1 GBP = 92.20 INR                       

BREAKING NEWS

ബ്രിട്ടനില്‍ നിന്നും പറന്നെത്തിയത് ചാള്‍സ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും; മിക്ക രാഷ്ട്രങ്ങളുടേയും തലവന്മാര്‍ ഓടിയെത്തി; ഇന്ത്യ അയച്ചത് കേന്ദ്രമന്ത്രിയെ; ഒമാന്‍ സുല്‍ത്താന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് അയച്ച ഇന്ത്യന്‍ സംഘത്തിന്റെ പേരില്‍ അറബ് രാജ്യങ്ങള്‍ക്ക് നിരാശ

Britishmalayali
kz´wteJI³

മസ്‌കറ്റ്: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം പൂണെയില്‍ ആയിരുന്നു. ഇത് ഇന്ത്യയുമായി ഖാബൂസിനെ അടുപ്പക്കാരനാക്കി. അര്‍ബുദ രോഗബാധിതനായ അദ്ദേഹം 79-ാം വയസ്സിലാണ് അന്തരിച്ചത്. സുല്‍ത്താന്‍ ഖബൂസ് ഇന്ത്യയുടെ ഒരു യഥാര്‍ത്ഥ സുഹൃത്തായിരുന്നു. 2018ല്‍ മോദി ഒമാന്‍ സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി സുല്‍ത്താന്‍ ഖാബൂസ് റോയല്‍ ബോക്‌സില്‍നിന്ന് സംസാരിക്കാനുള്ള ബഹുമതി നല്‍കിയിരുന്നു. ഭരണാധികാരിയുടെ റോയല്‍ ബോക്‌സില്‍ നിന്നുകൊണ്ടാണ് അന്ന് മോദി 25,000ത്തോളംവരുന്ന പ്രവാസികളെ അഭിസംബോധന ചെയ്തത്. എന്നിട്ടും ഖാബൂസിന്റെ അന്ത്യ ചടങ്ങുകള്‍ക്ക് ഉത്തരവാദിത്തപ്പെട്ട ആരും ഇന്ത്യയില്‍ നിന്ന് പോയില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഇന്ത്യയില്‍ നിന്ന് ചെല്ലാത്തത് അറബ് ലോകത്തെ ആകെ വേദനിപ്പിക്കുകയാണ്.

ഖാബൂസിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ബ്രിട്ടനില്‍ നിന്നും പറന്നെത്തിയത് കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ആണ്. മിക്ക രാഷ്ട്രങ്ങളുടേയും തലവന്മാര്‍ ഓടിയെത്തി. ഇന്ത്യയെ ഹൃദയം കൊണ്ട് സ്നേഹിച്ചിട്ടും പ്രസിഡന്റോ പ്രധാനന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടങ്ങുന്ന പ്രമുഖന്മാര്‍ ആരും എത്തിയില്ല. ഫാ ടോം ഉഴുന്നാലിന്റെ മോചനത്തിന് പോലും മുമ്പില്‍ നിന്ന ഖാബൂസിനോട് ഇന്ത്യ കാട്ടിയത് അനാദരവാണെന്ന അഭിപ്രായം പ്രവാസികള്‍ക്കുമുണ്ട്. പേരിന് ഇന്ത്യ അയച്ചത് ഒരു സാദാ കേന്ദ്രമന്ത്രിയെയാണ്. ഇന്ത്യയെ സ്നേഹിച്ച ഒമാനിലെ ഭരണാധികാരിയോട് ഇത് പോരെന്നാണ് അവരുടെ നിലപാട്. അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സംഘം ചൊവ്വാഴ്ച മസ്‌കത്തില്‍ എത്തും. കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് കേന്ദ്ര സംഘമെത്തുക.

ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചും മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടിയും അദ്ദേഹം അനുശോചനം രേഖപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പുതിയ ഭരണാധികാരി സുല്‍ത്താന്‍ സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഇന്ത്യന്‍ സംഘത്തെ സ്വീകരിക്കുമെന്നാണ് വിവരം. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. നടക്കാനിരുന്ന ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവച്ചു. നേരത്തെ, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ സുല്‍ത്താന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത സുഹൃത്തിനെയും വഴികാട്ടിയെയുമാണ് നഷ്ടമായത് എന്നാണ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചത്.

വെള്ളിയാഴ്ച രാത്രി മസ്‌കത്തിലായിരുന്നു സുല്‍ത്താന്റെ അന്ത്യം. പ്രധാനമന്ത്രിയും സര്‍വസൈന്യാധിപനും ധന, പ്രതിരോധ,വിദേശകാര്യ മന്ത്രിയുമായിരുന്ന അദ്ദേഹം ദീര്‍ഘകാലമായി അര്‍ബുദ ബാധിതനായിരുന്നു. കബറടക്കം നടത്തി. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന ചുരുക്കം ഭരണാധികാരികളില്‍ ഒരാളാണ് സുല്‍ത്താന്‍ ഖാബൂസ്. അര നൂറ്റാണ്ടിന്റെ ചരിത്ര പരമായ ദൗത്യം നിറവേറ്റിയാണ് മടക്കം. ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയില്‍ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് മിലിട്ടറി അക്കാദമിയില്‍നിന്ന് ആധുനികയുദ്ധതന്ത്രങ്ങളില്‍ അദ്ദേഹം നൈപുണ്യംനേടി. തുടര്‍ന്ന് പശ്ചിമജര്‍മനിയിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ ഒരുവര്‍ഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടി. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്‌കറ്റ് ആന്‍ഡ് ഒമാന്‍ എന്ന പേരുമാറ്റി സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.

ആധുനിക ഒമാനിന്റെ ശില്പിയും പശ്ചിമേഷ്യയിലെ സമാധാന പ്രിയനായ ഭരണാധികാരിയുമായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. നിഷ്പക്ഷമായ നിലപാടും നിഷ്‌കളങ്കമായ സമീപനവും നിസ്വാര്‍ത്ഥമായ ഇടപെടലുകളും നിശ്ചയ ദാര്‍ഢ്യത്തോടെയുള്ള പ്രയാണവും അറബ് രാജ്യങ്ങളില്‍ അദ്ദേഹത്തിന് ശാന്തനായ ഭരണാധികാരിയെന്ന പദവി നല്‍കിയിരുന്നു. അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞപ്പോഴും രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് നയിക്കുന്നതില്‍ ജാഗരൂഗനായിരുന്നു ഖാബൂസ്. മയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്കും മറ്റു വിദേശികള്‍ക്കും ഒമാനിന്റെ കവാടം മലര്‍ക്കെ തുറന്നിട്ട സുല്‍ത്താന്‍ ഖാബൂസ് രാജ്യത്തെ ആധുനിക വികസനത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിടവാങ്ങിയത്.

പശ്ചിമേഷ്യന്‍ മേഖലയിലെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതില്‍ പലപ്പോഴും മധ്യവര്‍ത്തിയുടെ റോളിലായിരുന്ന സുല്‍ത്താന്‍ ഖാബൂസ് മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ അഹോരാത്രം യത്‌നിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അനുശോചനം രേഖപ്പെടുത്തി. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category