1 GBP = 94.40 INR                       

BREAKING NEWS

റിപ്പബ്ലിക് ദിനം അലങ്കോലമാക്കാന്‍ ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ 5000 ലേറെ പ്രതിഷേധക്കാരെത്തും; കനത്ത സുരക്ഷയുമായി മെട്രോപൊളിറ്റന്‍ പോലീസ് സേന; ഭരണഘടനയുടെ സംരക്ഷകരും പൗരത്വ ബില്‍ പ്രതിഷേധക്കാരും മൗനത്തില്‍; ഭരണ ഘടനയുടെ കോപ്പി തെരുവില്‍ കത്തിക്കാന്‍ ആഹ്വാനം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വിലപറയാന്‍ ലണ്ടനില്‍ വീണ്ടും ശ്രമം. ഇന്ത്യ ഞായറാഴ്ച റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു പറ്റം ഇന്ത്യ വിരോധികള്‍ വീണ്ടും ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മീഷന്‍ ഓഫീസിനു മുന്നില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി എത്തും. രണ്ടാം മോദി സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ സാഹചര്യത്തില്‍ ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും പിന്നീട് സെപ്റ്റംബര്‍ മൂന്നിനും ലണ്ടനില്‍ ഇന്ത്യക്കെതിരെ കലാപ ആഹ്വനം ഉയര്‍ത്തിയ പാക് അനുകൂല പ്രതിക്ഷേധക്കാര്‍ ചീമുട്ടയും പുഴുത്ത തക്കാളിയും എറിഞ്ഞു ഹൈ കമ്മീഷന്‍ ഓഫിസ് മലിനമാക്കിയിരുന്നു.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ എത്തിയപ്പോള്‍ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനാകാതെ നോക്കി നില്‍ക്കേണ്ടി വന്നു. ഒടുവില്‍ പത്രപ്രവര്‍ത്തകയും ഇന്ത്യ അനുകൂല പ്രചാരണത്തിന്റെ മുന്‍ നിരയില്‍ ഉള്ള കാത്തി ഹോപ്കിന്‍സ് അടക്കമുള്ള ബ്രിട്ടീഷ് വംശജരും ഇന്ത്യന്‍ സമൂഹവും എംബസി ജീവനക്കാരും ചേര്‍ന്നാണ് പ്രതിഷേധക്കാര്‍ ഉപേക്ഷിച്ചിട്ട മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ഇതിനെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. 

ഇപ്പോള്‍ പൗരത്വ ബില്‍ ഇന്ത്യ പാസ്സാക്കിയ സാഹചര്യത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചുവടു പിടിച്ചു വീണ്ടും പ്രതിഷേധക്കാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇത്തവണ കൂടുതല്‍ ശക്തിപ്രകടനം കാട്ടുവാന്‍ ആണ് ഇവരുടെ നീക്കം. ഇത് മുന്‍കൂട്ടി കണ്ടു ശക്തമായ പോലീസ് സംരക്ഷണം ഉണ്ടാകണമെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ മെട്രോപൊളിറ്റന്‍ പോലീസിനെ അറിയിച്ചു കഴിഞ്ഞു.
ചുരുങ്ങിയത് 5000 പ്രതിഷേധക്കാര്‍ ഞായറാഴ്ച ലണ്ടനില്‍ ഇന്ത്യന്‍ ഹൈ കമ്മീഷന് മുന്നില്‍ പ്രകടനമായി എത്തും എന്നാണ് ലഭ്യമായ വിവരം. എന്നാല്‍ പ്രതിഷേധക്കാര്‍ എംബസി പരിസരത്ത് എത്തും മുന്‍പ് തടയാന്‍ ഉള്ള നീക്കമാണ് പോലീസ് ആലോചിക്കുന്നത്. പ്രതിഷേധം അക്രമത്തിലേക്ക് വഴുതിമാറുന്നത് പോലീസ് തടയും എന്ന സൂചനയാണ് മെട്രോപൊളിറ്റന്‍ പോലീസ് അധികാരികള്‍ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നതും. 

ഞായറാഴ്ച നടക്കുന്ന പ്രതിഷേധ റാലിക്ക് റൈസ് ഫോര്‍ കാശ്മീര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. കാശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ബ്രിട്ടീഷ് മണ്ണില്‍ ഇന്ത്യ വിരുദ്ധ വികാരം ശക്തിപ്പെടുത്താന്‍ ഉള്ള നീക്കമാണ് പാക് അനുകൂല പ്രതിഷേധക്കാര്‍ നടത്തുന്നത്. കാശ്മീര്‍ വിഷയം ലോക മാധ്യമങ്ങളുടെ ശ്രദ്ധയില്‍ സജീവമാക്കി നിര്‍ത്താന്‍ ബ്രിട്ടീഷ് മണ്ണിലെ പ്രതിഷേധം വഴി സാധിക്കും എന്നും ഇവര്‍ കണക്കുകൂട്ടുന്നു.

ഹൈക്കമ്മീഷന്‍ ഓഫിസിനു മുന്നില്‍ ഉച്ചക്ക് ഒരുമണി മുതല്‍ മൂന്നു മണി വരെ പ്രതിഷേധം നടത്താന്‍ ആണ് പ്രക്ഷോഭകര്‍ ആലോചിക്കുന്നത്. എന്നാല്‍ ആയിരം പേരില്‍ താഴെ വരുന്ന ജനക്കൂട്ടം സ്വതന്ത്ര ദിനത്തില്‍ നടത്തിയ അഴിഞ്ഞാട്ടം പോലും വ്യാപകമായ നാശനഷ്ടം വരുത്തിയ സാഹചര്യത്തില്‍ അതിന്റെ അഞ്ചിരട്ടി ആളുകള്‍ എത്തുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക എന്ന ആശങ്ക ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നു. 

അതേസമയം ഇന്ത്യ വിരുദ്ധ പ്രക്ഷോഭത്തിന് എത്തുന്നവര്‍ക്ക് പണവും ഭക്ഷണവും ഉള്‍പ്പെടെ നല്‍കിയാണ് തെരുവില്‍ എത്തിക്കുന്നതെന്നു ഇന്ത്യ ആരോപണം ഉയര്‍ത്തിക്കഴിഞ്ഞു. പ്രക്ഷോഭത്തില്‍ പാങ്കെടുക്കാന്‍ ഏരിയ തിരിച്ചു ഇതിനകം പാക് രാഷ്ട്രീയ അനുകൂല നിലപാടുകള്‍ ഉള്ളവര്‍ യോഗങ്ങള്‍ നടത്തി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ചേരി തിരിഞ്ഞു നില്‍ക്കുന്നതിനു വിരുദ്ധമായി ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതില്‍ പാക് അനുകൂലികള്‍ ഒറ്റക്കെട്ടാണ്. പ്രധാന പാക് രാഷ്ട്രീയ പാര്‍ട്ടികളായ പിപിപി യുടെയും പിഎംഎലിന്റെയും അണികള്‍ കൈകോര്‍ത്താണ് ലണ്ടനില്‍ ഇന്ത്യ വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 

വിദേശ പാക് വംശജരുടെ കാര്യത്തില്‍ പാക് പ്രധാനമന്ത്രിയെ സഹായിക്കുന്ന സുല്‍ഫി ബുകാരിയുടെ സാന്നിധ്യം കഴിഞ്ഞ തവണ പ്രതിഷേധ റാലിയില്‍ ഉണ്ടായതോടെയാണ് ഇത് പാക് സ്പോണ്‍സേര്‍ഡ് പ്രോഗ്രാം ആണെന്ന വിവരം വ്യക്തമായതു. മുന്‍പ് മോദി യുകെയില്‍ എത്തിയപ്പോള്‍ നടന്ന പ്രതിഷേധത്തില്‍ പാക് അധീന കശ്മീരിലെ ഉന്നത രാഷ്ട്രീയ നേതൃത്വമാണ് മുന്നില്‍ നിന്നത്.

ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ ബ്രിട്ടന്‍ തുടര്‍ച്ചയായി അനുവദിക്കുന്നത് ഇന്ത്യ നിരീക്ഷിച്ചു വരുകയാണെന്നും ഇതില്‍ ഉള്ള പ്രതിഷേധം ബ്രിട്ടനെ അറിയിച്ചിട്ടുണ്ട് എന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍. ഞായറാഴ്ച നടക്കുന്ന പ്രതിഷേധത്തില്‍ ഖാലിസ്ഥാന്‍ വാദികളായ സിഖ് വംശജരെയും അണിനിരത്തും എന്നാണ് സൂചന. മാത്രമല്ല ഇന്ത്യന്‍ ഭരണ ഘടന ലണ്ടന്‍ തെരുവില്‍ കത്തിക്കാനുള്ള ആഹ്വാനവും വാട്‌സാപ്പ് സന്ദേശം വഴി പ്രചരിക്കുന്നുണ്ട്. 

തെരീഖ് ഇ കാശ്മീര്‍ യുകെ, സിഖ് ഫോര്‍ ജസ്റ്റിസ് (ഇന്ത്യന്‍ നിരോധിത സംഘടനാ) വേള്‍ഡ് സിഖ് പാര്‍ലിമെന്റ് എന്നിവയാണ് പരിപാടിയുടെ പ്രധാന പ്രചാരകര്‍. തങ്ങള്‍ പണം വാങ്ങിയാണ് പ്രക്ഷോഭം നടത്തുന്നത് എന്ന ആരോപണം തെരീഖ് ഇ കാശ്മീര്‍ യുകെ തലവന്‍ ഫാഹിം കായാനി നിഷേധിച്ചു. ബ്രിട്ടനിലെ കാശ്മീരികളും സിഖുകാരുമാണ് പ്രതിഷേധിക്കുന്നത് എന്നാണ് ഇവരുടെ നിലപാട്. അക്രമം ഉണ്ടാകില്ലെന്ന ഉറപ്പും സംഘാടകര്‍ നല്‍കുന്നുണ്ട്.

ബിര്‍മിങ്ഹാം ഉള്‍പ്പെടെയുള്ള മുസ്ലിം ഭൂരിഭാഗം പ്രദേശത്തു നിന്ന് 40 ബസുകള്‍ പ്രതിഷേധക്കാരെ എത്തിക്കാന്‍ ബുക്ക് ചെയ്തിരിക്കുകയാണ്. എന്നാല്‍ കാനഡ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നും പോലും സിഖ് അനുകൂലികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയതായാണ് ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി പറയുന്നത്. പരിപാടിക്കായി 500 ബസുകളില്‍ ആള്‍ എത്തുമെന്നാണ് തങ്ങള്‍ക്കു ലഭിച്ച വിവരമെന്നും സംഘടനാ പ്രസിഡന്റ് കുല്‍ദീപ് സിങ് കുല്‍ദീപ് ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ, പ്രതിഷേധം സംബന്ധിച്ച് വാര്‍ത്തകള്‍ ആഴ്ചകള്‍ക്കു മുന്‍പ് പുറത്തു വന്നെങ്കിലും ഇന്ത്യന്‍ ഭരണ ഘടന സംരക്ഷിക്കണമെന്നും പൗരത്വ ബില്‍ നടപ്പാക്കരുതെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണെന്നും അവകാശപ്പെടുന്ന നിരവധി ഗ്രൂപ്പുകള്‍ ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പാക് അനുകൂലികളായ പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരു സംഘടനയും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധ നേടുന്നു.

ഇന്ത്യ വികാരത്തെക്കാള്‍ ഇന്ത്യന്‍ സര്‍ക്കാരിനോടുള്ള രാഷ്ട്രീയ പ്രതികരണമാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്ന ആരോപണത്തിന് മൂര്‍ച്ച കൂട്ടുന്നതാണ് തുടര്‍ച്ചയായി ഇന്ത്യ വിരുദ്ധ വികാരവുമായി അക്രമത്തിന്റെ ഭാഷ ഉപയോഗിച്ചുള്ള മുദ്രാവാക്യങ്ങളുമായി തെരുവില്‍ എത്തുന്നവരെ അപലപിക്കാന്‍ പോലും തയ്യാറല്ലാത്തവരുടെ നിലപാട് എന്നും വിമര്‍ശനമുണ്ട്. മലയാളികള്‍ അടക്കമുള്ളവര്‍ ഇന്ത്യന്‍ സര്‍ക്കാരിന് എതിരെ തെരുവില്‍ എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുടെ അഖണ്ഡതക്ക് വെല്ലുവിളിയായി ഇന്ത്യാ വിരുദ്ധ വികാരം ലണ്ടനില്‍ പുകയുമ്പോള്‍ അതിനെതിരെ നിശ്ശബ്ദരാകാന്‍ ആണ് ഇത്തരം ചെറു ഗ്രൂപ്പുകള്‍ ശ്രദ്ധിക്കുന്നതും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category