1 GBP = 93.60 INR                       

BREAKING NEWS

വിവാഹ ജീവിതത്തിന്റെ രഹസ്യം തേടി നീതിന്യായ സെക്രട്ടറി റോബര്‍ട്ട് ബാക്ലാന്റ്; നാണത്തില്‍ പൊതിഞ്ഞു ലിസിയും കൃത്രിമ ഗൗരവത്തില്‍ റോയ് സ്റ്റീഫനും വിവാഹ ജൂബിലി ആഘോഷിച്ചത് ക്നാനായ തനിമയില്‍; ഒരു മിനിറ്റില്‍ ആശംസകള്‍ നല്‍കി വൈദികര്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇതെങ്ങനെയാകും 25 വര്‍ഷമൊക്കെ ദമ്പതികളായി കഴിയുകയും ഇത്രയും വിപുലമായ സൗഹൃദം ഒക്കെ ഒപ്പം നിര്‍ത്താനാകുകയും ചെയ്യുക. ഇതില്‍ എന്തോ രഹസ്യം കാണും. തനിക്ക് അതറിയാന്‍ ആണ് കൗതുകം. പറയുന്നത് ബ്രിട്ടീഷ് നീതിന്യായ സെക്രട്ടറിയും സ്വിണ്ടന്‍ എംപിയുമായ റോബര്‍ട്ട് ബാക്ലാന്‍ഡ്. കാല്‍ നൂറ്റാണ്ട് മുന്‍പ് തന്നോടൊപ്പം ജീവിക്കാന്‍ തയാറായ പെണ്ണിന്റെ കഴുത്തില്‍ മിന്നു കെട്ടിയതിന്റെ ഓര്‍മ്മകള്‍ വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പം പങ്കു വയ്ക്കാന്‍ സ്വിണ്ടനിലെ റോയ് സ്റ്റീഫന്‍ ആതിഥ്യം വഹിച്ച വിവാഹ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിലാണ് ബ്രിട്ടീഷ് കാബിനറ്റ് അംഗം ബാക്ലാന്‍ഡ് മനസ് തുറന്നത്.

ഇതാദ്യമായിരിക്കാം യുകെ മലയാളികള്‍ നടത്തുന്ന ഒരു സ്വകാര്യ ചടങ്ങില്‍ കേന്ദ്ര കാബിനറ്റ് അംഗം പങ്കെടുക്കുന്നത് എന്ന് കരുതപ്പെടുന്നു. താന്‍ സ്ഥലം എംപി എന്നതിനേക്കാള്‍ പതിറ്റാണ്ടിലേറെ ആയി റോയിയുമായി കാത്തുസൂക്ഷിക്കുന്ന സൗഹൃദം മൂലമാണ് ഈ ആഘോഷത്തില്‍ എത്താന്‍ പ്രധാന കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചതും ഇരുവരും തമ്മില്‍ ഉള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്നതായി.

തുടക്കത്തില്‍ വിവാഹ ജൂബിലി ആഘോഷിക്കാന്‍ അവസരം ലഭിച്ചതിനു നന്ദി സൂചകമായി രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കുര്‍ബാന അടക്കമുള്ള ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അതിഥികളെ പങ്കെടുപ്പിച്ചു വിരുന്നു സല്‍ക്കാരം ആരംഭിച്ചത്. റോയിക്കും പത്നി ലിസിക്കും ആശംസകള്‍ നേര്‍ന്നു സമൂഹത്തിന്റെ വിവിധ രംഗങ്ങളില്‍ ഉള്ളവര്‍ സംസാരിക്കവെയാണ് നീതിന്യായ സെക്രട്ടറി മനസ് തുറന്നു തന്റെ സംശയം പങ്കുവച്ചത്.

സ്വിണ്ടന്‍ കൗണ്‍സില്‍ ലീഡ് പ്രതിനിധി ഡേവിഡ് റെണാര്‍ഡ്, വൈദികരായ ഫാ: ഫിലിപ് കുഴിപറമ്പില്‍, ഫാ: സജി നീണ്ടൂര്‍, യുകെകെസിഎ നിയുക്ത പ്രസിഡന്റ് ജോണ്‍ തോമസ് വരിക്കാട്ട്, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ജഗദീഷ് നായര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ ആര്‍ ഷൈജുമോന്‍, ബിസിനസ് പ്രമുഖനും റോയ്‌ക്കൊപ്പം എയര്‍ ഫോഴ്സില്‍ സതീര്‍ത്ഥ്യന്‍ കൂടിയായ ജോയ് തോമസ് എന്നിവര്‍ രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

സ്വിണ്ടനില്‍ എത്തിയകാലം മുതല്‍ റോയിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ സാഹചര്യം റോബര്‍ട്ട് ബാക്ലാന്‍ഡ് എടുത്തുകാട്ടി. അദ്ദേഹം മലയാളി സമൂഹത്തിനും ബ്രിട്ടീഷ് സമൂഹത്തിനും ഒരുപോലെ പ്രയോജനപ്രദമായ വിധത്തില്‍ സാമൂഹിക അംഗീകാരം നേടിയെടുത്തത് വലിയ കാര്യമാണെന്നും നീതിന്യായ സെക്രട്ടറി ഓര്‍മ്മിപ്പിച്ചു. ആ സേവനങ്ങള്‍ക്ക് രാജ്യം വിലമതിക്കുന്നത് സൂചിപ്പിച്ചാണ് റോയിക്കു ബ്രിട്ടീഷ് രാജ്ഞിയുടെ ആദരവ് ആയി ബിഇഎം അവാര്‍ഡ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വിണ്ടനിലെ പ്രാദേശിക സമൂഹത്തിനു റോയ് നല്‍കുന്ന സംഭാവനകള്‍ വലുതാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസാരിച്ച റോബര്‍ട്ട് ബാക്ലാന്‍ഡ് തന്നെയാണ് കൂടുതല്‍ സമയം എടുത്തു സംസാരിച്ചതും. മറ്റതിഥികള്‍ വെറും ഒരു മിനിറ്റ് സമയത്തില്‍ ആശംസകള്‍ നേര്‍ന്നു മാതൃക കാട്ടുകയും ചെയ്തു. ബ്രിട്ടീഷ് സമൂഹത്തിനും മലയാളികള്‍ക്കും ഇടയില്‍ ഉള്ള പാലമായാണ് റോയ് സ്വിണ്ടനില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടു തവണയായി കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി റോയ് സ്വിണ്ടനില്‍ നിന്നും മത്സരിക്കുകയും ചെയ്തിരുന്നു.

ക്നാനായ തനിമയും പാരമ്പര്യവും ഒത്തുചേര്‍ന്ന ചടങ്ങുകളോടെയാണ് വിവാഹ ആഘോഷങ്ങള്‍ അതിഥികള്‍ക്കായി പുനരാവിഷ്‌ക്കരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത പലര്‍ക്കും പുതുമയും ആദ്യാനുഭവവും ആയിരുന്നു ചടങ്ങുകള്‍. വാഴ്ത്തലും പാലും മധുരവും നല്‍കല്‍ തുടങ്ങിയ പാരമ്പര്യ ചടങ്ങുകള്‍ അവകാശികളായ സ്ത്രീകള്‍ നിറവേറ്റിയപ്പോള്‍ അമ്മാവന്‍ സ്ഥാനം അലങ്കരിക്കുന്ന ബന്ധു കച്ച നല്‍കല്‍ ചടങ്ങിനും നേതൃത്വം നല്‍കി.

ഇരുവരെയും സ്വിണ്ടന്‍ സ്റ്റാര്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് അലങ്കരിച്ച വേദിയിലേക്ക് ആനയിച്ചത്. ക്നാനായ സ്വിണ്ടന്‍ യൂണിറ്റിലെ മുഴുവന്‍ കുടുംബങ്ങളും ആവേശത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്തത്. ദമ്പതികളെ പൊന്നാട അണിയിച്ചും എടുത്തുയര്‍ത്തിയും നട വിളിച്ചുമാണ് യൂണിറ്റ് അംഗങ്ങള്‍ ആവേശത്തിന് മാറ്റുകൂട്ടിയത്.

പഴയകാലത്തെയും പുതുകാലത്തെയും പാട്ടുകളും നൃത്തങ്ങളും ഒക്കെ കോര്‍ത്തിണക്കി മനോഹരമായ കലാവിരുന്നും ചടങ്ങുകളുടെ ഭാഗമായി. കോട്ടയം ജോയി നയിച്ച ഗാനമേളയും അനില്‍ മംഗളത്തിന്റെ അവതരണവും കൂടിയായപ്പോള്‍ കാണികള്‍ക്കു ലഭിച്ചത് മനോഹരമായ ഒരു ദൃശ്യവിരുന്ന്. മക്കളായ സ്റ്റിഫിനും സ്റ്റെന്‍സിയും വികാരവായ്പോടെയാണ് പപ്പയും മമ്മിയും പകര്‍ന്നു നല്‍കിയ സ്നേഹത്തെ ഓര്‍ത്തെടുത്തത്.

ഇവരുടെ മക്കളായി പിറക്കാന്‍ കഴിഞ്ഞതില്‍ ഉള്ള സന്തോഷം സ്റ്റെഫിന്റെ വാക്കുകളില്‍ നിറഞ്ഞു നിന്നിരുന്നു. പത്തോളം ബന്ധു കുടുംബങ്ങളുടെ സാന്നിധ്യവും നാനൂറോളം അതിഥികളുടെ പങ്കാളിത്തവും ആയപ്പോള്‍ റോയിക്കും ലിസിക്കും എന്നെന്നും മനസ്സില്‍ ഓര്‍ത്തുവയ്ക്കാന്‍ ലഭിച്ച ശുഭസായാഹ്നമാണ് അവര്‍ക്കു മുന്നിലൂടെ കടന്നു പോയത്.
ഫോട്ടോകള്‍ക്ക് കടപ്പാട്: രാജേഷ് നടേപ്പള്ളി ബെറ്റര്‍ ഫ്രെയിംസ്
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category