പട്ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെുപ്പിന് കളമൊരുങ്ങുകയാണ്. തുടര്‍ച്ചയായി അധികാരം ലക്ഷ്യമിട്ടു കൊണ്ട് ജനതാദള്‍ യുണൈറ്റഡിന്റെ നിതീഷ് കുമാര്‍ തന്നെ രംഗത്തുണ്ട്. ബിജെപിയുമായി ചേര്‍ന്ന് ഭരിക്കുന്ന അദ്ദേഹത്തിന് തലവേദന സൃഷ്ടിക്കുന്ന കാര്യം കേന്ദ്രം നടപ്പിലാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതിയാണ്. ഈ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടു ചേരി രൂപം കൊണ്ടിട്ടുണ്ട്. എന്നാല്‍, ഇതൊന്നും തന്റെ രാഷ്ട്രീയ വിജയത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് നിതീഷ് കുമാര്‍. അതിന് വേണ്ടി അദ്ദേഹം ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുമുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് കടുത്ത മുന്നറിയിപ്പ് നല്കി ജെഡിയു രംഗത്തെത്തിയത് റെക്കോര്‍ഡിട്ട മനുഷ്യ ചങ്ങല തീര്‍ത്തു കൊമ്ടാണ്. പരിസ്ഥിതി സംരക്ഷണത്തിനും ദുഷ്ട ശക്തികളെ തുടച്ചുനീക്കുന്നതിനും തന്റെ സര്‍ക്കാര്‍ പദ്ധതികളെ പിന്തുണക്കുന്നവരുടെ കൂറ്റന്‍ മനുഷ്യച്ചങ്ങല ഒരുക്കിയാണ് നിതീഷ് കുമാര്‍ ശക്തി തെളിയിച്ചത്. സര്‍ക്കാര്‍ പരിപാടി ആണെങ്കിലും ഇത് സര്‍ക്കാറിന് രാഷ്ട്രീയ വിജയം നല്കുന്ന പരിപാടിയായി മാറുകയായിരുന്നു. സംസ്ഥാനത്ത് 18034 കിലോമീറ്റര്‍ ദൂരത്തില്‍ ഏകദേശം 5.17 കോടി ആളുകള്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു.
2017ല്‍ സമ്പൂര്‍ണ മദ്യനിരോധനത്തെ പിന്തുണച്ചും 2018ല്‍ സ്ത്രീധനം, ശൈശ വിവാഹം എന്നിവക്കെതിരെയും ബിഹാര്‍ സര്‍ക്കാര്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പടുകൂറ്റന്‍ റാലി നടത്തിയത്. 2018ല്‍ 11000 കിലോമീറ്ററിലാണ് ആളുകളെ അണിനിരത്തിയത്. അന്ന് ബംഗ്ലാദേശിന്റെ റെക്കോര്‍ഡാണ് ബിഹാര്‍ തകര്‍ത്തതെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ ആകാശ ദൃശ്യം പകര്‍ത്താന്‍ ഏഴ് ഹെലികോപ്ടറുകളും നൂറുകണക്കിന് ഡ്രോണുകളെയും സജ്ജമാക്കി.
രാവിലെ 11.30ന് തുടങ്ങിയ മനുഷ്യ ചങ്ങല 12 മണിയോടെ അവസാനിച്ചു. പട്നയിലെ ഗാന്ധി മൈതാനില്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മനുഷ്യച്ചങ്ങലക്ക് തുടക്കം കുറിച്ചത്. മാഗ്സസെ പുരസ്കാര ജേതാവ് രാജേന്ദ്ര സിങ്, യുഎന്‍ പരിസ്ഥിതി വിഭാഗം ഇന്ത്യന്‍ തലവന്‍ അതുലല്‍ ബാഗായി എന്നിവര്‍ ചങ്ങലയില്‍ കണ്ണികളായി. സമാനമായ വിധത്തില്‍ സംസ്ഥാനത്ത് നേരത്തെയും രണ്ട് വന്‍ മനുഷ്യ ചങ്ങലകള്‍ സംഘടിപ്പിച്ചിരുന്നു. ജല സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതിയാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.
ഈ മനുഷ്യചങ്ങലയില്‍ 57.76 സ്കൂള്‍ വിദ്ധ്യാര്ഥികള് അണിചേര്‍ന്നു. 43,445 തടവ് പുള്ളികളും ചങ്ങലയില്‍ അണിചേര്‍ന്നതായും ചീഫ് സെക്രട്ടറി പറഞ്ഞു. അവര്‍ ജയില്‍ വളപ്പിനുള്ളിലാണ് ചങ്ങലയുടെ ഭാഗമായത്. സര്‍ക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ തിന്മകള്ക്കെതിരായ പോരാട്ടത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യച്ചങ്ങലയില്‍ അണിനിരക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്.
മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്ത രണ്ടുപേര്‍ ഹൃദയാഘാതംമൂലം മരിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ മുഹമ്മദ് ദൗദും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ദര്ഭംഗ്ര ജില്ലയില്‍ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കവെയാണ് 55 കാരനായ മുഹമ്മദ് ദൗദ് മരിച്ചത്. സമസ്തിപുര്‍ ജില്ലയില്‍ ഒരു സ്ത്രീയും മരിച്ചു. രണ്ടുപേര്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. രണ്ടു പേരുടെയും കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദര്ഭംഗ്രയിലെ ഉറുദു മീഡിയം സ്കൂളിലെ അദ്ധ്യാപകനായ മുഹമ്മദ് ദൗദ് മനുഷ്യച്ചങ്ങലയുടെ ഭാഗമായി നില്‍ക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.