1 GBP = 97.70 INR                       

BREAKING NEWS

ജോസഫിലും തോപ്പില്‍ ജോപ്പനിലും പാടിയ ബാത്ത് മലയാളിയെ അറിയാമോ? പാട്ടുകാരനാണെന്നു പോലും പറയാത്ത ബെനഡിക്ട് ഷൈന് നാട്ടുകാരുടെ അംഗീകാരം; പാരീസ് ലക്ഷ്മിയുടെ വേദിയില്‍ സ്വന്തം പാട്ട് പാടി കയ്യടി നേടി; കൈ നിറയെ അവസരങ്ങള്‍ വന്നിട്ടും വേണ്ടെന്നു വച്ച ബെന്റി മനസ് തുറക്കുമ്പോള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെ മലയാളികള്‍ക്കിടയില്‍ എവിടെ തിരഞ്ഞു നോക്കിയാലും പാട്ടുകാരുടെ പടയാണ്. ഇവരില്‍ ആരെങ്കിലും ഗൗരവമായി പാട്ടിനെ കൂടെക്കരുതുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉത്തരം കിട്ടുക അത്ര എളുപ്പമായിരിക്കില്ല. എന്നാല്‍ വെറും ജന്മവാസന കൊണ്ട് , പാട്ടിന്റെ ഹരിശ്രീ എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഒരാള്‍ യുകെ മലയാളികള്‍ക്കിടയില്‍ രണ്ടു സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ പാടിയിട്ടും ഞാന്‍ വെറുമൊരു പാവം എന്ന മട്ടില്‍ ആരുമറിയാതെ കഴിയുന്നു. അതും തൊട്ടയല്‍വാസികള്‍ക്കു പോലും അറിയില്ല ഈ യുവാവ് ഒരു പിന്നണി ഗായകന്‍ ആണെന്ന്.

ബാത്ത് മലയാളിയായ ബെനഡിക്ട് ഷൈന്‍ എന്ന ബെന്റിയാണ് ഈ സൂപ്പര്‍ ഹിറ്റ് സിനിമ പാട്ടുകാരന്‍. യുകെ മലയാളിയായിട്ടു 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നേവരെ ഒരു പൊതുവേദിയില്‍ മൈക്ക് തൊട്ടിട്ടില്ലാത്ത ഈ യുവാവ് കഴിഞ്ഞ ദിവസം ബാത്ത് ഹിന്ദു കമ്യുണിറ്റി സംഘടിപ്പിച്ച മകര സംക്രമ ആഘോഷത്തില്‍ നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മിയുടെ സാന്നിധ്യത്തിലാണ് ആദ്യമായി ഒരു പാട്ടുപാടുന്നത്, അതും സ്വന്തം സിനിമയിലെ പാട്ടുതന്നെ.

രണ്ടേ രണ്ട്, രണ്ടും സൂപ്പര്‍ ഹിറ്റ് 
കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജോസഫിലും മൂന്നു വര്‍ഷം മുന്‍പ് പുറത്തു വന്ന മമ്മൂട്ടിയുടെ വമ്പന്‍ ചിത്രം തോപ്പില്‍ ജോപ്പനിലുമാണ് ബെനഡിക്ട് എന്ന ബെന്റി തന്റെ പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ചത്. രണ്ടു പാട്ടുകളും വളരെ അപ്രതീക്ഷിതമായി ബെനഡിക്ടിനെ തേടി എത്തുക ആയിരുന്നു എന്നതാണ് സത്യം. മാത്രമല്ല ഒരിക്കലും തന്‍ ഒരു സിനിമയില്‍ പാട്ടുപാടും എന്ന് ബെന്റി സ്വപ്നം കണ്ടിരുന്നുമില്ല.
കൂട്ടുകെട്ടുകളും അവിചാരിത പരിചയങ്ങളും സൗഹൃദങ്ങളുമാണ് ബെനഡിക്ടിനെ അപ്രതീക്ഷിതമായി സിനിമ ലോകത്ത് എത്തിച്ചത് എന്നതാണ് സത്യം. കൂടെ അല്‍പം ഭാഗ്യവും ഈ പാട്ടുകാരന്റെ കൂടെ നിന്നു എന്ന് പറയുന്നതിലും കാര്യമില്ലാതില്ല. ചെറുപ്രായത്തില്‍ പിതാവ് നിര്‍ബന്ധിച്ചു കൊച്ചിയില്‍ കലാഭവനില്‍ ഗിറ്റാര്‍ പഠിക്കാന്‍ ചേര്‍ത്തതാണ് ബെന്റിയുടെ കലാജീവിതത്തിലെ ഏക പരിചയ സമ്പത്ത് എന്ന് വേണമെങ്കില്‍ പറയാം. സാധാരണ കുട്ടികളെ പോലെ ഏതാനും മാസത്തെ പഠന ശേഷം ഗിറ്റാര്‍ വലിച്ചെറിഞ്ഞു ബെന്റി സ്വന്തം വഴി നോക്കി പോയി. 
യുകെ മോഹിപ്പിക്കാന്‍ മടിച്ചപ്പോള്‍
പിന്നെ പഠനമൊക്കെ കഴിഞ്ഞു മെക്കാനിക്കല്‍ ജോലിയുമായി പൊങ്ങിയത് ഗള്‍ഫിലാണ്  അതിനിടയില്‍ ഏക മകനെ വീട്ടുകാര്‍ സുന്ദരിയായ ഒരു പെണ്ണിനെ കണ്ടെത്തി കഴുത്തില്‍ മിന്നു കെട്ടിച്ചു  അതോടെ ഉത്തരവാദിത്തം ഒരു വഴിയില്‍ നിന്നും കലയും പാട്ടും ഒക്കെ മറുവഴിയില്‍ നിന്നും ബെന്റിയെ നോക്കി കണ്ണിറുക്കി. അല്‍പം മടിയോടെയാണെങ്കിലും ബെന്റി ഉത്തരവാദിത്തത്തിന്റെ വഴിയേ നടക്കാന്‍ തുടങ്ങി.
അങ്ങനെ യുകെയില്‍ എത്തി. ചെയ്യാവുന്ന ജോലികള്‍ ഒക്കെ ചെയ്തു. പല കമ്പനികളില്‍ ജീവനക്കാരനായി. ഫാര്‍മസിയില്‍ മരുന്നു സപ്ലൈ ഏറ്റെടുത്തു. ഡ്രൈവറായി. അങ്ങനെ പലതും. പക്ഷെ എന്ത് ചെയ്തിട്ടും യുകെ ഈ യുവാവിനെ മോഹിപ്പിച്ചില്ല, പല യുകെ മലയാളികളെയും പോലെ. മനസ് മുഴുവന്‍ നാട്ടിലെ ചിന്തകളാണ്. അങ്ങനെ ഭാര്യ സിന്ധുവിനോട് പറ്റാവുന്ന നുണയൊക്കെ കാച്ചി നേരെ നാട്ടിലേക്ക്. ഈ നാട്ടില്‍ വരവാണ് ബെന്റിയുടെ ജീവിതത്തില്‍ വഴിത്തിരിവുകള്‍ സൃഷ്ടിച്ചത്.

എം 80 മൂസയും കുന്നംകുളത്തങ്ങാടിയും വെറുതെ ആയില്ല
ബെന്റി സിനിമയില്‍ എത്താന്‍ കാരണം മീഡിയ വണ്‍ ചാനലും അതില്‍ സംപ്രേക്ഷണം ചെയ്ത കോമഡി സീരിയലുമാണ്. വളരെ അവിചാരിതമായി കൂട്ടിമുട്ടിയ എം 80 മൂസയുടെ സംവിധായകന്‍ ഷാജി അസീസ് ആ സീരിയല്‍ ഏറ്റെടുക്കാന്‍ കാരണവും പ്രചോദനവും ആയതില്‍ ബെന്റിയുടെ റോള്‍ ചെറുതല്ല. അങ്ങനെ അദ്ദേഹവുമായുള്ള സല്ലാപ വേളകളില്‍ ബെന്റി പാടിക്കൊണ്ടിരുന്ന പാട്ടുകള്‍ നല്‍കിയ ഊര്‍ജ്ജമാണ് ഷാജിയെ എം 80 യിലേക്ക് എത്തിച്ചത് എന്നും പറയാം. അതിനോട് ഷാജി കടപ്പാട് തീര്‍ത്തത് സീരിയലിന്റെ ടൈറ്റില്‍ സോങ് പാടാന്‍ ബെന്റിയെ ഉപയോഗിച്ചാണ്.

പിന്നീടു കുന്നംകുളത്തങ്ങാടി വന്നപ്പോള്‍ അതിലും ബെന്റിക്ക് അവസരം ലഭിച്ചു. ഈ പാട്ടുകള്‍ ഒക്കെ കേട്ടാണ് ജോണി ആന്റണി താന്‍ സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടിയുടെ സെന്റിമെന്റല്‍ കൊമേഡി പാട്ടു ബെന്റിയെ ഏല്‍പ്പിക്കുന്നത്. പടം ചെയ്യുന്നതിന് മുന്‍പ് തന്നെ പലവട്ടം സൗഹൃദ സദസുകളില്‍ ജോണി ആന്റണി ബെന്റിയുടെ പാട്ടുകള്‍ കേട്ടിരുന്നു. എന്നാല്‍ യുകെയിലേക്കു മടങ്ങാന്‍ നിശ്ചയിച്ചതിന്റെ തലേന്ന് മദ്രാസില്‍ എത്തി വിദ്യാസാഗറിനെ കാണണം എന്ന് പറയുമ്പോഴും അത് തന്നെക്കൊണ്ട് സിനിമക്ക് വേണ്ടി പാടിക്കാന്‍ ആണെന്ന ഉറപ്പൊന്നും ബെന്റിക്ക് ഉണ്ടായിരുന്നില്ല.

പാട്ടിന്റെ സീക്വന്‍സും മൂഡും ഒന്നും അറിയാതെ പാടിയെങ്കിലും വിദ്യാസാഗറിന് സംഭവം പിടിച്ചു. അതോടെ ആറു കോടി മുടക്കി നിര്‍മിച്ച മെഗാ സ്റ്റാര്‍ ചിത്രം തോപ്പില്‍ ജോപ്പന്റെ ക്രെഡിറ്റ് ലൈനില്‍ ബെനഡിക്ട് എന്ന പേരും തിളങ്ങി നിന്നു. ബോക്‌സ് ഓഫിസില്‍ നിന്നും 22 കോടി വാരിക്കൂട്ടി പിന്മാറിയപ്പോഴേക്കും ബെന്റി പാടിയ മനമില്ലാ മനമോടെ പോയിടുന്നു നാം....... എന്ന ഗാനം ജനഹൃദയങ്ങള്‍ ഏറ്റെടുത്തിരുന്നു. 

ജോസഫില്‍ കിട്ടിയത് തകര്‍പ്പന്‍ ഹിറ്റ് ഗാനം 
വീണ്ടും അപ്രതീക്ഷിതമായ മറ്റൊരു ട്വിസ്റ്റ്. തോപ്പില്‍ ജോപ്പന്‍ പാട്ടും ഹിറ്റായതോടെ ഇന്‍ഡസ്ട്രിയില്‍ പലരും ബെനഡിക്ട് എന്ന പാട്ടുകാരനെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ഇതിനിടയില്‍ നാട്ടില്‍ നിന്നും യുകെയില്‍ എത്തിയ ബെനഡിക്ട് ഉള്‍വിളി സഹിക്കാനാകാതെ രണ്ടു കുഞ്ഞുങ്ങളുമായി തിരികെ നാട്ടില്‍ എത്തുക ആയിരുന്നു. ഈ ഘട്ടത്തില്‍ ഭാര്യ നല്‍കിയ സ്‌നേഹവും പിന്തുണയും ഒക്കെ ബെനഡിക്ട് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

രണ്ടു വര്‍ഷം നാട്ടില്‍ നിന്നപ്പോഴാണ് ജോസഫിന്റെ നിര്‍മാതാക്കളില്‍ ഒരാളായ എറണാകുളത്തെ ഹോട്ടല്‍ ഉടമ വിനോജ് ബെനഡിക്റ്റിന്റെ പാട്ടുകേട്ട് ജോസഫിലേക്കു വിളിക്കുന്നത്. ഈ സമയം ജോസഫിന്റെ പ്രൊമോഷന്‍ ജോലികളും തുടങ്ങിയിരുന്നു. അങ്ങനെയാണ് ജോജുവുമായി സൗഹൃദം ആരംഭിക്കുന്നത്. ഇതോടെ പണ്ട് പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്തു എന്ന പാട്ടില്‍ പല്ലവി ബെനഡിക്റ്റും അനുപല്ലവി ജോജുവും ചരണം ഇരുവരും ചേര്‍ന്ന് പാടുക ആയിരുന്നു. പക്ഷെ ആരധകര്‍ കരുതിയത് പാട്ടു മുഴുവന്‍ ജോജുവാണ് പാടിയിരിക്കുന്നത് എന്നാണ്. 
പടം പൊളിയും എന്ന് പലരും പ്രചരിപ്പിക്കാന്‍ മുന്നില്‍ നിന്നിരുന്നെങ്കിലും തന്റെ ഉള്ളില്‍ പടം നൂറു ദിവസത്തിന് മുകളില്‍ ഓടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നത് ബെനഡിക്ട് ജോജുവുമായും പങ്കുവച്ചിരുന്നു. ഇടയ്ക്കു മുടങ്ങിയ പടം ജോജുവാണ് പിന്നീട് പണം മുടക്കി ഇറക്കുന്നത്. അതിനാല്‍ പടത്തെ കുറിച്ചുള്ള ആശങ്ക ജോജുവിനും വലുതായിരുന്നു. അതേസമയം പടം ഇറങ്ങും മുന്‍പേ ബെനഡിക്ട് പാടിയ ടൈറ്റില്‍ സോങ് ആരാധകരെ തേടി എത്തിയിരുന്നു.
പ്രത്യേക രീതിയില്‍ ഓള്‍ഡ് മങ്ക് ഏജന്‍സി തയ്യാറാക്കിയ പ്രത്യേകം പോസ്റ്ററുകളും പാടവരമ്പത്തെ പാട്ടും സിനിമയെ ശ്രദ്ധിക്കാന്‍ ഏറെ കാരണമായിരുന്നു. മഴയും വെള്ളപ്പൊക്കവും അവധിയും ഒക്കെ ചേര്‍ത്ത് മൂന്നു ദിവസം തിയറ്ററില്‍ ആളെത്തിയില്ല. എത്ര നല്ല പടവും പൊളിയാന്‍ അത് ധാരാളം. എന്നാല്‍ മലവെള്ളം തോല്‍ക്കുന്ന തരത്തില്‍ പ്രേക്ഷക ശ്രദ്ധ ജോസഫിനെ തേടി എത്തിയപ്പോള്‍ പടം പോയവര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് പട്ടികയില്‍. അങ്ങനെ ബെനഡിക്റ്റിന്റെ അക്കൗണ്ടിലും സൂപ്പര്‍ ഹിറ്റുകള്‍ രണ്ടെണ്ണം. 

ഐ വാണ്ട് റ്റു ബി എ ഗുഡ് ഡാഡ്
ഇനിയെന്ത്? പണ്ടത്തെ പോലെ നാടും പാട്ടും തിരികെ വിളിക്കുമോ. ഇല്ലെന്നാണ് ബെനഡിക്റ്റിന്റെ മറുപടി. രണ്ടു ഹിറ്റുകള്‍ ലഭിച്ചപ്പോള്‍ കൈനിറയെ പാട്ടുകള്‍ വന്നതാണ്. എന്നാല്‍ താന്‍ പാടിയത് ശരിയല്ല എന്ന് തോന്നിയപ്പോള്‍ ചോലയിലും മറ്റും കിട്ടിയ അവസരം വേറെ ആളുകള്‍ക്ക് നല്‍കുക ആയിരുന്നു. നൗ ഐ വാണ്ട് റ്റു  ബി എ ഗുഡ് ഡാഡ്. ബെനഡിക്റ്റ് നയം വ്യക്തമാക്കുകയാണ്. ഏഴാം ക്ളാസില്‍ പഠിക്കുന്ന ബ്രിയാനക്കും പ്ലേയ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആലിയയ്ക്കും പപ്പയുടെ സ്‌നേഹവും സാമീപ്യവും നഷ്ടമാകുന്നത് ബെനഡിക്റ്റിന് ഇഷ്ടമില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ അങ്ങ് പോകട്ടെയെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.

ഒരു സൗഹൃദ സദസില്‍ ബെനഡിക്ട് പാടുന്നത് കണ്ടാണ് പരിചയക്കാരന്‍ കൂടിയായ ബാത്ത് സംക്രമ ആഘോഷത്തിന്റെ നേതൃത്വം ഏറ്റെടുത്ത ജഗദീഷ് നായര്‍ ഇദ്ദേഹത്തെ വേദിയില്‍ എത്തിക്കുന്നത്. ഏറെ നിര്‍ബന്ധം അതിനായി വേണ്ടി വന്നു. പൊതുസമൂഹത്തില്‍ നിറഞ്ഞു നില്‍ക്കുക എന്നതൊന്നും ലവലേശം ആഗ്രഹം ഇല്ലാത്തതിനാലാണ് ബെനഡിക്ട് മറഞ്ഞു നില്‍ക്കുന്നത്. പാരീസ് ലക്ഷ്മിയുടെ വേദിയില്‍ നാട്ടുകാരുടെ സ്‌നേഹമായി പൊന്നാട അണിയിച്ചാണ് അദ്ദേഹം ആദരിക്കപ്പെട്ടത്. ജോസഫിലെ പാട്ടിനു മികച്ച ഫോക് സോങ് വിഭാഗത്തില്‍ റെഡ് എഫ് എം അവാര്‍ഡും ബെനഡിക്റ്റിനെ തേടി എത്തിയിട്ടുണ്ട്. ബാത്ത് ഹോസ്പിറ്റലില്‍ റിക്കവറി നഴ്‌സ് ആയി ജോലി ചെയ്യുകയാണ് ബെനഡിക്റ്റിന്റെ ഭാര്യ സിന്ധു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category