്ങളോ ഒന്നും അവനു മനസ്സിലാവില്ല അവന്റെ മുന്നില്‍ നീ സ്‌നേഹനിധിയായ അമ്മയും ഫെലിക്‌സ് അവനെ ജീവന്‍ തുല്യം സ്‌നേഹിക്കുന്ന അച്ഛനുമാണ്.

അതൊക്കെ നമുക്ക് സംസാരിക്കാം നീയാദ്യം ഈ ഭക്ഷണം കഴിക്കൂ.കൈ കഴുകാനായി എഴുന്നേറ്റ ഇസയെ ഐസക് തടഞ്ഞു. ഞാന്‍ വാരിത്തരാം നിനക്ക്.

ഇസ നനഞ്ഞ മിഴികളോടെ അവനെ നോക്കി.പഴയ കാലത്തെ ഓര്‍മകളിലേക്ക് രുചിമുകുളങ്ങള്‍ അവളെ കൂട്ടിക്കൊണ്ടു പോയി. സ്‌നേഹവും കരുതലും ചേര്‍ത്ത് അമ്മയുണ്ടാക്കുന്ന ഓരോ ഭക്ഷണവും പ്രിയതരമായിരുന്നു,എങ്കിലും ഉള്ളിയും പച്ച തേങ്ങയും അരച്ച് ഉരുക്കുനെയ്യില്‍ താളിച്ചെടുത്ത പരിപ്പ് കറി പപ്പടവും ചേര്‍ത്ത് 'അമ്മ കുഴച്ചു വായില്‍ വച്ച് തരുമ്പോള്‍ അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയുടെ കൈപ്പുണ്യവും ആ സ്‌നേഹവും നാവിലൂടറിയുന്നത്. ഈ അഞ്ചു വര്‍ഷങ്ങളില്‍ കഴിച്ച ഭക്ഷണംപോലും ഓര്‍മയിലില്ല.ഏറെ സ്‌നേഹത്തോടെ ഐസക്ക് ഇസയെ ചോറൂട്ടി. മൗനം പോലും സ്‌നേഹമുള്ളിടത്ത് എത്ര വാചാലമാകുന്നുവെന്ന് അവര്‍ രണ്ടാളും മനസ്സിലോര്‍ത്തു.

നീ ഓര്‍ക്കുന്നുണ്ടോ ഐസക് പണ്ട് അപ്പയുടെ സുഹൃത്ത് ഫ്രഡ്ഡി അങ്കിള്‍ വീട്ടില്‍ വന്നത്. 'അമ്മ എന്തൊക്കെയോ ഒരുപാട് ഭക്ഷണങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൊള്ളാം നല്ല ഭക്ഷണം എന്നാലും എന്ത് കഴിച്ചാലും തൊണ്ടയില്‍ നിന്നിറങ്ങി കഴിഞ്ഞാല്‍ പിന്നെ അതിന്റെ രുചിക്ക് യാതൊരു പ്രാധാന്യവുമില്ല എന്ന് അങ്കിള്‍ പറഞ്ഞതിന് അപ്പ കൊടുത്ത മറുപടി ഞാന് ഇടയ്ക്കിടെ ഓര്‍ക്കും.

ഞാനും അതോര്‍ക്കാറുണ്ട് ഇസ. 'എടോ ഫ്രഡ്ഡി, സ്‌നേഹപൂര്‍വ്വം രുചികരമായി ഒരാള്‍ ഭക്ഷണം ഉണ്ടാക്കി അത് വിളമ്പിത്തരുന്നതിന്റെ വില തനിക്കു മനസ്സിലാകില്ല .എന്നാല്‍ ഞങ്ങള്‍ക്കത് അമൃത് പോലെയാണ്. ഞങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ക്ക് വേണ്ടിഎന്റെ ഗ്രേസ് ഭക്ഷണം ഉണ്ടാക്കുമ്പോള്‍ അതില്‍ അവളുടെ സ്‌നേഹവും വാത്സല്യവും ഉണ്ട്. ഇനിയെന്തായാലുംതനിക്കു വേണ്ടി ഇവിടെ ഭക്ഷണം ഉണ്ടാക്കില്ല'. ചിരിച്ചുകൊണ്ടാണത് പറഞ്ഞതെങ്കിലും അപ്പയുടെ വാക്കുകളുടെ മൂര്‍ച്ച എന്നെയും അതിശയിപ്പിച്ചു.'അമ്മ അതും പറഞ്ഞ് അപ്പയെപിന്നീട് വഴക്ക് പറയുന്നത് കേട്ടു.

ഫിലിപ്പ് ,ഒരിക്കലും നമ്മുടെ വീട്ടില്‍ വരുന്നവരോട് മുഖം കറുപ്പിച്ച സംസാരിക്കരുത്. ഫ്രഡ്ഡി അങ്ങനെ പറഞ്ഞത് അയാളുടെ സംസ്‌ക്കാരം നമുക്കെന്താ.

എന്റെ ഗ്രേസിക്കുട്ടി നിന്നെ ആരേലും കുറ്റം പറഞ്ഞാല്‍ ഞാന്‍ സഹിക്കുമോ? പ്രത്യേകിച്ച് നീ ഉണ്ടാക്കിയതെല്ലാം നന്നായി ആസ്വദിച്ചു കഴിച്ചിട്ട് നിന്നെ ഒരുമാതിരി കളിയാക്കിസംസാരിച്ച അവന് ഇനി ഈ വീട്ടീന്ന് ഗ്രേസ് പാകം ചെയ്ത ഭക്ഷണം കൊടുക്കില്ല എന്ന് ഇതിനാല്‍ വിളംബരം ചെയ്തിരിക്കുന്നു. അപ്പ അതും പറഞ്ഞു പൊട്ടി ചിരിച്ചു.

നീ തരുന്ന ഓരോ ഉരുളയിലും എന്റെ പഴയ സന്തോഷം തിരികെ വരുന്നതുപോലെ. ഐസക് വാത്സല്യത്തോടെ ഇസയുടെ നെറുകയില്‍ ഉമ്മ വച്ചു.

ഇസ കഴിച്ചു കഴിഞ്ഞിട്ടും ജോ ഉണര്‍ന്നില്ല. അവനെ നിര്‍ബന്ധിച്ച് ഉണര്‍ത്തിയപ്പോള്‍ കുഞ്ഞിന് ചുട്ടു പൊള്ളുന്ന പനി.ഫിലിപ്പ് പുറത്തുപോയി ജോയ്ക്ക് മരുന്നുമായി വന്നു. പാലും ,ബിസ്‌ക്കറ്റും. മരുന്നും കഴിച്ചു അവന്‍ വീണ്ടും കിടന്നു. കുഞ്ഞിന് ടെമ്പറേച്ചര്‍ നോര്‍മല്‍ ആയപ്പോള്‍ ഇസ താഴേക്കുവന്നു.

അപ്പയെയും അമ്മയെയും ഐസക്കിനെയും വിളിച്ചു. നിങ്ങളെന്നെ ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കില്ല എന്നറിയാം. കഴിഞ്ഞു പോയ ആ കറുത്ത ദിനങ്ങളെക്കുറിച്ചു എനിക്ക് എന്റെ അപ്പയോടും അമ്മയോടും ഐസക്കിനോടും പറഞ്ഞ് അത് മറക്കണം.പതിനാറ് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ജീവനില്ലാത്ത കറുത്ത ദിവസങ്ങളെക്കുറിച്ച് ഇസ പറയാന്‍ തുടങ്ങി. എങ്ങനെയാണ് ഫെലിക്‌സ് തന്നെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയത്, ലെക്‌സി അതിലേക്ക് വന്നു പെട്ടത്. ഭയത്തിന്റെ നെറുകയില്‍ ഉറങ്ങാന്‍ പോലും പറ്റാതെ കഴിഞ്ഞു കൂടിയത്. ഭീക്ഷണിപ്പെടുത്തി തന്നെ വിവാഹം കഴിച്ചത്. അവിശ്വസനീയ ഒരു കെട്ടുകഥ കേള്‍ക്കുന്നതുപോലെ ഫിലിപ്പും ,ഗ്രേസും, ഐസക്കും തരിച്ചിരുന്നു.

അയാള്‍ കൃത്യമായി ഞങ്ങള്‍ക്ക് ഭക്ഷണവും ,വെള്ളവും, മരുന്നും,മാഗസിനുകളും, പുസ്തകങ്ങളും ,വസ്ത്രങ്ങളും ഒക്കെ എത്തിച്ചു തന്നിരുന്നു. എന്താവശ്യപ്പെട്ടാലും വാങ്ങിത്തരുംസ്വാതന്ത്ര്യം ഒഴികെ. ഒരിക്കല്‍ പോലും അയാള്‍ ലെക്‌സിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നോട് അയാള്‍ കാണിച്ചിരുന്ന ഭ്രാന്ത് ,അതെന്താണെന്നുമാത്രം എനിക്കിതുവരെമനസ്സിലായിട്ടില്ല. ഞാന്‍ ഗര്‍ഭിണിയായതുപോലും ഫെലിക്‌സ് ആണ് തിരിച്ചറിഞ്ഞത്.കൂട്ടുകാരെയെല്ലാം വിളിച്ചു കൂട്ടി വലിയ പാര്‍ട്ടിയും അന്ന് നടത്തിയിരുന്നു. വലിയൊരു തുകചാരിറ്റിക്കും കൊടുത്തതായി എന്നോട് പറഞ്ഞു. ഈ ലോകം പിടിച്ചടക്കിയ സന്തോഷമായിരുന്നു അയാള്‍ക്ക്.

എന്റെ ഭക്ഷണം, ആരോഗ്യം ഇതില്‍ മാത്രമായിരുന്നു പിന്നീട് അയാളുടെ ശ്രദ്ധ. ഒരിക്കല്‍ ചൂട് പാല്‍ അയാളുടെ മുഖത്തേക്കൊഴിച്ചിട്ടു പോലും എന്നെ ഒന്നും പറഞ്ഞില്ല എന്നാല്‍എനിക്കിങ്ങനെ ഒരു കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞപ്പോള്‍, ഞാന്‍ ശക്തിയായി വയറ്റില്‍ ഇടിച്ചപ്പോള്‍ ഫെലിക്‌സ് ഒരു ഭ്രാന്തനെപ്പോലെ ലെക്‌സിയെ ഉപദ്രവിച്ചു.എനിക്ക് കിട്ടേണ്ട ഓരോഅടിയും പാവം എന്റെ ലെക്‌സി ആണ് കൊണ്ടത്. പിന്നീടയാള്‍ അവളോടത്തിനു ക്ഷമയും പറഞ്ഞു.
 
അങ്ങനെ ഇരിക്കെ ഏകദേശം ആറു മാസം കഴിഞ്ഞപ്പോള്‍ പെട്ടെന്നെനിക്ക് വയറു വേദന തുടങ്ങി. ആദ്യമൊന്നും ഞാനത് കാര്യമായി എടുത്തില്ല.എന്നാല്‍ പതിയെ വേദനകൂടിക്കൂടി വന്നു.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam