1 GBP = 92.00 INR                       

BREAKING NEWS

പിങ്ക് പട്ടുസാരി ചുറ്റി ആടയാഭരങ്ങളോടെ ദേവതയായി പാരീസ് ലക്ഷ്മി; കൃഷ്ണനായി പള്ളിപ്പുറം സുനിലും; താണ്ഡവവും അര്‍ദ്ധനാരീശ്വരനും ഒക്കെയെത്തിയ ബാത്ത് സംക്രമ ആഘോഷം യുകെ മലയാളികള്‍ക്ക് സമ്മാനിച്ചത് ഭാരതീയതയുടെ വിസ്മയ മുഹൂര്‍ത്തങ്ങള്‍; ഇരുവരെയും തേടി ബ്രിട്ടീഷ് ആരാധകരും

Britishmalayali
പ്രത്യേക ലേഖകന്‍

ബാത്ത്: ഭാരതത്തിന്റെ ആചാരത്തിലും വിശ്വാസത്തിലും ആകൃഷ്ടയായി കടല്‍ കടന്നെത്തി ഭരത മുനിയുടെ നാട്യശാസ്ത്രത്തിന്റെ അഴകും അലകും സ്വന്തമാക്കിയ ലോകപ്രശസ്ത നര്‍ത്തകി പാരീസ് ലക്ഷ്മി യുകെയില്‍ എത്തിയത് സാക്ഷാല്‍ ദേവതയെപ്പോലെ. കഴിഞ്ഞ ദിവസം ബാത്ത് ഹിന്ദു കമ്മ്യൂണിറ്റി ക്ഷണിക്കപ്പെട്ട സദസിനായി സംഘടിപ്പിച്ച മകര സംക്രമ ദിന ആഘോഷത്തില്‍ പാരീസ് പ്രത്യക്ഷപ്പെട്ടത് കാളിയായും ലക്ഷ്മിയായും പാര്‍വതിയായും ശിവനായും ഗണപതിയായും അര്‍ജുനനായും ഒക്കെയാണ്.

രണ്ടു മണിക്കൂര്‍ ഭാരതീയ ദേവതാ രൂപങ്ങളിലൂടെ പിങ്കിലും നീലയിലും ഞൊറിഞ്ഞുടുത്ത പട്ടു സാരിയില്‍ ബാത്തിലെ ബേക്കണ്‍ സ്‌കൂള്‍ ഹാള്‍ വേദിയില്‍ പാരീസ് നിറഞ്ഞാടുമ്പോള്‍ നൃത്തത്തിലൂടെ വളര്‍ന്ന പ്രണയം വഴി സ്വന്തമാക്കിയ ഭര്‍ത്താവും കഥകളി നടനുമായ  പള്ളിപ്പുറം സുനില്‍ കൃഷ്ണനായി അരങ്ങ് തകര്‍ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള അര്‍ജുനോപദേശം കഥകളിയുടെയും നൃത്തത്തിന്റെയും ഫ്യുഷന്‍ രൂപത്തില്‍ വേദിയില്‍ എത്തുമ്പോള്‍ ബ്രിട്ടീഷുകാരായ കാണികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതവും ആശ്ചര്യവും ഒരേ തരത്തില്‍ മിഴിയിലും ഭാവത്തിലും പ്രകടമാക്കിയാണ് വേദിയിലെ വിസ്മയത്തെ ഹൃദയത്തിലേക്ക് സ്വീകരിച്ചത്.
ജീവിതത്തില്‍ ആദ്യമായി കഥകളി നടനം കാണുന്നവര്‍ ആയിരുന്നു സദസ്സിലെ ഭൂരിഭാഗവും. എന്നാല്‍ മേളപ്പദവും കഥകളി പാരമ്പര്യ സമ്പ്രദായവും മാറ്റിവച്ചു സുനിലും പാരിസും ചേര്‍ന്ന് രൂപം നല്‍കിയ പ്രത്യേക ഫ്യൂഷ്യന്‍ നൃത്തത്തിന്റെ ലാളിത്യത്തില്‍ കഥകളി എങ്ങനെ കൂടുതല്‍ ജനകീയമാക്കാം എന്നത് കൂടിയാണ് ബാത്ത് സംക്രമ ദിന ആഘോഷം വ്യക്തമാക്കിയത്. എത്ര ഗൗരവമായ ഇതിവൃത്തവും നൃത്തത്തിന്റെ മേമ്പൊടിയോടെ എത്തുമ്പോള്‍ സാധാരണക്കാര്‍ക്കും കൂടുതല്‍ ആസ്വാദ്യമായി മാറും എന്ന സത്യമാണ് സുനിലും പാരീസ് ലക്ഷ്മിയും കൂടി സാധ്യമാക്കുന്നത്.

കഥകളി ഒന്നിച്ചുള്ള നൃത്തത്തിന്റെ കൊറിയോഗ്രാഫി സ്വന്തമായി ചെയുന്ന ഇരുവരും ഈ രംഗത്ത് മറ്റാര്‍ക്കും ചെയ്യാന്‍ സാധികാത്ത വിധമുള്ള നവീനതയാണ് സാധ്യമാക്കുന്നത്. ബാത്തിലെ വേദിയില്‍ ഇരുവരും ചേര്‍ന്ന് മഹാഭാരത കഥയുടെ ചുരുള്‍ അഴിക്കുമ്പോള്‍ ഇതിവൃത്തം പൂര്‍ണമായും അറിയാതിരുന്നിട്ടും സ്റ്റേജില്‍ നിറഞ്ഞാടിയ നടന വൈഭവം തിരിച്ചറിഞ്ഞാണ് ബ്രിട്ടീഷ് വംശജര്‍ കയ്യടിച്ചത്.

തനുവും മനവും ഒന്നായി മാറും വിധമുള്ള മാസ്മരിക പ്രകടനമാണ് പാരീസ് ലക്ഷ്മി ബാത്തിലെ സദസിനായി കാഴ്ചവച്ചത്. വിദേശ മണ്ണില്‍ ജനിച്ച ഒരാള്‍ ഇരുപതു വര്‍ഷത്തെ നിരന്തര സാധന വഴി ഭാരതീയതയെ പൂര്‍ണമായി ഉള്‍ക്കൊണ്ടു എന്നതാണ് പാരീസിന്റെ നൃത്ത വശ്യത കാണികളെ ബോധ്യപ്പെടുത്തുന്നത്. ജീവിതത്തിലെ തീരുമാനം നൂറു ശതമാനത്തിനപ്പുറം ശരിയാണെന്നാണ് പാരീസിന്റെ കൈമുദ്രകള്‍ തെളിയിക്കുന്നത്. മാസമരം എന്നോ വിസ്മയം എന്നോ പറഞ്ഞാലും പാരീസിന്റെ നൃത്തത്തിലെ സ്വാഭാവികതയും അംഗലാവണ്യവും ചേര്‍ന്നുള്ള പ്രകടനത്തിന് ഒട്ടും അധികമാകില്ല.

ശിവസ്തുതിയില്‍ ശിവരൂപമായി പാരീസ് മാറുമ്പോള്‍ വേദിയില്‍ ദേവചൈതന്യം ഉണ്ടോ എന്ന് കാണികളെ സന്ദേഹപ്പെടുത്തും വിധമാണ് നാട്യത്തിലെ പൂര്‍ണത. തുടര്‍ന്ന് ശക്തി സ്വരൂപിണിയായ കാളിദേവിയായി രംഗത്ത് വരുമ്പോള്‍ പ്രപഞ്ച ശക്തിയുടെ മഹാവിസ്മയ ഭാവങ്ങള്‍ പാരീസ് മുദ്രകളും മിഴികളും ഒക്കെ ഉപയോഗിച്ച് ആസ്വാദകരിലേക്കു നിഷ്പ്രയാസം പകര്‍ന്നാടുകയാണ്. അഖില ലോകവും കാത്തിടും അംബികേ എന്ന സ്തുതിയോടെയാണ് വേദിയില്‍ പാരീസിന്റെ ചുവടുവയ്പുകള്‍.

ഇതേ പാരീസ് തന്നെ വിഷ്ണു സ്തുതിയില്‍ എത്തിയപ്പോള്‍ മോഹിനിയെ പോലെ സുന്ദരിയായി വശ്യതയുടെ ചക്രവാള സീമയോളം കാഴ്ചക്കാരെ കൈപിടിച്ച് നടത്തുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട സുനിലുമൊത്തു ഫ്യൂഷന്‍ ചെയ്യാന്‍ എത്തിയപ്പോഴും പാരീസിന്റെ മാസ്മരികതക്ക് തെല്ലും കുറവുണ്ടായില്ല. കഥകളിയില്‍ സുനില്‍ നിറഞ്ഞാടുമ്പോഴും അദ്ദേഹത്തിന്റെ പ്രഭാവലയത്തില്‍ താന്‍ ചെറുതാകാതിരിക്കാന്‍ ഭാവത്തിന്റെ ഉദാത്ത മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചാണ് പാരീസ് കാണികളെ കയ്യിലെടുത്തത്.
കഥകളി ഫ്യുഷന്‍ രംഗത്തില്‍ ഉണ്ണിക്കണ്ണനും യശോദാമ്മയും, ശ്രീകൃഷ്ണനും രാധയും തമ്മില്‍ ഉള്ള ഭാഗവും ഒക്കെ വളരെ തന്മയത്തോടെയാണ് ഇരുവരും അവതരിപ്പിച്ചത്. മഹാഭാരതത്തില്‍ നിന്നും അര്‍ജുനോപദേശം എടുത്തു സുനില്‍ ഭഗവന്‍ കൃഷ്ണനായും പാരീസ് അര്‍ജുനനായും വേദിയില്‍ നിറയുമ്പോള്‍ ധര്‍മ്മോപദേശത്തിന്റെ മുഴുവന്‍ സംരംശവും ഇരുപതു മിനിറ്റിലേക്കു ചുരുക്കാന്‍ ഇരുവര്‍ക്കുമായി. മാത്രമല്ല, വിശ്വദര്‍ശനം അവതരിപ്പിക്കുന്ന മുഹൂര്‍ത്തവും മറ്റും സുനില്‍ ഉജ്ജ്വലമാക്കിയപ്പോള്‍ ഈ കാഴ്ച്ചകള്‍ കാണാന്‍ സാധിച്ചത് തന്നെ ജന്മ പുണ്യം എന്ന ഭാവമാണ് സദസ് പങ്കിട്ടത്.

പുറത്തെ കൊടും തണുപ്പില്‍ വേദിയിലെ പ്ലാറ്റഫോമില്‍ നഗ്ന പാദനായി മണിക്കൂറുകള്‍ നൃത്തം ചെയ്യുമ്പോള്‍ കാലിലേക്ക് അരിച്ചു കയറുന്ന തണുപ്പിന്റെ അസഹ്യതയൊന്നും പ്രകടിപ്പിക്കാതെയാണ് സുനില്‍ പള്ളിപ്പുറം സദസ്സിനെ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്. നടനം പൂര്‍ത്തിയായ നിമിഷം തന്നെ സഹായികളോട് തണുപ്പിനെ നേരിടാന്‍ സോക്സ് ആവശ്യപ്പെടുക ആയിരുന്നു അദ്ദേഹം.

അതില്‍ നിന്നും തന്നെ വ്യക്തമാണ് എത്ര ത്യാഗം സഹിച്ചാണ് ഇരുന്നൂറോളം പേരടങ്ങുന്ന ക്ഷണിക്കപ്പെട്ട സദസിനെ ഇരുവരും ചേര്‍ന്ന് ആസ്വാദനത്തിന്റെ വിഹായസിലേക്കു എടുത്തുയര്‍ത്തിയതെന്ന വസ്തുത. സുനില്‍ പള്ളിപ്പുറത്തിനെ ജഗദീഷ് നായരും പാരീസ് ലക്ഷ്മിയെ ജോയ് തോമസും പൊന്നാടയണിയിച്ച് ആദരിച്ചു. ആസ്വാദന നിലവാരമുള്ള, നിശബ്ദമായ സദസിന്റെ ആവശ്യകത ഉണ്ടായിരുന്നതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നവര്‍ക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.


രണ്ടു മണിക്കൂര്‍ നൃത്തത്തിനായി മണിക്കൂറുകളുടെ സമയം എടുത്താണ് ഇരുവരും തയ്യാറായത്. അതിനാല്‍ തന്നെ സമയം കടന്നു പോകുന്നതും വെല്ലുവിളിയായി. വേദിയില്‍ അല്‍പം കൂടി ചെയ്യാന്‍ ബാക്കി ഉണ്ടായിരുന്നു എന്ന സങ്കടമാണ് സുനില്‍ പിന്നീട് പങ്കു വച്ചത്. പാരിസിനാകട്ടെ സദസിനോട് ഒരു നന്ദി വാക്ക് പറയണം എന്നും ഉണ്ടായിരുന്നു.

ഇന്ന് ഭരണങ്ങാനത്ത് ഇരുവര്‍ക്കും പ്രോഗ്രാം ഉള്ളതിനാല്‍ ബാത്തില്‍ നിന്നും എത്രയും വേഗം എയര്‍പോര്‍ട്ടില്‍ എത്താന്‍ ഉള്ള വെപ്രാളത്തില്‍ സദസിനോട് പറയാന്‍ ഉള്ളതൊക്കെ മറന്നു പോയെന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ പാരീസ് ലക്ഷ്മി ഡല്‍ഹി വിമാനാത്താവളത്തില്‍ നിന്നും അല്‍പം കുണ്ഠിതത്തോടെ വെളിപ്പെടുത്തിയത്. ഇത്ര തിരക്കൊന്നും ഇല്ലാതെ ഉടന്‍ തന്നെ വീണ്ടും യുകെയില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിച്ചാല്‍ സാധിക്കുമെന്നും ഇരുവരും സൂചിപ്പിച്ചു.

പത്തുവര്‍ഷമായി തെന്നിത്യന്‍ സാന്നിധ്യമായി ബാത്തില്‍ പ്രവര്‍ത്തിക്കുന്ന ബാത്ത് ഹിന്ദു കമ്മ്യൂണിറ്റില്‍ ഏതാനും മലയാളി കുടുംബങ്ങള്‍ മാത്രമാണ് സജീവമായിട്ടുള്ളത്. ഡിസൈന്‍ എന്‍ജിനിയര്‍ കൂടിയായ ജഗദീഷ് നായര്‍ മുന്‍കൈ എടുത്തു നടത്തിയ സംക്രമ ആഘോഷവും ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഡേയും യുകെ മലയാളികള്‍ ഇന്നേവരെ കാണാത്ത വിധം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന തരം വത്യസ്തത തുടക്കം മുതല്‍ പുലര്‍ത്തുക ആയിരുന്നു. ആളെക്കൂട്ടിയുള്ള പരിപാടികള്‍ ഏറെ കണ്ടിട്ടുള്ള യുകെ മലയാളികള്‍ ആസ്വാദകര്‍ക്ക് മാത്രം എന്ന മുഖവുരയുള്ള ഒരു പരിപാടിയാണ് ബാത്തില്‍ സാക്ഷികളായത്.

ആയിരക്കണക്കിന് പൗണ്ട് ചിലവുള്ള പരിപാടി ഏതാനും ആളുകള്‍ക്ക് വേണ്ടി മാത്രം സമര്‍പ്പിക്കുമ്പോള്‍ കലയോടും കലാകാരന്മാരോടും കലാകാരികളോടും ഉള്ള പ്രതിബന്ധത കൂടി ചടങ്ങില്‍ ദൃശ്യമായി. നിരവധി പ്രഗത്ഭ കലാപ്രതിഭകള്‍ ബത്തിലെ വേദിയെ ധന്യമാക്കാന്‍ എത്തിയിരുന്നു. തമിഴ്, കന്നഡ, ശ്രീലങ്കന്‍ നര്‍ത്തകര്‍ ഒക്കെ വിവിധ തരം നാട്യ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചാണ് സംക്രമ ദിന ചടങ്ങുകള്‍ക്ക് ചൈതന്യം പകര്‍ന്നത്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നര്‍ത്തകരുടെയും ഗായകരുടെയും സാന്നിധ്യം ശ്രദ്ധേയമായി. ജിതേഷ് നായര്‍ ബര്‍മിങാം, വര്‍ണാ സജീവ് ബ്രിസ്‌റ്റോള്‍ എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചത്.
ചിത്രം കടപ്പാട്: രെഞ്ചുഷ് & രാജേഷ് ലെന്‍സ് ഹുഡ് ഫോട്ടോഗ്രാഫി

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category