1 GBP = 94.00 INR                       

BREAKING NEWS

രാസവസ്തു കലര്‍ത്തിയ വെള്ളത്തില്‍ മുക്കിയതും വസ്ത്രം ഊരി മാറ്റിയതും മൃതദേഹം കിട്ടിയാലും ആളെ തിരിച്ചറിയാതിരിക്കാന്‍; നാരി പൂജയ്ക്ക് വേണ്ടി മുടികള്‍ പിഴുതെടുക്കാമെന്ന സംശവും ബാക്കി; കൊലപാതക ശ്രമത്തിനിടെ കുതറി ഓടിയിട്ടും അല്‍വാസികള്‍ പോലും നിലവിളി കേള്‍ക്കാത്തതും ദുരൂഹം; ഡ്രോയിങ് മാഷുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ; മിയാപ്പദവിലെ കൊലപാതകത്തില്‍ മന്ത്രവാദത്തിന്റെ വേരുകള്‍ തേടി ക്രൈംബ്രാഞ്ച്; വെങ്കിട്ട രമണ കാരന്തറിന്റെ മൊഴി വിശ്വസിക്കാതെ അന്വേഷണം

Britishmalayali
kz´wteJI³

കാസര്‍ഗോഡ്: മിയാപ്പദവ് വിദ്യാവര്‍ധക സ്‌കൂള്‍ അദ്ധ്യാപിക ബി.കെ.രൂപശ്രീയുടെ കൊലപാതകത്തില്‍ ദുരൂഹത മാറുന്നില്ല. ഈ സാഹചര്യത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. ഒന്നാം പ്രതിയും ഇതേ സ്‌കൂളിലെ അദ്ധ്യാപകനുമായ വെങ്കിട്ട രമണ കാരന്തര്‍, രണ്ടാം പ്രതി ഡ്രൈവര്‍ നിരഞ്ജന്‍ കുമാര്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. ഇവര്‍ ആദ്യം നല്‍കിയ മൊഴി പരിശോധിച്ചപ്പോള്‍ ചില പൊരുത്തക്കേടുകള്‍ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നത്.

കൊലനടത്തിയശേഷം ആസിഡോ മറ്റേതെങ്കിലും രാസവസ്തുവോ ശരീരത്തില്‍ പുരട്ടിയാലും തെളിവ് നശിപ്പിക്കാന്‍ കഴിയും. മുഖം വികൃതമാവുകയും മുടിയില്ലാതാവുകയും ചെയ്താല്‍ ആളെത്തന്നെ തിരിച്ചറിയാന്‍ കഴിയില്ല. ഇതിനായാണോ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതെന്ന സംശയവും ബാക്കിയാകുന്നു. രൂപശ്രീയുടെ തലമുടി പോയത് ആസിഡ് പോലുള്ള വസ്തുവിന്റെ സാന്നിധ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വെങ്കിട്ടരമണയുടെ വീടിനുസമീപം നിരഞ്ജന്‍കുമാറിന്റേതടക്കം ഒട്ടേറെ വീടുകളുണ്ട്. കുതറിയോടിയ സമയത്ത് രൂപശ്രീ ഉച്ചത്തില്‍ നിലവിളിച്ചിട്ടുണ്ടാകില്ലേയെന്ന ചോദ്യവും ഉയരുന്നു. ഒന്ന് ഒച്ചവച്ചാല്‍ കേള്‍ക്കുന്ന അകലത്തിലാണ് അയല്‍പക്കത്തെ വീടുകളെല്ലാം. ഇതെല്ലാം ദുരൂഹമായി തുടരുകയാണ്.

കൊലപ്പെടുത്തുമ്പോള്‍ ധരിച്ച പാന്റ്‌സും ടീഷര്‍ട്ടും കത്തിച്ചുകളഞ്ഞുവെന്ന് മുഖ്യപ്രതിയുടെ മൊഴി. രൂപശ്രീയുടെ സഹപ്രവര്‍ത്തകനും അദ്ധ്യാപകനുമായ വെങ്കിട്ടരമണയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. വീട്ടുവളപ്പില്‍ത്തന്നെയാണ് കത്തിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. രാസവസ്തു കലര്‍ന്ന വെള്ളം വീപ്പയില്‍നിന്ന് തെറിച്ചു വീണതിനാലാണ് കത്തിച്ചതെന്നാണ് മൊഴി. എന്നാല്‍ വെങ്കിട്ടരമണയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. കത്തിച്ചവയുടെ കൂട്ടത്തില്‍ രൂപശ്രീയുടെ വസ്ത്രങ്ങളുമുണ്ടോയെന്ന് സംശയമുണ്ട്. മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളിലും പ്രതികള്‍ നല്‍കിയ മൊഴിയിലും ചില പൊരുത്തക്കേടുകളുണ്ടെന്നാണ് പൊലീസിന്റെ അനുമാനം.

കൊലപാതകത്തിനു പിന്നില്‍ ദുര്‍മന്ത്രവാദവും നഗ്‌നനാരീപൂജയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പരിശോധിക്കും. തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യംചെയ്‌ലില്‍ വെങ്കിട്ട രമണ കുറ്റം സമ്മതിച്ചു. കൊലപാതകം ആസൂത്രണം ചെയ്യാന്‍ ജനുവരി 13 മുതല്‍ ഇയാള്‍ സ്‌കൂളില്‍നിന്ന് അവധിയെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ മൊഴിയിലെ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒന്നുകൂടി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കൊല്ലപ്പെടുന്ന സമയത്ത് രൂപശ്രീ ധരിച്ചിരുന്ന ആഭരണങ്ങളില്‍ വിവാഹ മോതിരവും ഒരു വളയും മാത്രമേ മൃതദേഹത്തില്‍ നിന്നു ലഭിച്ചിട്ടുള്ളൂ. മാലയും വളകളും അടക്കമുള്ളവ പ്രതികള്‍ എവിടെയെങ്കിലും മാറ്റിവച്ചിരിക്കാനും സാധ്യതയുണ്ട്. ഇതും കണ്ടത്തേണ്ടതുണ്ട്.

രൂപശ്രീയെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിലാണ് ഇപ്പോള്‍ സംശയം ഉടലെടുത്തിരിക്കുന്നത്. സ്ത്രീയുടെ മുടി കൊഴിഞ്ഞു പോയത് എങ്ങനെയെന്ന കാര്യത്തില്‍ അടക്കം ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. മുടി പിഴുതെടുത്ത് യുവതിയെ നഗ്‌ന പൂജയ്ക്ക് വിധേയമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് പ്രതികളുടെ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ ക്രൈംബ്രാഞ്ച് തയ്യാറായിട്ടില്ല. ലോക്കല്‍ പൊലീസിന്റെയും പിന്നീട് ക്രൈംബ്രാഞ്ചിന്റെയും അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങളും പ്രതികളായ ചിത്രകലാധ്യാപകന്‍ വെങ്കിട്ടരമണയും ഇയാളുടെ അയല്‍വാസി നിരഞ്ജന്‍കുമാറും നല്‍കിയ മൊഴിയും പലയിടത്തും പൊരുത്തപ്പെടുന്നില്ല. മുടി പൂര്‍ണമായും കൊഴിഞ്ഞുപോയ നിലയിലായിരുന്നു രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തില്‍ വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്നമായി അഴുകി തുടങ്ങിയ നിലയിലുമാണ് കാണപ്പെട്ടത്. വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കവെ വെങ്കിട്ടരമണയുടെ കൈയില്‍നിന്ന് രൂപശ്രീ കുതറിയോടി. നിരഞ്ജന്‍കുമാര്‍ പിന്നാലെയെത്തി പിടിച്ചുകൊണ്ടുവന്നു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് വീപ്പയിലെ വെള്ളത്തില്‍ ശക്തമായി മുക്കി. മരിച്ചുവെന്നുറപ്പുവരുത്തിയശേഷം കാറിന്റെ ഡിക്കിയിലിട്ട് കടല്‍ത്തീരത്തേക്കുപോയി. ഇതാണ് പ്രതികള്‍ നല്‍കിയ മൊഴി. ഈ വെള്ളത്തില്‍ രാസവസ്തുക്കള്‍ ഉള്ളതായാണ് വെങ്കിട്ടരമണ പറയുന്നത്. അതിനാലാകും മൃതദേഹത്തില്‍നിന്ന് മുടി കൊഴിഞ്ഞുപോയതെന്ന് അന്വേഷണോദ്യോഗസ്ഥരും അനുമാനിക്കുന്നു.

രൂപശ്രീയുടെ ശരീരത്തില്‍ വസ്ത്രങ്ങളില്ലാതായതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. വസ്ത്രങ്ങള്‍ കഴുകിയ ശേഷം തിളക്കംകിട്ടാനുപയോഗിക്കുന്ന രാസവസ്തുവാണ് വീപ്പയിലെ വെള്ളത്തിലുണ്ടായിരുന്നതെന്നും തന്റെ ഭാര്യ വസ്ത്രങ്ങള്‍ കഴുകിയശേഷം വീപ്പയിലെ വെള്ളം മറിച്ചുകളഞ്ഞിരുന്നില്ലെന്നും വെങ്കിട്ടരമണയുടെ മൊഴിയിലുണ്ട്. എന്നാല്‍, ഈ മൊഴിയും പൂര്‍ണമായി വിശ്വസിക്കാന്‍ ക്രൈംബ്രാഞ്ചിന് കഴിയുന്നില്ല. തെളിവു നശിപ്പിക്കാന്‍ വേണ്ടി പ്രത്യേകം രാസവസ്തുക്കള്‍ വെങ്കിട്ടരമണ കരുതിവെച്ചിട്ടുണ്ടാകും. മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് കൊലനടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category