1 GBP = 93.60 INR                       

BREAKING NEWS

ഏറ്റുമാനൂരുകാരിയെ ബാധിച്ചതു കൊറോണയല്ല; മലയാളി നഴ്‌സിനു പിടിപെട്ടത് മിഡില്‍ ഈസ്റ്റ് റസ്പിറേറ്ററി സിന്‍ഡ്രോം എന്ന രോഗമെന്ന് സൗദി ആരോഗ്യമന്ത്രാലയം; വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥി കോട്ടയത്ത് നിരീക്ഷണത്തിലും; ജപ്പാന്‍, യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ; ചൈനയിലെ 7 നഗരങ്ങള്‍ ഒറ്റപ്പെട്ടു; ഫോര്‍ബിഡന്‍ സിറ്റി ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ തുറക്കില്ല

Britishmalayali
kz´wteJI³

 

റിയാദ്: മലയാളി നഴ്സിനു ബാധിച്ചത് ചൈനയെ വിറപ്പിക്കുന്ന കൊറോണ വൈറസല്ല. കൊറോണ വൈറസ് മലയാളിക്ക് ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി സൗദി ആരോഗ്യ മന്ത്രാലയം രംഗത്ത് വന്നു. ചൈനയില്‍ 25 പേരുടെ മരണത്തിന് ഇടയാക്കിയ വൈറസ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു. മലയാളി നഴ്സിനു ബാധിച്ചത് മിഡില്‍ ഈസ് റസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) ആണെന്നും ഇതു നിയന്ത്രണവിധേയമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്സിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസല്ല മലയാളി നഴ്സിനെ ബാധിച്ചതെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നേരത്തെ ട്വിറ്ററില്‍ അറിയിച്ചിരുന്നു. അസീറിലെ നാഷണല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. കൊറോണ വൈറസ് ബാധിച്ച സഹപ്രവര്‍ത്തകയായ ഫിലിപ്പീന്‍സ് സ്വദേശിനിയെ ശുശ്രൂഷിച്ച ഇവരോടൊപ്പമുള്ള കോഴിക്കോട് കക്കയം സ്വദേശിനിയായ നഴ്സിനും രോഗബാധയുണ്ടെന്ന് പ്രചരിച്ചെങ്കിലും പരിശോധനയില്‍ ഇല്ലെന്നു തെളിഞ്ഞു. മറ്റ് 100 മലയാളി നഴ്സുമാര്‍ക്കും രോഗമില്ല.

ചൈനയില്‍നിന്നെത്തുന്ന സഞ്ചാരികളെ കര്‍ശന പരിശോധനയ്ക്കു വിധേയരാക്കുമെന്നു സൗദി അറിയിച്ചു. ചൈനയില്‍ ഉള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിര്‍ത്തി കടന്നെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനു പ്രദേശത്ത് തെര്‍മല്‍ ക്യാമറകള്‍ സ്ഥാപിച്ചതായി കുവൈത്ത് അറിയിച്ചു. ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിപക്ഷവും ഹൂബിയില്‍ നിന്നുള്ളവരാണ്. ജപ്പാന്‍, യുഎസ്, ദക്ഷിണകൊറിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗബാധ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. വുഹാനില്‍ നിന്നു മടങ്ങിയെത്തിയവര്‍ക്കാണു രോഗം പിടിപെട്ടത്. ചൈനയിലെ ആറു നഗരങ്ങള്‍ ഭീതിയിലാണ്. ഇവിടെ കര്‍ശന നിരീക്ഷണമാണ് നടത്തുന്നത്.

എന്നാല്‍ രാജ്യാന്തരതലത്തില്‍ രോഗബാധ സ്ഥിരീകരിച്ചത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ്. 12 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ ലോകാരാഗ്യ സംഘടന രാജ്യാന്തര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. മിക്ക രാജ്യങ്ങളും എയര്‍പോര്‍ട്ടില്‍ സ്‌ക്രീനിങ് ശക്തമാക്കി. പുതുവര്‍ഷാഘോഷത്തിനൊരുങ്ങുന്ന (ലൂണാര്‍ ന്യൂ ഇയര്‍) ചൈന പൊതുപരിപാടികള്‍ റദ്ദാക്കുകയാണ്. ബെയ്ജിംഗും ഹോങ്കോങ്ങും ആളുകള്‍ ഒത്തുചേരുന്നത് തടയാന്‍ പലപ്രധാന പരിപാടികളും ഒഴിവാക്കി. പുതുവത്സരം പ്രമാണിച്ചുള്ള ആഘോഷ പരിപാടികള്‍ ബെയ്ജിങ് മുനിസിപ്പല്‍ ബ്യൂറോ റദ്ദാക്കി. ബെയ്ജിംഗില്‍ പുരാതന കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്ന ഫോര്‍ബിഡന്‍ സിറ്റി(നിരോധിത നഗരം) ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല.

രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി ആദ്യം രോഗബാധ റിപ്പോര്‍ട്ടു ചെയ്ത വുഹാനു പുറമേ ഹുവാംഗ്ഗാങ്, എഴു എന്നീ നഗരങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. വുഹാനു ചുറ്റുമുള്ള ഹൈവേ ടോളുകള്‍ അടച്ചതോടെ റോഡ് ഗതാഗതം നിലച്ചു. വിമാന സര്‍വീസുകളും ട്രെയ്ന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. മൂന്നു നഗരങ്ങളിലുംകൂടി രണ്ടുകോടി ജനങ്ങളാണുള്ളത്. വുഹാനിലുള്ള ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ കുറേപ്പേര്‍ പരീക്ഷ കഴിഞ്ഞതിനെത്തുടര്‍ന്നു നേരത്തെ നാട്ടിലേക്കു മടങ്ങുകയുണ്ടായി.

കോട്ടയത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു.

അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്.

വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് എംബസി വ്യക്തമാക്കി.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category