1 GBP = 92.00INR                       

BREAKING NEWS

ജോസഫ് സാറിന്റെ ജീവിതകഥ മുസ്ലീം മതഭ്രാന്തന്മാരുടെ മനുഷ്യത്വമില്ലായ്മ മാത്രമല്ല ക്രിസ്തീയ സഭാ മേലദ്ധ്യക്ഷന്മാരുടെ മനുഷ്യത്ത്വമില്ലായ്മയും കൂടിയാണ്

Britishmalayali
റോയ് സ്റ്റീഫന്‍

ഇരുപതാം നൂറ്റാണ്ടില്‍ ഏകദേശം 108 മില്യണ്‍ മനുഷ്യര്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളില്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അസഹിഷ്ണത നിറഞ നിലവിലെ സാഹചര്യത്തില്‍ ഈ  ഇരുപ്പൂത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ സംഖ്യ പലമടങ്ങു് ഉയരുവാനുള്ള സാധ്യത തള്ളിക്കളയുവാന്‍ സാധിക്കില്ല. ഇതുവരെയും ലോകരാജ്യങ്ങള്‍ തമ്മിലുള്ള ഭൂരിഭാഗം യുദ്ധങ്ങളും സാമ്പത്തികമായ ലാഭത്തിനും അല്ലെങ്കില്‍ അധികാരം പിന്തുടരുവാനും നിലനിര്‍ത്തുവാനും രാജ്യങ്ങളെ അടിച്ചമര്‍ത്തുവാനും കീഴടക്കുവാനും, അല്ലെങ്കില്‍ പ്രദേശങ്ങള്‍ക്കുവേണ്ടിയും പ്രാദേശിക  ഗോത്രവര്‍ഗ മേധാവിത്വത്തിനോ വേണ്ടിയും മാത്രമാണുണ്ടായിരുന്നത്. ലോകത്തിലെ കുപ്രസിദ്ധരായ നേതാക്കന്മാര്‍ അഡോള്‍ഫ് ഹിറ്റ്‌ലറും മാവോയും സ്റ്റാലിനും കമ്പോഡിയന്‍ സ്വേച്ഛാധിപതി പോള്‍പോട്ട് തുടങ്ങിയവര്‍ തങ്ങളുടെ എതിരാളികളെ കൊന്നോടുക്കിയിരുന്നത് കേവലമായ സ്വേച്ഛാധിപത്യം നിലനിര്‍ത്തുവാന്‍ മാത്രമായിരുന്നു.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഐയ്ക്യ രാഷ്ട്രസഭ നിലവില്‍ വന്നതിലൂടെയും  സ്ഥിതി വളരെയധികം മെച്ചപ്പെട്ടെങ്കിലും മതാടിസ്ഥാനങ്ങളിലുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ നിരപരാധികളായ സാധാരണക്കാരെ അനുദിനം കൊന്നുകൊണ്ടിരിക്കുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ചരിത്രപരമായി മനുഷ്യനെ മനസിലാക്കുവാനും മനുഷ്യനിര്‍മ്മിതമായ ജീവിത രീതികളെയും മനുഷ്യന്‍ നിര്‍മ്മിച്ച മതങ്ങളെയും മനസിലാക്കുവാനും വിദ്യഭ്യാസ സമ്പ്രദായങ്ങള്‍ നിലവില്‍ വന്നെങ്കിലും വിഡ്ഢികളായ മതമൗലീക വാദികള്‍ സാധാരണക്കാര്‍ക്ക് നേരായ വിദ്യാഭ്യാസം എക്കാലവും  നിഷേധിക്കുക മാത്രമാണ് ചെയ്തിരുന്നത്.

ശാസ്ത്രം വളരെയധികം പുരോഗമിച്ച ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും  മനുഷ്യര്‍ക്ക് നന്മകള്‍ ചെയ്യുവാനും അന്യോന്യം സ്‌നേഹിക്കുവാനും മാത്രം പഠിപ്പിക്കുന്ന മതങ്ങളെ ദുരുപയോഗം ചെയ്യുന്ന മതാചാര്യന്മാരെയും മതമൗലീക വാദികളെയും മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുക തന്നയാണ് ചെയ്യുവാന്‍ പോകുന്നത്. മനുഷ്യനിര്‍മ്മിതമായ മതങ്ങളുടെ പേരില്‍ മനുഷ്യര്‍ വീണ്ടും അന്യോന്യം വാളെടുക്കുകയും ഇല്ലാതാവുകയും ചെയ്യും.

പുരാണങ്ങളിലും ആധുനിക യുഗത്തിലുമുടനീളെ കാണുന്ന വസ്തുത ഒന്നു മാത്രമാണ് മതങ്ങളെന്നും അടിച്ചമര്‍ത്തപ്പെട്ടവരെ ഒരു പരിധിവരെ പ്രതിരോധിക്കാനും അതോടപ്പം തന്നെ പ്രതിരോധമില്ലാത്തവരെ അടിച്ചമര്‍ത്താനും മാത്രം ഉപയോഗിച്ചിരുന്ന ഒരു ആയുധം. വിദ്യാഭ്യാസവും വിവരസാങ്കേതിക വിദ്യകളും നിലവിലില്ലാതിരുന്ന പൗരാണിക കാലങ്ങളില്‍ വിവിധ മതങ്ങള്‍ മനുഷ്യന് ദോഷത്തെക്കാളുപരി ഉപകാരപ്രദമായിരുന്നു എന്ന കാര്യത്തില്‍ നാനാ തലങ്ങളിലുള്ള പണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും യോചിക്കുന്നുണ്ട്.

എന്നാല്‍ സ്വേച്ഛാധിപത്യ ഭരണസംവിധാനങ്ങളില്‍ നിന്നും സ്വാര്‍ത്ഥത നിറഞ്ഞ ചിന്താഗതികളില്‍ നിന്നും ദീര്‍ഘ ദൂരം സഞ്ചരിച്ചു മനുഷ്യനെക്കാളുപരി മനുഷ്യ നിര്‍മ്മിതമായ ഏകീകൃത നിയമ സംവിധാനങ്ങള്‍ രാജ്യങ്ങളിലുടനീളം നിലവിലുള്ളപ്പോള്‍ മതങ്ങളുടെയും മത വിശ്വാസങ്ങളുടെയും സ്ഥാനം സമൂഹത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടതല്ലേയെന്ന് നിലവില്‍ ചിന്തിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ലോകത്തിലുള്ള മനുഷ്യരൂള്‍പ്പെടുന്ന എല്ലാ ജീവജാലങ്ങളെയും ഒരേപോലെ കണ്ടുകൊണ്ടു നിയമസംവിധാനങ്ങള്‍ ഓരോ രാജ്യത്തും നിലനില്‍ക്കുമ്പോള്‍ പൗരന്മാരുടെ എല്ലാ കുറ്റകൃത്യങ്ങളും ഈ നിയമസംവിധാനങ്ങളിലൂടെ ശിക്ഷിക്കപ്പെടണം.

മനുഷ്യ നിര്‍മ്മിതമായ മതങ്ങളില്‍ നിന്നും മനുഷ്യത്ത്വം അടര്‍ന്നുപോകുമ്പോള്‍ അഥവാ നീക്കം ചെയ്യുമ്പോള്‍ പിന്നെയത് മതങ്ങളല്ല മറിച്ചു മനുഷ്യന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെതിരെ നടത്തുന്ന അന്യായങ്ങള്‍, നീതിന്യായ വ്യവസ്ഥിതികളിലൂടെ ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യങ്ങള്‍ മാത്രം.  തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബിരുദവിദ്യാര്‍ഥികളുടെ 2010 ലെ ഇന്റേണല്‍ പരീക്ഷയിലെ ചോദ്യപേപ്പറില്‍ മതനിന്ദ ഉണ്ടെന്നാരോപിച്ചാണ് മതാന്ധതബാധിച്ച ഒരുപറ്റം ഭീകരര്‍ ജോസഫ് സാറിന്റെ കൈവെട്ടി മാറ്റിയപ്പോള്‍ കേരളം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി.

അതുവരെ കേരളത്തില്‍ നിലനിന്നിരുന്ന മത സൗഹാര്‍ദ്ദവും മാനുഷിക ബന്ധങ്ങളും മതങ്ങളുടെ പേരില്‍ ഇല്ലാതായപ്പോള്‍ ദൈവത്തിന്റെ സ്വന്തം  നാടിനു പകരം സാത്താന്റെ സ്വന്തം  നാടായി മാറുകയാണ് ചെയ്തത്. പിന്നീട് നരകയാതനകള്‍ നിറഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം നടുക്കുന്ന ഓര്‍മ്മകളുമായി ജോസഫ് മാഷിന്റെ അത്മകഥ അച്ചടിച്ച് പുറത്തു വരുമ്പോള്‍ കേരളത്തിന്റെ തനിമയെ സ്‌നേഹിക്കുന്ന മലയാളികളും മറ്റുള്ളവരും വീണ്ടും തേങ്ങുക മാത്രമാണ്. 

'ഇടതുകാലിന് മഴുകൊണ്ട് പലതവണ വെട്ടിയശേഷം അവര്‍ എന്നെ തൂക്കിയെടുത്ത് റോഡിന്റെ ഓരത്തായി വിലങ്ങനെ കിടത്തി; ഉടല്‍ ടാര്‍റോഡിലും തല പുല്ലുള്ള ഭാഗത്തും വരത്തക്കനിലയില്‍ എന്നെ മലര്‍ത്തിയിട്ടു; മഴു പിടിച്ചയാള്‍ കൈത്തണ്ടയുടെ മധ്യഭാഗത്ത് രണ്ടിഞ്ച് അകലത്തില്‍ വിപരീത ദിശയില്‍ ചെരിച്ച് രണ്ടു വെട്ടുവെട്ടി; അസ്ഥികള്‍ മുറിഞ്ഞ് കൈത്തണ്ട മുക്കാല്‍ ഭാഗം അറ്റു; കൈക്കുഴയോട് ചേര്‍ന്ന് പലതവണ വെട്ടി; അങ്ങനെ അവര്‍ എന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി' 

ആധുനിക യുഗത്തിലെ നിയമ സംവിധാനങ്ങളിലൂടെ മനുഷ്യത്വമില്ലാത്ത മതവികാരം പ്രകടിപ്പിച്ച ഭീകരരെ ശിക്ഷിച്ചെങ്കിലും മനുഷ്യ മനസാക്ഷിക്ക് താങ്ങാവുന്നതിനപ്പുറമാണ് സംഭവിച്ചത്. അതിലും പതിന്മടങ്ങു ദ്രോഹമാണ് ജോസഫ് സാറിനെതിരെ  അദ്ദേഹം വിശ്വസിച്ചിരുന്ന മതത്തിലെ മതാചാര്യന്മാരും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന കോളേജിലെ മാനേജ്‌മെന്റും ചെയ്തതെന്ന് അദ്ദേഹത്തിന്റെ ആല്‍മകഥയില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ശാരീരികമായ പീഡനത്തേക്കാള്‍ ഭീകരമായിരുന്നു, ക്രിസ്തീയ സഭയുടെ അപവാദം പ്രചരണവും ഒറ്റപ്പെടുത്തലുമെന്ന് ജോസഫ് സാര്‍ വിവരിക്കുന്നുണ്ട്.

കോളജില്‍നിന്ന് പിരിച്ചുവിട്ട കാലത്ത് കത്തോലിക്ക സഭയിലെ ഒരു പറ്റം വൈദികര്‍ തനിക്കെതിരെ വ്യാപകമായ തോതില്‍ വ്യാജ പ്രചരണങ്ങളും സ്വഭാവഹത്യയും നടത്തിയെന്ന് അദ്ദേഹം പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്ക് അനുകൂലമായി പത്രമാസികകളില്‍ ലേഖനം എഴുതിയവരെ തിരഞ്ഞുപിടിച്ച് ആക്ഷേപിച്ചിരുന്നു. സഭേതര പത്രമാസികകളില്‍ ജോസഫിന് അനുകൂലമായി എഴുതിയ ക്രിസ്തീയ നാമധാരികളെ കോതമംഗലം മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നേരിട്ട് വിളിച്ച് ശാസിച്ചിരുന്നു.

സ്വാതികനും വയോധികനുമായ ഫാ. എ. അടപ്പൂരിനെപോലും കത്തോലിക്ക വൈദികരും മെത്രാന്മാരുടെ ശിങ്കിടികളും തെറിവിളിയില്‍ നിന്ന് ഒഴിവാക്കിയില്ലെന്ന് ടി.ജെ ജോസഫ് എഴുതുന്നു. താന്‍ ഭാര്യാമര്‍ദകനാണെന്നും, അമ്മയെ നോക്കാത്തവനാണെന്നുമൊക്കെ കന്യാസ്ത്രീകളും വൈദികരും വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ തോതില്‍ അപവാദ പ്രചരണം നടത്തി. കത്തോലിക്ക സഭയുടെ സംഘടിത ശക്തി ഉപയോഗിച്ച് നിസ്സഹായനായ ഒരു മനുഷ്യനെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന് വിവരിക്കുന്ന ഒരു ചരിത്ര പുസ്തകം കൂടിയാണ് ടി ജെ ജോസഫിന്റെ ആത്മകഥ.

ക്രിസ്തുവിന്റെ കുരിശിന്മേലുള്ള പീഡകളും അതിനെ തുടര്‍ന്നുള്ള മരണവും പിന്നീടുള്ള ഉയിര്‍പ്പുമാണ് ക്രിസ്തു മതത്തിന്റെ ആധാരം. അന്ധകാരത്തിലമര്‍ന്ന ലോകത്തിനു പ്രകാശവും ദുഖിതര്‍ക്കും പീഢിതര്‍ക്കും ആശ്വാസവും അനുതപിക്കുന്ന കുറ്റവാളികള്‍ക്കും പാപികള്‍ക്കും  പാപമോചനവും വാഗ്ദാനം ചെയ്യുന്ന ഏക മതമാണ് ക്രിസ്തീയ സഭ എങ്കില്‍പ്പോലും ഒരു വിശ്വാസിയെ സംരക്ഷിക്കുവാന്‍ തയ്യാറാവാതെ അദ്ദേഹത്തെ വീണ്ടും ക്രൂശിക്കുക മാത്രമാണ് ചെയ്തിരുന്നതെന്ന് സഭാമേലധികാരികളുടെ നടപടികളില്‍ നിന്നും നിലപാടുകളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും.

2010 മാര്‍ച്ചില്‍ തന്നെ ചോദ്യ പേപ്പര്‍ വിവാദത്തോടനുബന്ധിച്ചു മതമൗലികവാദികള്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ യാതൊരുവിധ അന്വേഷണവുമില്ലാതെയും വസ്തുതകള്‍ പഠിക്കാതെയും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുവാന്‍ അധികാരികള്‍ തയ്യാറായി. അതിനുപുറമെയാണ് 2010 ജൂലൈ മാസം പത്താം തീയതിജോസഫ് സാര്‍ ആക്രമിക്കപ്പെടുന്നത്. കോളേജ് അധികൃതരും മറ്റു നിരവധിയായ ആല്‍മീയ സംഘടനകളും അദ്ദേഹത്തോടൊപ്പം നിന്നിരുന്നെങ്കില്‍ സമയോചിതമായി  അദ്ദേഹത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ ആക്രമണം  ഒഴിവാക്കാമായിരുന്നു. പക്ഷെ മനുഷ്യത്ത്വരഹിതമായ നിലപാടുകള്‍ പ്രത്യേകിച്ചും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവന്‍ വെടിഞ്ഞ ക്രിസ്തുവിന്റെ അനുയായികളില്‍ നിന്നുമുണ്ടായപ്പോള്‍ ഭീകരവാദികള്‍ക്ക് കൂടുതല്‍ പ്രചോദനമായി മാറിയിരിക്കാം.

എന്നാല്‍ അതിലും വിരോധാഭാസമായ നിലപാടുകളും പ്രവര്‍ത്തനങ്ങളുമാണ്  സഭാധികാരികളുടെ ഭാഗത്തുനിന്നും പിന്നീടുണ്ടായത്  2010 ജൂലൈ 24 ന് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുവാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സഭാ നേതൃത്ത്വം 2010  സെപ്റ്റംബര്‍ 4 ന് അദ്ദേഹത്തെ ജോലിയില്‍ നിന്നും എന്നന്നേയ്ക്കുമായി പിരിച്ചുവിടുകയാണ് ചെയ്തത്. കുടുംബത്തെയും വിദ്യാര്‍ത്ഥികളെയും സമൂഹത്തെയും അതിലുപരി സ്വന്തമെന്നു കരുതിയ ക്രിസ്തീയ സഭയെ പോലും സ്‌നേഹിച്ചിരുന്ന ഒരു അദ്ധ്യാപകന്റെ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആ പിരിച്ചുവിടലെന്ന് അദ്ദേഹം തന്നെ തന്റെ ആല്‍മകഥയിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

മതാന്ധത ബാധിച്ച പോപ്പുലര്‍ ഫ്രണ്ടുകാരുടെ പകതീര്‍ക്കലില്‍ നഷ്ടപെട്ടത് ഒത്തിരി സ്‌നേഹത്തില്‍ നെയ്‌തെടുത്ത ഒരു കുടുംബജീവിതംകൂടിയാണ്. സുഖദുഃഖങ്ങളില്‍ എന്നും താങ്ങായി നില്‍ക്കേണ്ട ഭാര്യ സലോമി നാലരവര്‍ഷത്തെ കഠിനയാതനകള്‍ താങ്ങാനാവാതെ മരണത്തില്‍ അഭയംതേടി. ഓര്‍മകളില്ലാത്ത ലോകത്തേക്കു ചേക്കേറിയ വൃദ്ധയായ അമ്മയും. സ്‌നേഹം മാത്രം പങ്കു വയ്ക്കാനറിയാമായിരുന്ന സലോമിയുടെ മരണശേഷം ഒരുപാട് നിശബ്ദരായി മാറിയ മക്കളുടെ ഭാവിയും അനിശ്ചിതത്ത്വത്തിലായി.

കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള ക്രിസ്തുവിന്റെ സഭയുടെ സ്ഥാവരജംഗമ വസ്തുവകകള്‍ ക്രിസ്തുവില്‍ വിശ്വസിക്കുകയും ക്രിസ്തുവിന്റെ ജീവിത രീതികള്‍ അവലംബിക്കുകയും ചെയ്യുന്ന സാധാരണക്കാരായ വിശ്വാസികളുടെ മാത്രം നിരന്തരമായ സംഭാവനകളാണ്. അവയുടെ നേരായ സംരക്ഷണവും ക്രിസ്തു സഭയുടെ സംരക്ഷണവും അതിലുപരി വിശ്വാസികളുടെ സംരക്ഷണവുമാണ് അവര്‍ക്കുവേണ്ടി മാത്രം കുരിശില്‍ തൂങ്ങി മരിച്ച ക്രിസ്തു സഭാമേലധ്യക്ഷന്മാരെ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെന്നു സ്വയം അവകാശപ്പെടുന്നവര്‍ ഇതില്‍ നിന്നെല്ലാം വ്യതിചലിച്ചു ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ധാരാളം ക്രിസ്തു ശിഷ്യന്മാര്‍ക്ക് പകരം ജോസഫ് സാറിനെപ്പോലുള്ള ജീവിക്കുന്ന രക്തസാക്ഷികള്‍ മാത്രമായിരിക്കും സഭയ്ക്ക് മിച്ചമുണ്ടാവുക.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കേരള ക്രിസ്തീയ സഭയില്‍ നിന്നും സാധാരണ വിശ്വാസികള്‍ക്ക് അനുയോജ്യമായ  വളരെ കുറച്ചു നിലപാടുകള്‍ മാത്രമാണ് ലഭിക്കുന്നത്. മെത്രാന്മാരുള്‍പെടുന്ന ചില വൈദീകരുടെയും തിന്മകളെ സംരക്ഷിക്കുന്ന നിലപാടുകള്‍ മാത്രമാണ് സഭാധികൃതരുടെ ഭാഗത്തുനിന്നും നിരന്തരമുണ്ടാകുന്നത്. നന്മയും തിന്മയും തിരിച്ചറിയുന്ന അഭ്യസ്തവിദ്യരായ വിശ്വാസികളാണ് നിലവില്‍ കേരളത്തിലും ആഗോളതലങ്ങളിലുമുള്ളത്. ഇനിയും വിശ്വാസികളെ അന്ധകാരങ്ങളില്‍ നയിക്കുവാനും സത്യത്തില്‍ നിന്നും അകറ്റി നിര്‍ത്തുവാനും സാധിക്കയില്ല.

തെറ്റുകുറ്റങ്ങള്‍ സ്വാഭാവികതയാണ് അരപ്പട്ട ഇട്ടതുകൊണ്ടും വൈദിക മേലങ്കിധരിച്ചതുകൊണ്ടും തെറ്റുകള്‍ ശരിയായി മാറില്ല പകരം നിലവിലുള്ള ശിക്ഷാ നടപടികള്‍ക്ക് ഓരോരുത്തരെയും വിധേയരാക്കണം. സഭാമേലധികാരികള്‍ ഇതിന് തയ്യാറാവില്ലാ എന്ന് പ്രത്യക്ഷത്തില്‍ മനസിലാവുന്നത് കൊണ്ട് അല്‍മായ സംഘടനകള്‍ കരുത്താര്‍ജ്ജിക്കണം. ഈ സംഘടനകളായിരിക്കണം ഇനി മുതല്‍ സഭയുടെയും വിശ്വാസികളുടെയും സംരക്ഷകര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category