1 GBP = 94.20 INR                       

BREAKING NEWS

ഒരേറ് കാളകള്‍; കഥ

Britishmalayali
ജോജി പോള്‍

മീനമാസത്തിലെ പൊള്ളുന്ന വെയിലിന് പതിവിലേറെ ചൂടുണ്ടാര്‍ന്നു. രണ്ടീസായിട്ട് തേക്കില്ലാത്തോണ്ട് വെറ്റിലക്കൊടിയെല്ലാം വാടിപ്പോയി. കവുങ്ങിന്‍ പാളകളെല്ലാം ചൂടൊണ്ട് പഴുത്ത് വീഴാന്‍ തൊടങ്ങി. സൂര്യന്‍ അതിന്റെ ഉച്ചീലെത്തിയപ്പോ  പനയോലക്കെട്ടിന്റെ ചൂടീന്ന്   രക്ഷപ്പെടാന്‍ ചേച്ചിയും അനിയത്തീം കൂടെ പറമ്പിലേക്കിറങ്ങി. 

കൂഴപ്പ്‌ളാവിന്റെ ചോട്ടിലെ എലകളെല്ലാം അടിച്ച് മാറ്റി തേര്ക്ക് പായ വിരിച്ചവര്‍ ചമ്രം പടഞ്ഞിരുന്നു. പഴുക്ക പ്ലാവില പെറുക്കി തൊപ്പിയുണ്ടാക്കി ചുരുണ്ടമുടിക്കാരി ചാരക്കണ്ണുള്ള അനിയത്തീടെ തലയില്‍ വെച്ചുകൊടുത്തു. 

ഒരു ബീഡിയും കത്തിച്ച്, ചായ്പ്പീന്ന് എറങ്ങി വന്ന അപ്പനെ കണ്ട ക്ടാങ്ങള്  എണീറ്റ് നിന്നു. 

''അപ്പനെങ്കടാ പോണേ?''

അഴയില്‍ കെടന്ന തോര്‍ത്തെടുത്ത് തലയില്‍ കെട്ടി പത്രോസ് മാപ്ല പടിയിറങ്ങാന്‍ തൊടങ്ങി.

''ഞാപ്പം വരാം. മക്കള് വെയിലത്തന്ന് മാറീന്ന് കളിച്ചോ.''

പത്രോസ് മാപ്ലക്ക് ഇപ്പൊ എങ്ങോട്ട് പോണംന്ന് നിശ്ചയം ഇണ്ടാര്‍ന്നില്ല. ആരെ കണ്ടാലാ കാര്യം നടക്കാന്നും അറിയില്ല. കുറുപ്പിനെ ഇനി കണ്ടിട്ട് പ്രത്യേകിച്ച് കൊണോന്നില്ല. അയാളൊന്നും ചെയ്യില്ല. 

 ഒരേറ് കാളകളെ  വാങ്ങാന്‍ പണം പലിശക്കെടുത്തിട്ട് ആണ്ടൊന്നു കഴിഞ്ഞു. മൊതല് പോയിട്ട് പലിശ പോലും അടക്കാനിലാണ്ട് പത്രോസ് മാപ്ല പൊറുതി മുട്ടി. ഗുമസ്തന്‍ കുറുപ്പിന്റെ ഒറപ്പിലാണ് പണം കൈ പറ്റീത്. ആകെ ഒണ്ടാര്‍ന്ന പനയോല കെട്ട് ആണ് ഈട്. കാളകളെ അധികാരി വന്ന് അഴിച്ചോണ്ട് പോകേം ചെയ്തു. 

ബംഗ്‌ളാവില് പോയി സായ്പ്പിനെ കണ്ടാലൊ? പക്ഷെ പടിക്കെ നിക്കണ ശിപായിമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമെല്ലാം പറേണം. ''കോണ്‍ഗ്രസ്സ്‌കാരനാണോ, കമ്മ്യൂണിസ്റ്റാണോ, സമരക്കാരനാണോ, ഗാന്ധീനെ കണ്ടണ്ടോ, ജയിലീ കെടന്നണ്ടോ?''

ഇനീപ്പം സായ്പ്പിനെ എങ്ങാനും കണ്ടാലൊ, പറയണ ഇങ്കിരീസ് ഒട്ട് മനസ്സിലാവേം ഇല്ല. ബംഗ്‌ളാവിന്റെ മതിലിനോട് ചേര്‍ന്ന് പത്രോസ് മാപ്ല കുന്തുകാലിലിരുന്നു. മടിക്കുത്തില്‍ ഇണ്ടാര്‍ന്ന തെറുപ്പ് ബീഡിയെല്ലാം കഴിയണ വരെ ആഞ്ഞാഞ്ഞ് വലിച്ചു. 

ബംഗ്‌ളാവിന്റെ പടിയിറങ്ങി വരണ കുറുപ്പിനെ കണ്ട് മാപ്ല ചാടി എനിട്ട് . അവസാനത്തെ ബീഡി കുത്തിക്കെടുത്തി ഓച്ഛാനിച്ച് നിന്നു.  

''പത്രോസേ, വീടും പറമ്പും  ജപ്തി ഒടനെ ഇണ്ടാവും. കടം വാങ്ങിച്ചാ, തിരിച്ച് കൊടക്കണംന്ന് ഞാന്‍ പറഞ്ഞരാണോ?''

''എന്റെ കാളകള് .....''

പത്രോസ് കുറുപ്പിന് പൂവാന്‍ വഴി മാറികൊടുത്തു. 

''ഉവ്വ കാളകള് .........''

വാചകം മുഴുമിപ്പിക്കാണ്ട് ഗുമസ്തന്‍ കുറുപ്പ് പാടവരമ്പത്തേക്ക് എറങ്ങി നടന്നു. 

പ്ലാവില കുത്തി മടുത്തപ്പോ ചേച്ചിം അനിയത്തീം അമ്പലപ്പറമ്പില്‍ക്ക് പൂവാന്‍ തീരുമാനിച്ചു. അപ്പന്‍ തിരിച്ച് വരണേലും മുമ്പ് ഓടിപോയിട്ട് വരാം. വാരസ്സ്യാരുടെ മഠത്തിന്റെ പറമ്പ് കടന്നാ അമ്പലായി. 

അയിത്താണേലും കണ്ടാ വാരസ്സ്യാര് വര്‍ത്താനം പറയാണ്ട് വിടില്ല. വെല്ലപ്പോഴും ഇച്ചിരി വെറ്റിലയും  പാക്കും കൊണ്ട് കൊടുത്താ സന്തോഷാണേനും. 

''എന്താണ്ടീ മാപ്‌ളിച്ചേ, പള്ളിക്കൂടത്തീ പോക്ക് നിര്‍ത്യോ നീയ്യ്?''

വടി കുത്തിപ്പിടിച്ച് നാടുനീര്‍ത്താണ്ടന്നെ വാരസ്സ്യാര് ചോദിക്കും. പള്ളിക്കൂടത്തീ പൂവാത്ത മൂത്തോള് കേക്കാത്തമാരി നിക്കും. 

''നാലാം തരം കഴിഞ്ഞപ്പോ ഇനി പോണ്ടാന്ന് അപ്പന്‍ പറഞ്ഞു. പഠിപ്പിക്കാനപ്പന് പാങ്ങില്ല.''

നെലത്ത് കെടന്ന കശുമാങ്ങ പറക്കി അടിയുടുപ്പില്‍ തൊടച്ച് ഒരു കടികടിച്ചോണ്ട് ചാരക്കണ്ണുള്ള അനിയത്തി പറഞ്ഞു.

''എന്നാലും ന്റെ ക്ടാവേ, നെനക്ക് ഏഴാം തരം വരേങ്കിലും  പഠിപ്പിക്കാന്‍ അപ്പനോട് പറയാര്‍ന്നില്ലേ? ഏഴ് കഴിഞ്ഞാ വാദ്ധ്യാര് പണി താരാവൂര്‍ന്നല്ലോ, ഇല്ല്യേ?'' 

ചേച്ചീടെ ഉണ്ടക്കണ്ണുകള്‍ കണ്ടപ്പോ, തവ്സാരം നിര്‍ത്തീട്ട് അനിയത്തി പിന്നാലെ പോയി. അമ്പലപ്പറമ്പ് എത്തണവരെ രണ്ടാളും ഒന്നും മിണ്ടീല്ല്യ. 

നട്ടുച്ച ആയോണ്ട് ശാന്തിക്കാരന്‍ കാണില്ല. അഴിയിട്ട വാതിലിലൂടെ അമ്പലത്തിലെ പ്രതിഷ്ഠയെ എത്തിനോക്കിയെങ്കിലും ആരാണവിടെ ഇരിക്കണെന്ന് അവര്ക്ക് മനസ്സിലായില്ല. 

വേലികെട്ടാത്ത അമ്പല കെണറിന്റെ ചുറ്റും പാറി പറക്കണ ആന തുമ്പികളെ കണ്ടപ്പോ രണ്ടാളും അങ്കടോടി. ഇടതൂര്‍ന്ന് കെടക്കണ നന്ദ്യാര്‍വട്ട ചെടികള്‍ കെണറ്റിലേക്ക് എറങ്ങി പോയിരിക്കുന്നു. 

ആരോ ഉപേക്ഷിച്ചിട്ട് പോയ ഒരു മുറം അവരുടെ കണ്ണില്‍പ്പെട്ടു. അതെടുത്ത് തുമ്പികളെ വീശിപ്പിടിക്കാനവര്‍ കെണറ്റിന് ചുറ്റും ഓടി. ഓട്ടത്തിനിടയില്‍ ചെറിയോള്‍ടെ കൈത്തട്ടി മുറം കെണറ്റിലേക്ക് തെറിച്ച് പോയി നന്ദ്യാര്‍വട്ട ചെടികളില്‍ ഒടക്കി നിന്നു.

''നീയല്ലേ തട്ടിട്ടേ, നീ തന്നെ എടുത്തോ.'' ചേച്ചീടെ ഭാവം മാറി.

''കെണറ്റില്‍ക്ക് വീഴോ?'' ചെറിയോള്‍ക്ക് ലേശം പേടി ഇണ്ടാര്‍ന്നു. 

''വീഴൊന്നുല്ല, അങ്കട് ചെല്ല്.''

ചേച്ചി പറഞ്ഞ ധൈര്യത്തിന് നന്ദ്യാര്‍വട്ട ചെടിയുടെ കടക്കല്‍ ചവിട്ടി മുറമെത്തി പിടിക്കാന്‍ കുനിഞ്ഞതും, ചവിട്ടിനടിയിലെ കല്ലിളകി, അവള്‍ കെണറ്റിലേക്ക് വീണു. 

പേടിച്ചരണ്ട ചുരുണ്ട മുടിക്കാരി എന്തൂട്ടാ  ചെയ്യാന്ന്  അറിയാണ്ട് വാവിട്ട് കരഞ്ഞു. അനിയത്തി ചത്തു പൂവോന്നുള്ള ആധിയും, അപ്പന്റെ കൈയ്യീന്നുള്ള തല്ലും പേടിച്ചവള്‍ വീട്ടില്‍ക്കി ഓടിപ്പോയി. ആരോടൊന്നും പറയാണ്ട് ചാണകം മെഴുകിയ ഇറയത്ത് ചുരുണ്ടുകൂടി കെടന്നു. 
 
 
ത്രോസ് മാപ്ല വരണ വഴിക്കന്നെ കാര്യറഞ്ഞ് അമ്പല പറമ്പിലേക്കോടി. അപ്പഴക്കും ആരങ്ങാണ്ട് ചേര്‍ന്ന് ക്ടാവിനെ കെണറ്റിന്ന് പൊക്കിയെടുത്തു.

കിണറ്റില് അരക്ക്യോപ്പേ വെള്ളാണ്ടാര്‍ന്നുള്ളൂ, അതോണ്ടാ രക്ഷപ്പെട്ടെന്ന് ആളോള് പിറുപിറുത്തു. പത്രോസ് മാപ്‌ളേനെ കണ്ടവഴി നമ്പൂര്യാര് മുരണ്ടു.

''എല്ലാം അശുദ്ധയ്, വെളിച്ചപ്പാടിനെ വിളിക്കാന്‍ ആള് പോയിട്ടുണ്ട്. ഒരു ശുദ്ധികലശം എന്തായാലും വേണ്ടിവരും. ചെലവ് നല്ലോണം ആവൂന്ന് കൂട്ടിക്കോളൂ. പിന്നെ, കെണറ്റി ചാടിയ കോരന്, നാഴി അരി മാപ്ലാര് ഇപ്പൊത്തന്നെ കൊടുക്ക''.

കൂനിന്മേല്‍ കുരുവന്ന പോലെയായി മാപ്ലക്ക്. ക്ടാവിനെ പിടിച്ച് വലിച്ച് വീട്ടിലേക്ക് നടക്കണ വഴിക്ക് നാല് തല്ല് കൊടുക്കാനും മറന്നില്ല. 

പാതിവഴീലെത്തിയപ്പോ പത്രോസ് മാപ്ല ഒന്നുനിന്നാലോചിച്ചു. വീട്ടില്‍ക്ക് പോണേന് പകരം നേരെ പള്ളീല്ക്കി നടന്നു. കത്തനാരെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് ക്ടാവിന്റെ നെറ്റിക്ക് പിടിക്കൊന്ന് ചോദിച്ചു. 

ഒരു പച്ച കോഴിമൊട്ട കൊണ്ടന്ന് വെഞ്ചരിച്ച്, നെറ്റിയില്‍ കുരിശ് വരച്ച്, ക്ടാവിന്റെ തൊള്ള തൊറന്ന് മൊട്ട പൊട്ടിച്ചൊഴിച്ചിട്ട് കുടിക്കാന്‍ പറഞ്ഞു. ഓക്കാനം വന്നെങ്കിലും അപ്പനെ പേടിച്ചവള്‍ പച്ചമൊട്ട തൊണ്ടയിലൂടെ എറക്കി.

''പത്രോസേ, ക്ടാവിനെ വീട്ടില്‍ക്ക് കൊണ്ടക്കോ. അവള്‍ക്ക് ഒരു കൊഴപ്പോം ഇണ്ടാവില്ല. ഇല്ലേ മോളെ, പേടിയൊക്കെ പോയില്ലേ?''

ഇനീം പച്ചമൊട്ട കുടിക്കേണ്ടി വാരോന്നോര്‍ത്തിട്ട്  അവള്‍ ഉവ്വാന്ന് തലയാട്ടി.  വീട്ടീച്ചെന്ന്  ഒരു നീരോലി വടി ഒടിച്ച് ഇറയത്തോട്ട് കേറീങ്കിലും പേടിച്ച് പനിച്ച് വെറച്ചു കെടക്കണ മൂത്തേനെ കണ്ടിട്ട് പത്രോസ് മാപ്ല വടി വലിച്ചെറിഞ്ഞ്  എവിടക്കോ പോയി. 

രണ്ടൂസം ചുട്ട പപ്പടം കൂട്ടി കഞ്ഞി കുടിച്ചപ്പോ സൂക്കേടൊക്കെ പോയി. കെണറ്റി വീണതല്ലേ, വീട്ടിലിരുന്നാ മതീന്ന് പറഞ്ഞിട്ട് 'അമ്മ മൂത്തേനേം കൊണ്ട് തോട്ടില്‍ക്ക് തുണി അലക്കാന്‍ പോയി.
അപ്പന്‍ ഒരു പാട്ടകൊണ്ട്  വരണ കണ്ടപ്പോ ചെറിയോള് എറങ്ങിച്ചെന്നു. 

''അമ്മേം ചേച്ചിം തുണി അലക്കാന്‍ പോയേക്ക.''

അപ്പനൊന്നും ചോയ്ക്കാണ്ടായപ്പോ അവള് പറഞ്ഞു. 

''ഉം, നീ പോയില്ലേ?''

''ഇല്ല, എന്നോട് വരണ്ടാന്ന് പറഞ്ഞു''.

''നെനക്ക് പോണോ?''

''അപ്പന്‍ സമ്മതിക്കോ?''

''പൊക്കോ, കണ്ട തോട്ടിലും കെണറ്റിലും ചെന്ന് ചാടണ്ട.''

അപ്പന്റെ സമ്മതം കിട്ട്യവഴി അവള്‍ തോട്ടില്‍ക്ക് ഓടി. 

അലക്കും കുളീം കഴിഞ്ഞ് അമ്മേം മക്കളും തിരിച്ച് വരണ വഴിക്ക് തുണിക്കെട്ടും  തലേലെറ്റി വന്ന വേലത്ത്യാ പറഞ്ഞെ, ''ഇങ്ങടെ പെര നിന്ന് കത്തണ്ടല്ലോ. കരക്കാര് മണ്ണൊക്കെ വാരി എറിയുന്നുണ്ട്. പത്രോസ് മാപ്ല എവിടെ പോയി കെടക്ക?''

അലമുറയിട്ട് അമ്മേം മക്കളും വീട്ടിലേക്കോടി. വേനല്‍ച്ചൂടില്‍ പഴുത്ത് നിന്നിരുന്ന പനയോലക്കെട്ട് മുഴുവന്‍ കത്തിക്കരിഞ്ഞു. പത്താഴോം മുണ്ടും പെട്ടീം പാതിയോളം കരിഞ്ഞു പോയി. 

ഉടുതുണിയും അലക്കാന്‍ കൊണ്ടുപോയതും ഒഴിച്ച് ബാക്കിയൊക്കെ കത്തിയമര്‍ന്നു. കരക്കാരെല്ലാം പിരിഞ്ഞ്‌പോയെങ്കിലും എങ്കടാ പോണ്ടെന്ന് അറിയാണ്ട് അമ്മേം മക്കളും കൂഴപ്പ്‌ളാവിന്റെ ചോട്ടിലിരുന്ന് ഏന്തിക്കരഞ്ഞു.

പത്രോസ് മാപ്ല വന്ന് മൂന്ന് പേരെയും എണീപ്പിച്ച് എളേപ്പന്റോടക്കി  നടന്നു. എളേപ്പന്റോടെ രണ്ടീസം, എളെമ്മേടെ പെരേല് രണ്ടീസം, പിന്നെ അവടേം ഇവടേം കൊറേ ദെവസം അവര് പാര്‍ത്തു. 

അതിനെടേല് ജപ്തിക്കാര് വന്ന് സ്ഥലോക്കെ കയ്യേറിയെന്ന് പറഞ്ഞപ്പോ പത്രോസ് മാപ്ല ഇരുത്തിയൊന്നു മൂളീന്നല്ലാണ്ട് ഒന്നും പറഞ്ഞില്ല. ബന്ധുക്കളുടെ മുറുമുറുപ്പ് തൊടങ്ങാണെലും മുമ്പ് പെണ്ണിനേം ക്ടാങ്ങളേം കൂട്ടി എങ്ങോട്ടെങ്കിലും പോകാന്ന് തീരുമാനിച്ചു. 

ഒരു രാത്രീല് കാളവണ്ടി വിളിച്ച് എല്ലാരും കൂടി തെക്കെങ്ങാണ്ടുള്ള അമ്മായീടെ വീട്ടില്‍ക്കി പൊറപ്പെട്ടു. ഇരുട്ടത്ത് റാന്തല്‍ വെളിച്ചത്തില്‍ കാളകള്‍ പതുക്കെ പതുക്കെ ചെമ്മണ്‍ പാതയിലൂടെ നടന്നു.

കാളവണ്ടീടെ തെറ്റത്തിരുന്നു പത്രോസ് മാപ്ല ബീഡി വലിച്ചോണ്ടിരുന്നു. അമ്മയും മൂത്തോളും വണ്ടീക്കെടന്ന് ഒറക്കം പിടിച്ചെങ്കിലും ചെറിയോള്‍ അവള്‍ടെ ചാരക്കണ്ണുകള്‍ തൊറന്ന് പിടിച്ച് ആകാശത്തേക്ക് നോക്കി കെടന്നു. 

വണ്ടീടെ ആട്ടത്തിനനുസരിച്ച് ആകാശത്തെ നക്ഷത്രങ്ങളും ആടുന്നുണ്ട് എന്നവള്‍ കണ്ടു. പിന്നാലെ വരണ അമ്പിളി മാമനെ കണ്ട് അവള്‍ക്ക് ചിരി വന്നു. 

'നീയെന്തിനാ ഞങ്ങടെ കൂടെ വരണേ? നിനക്കോല്ല്യേ വീടും കുടീം?' എന്നവള്‍ മനസ്സോണ്ട് ചോദിച്ചു. 

ചൊമ കേട്ട് അവള്‍ അപ്പനെ നോക്കി. അപ്പന്‍ മിണ്ടാണ്ടായിട്ട് കൊറേ ദെവസ്സായി. ബീഡി വലിച്ച് ചൊമക്കല് മാത്രേ ഉള്ളു. 

വീട് എങ്ങനാ കത്തിപ്പോയെന്ന് അവള്‍ ആലോചിച്ചു. അവളെ തോട്ടില്‍ക്ക് പറഞ്ഞയച്ചിട്ട് അപ്പന്‍ അകത്തോട്ട് കേറിപ്പോയതവള്‍ കണ്ടതാ. അപ്പന്റെ കൈയിലിണ്ടാര്‍ന്ന പാട്ടേല് എന്തൂട്ടാര്‍ന്നാവോ? ഇനീപ്പോ അപ്പനെങ്ങാനും .......  ഓര്‍ത്തപ്പോ അവള്‍ക്ക് പേടിയായി. കണ്ണടച്ചവള്‍ കെടന്നു. 

അമ്മായീടെ വീട്ടീ വന്നിട്ട് പതിനാല് ദെവസ്സായി. പുഞ്ചപ്പാടത്തെ പണിയും കൊപ്രക്കളവും പണിക്കാരും ആകെ ബഹളം. ഉരിയരി കൂടുതലിട്ടാ നാലാളോള്‍ക്ക് കഞ്ഞികുടിക്കാന്‍ വകയാകും. അതോണ്ട് അമ്മായിക്ക് കൊഴപ്പോല്ല്യ. പണിക്ക് പണി, കഞ്ഞിക്ക് കഞ്ഞി. 

പക്ഷെ പത്രോസ് മാപ്ലക്ക് മൂകത മാത്രം. വര്‍ത്താനില്ല, കഴിപ്പില്ല. കാലത്തെറിങ്ങി പോയാ വൈന്നേരേ കുടുംബത്തേക്ക് വരുള്ളൂ. 

അമ്മായീടെ പേരെടെ തെക്കേപ്പറത്തെ ചായ്പ്പ് പത്രോസ് മാപ്ലക്ക് ഒഴിഞ്ഞ് കൊടുത്തെങ്കിലും മാപ്ല എറയത്തെ കെടക്കുള്ളൂ. മരയഴിയിട്ട കൊച്ച് ജനലെക്കോടെ കാറ്റില്ലാണ്ട് പത്രോസ് മാപ്ലക്ക് വീര്‍പ്പ് മുട്ടി. 

ചാരക്കണ്ണുള്ള അനിയത്തി ക്ടാവിന് രാത്രി ഒറക്കം വരാറില്ല. അവള്‍ ജനലെക്കോടെ പൊറത്തെ ഇരുട്ടിലേക്ക് നോക്കി കെടക്കും. ലാവെളിച്ചത്തില്‍ തൊഴുത്തീ കെടക്കണ രണ്ട് കാളകളെ അവള്‍ കാണാറുണ്ട്. രാത്രീലും അതുങ്ങള് ചെവിയാട്ടി, ചവച്ചോണ്ടിരിക്കും. 

ഇടയ്ക്കിടെ തെളങ്ങുന്ന ഉണ്ട കണ്ണോണ്ട് കാളകളവളെ നോക്കും. അപ്പോളവള്‍ അവള്‍ടെ വീട്ടിലിണ്ടാര്‍ന്ന കാളകളെ കുറിച്ചോര്‍ക്കും. എന്തിനാണ് രണ്ടാളുകള് വന്ന് അവരടെ കാളകളെ അഴിച്ചോണ്ട് പോയതെന്ന് അവള്‍ക്കിതുവരെ മനസ്സിലായിട്ടില്ല. 

തൊഴുത്തിന് പിന്നിലെ വരിക്ക പ്ലാവിലെ ചക്കയില്‍ വന്നിരുന്ന് കടിച്ച് കീറുന്ന വവ്വാലുകളെ കണ്ടപ്പോ അവള്‍ പേടിച്ച് പായേല്‍ വന്ന് കെടന്നു. അവറ്റകള്‍ എങ്ങാനും വന്ന് കണ്ണ് കുത്തിപൊട്ടിച്ചാലോ?. 

ഒരൂസം പത്രോസ് മാപ്ല വെളുപ്പിന് എറങ്ങി പോയിട്ട് പിന്നെ മടങ്ങി വന്നില്ല. എവിടേക്ക് പോയീന്ന് ആര്‍ക്കും അറിയില്ല. പണിയൊക്കെ എടുക്കാറുണ്ട് എന്നാലും അമ്മേടെ മനസ്സിലെ ആധി ക്ടാങ്ങള് കണ്ടു.

''നിങ്ങള് വിഷമിക്കണ്ട, വെല്ല പണി തരാവോന്നു നോക്കാന്‍ പോയതാവും. രണ്ടാഴ്ച കഴിയുമ്പം അപ്പന്‍ ഇങ്ങട് വരും.''. 'അമ്മ അവരെ ആശ്വസിപ്പിച്ചു. 

അനിയത്തി ക്ടാവിന് അപ്പനെ കാണാണ്ട് സഹിക്കാന്‍ പറ്റുന്നുണ്ടായില്ല. എന്നാലും അവള്‍ കരഞ്ഞില്ല. സങ്കടൊന്നും ആരോടും പറഞ്ഞില്ല. രാത്രി മുഴുവന്‍ 
ജനലെക്കോടെ നോക്കിയിരിക്കും. അവള്‍ടെ ഒപ്പം കാളകളും ഒറങ്ങാണ്ടിരുന്നു.

ഇപ്പോളവള്‍ക്ക് വവ്വാലുകളെ പേടീല്ല്യാണ്ടായി. അമ്പിളിമാമന്റെ വലിപ്പം ഓരോ ദെവസവും ചെറുതായി ചെറുതായിക്കൊണ്ടിരുന്നു. തേങ്ങാ പൂള് പോലെയായി ഒരു ദെവസം മൊത്തം ഇരുട്ടായി. 

തൊഴുത്തിനടുത്ത് ആരോ നില്‍ക്കുന്നത് അവള്‍ കണ്ടു. ഇരുട്ടില്‍ ആളെ മനസ്സിലാവണില്ല. രണ്ട് കാളേടേം കയറഴിച്ച് അയാള്‍ തൊഴുത്തിന്റെ പൊറത്തേക്ക് കൊണ്ടന്നു. എന്നിട്ട് ഇരുട്ടിലൂടെ കാളകളെയും കൊണ്ട് നടന്ന് പോയി. ഈ പാതിരാത്രി കാളകളേം കൊണ്ട് എന്തൂട്ടാ പണീന്ന് ആലോചിച്ച് കെടന്നവള്‍ ഒറങ്ങിപ്പോയി.

നേരം വെളുത്തപ്പോ കളസം ഇട്ട രണ്ട് ഏമാന്മാര് കൂര്‍ത്ത തൊപ്പീം വെച്ച്, ഉരുളന്‍ വടീം പിടിച്ച് അമ്മായീടെ വീട്ടില്‍ക്കി വന്നു. കാളകളെ കൊണ്ടോയ്ത് ആരാന്ന് അവര് അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു.

അമ്മായി അവര്‍ക്ക് ഓട്ടുമൊന്തയില്‍ പാലൊഴിച്ച ചായ കൊടുത്തു. പോണ നേരത്ത് നാലുമുറി ഒണങ്ങിയ കൊപ്രയും എടുത്ത് കൊടുത്തു. 

ഉച്ച ആയപ്പോഴേക്കും 'അമ്മ കരച്ചിലും പിഴിച്ചിലുമായി. ഒരു കുന്തോം മനസ്സിലായില്ലെങ്കിലും മൂത്തോളും അമ്മേടൊപ്പം കരയാന്‍ തൊടങ്ങി. അമ്മായി ഇറയത്ത് തൂണും ചാരി ഇരുന്നു. 

പണിക്കാരന്‍ വാസ്സൂട്ടന്‍ എവടന്നോ ഒരു കാളവണ്ടി വിളിച്ചോണ്ടുവന്നു. കരഞ്ഞേന്റെ ഒപ്പം ഒന്ന് രണ്ട് ഭാണ്ഡങ്ങള്‍ കെട്ടി 'അമ്മ കാളവണ്ടീല്ക്ക് വെച്ചു. വാസ്സൂട്ടന്‍ വന്ന് ക്ടാങ്ങളെ പൊക്കി വണ്ടീല്‍ക്കി കേറ്റി. 

പൂവാന്‍ നേരം അമ്മായി എട്ടണയുടെ നാലഞ്ച് തുട്ടുകളെടുത്ത് അമ്മക്ക് കൊടുക്കണ കണ്ടു. ഒരു ചാക്ക് നെല്ലും നേന്ത്രക്കായക്കൊലയും ഒരു ചേനയും അമ്മായി പറഞ്ഞിട്ട് വാസ്സൂട്ടന്‍ വണ്ടീലെടുത്ത് വെച്ചു. വാസ്സൂട്ടന്‍ തന്നെ കാളകളെ തെളിച്ചു. 

''നമ്മളെങ്ങാടാ പോണേ അമ്മെ?''

ചാരക്കണ്ണുള്ള ചെറിയോള് ചോദിച്ചെങ്കിലും, കണ്ണ് തുടച്ച് മൂക്ക് പിഴിഞ്ഞ് 'അമ്മ ഒന്നും മിണ്ടാണ്ട് കാള വണ്ടീടെ പനമ്പായ കെട്ടില് ചാരി ഇരുന്നു. 

കാളകള് അവരെയും കൊണ്ട് വടക്കോട്ട് നടന്നു.
അവസാനിച്ചു.
 
(കഥാകൃത്ത് - ജോജി പോള്‍
ഹെമല്‍ ഹെംസ്റ്റഡില്‍ താമസിക്കുന്ന ജോജി പോള്‍ കൂടതലും അറിയപ്പെടുന്നത് ജെ പി എന്ന പേരിലാണ്. ചെറുകഥ, നോവല്‍, നാടകം, സിനിമ എന്നീ മേഖലകളില്‍ ചെറിയ രീതിയില്‍ യു കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ആളാണ് ജെ പി.

യയാതി, ദാവീദിന്റെ വിലാപം, മാണിക്ക്യ കല്ല് എന്നിവയാണ് പ്രധാന നാടകങ്ങള്‍. മെലഡി എന്ന ഒരു മിനി സ്‌ക്രീന്‍ സിനിമയും ചെയ്തിട്ടുണ്ട്. യക്ഷി എന്ന ഒരു ചെറു നാടകമാണ് പുതിയത്. നോത്രദാമിലെ കൂനനാണ് പണിപ്പുരയിലുള്ള അടുത്ത നാടകം. 'ഒരു യക്ഷിക്കഥ' എന്ന തുടര്‍ക്കഥയും എഴുതി കൊണ്ടിരിക്കുന്നു.

ആര്‍ക്കിടെക്ച്ചറല്‍ മെറ്റല്‍ ഡിസൈനറായി ജോലി ചെയ്യുന്നു. ഭാര്യ മിന്‍സി, കുട്ടികള്‍ ആതിരയും ആലിലയും. സ്വദേശം ഇരിങ്ങാലക്കുട)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam