1 GBP = 93.60 INR                       

BREAKING NEWS

ദമാനിലെ റിസോര്‍ട്ടില്‍ പ്രവീണും കൂട്ടരും ബുക്കു ചെയ്തിരുന്നത് നാല് മുറികള്‍; എത്താന്‍ വൈകിയതിനാല്‍ ലഭിച്ചത് രണ്ട് മുറികള്‍ മാത്രം; മരിച്ചത് ഒരു മുറിയില്‍ താമസിച്ച എട്ടുപേര്‍; മുറിയുടെ വാതിലും ജനലുകളും അടച്ചു കിടന്നുറങ്ങിയവര്‍ രാവിലെ ഒമ്പതായിട്ടും ഉണരാതിരുന്നതോടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു മുറി തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത് ഇന്ത്യന്‍ ഡോക്ടര്‍മാരുടെ കൂടി സാന്നിധ്യത്തില്‍; മറ്റുള്ളവര്‍ കാഠ്മണ്ഡുവില്‍ എത്തി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: നേപ്പാളില്‍ റിസോര്‍ട്ടിലെ മുറിയില്‍ വിഷവാതകം ശ്വസിച്ച് കുട്ടികള്‍ അടക്കം എട്ടുപേര്‍ മരിച്ച വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് കേരളം. അതീവ ദാരുണമായ ഈ ദുരന്തത്തിന് വഴിവെച്ചത് എവറസ്റ്റ് പനോരമ റിസോര്‍ട്ട് അധികൃതരുടെ അനാസ്ഥയിലേക്ക് തന്നെയാണ്. 15 അംഗ മലയാളി വിനോദ സഞ്ചാരികള്‍ ഹോട്ടലില്‍ എത്തിയത് തിങ്കളാഴ്ച്ച രാത്രി ഒമ്പതരയോടെയാണ്. അടുത്ത സുഹൃത്തുക്കളായ പ്രവീണും രഞ്ജിത്തും എന്‍ജിനിയര്‍മാരാണ്. സംഘം മധ്യനേപ്പാളിലെ മലയോര വിനോദസഞ്ചാരകേന്ദ്രമായ ദാമനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലെത്തിയത്. നാലുമുറികള്‍ ബുക്ക് ചെയ്തിരുന്നെങ്കിലും വൈകിയതിനാല്‍ ഇവര്‍ക്ക് രണ്ടു മുറികളേ നല്‍കാനായുള്ളൂവെന്ന് ഹോട്ടലധികൃതര്‍ പറഞ്ഞു. ഇതില്‍ ഒരു മുറിയില്‍ താമസിച്ച എട്ടുപേരാണ് മരിച്ചത്. ചൂടിനായി ഹിറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് അപകടം ഉണ്ടായത്.

ഗ്യാസ് ഉപയോഗിച്ചുള്ള റൂം ഹീറ്ററില്‍നിന്ന് വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്ന് മകവാന്‍പുര്‍ ജില്ലാ പൊലീസ് ഓഫീസര്‍ സുശീല്‍ സിങ് റാത്തോഡ് പറഞ്ഞു. മുറിയുടെ വാതിലും ജനലുകളുമെല്ലാം അടച്ചാണ് ഇവര്‍ കിടന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പതായിട്ടും ഇവരെ കാണാഞ്ഞതിനെത്തുടര്‍ന്ന് ഹോട്ടല്‍ജീവനക്കാര്‍ ഡൂപ്ലിക്കേറ്റ് താക്കോല്‍കൊണ്ട് മുറി തുറന്നുനോക്കിയപ്പോള്‍ എട്ടുപേരെയും ബോധരഹിതരായി കണ്ടെത്തി. തുടര്‍ന്ന് ഇവരെ കാഠ്മണ്ഡുവിലെ എച്ച്.എ.എം.എസ്. ആശുപത്രിയിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ചെങ്കിലും 12 മണിയോടെ മരണം സ്ഥിരീകരിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് നാരായണ്‍ പ്രസാദ് പറഞ്ഞു. മൃതദേഹങ്ങള്‍ വൈകുന്നേരം മൂന്നോടെ മോര്‍ച്ചറിയിലേക്കു മാറ്റിയതായി കാഠ്മണ്ഡു മലയാളിസമാജം ഭാരവാഹി കൈലാസ്‌നാഥ് അറിയിച്ചു.

ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള ഡോക്ടര്‍മാരും ആശുപത്രിയിലെത്തിയിരുന്നു. അവരുടെ സാന്നിധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇന്നാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. സംഘത്തിലെ ബാക്കിയുള്ളവരെ കാഠ്മണ്ഡുവിലെത്തിച്ചു. എംബസി ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിവരുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് സ്വദേശികളായ രണ്ടു ദമ്പതിമാരും അവരുടെ നാലുകുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കൃഷ്ണന്‍ നായര്‍ (39), ഭാര്യ ശരണ്യാ ശശി (34), മക്കളായ ശ്രീഭദ്ര പ്രവീണ്‍ (ഒമ്പത്), ആര്‍ച്ച പ്രവീണ്‍ (ഏഴ്), അഭിനവ് നായര്‍ (അഞ്ച്), കോഴിക്കോട് കുന്ദമംഗലം താളിക്കുണ്ട് പുനത്തില്‍ രഞ്ജിത് കുമാര്‍ (38), ഭാര്യ പി.ആര്‍. ഇന്ദുലക്ഷ്മി പീതാംബരന്‍ (34), മകന്‍ വൈഷ്ണവ് രഞ്ജിത് (ആറ്) എന്നിവരെയാണ് മുറിയില്‍ ബോധരഹിതരായി കണ്ടത്. ഹെലികോപ്റ്ററില്‍ കാഠ്മണ്ഡുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രഞ്ജിത്തിന്റെ മൂത്തമകന്‍ മാധവ് മറ്റൊരു മുറിയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു.

ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരത്തെ വിമാനത്തില്‍ത്തന്നെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ''കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുമാത്രമേ നേരിട്ട് വിമാനമുള്ളൂ. രാവിലെയും വൈകീട്ടുമാണ് ഡല്‍ഹി സര്‍വീസുകള്‍. ബുധനാഴ്ച തന്നെ മുഴുവന്‍ മൃതദേഹങ്ങളും ഡല്‍ഹിയിലെത്തിക്കാനായില്ലെങ്കില്‍ അടുത്തദിവസം ബാക്കിയുള്ളവ കൊണ്ടുവരും''- മന്ത്രി പറഞ്ഞു.

അതേസമയം, മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന്റെയും വിമാനത്തില്‍ അയക്കുന്നതിന്റെയും ചെലവു വഹിക്കുന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്ന് കാഠ്മണ്ഡുവിലെ മലയാളിസമാജം ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നതായി മന്ത്രി പറഞ്ഞു. ''സാധാരണഗതിയില്‍ വളരെ പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ എംബസിയുടെ ചെലവില്‍ കൊണ്ടുവരാനുള്ള ക്ഷേമനിധിയുണ്ട്. എന്നാല്‍, ഇവിടത്തെ പ്രത്യേക സാഹചര്യത്തില്‍ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കും'' -അദ്ദേഹം പറഞ്ഞു.

സംഭവത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചതായി മന്ത്രി മുരളീധരന്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. പതിനഞ്ചംഗ സംഘത്തിലെ എട്ടുപേരാണ് ഹോട്ടല്‍മുറിയില്‍ മരിച്ചത്. ബാക്കി ഏഴു പേരെ ചൊവ്വാഴ്ച വൈകീട്ടോടെ കാഠ്മണ്ഡുവിലെത്തിച്ചു. ഇവര്‍ക്ക് വൈശാലി ഹോട്ടലില്‍ താമസം ഏര്‍പ്പെടുത്തിയതായി കാഠ്മണ്ഡു മലയാളി സമാജം ഭാരവാഹി കൈലാസ്‌നാഥ് പറഞ്ഞു.

പ്രവീണ്‍നായരുടെ അച്ഛന്‍: കൃഷ്ണന്‍നായര്‍, അമ്മ: പ്രസന്നകുമാരി. സഹോദരി: പ്രസീദ. കുരുവട്ടൂര്‍ സര്‍വീസ് സഹകരണബാങ്ക് റിട്ട. സെക്രട്ടറി കുന്ദമംഗലം താളിക്കുണ്ട് പുനത്തില്‍ മാധവന്‍നായരുടെയും പ്രഭാവതിയമ്മയുടെയും മകനാണ് രഞ്ജിത്ത്കുമാര്‍. സഹോദരങ്ങള്‍: സജീഷ്‌കുമാര്‍(ടൂറിസം വകുപ്പ്, കണ്ണൂര്‍ ഗസ്റ്റ്ഹൗസ്), സിന്ധു. മൊകവൂര്‍ കോവിളി റിട്ട. പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പീതാംബരന്‍ നായരുടെയും രാഗലതയുടെയും മകളാണ് ഇന്ദുലക്ഷ്മി(കാരന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എലത്തൂര്‍ ഹെഡ് ഓഫീസില്‍ ജൂനിയര്‍ ക്ലാര്‍ക്ക്). സഹോദരി: ചിത്രാലക്ഷ്മി. അപകടത്തില്‍ രക്ഷപ്പെട്ട മൂത്ത മകന്‍ മാധവ് സില്‍വര്‍ഹില്‍സ് സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category