1 GBP = 94.40 INR                       

BREAKING NEWS

സെന്‍സസിനൊപ്പം ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രത്തെ അറിയിച്ചു കേരളം; മാതാപിതാക്കള്‍ ജനിച്ച സ്ഥലം ചോദിച്ചു ചെന്നാല്‍ ഉദ്യോഗസ്ഥരെ ജനക്കൂട്ടം പഞ്ഞിക്കിടുമെന്ന ഭയം തുറന്നു പറഞ്ഞു സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ നല്‍കി കേസ് പിന്‍വലിക്കാതെ ഒത്തുതീര്‍പ്പില്ലെനന്ന് ഗവര്‍ണര്‍ വാശി പിടിക്കുന്നതിന് ഇടയില്‍ സെന്‍സസിന് ഒപ്പമുള്ള എന്‍പിആറും ഏറ്റുമുട്ടലിന് കാരണമാകുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: സര്‍വ്വകലാശാലാ വിഷയങ്ങളില്‍ തുടങ്ങി കേരളാ ഗവര്‍ണറുമായുള്ള തര്‍ക്കം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഏറ്റുമുട്ടലിലേക്ക് വഴിമാറിയ കാഴ്ച്ചയാണ് കേരളത്തില്‍ കണ്ടത്. ഇപ്പോള്‍ ഈ തര്‍ക്കം സെന്‍സസ് വിഷയത്തിലേക്കും ചെന്നെത്തി നില്‍ക്കുന്നു. സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും മുമ്പ് തന്നെ അറിയിച്ചില്ലെന്ന വാദം ഉയര്‍ത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ ഈ വിഷയത്തിലെ വിശദീകരണത്തിനും തൃപ്തനാകാത്ത അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് എന്‍പിആറിന്റെ പേരിലും ഉടക്കുണ്ടായത്. തന്നെ അറിയിക്കാതെ സുപ്രീംകോടതിയില്‍ പോയത് നിയമലംഘനമാണ്. നിയമവിരുദ്ധ നടപടി പിന്‍വലിച്ചാലേ പ്രശ്നം തീരൂവെന്നും താനായിട്ട് അത് ആവശ്യപ്പെടുന്നില്ലെന്ന നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാന്‍.

സെന്‍സസ് നടപടിയുമായി പൂര്‍ണമായി സഹകരിക്കുമെങ്കിലും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍.) പുതുക്കല്‍ സംസ്ഥാനത്തു നടത്തില്ലെന്ന് കേരള സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമ്മിഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാനനില ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രിസഭ വിലയിരുത്തി. മാതാപിതാക്കളുടെ ജനന തീയ്യതി അടക്കമുള്ള കാര്യങ്ങളിലെ ചോദ്യങ്ങളുമായി മുന്നോട്ടു പോയാല്‍ അത് ക്രമസമാധാന പ്രശ്നത്തിലേക്ക് നയിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തല്‍.

ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) എന്‍.പി.ആര്‍. പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ നടപ്പാക്കാനാകാതെ വരുമെന്ന് കളക്ടര്‍മാര്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എന്‍പിആര്‍ പുതുക്കലില്‍ നിന്നും പിന്മാറിയത്. മാതാപിതാക്കളുടെ ജനനസ്ഥലം, അവരുടെ ജനനത്തീയതി തുടങ്ങിയ രണ്ട് ചോദ്യങ്ങളാണ് പ്രശ്നം. സെന്‍സസ് നടപടിയുടെ ഭാഗമായി വ്യക്തികളില്‍നിന്നു വിവരം ശേഖരിക്കാനുള്ള ഫോമിലെ ഈ രണ്ടുചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കേണ്ടെന്ന് ജനങ്ങളെ അറിയിക്കും. ഇവ ഉദ്യോഗസ്ഥര്‍ ചോദിച്ചാലും പറയേണ്ടെന്നാണ് സര്‍ക്കാര്‍നിലപാട്.

സെന്‍സസിലെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടെന്നു ജനങ്ങളോട് നിര്‍ദ്ദേശം നല്‍കിയതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടുമോ എന്ന ആശങ്ക ഉന്നതതലത്തിലുണ്ട്. ഉത്തരം നല്‍കേണ്ടെന്ന നിര്‍ദ്ദേശത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമവഴി തേടാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സെന്‍സസ് നിയമത്തെ വെല്ലുവിളിക്കുന്നതാണെന്ന ആരോപണവും ഉയരാം. സെന്‍സസും എന്‍പിആറും സംബന്ധിച്ചു മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണു തീരുമാനമെടുത്തത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോകുന്നതു ക്രമസമാധാന നിലയെ പ്രതികൂലമായി ബാധിക്കുമെന്നു പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെ വരുമെന്നു കലക്ടര്‍മാരും അറിയിച്ചിരുന്നു. പൗരത്വ ഭേദഗതിയുടെ ഭരണഘടനാ സാധുത ആരാഞ്ഞു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയുമാണ്. ഈ മൂന്നു കാര്യവും സെന്‍സസ് കമ്മിഷണറെ അറിയിക്കും.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ദേശീയ പൗര രജിസ്റ്ററിലേക്കു (എന്‍ആര്‍സി) നയിക്കും. ഇവ രണ്ടും ഇവിടെ നടപ്പാക്കുകയാണെങ്കില്‍ വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. കലക്ടര്‍മാരെ 'കുടുക്കില്ല' 2 ചോദ്യങ്ങള്‍ കലക്ടര്‍മാരില്‍ സമ്മര്‍ദം ചെലുത്തി സെന്‍സസില്‍ ഉള്‍പ്പെടുത്താനാണു കേന്ദ്ര ശ്രമമെന്നു മന്ത്രിസഭായോഗം വിലയിരുത്തി. ചോദ്യം ഒഴിവാക്കി കലക്ടര്‍മാരെയും മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരെയും പ്രതിസന്ധിയില്‍ ആക്കേണ്ടെന്നാണ് മന്ത്രിസഭാ തീരുമാനം. നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ കലക്ടര്‍മാര്‍ക്കെതിരെ കേന്ദ്രനടപടി വരും. ഐഎഎസ് ഉദ്യോഗസ്ഥരെ സംരക്ഷിച്ച്, കേന്ദ്ര തീരുമാനത്തിനെതിരെ മുന്നോട്ടുപോകും. സെന്‍സസ് നടപടികള്‍ സ്തംഭിച്ചാല്‍ കേരളത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് വിഹിതം ഉള്‍പ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കും.

ഗവര്‍ണര്‍ കലിപ്പില്‍ തന്നെ
അതേസമയംതന്നെ അറിയിക്കാതെ പൗരത്വ നിയമത്തെ ചോദ്യം ചെയ്തു സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്നും ആ ഹര്‍ജി പിന്‍വലിക്കുകയാണ് പരിഹാരമെന്നും തുറന്നടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നത് എന്‍പിആര്‍ നടപ്പിലാക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനം അറിഞ്ഞു കൊണ്ടു തന്നെയാണ്. സര്‍ക്കാര്‍ നിലപാടു സംബന്ധിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ടുകണ്ടു വിശദീകരണം നല്‍കി മടങ്ങിയ ശേഷമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. 'വിശദീകരണത്തില്‍ തൃപ്തനല്ല. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകരാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ നടപടിക്കു മേല്‍ അന്തിമ തീരുമാനം എടുക്കുമ്പോള്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നിട്ടുണ്ടോ എന്നു വിലയിരുത്തും' ഗവര്‍ണര്‍ പറഞ്ഞു.

ഇതേസമയം, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ കൂട്ടുന്നതു സംബന്ധിച്ചു ഗവര്‍ണര്‍ തടഞ്ഞുവച്ച ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്‍ ഫെബ്രുവരി 6ന് നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കാന്‍ സര്‍ക്കാര്‍ നീക്കം. സഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തടസ്സവാദം ഉന്നയിക്കുമോയെന്ന സംശയം മന്ത്രിസഭയില്‍ ഉയര്‍ന്നു. എന്നാല്‍, സഭ പാസാക്കുന്ന ബില്‍ തടയാന്‍ ഗവര്‍ണര്‍ തുനിയില്ലെന്ന വിശ്വാസത്തിലാണു സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ഒട്ടേറെ നടപടികള്‍ക്കെതിരെ മുന്‍പു സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ടെന്നും പലപ്പോഴും ഗവര്‍ണറെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നുമാണു ചീഫ് സെക്രട്ടറി ഇന്നലെ ഗവര്‍ണറെ കണ്ടു ധരിപ്പിച്ചത്. ഗവര്‍ണറെ അവഗണിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പൗരത്വ നിയമത്തിനെതിരെ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പ്രതിപക്ഷം അടക്കം സര്‍ക്കാര്‍ കോടതിയില്‍ പോകണമെന്ന് ആവശ്യപ്പെടുകയും നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. എന്നാല്‍, ഗവര്‍ണര്‍മാരുടെ അധികാരങ്ങള്‍ എന്തൊക്കെയെന്നു പഠിക്കാണമെന്നായിരുന്നു മറുപടി.

രാവിലെ ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനില്‍ച്ചെന്ന് ഗവര്‍ണര്‍ക്കു വിശദീകരണം നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമമന്ത്രി എ.കെ. ബാലന്‍ എന്നിവരുമായി ചര്‍ച്ചചെയ്തശേഷമാണ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കണ്ടത്. നയപ്രഖ്യാപനത്തോടെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സംഘര്‍ഷം നീളാതെ ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിയത്. മനപ്പൂര്‍വം സംഘര്‍ഷമുണ്ടാക്കാനല്ല ഗവര്‍ണറോട് ആലോചിക്കാതിരുന്നതെന്ന് ബോധ്യപ്പെടുത്താനാണ് ചീഫ് സെക്രട്ടറി ശ്രമിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കോടതിയെ സമീപിച്ചത് കാര്യനിര്‍വഹണച്ചട്ടവുമായി ബന്ധമുള്ളതല്ല. അതുകൊണ്ട് ഗവര്‍ണറുടെ അനുമതി വേണ്ട. ഭരണഘടനാപരമായ അധികാരമാണ് സംസ്ഥാനം ഉപയോഗിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ചെയ്തത് നിയമവിരുദ്ധമാണെന്ന വാദം ചീഫ് സെക്രട്ടറിയോടും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടങ്ങള്‍ തയാറാക്കിയ സര്‍ക്കാര്‍ തന്നെ അതു ലംഘിക്കുന്നു എന്ന ആക്ഷേപമാണ് ഗവര്‍ണര്‍ക്കുള്ളത്. കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ഹര്‍ജികള്‍ ഗവര്‍ണറെ അറിയിക്കണം. കേസ് നല്‍കുമ്പോള്‍ അറിയിക്കുക പോലും ചെയ്യാത്തത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. 'ഗവര്‍ണര്‍ തസ്തിക വേണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു ജനങ്ങളാണ്. അനുകൂലമായ ജനവിധി നേടിയ ശേഷം സിപിഎമ്മിന് വേണമെങ്കില്‍ ഭരണഘടന മാറ്റിയെഴുതാം. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിനു പറ്റിയ അവസ്ഥയിലല്ല സിപിഎം' എന്നു പറഞ്ഞ് യെച്ചൂരിയെ പരിഹസിക്കാനും ആരിഫ് മുഹമ്മദ് ഖാന്‍ മറന്നില്ല.

കേന്ദ്ര സര്‍ക്കാരുമായോ മറ്റു സംസ്ഥാനങ്ങളുമായോ ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ ബന്ധത്തെ ബാധിക്കുന്ന കേസുകളുമായി സുപ്രീം കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കും മുന്‍പ് മുഖ്യമന്ത്രി അതു സംബന്ധിച്ച വിവരം ഗവര്‍ണര്‍ക്കു സമര്‍പ്പിക്കണം എന്നാണ് ബിസിനസ് ഓഫ് റൂള്‍സില്‍ പറയുന്നത്. സര്‍ക്കാറുമായുള്ള തര്‍ക്കം മുറുകുന്നതിനിടെ പൗരത്വനിയമ പ്രശ്നത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും സംയമനം പാലിക്കേണ്ടിയിരുന്നെന്നും ഇരുവരുമായും സമവായ ചര്‍ച്ചകള്‍ നടത്താന്‍ താന്‍ ഒരുക്കമാണെന്നും ഒ.രാജഗോപാല്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. കേരളത്തിലെ പൗരന്‍ എന്ന നിലയ്ക്കാണ് ഇതു പറയുന്നത്.

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമുള്ള സ്ഥാനം ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. തര്‍ക്കങ്ങള്‍ വന്നാല്‍ പരിഹരിക്കാനും പരസ്പര ആശയ വിനിമയത്തിനും പല മാര്‍ഗങ്ങളുമുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പഴി ചാരുന്നത് ആശാസ്യമല്ല എന്നാണു തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. 'ഗവര്‍ണര്‍ക്ക് അദ്ദേഹത്തിന്റെ അഭിപ്രായമുണ്ടാകും. അതു പുറത്തു വിളിച്ചു പറയേണ്ടതാണോ? ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന 2 പേര്‍ തമ്മില്‍ വെല്ലുവിളിക്കുന്നതു നല്ല ഏര്‍പ്പാടാണെന്നു തോന്നുന്നില്ല. 2 പേരും എന്റെ സുഹൃത്തുക്കളാണ്. അവസരം വന്നാല്‍ ഇരുവരുമായി സംസാരിക്കാനും തയാറാണ്.' രാജഗോപാല്‍ പറഞ്ഞു. രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ കാണിക്കുന്നതെന്ന് വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തുണ്ട്.

അമിത്ഷാ മോദി സംഘത്തെ തൃപ്തിപ്പെടുത്താനായി ഗവര്‍ണര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കേസു കൊടുത്തതിനു ഗവര്‍ണറുടെ അനുമതി വേണ്ട. എന്നാല്‍ ഇക്കാര്യം ഗവര്‍ണറെ അറിയിക്കണം. ഒരു ദിവസം താമസിച്ചു എന്നത് വലിയ പ്രശ്നമല്ല. ഗവര്‍ണര്‍ ചോദിച്ചു വാങ്ങിയതാണ് പ്രതിഷേധം. പൗരത്വ നിയമത്തില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന് ആര്‍ക്കും പറയാനാവില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അനുവദിച്ച അവകാശമാണിത്. അത് പാടില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞാലും ആവര്‍ത്തിക്കും. സമരം ചെയ്താലും നിയമം നടപ്പിലാക്കുമെന്ന അമിത്ഷായുടെ വാക്കുകള്‍ ഏകാധിപതിയുടെതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category