പ്രശംസകള്‍ ചൊരിഞ്ഞു മന്ത്രി ജയരാജന്; നന്മകള് നേര്‍ന്നു ചെന്നിത്തല; അത്ഭുതം കൂറി ഒ രാജഗോപാലും മേയര്‍ കെ ശ്രീ കുമാറും; കണ്ണീരോടെ സഹായം ഏറ്റുവാങ്ങാന്‍ എത്തിയത് 205 പേരും ബന്ധുക്കളുമായി ആയിരത്തോളം പേര്: ബ്രിട്ടീഷ് മലയാളി നഴ്സിംഗ് സഹായനിധി വിതരണ ചടങ്ങ് ചരിത്രമായതിങ്ങനെ
തിരുവനന്തപുരം: ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയയുടെ ഓര്‍മ്മയ്ക്കായി തിരുവനന്തപുരത്ത് സ്ഥാപിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള പബ്ലിക് ഹാളാണ് വിജെടി ഹാള്‍. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്നാക്കി മാറ്റിയെങ്കിലും ആളുകള്‍ ഇപ്പോഴും വിളിക്കുന്നത് വിജെടി ഹാള്‍ എന്നു തന്നെയാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ ഓര്‍മ്മയ്ക്കായി സ്ഥാപിച്ച ഹാളില്‍ ഇന്നലെ നടന്നത് ബ്രിട്ടനില്‍ കുടിയേറിയ മലയാളികളുടെ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് സ്വരൂപിച്ച അന്പതിനായിരത്തില് അധികം പൗണ്ട് ഇന്നലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കുമായി കൈമാറിയ ചടങ്ങായിരുന്നു ഇത്.
കേരള മന്ത്രിസഭയില്‍ രണ്ടാമനായ മന്ത്രി ഇ പി ജയരാജന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ഒ രാജഗോപാല്‍, തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍; രാജു എബ്രഹാം എംഎല്‍എ, സിപിഎം ജനറല്‍ സെക്രട്ടറി സിപി ജോണ്‍, കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, പ്രമുഖ സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍, പത്തനാപുരം ഗാന്ധിഭവന് സ്ഥാപകനായ പുനലൂര്‍ സോമരാജന് തുടങ്ങിയ പ്രമുഖരായിരുന്നു പരിപാടികളിലെ പ്രധാന അതിഥികള്‍. നഴ്സിംഗ് സഹായ നിധിയായി 40000 പൗണ്ടും ക്രിസ്മസ് അപ്പീലില്‍ ശേഖരിച്ച 5500 പൗണ്ടും ഈ ചടങ്ങില്‍ വച്ചാണ് വിതരണം ചെയ്തത്.
സങ്കടവും സന്തോഷവും നിറഞ്ഞ മനസോടെയാണ് 205 പേരും സഹായം ഏറ്റുവാങ്ങുവാന്‍ എത്തിയത്. 220 പൗണ്ടു വീതം 197 പേര്‍ക്കു കൈമാറിയപ്പോള്‍ തുക ചെറിയതാണെങ്കിലും പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകി. മറുനാടന്‍ മലയാളുടെ ചാരിറ്റി സംഘടനയായ ആവാസ് വഴി ശേഖരിച്ച 3.30 ലക്ഷം രൂപയില്‍ 50,000 രൂപ വീതം മൂന്നു പേര്‍ക്കും വിതരണം ചെയ്തു. കൂടാതെയാണ് ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീല്‍ വഴി ശേഖരിച്ച 5500 പൗണ്ട് വിതരണം ചെയ്തത്.
ഏഴു തിരിയിട്ട നിലവിളക്കിലെ തിരികള്‍ക്ക് വ്യവസായമന്ത്രി ഇ.പി.ജയരാജന് അഗ്നി പകര്‍ന്നാണ് പരിപാടികള്‍ക്കു തുടക്കമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒ.രാജഗോപാല്‍ എംഎല്‍എയും മറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ചെയര്മാന് ഷാജി ലൂക്കോസും, ടോമിച്ചനും നിലവിളക്കിലെ മറ്റു തിരികള്‍ക്ക് അഗ്നി പകര്‍ന്നു. തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷനായി.
കാരുണ്യത്തിന്റെ സ്നേഹസ്പര്‍ശം തുളുമ്പി നില്ക്കുന്ന അയ്യങ്കാളി ഹാളിലെ ഈ ചടങ്ങ് തന്റെ ഉള്ളില്‍ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയുമൊക്കെ അലയിളക്കം സൃഷ്ടിക്കുന്നതായി ക്രിസ്മസ് ന്യൂ ഇയര്‍ അപ്പീലിലൂടെ സഹായം നല്കിയ അഞ്ചു രോഗികള്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ചികിത്സാ സഹായം വിതരണം ചെയ്തുകൊണ്ട് വ്യവസായ മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനമായിരുന്നു ഇ പി ജയരാജന് നിര്‍വ്വഹിച്ചത്.
ഏത് ചടങ്ങില്‍ പങ്കെടുക്കുന്നതിലും അധികം ആഹ്ളാദമാണ് ഈ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ തനിക്ക് ലഭിക്കുന്നത്. ഇപ്പോള്‍ നല്കിയ അഞ്ചു ലക്ഷം രൂപ കൂടാതെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും മറുനാടന്‍ മലയാളിയും ശേഖരിച്ച നാല്‍പ്പത് ലക്ഷത്തോളം രൂപ ഈ ചടങ്ങില്‍ നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായമായി നല്‍കുന്നുണ്ട്. ഇതെല്ലാം മനസിന് പുതിയ ഊര്‍ജ്ജം നല്കുന്ന കാര്യമാണെന്ന് ഇ പി ജയരാജന് പറഞ്ഞു. വ്യക്തിപരമായി താനും ഇത്തരം സംരംഭങ്ങള്‍ സ്വന്തം നിലയില്‍ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അതില്‍ നിന്ന് ലഭിക്കുന്ന ആഹ്ളാദമാണ് ഈ വഴിയില്‍ ഉറച്ചു മുന്നോട്ടു പോകാന്‍ തനിക്ക് പ്രേരണ നല്‍കുന്നതെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മറുനാടന്‍ മലയാളിയുടെ ചാരിറ്റി സംഘടനയായ ആവാസിനും ചടങ്ങില്‍ ഔപചാരികമായ തുടക്കമായി.
200 നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ചടങ്ങില്‍ 40 ലക്ഷം രൂപ ഈ ചടങ്ങില്‍ എത്തിക്കുന്നത് കൂടുതല്‍ സന്തോഷം പകരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പത്തനാപുരം ഗാന്ധി ഭവന്റെ സെക്രട്ടറി പുനലൂര്‍ സോമരാജനെ ഈ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദരിച്ചു. നേരത്തെ ഉദ്ഘാടന പരിപാടികള്‍ക്ക് മുന്നോടിയായി പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് സംവാദവും സംഘടിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് നടന്ന സംവാദത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ്, സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍, രാജു എബ്രഹം എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന് സ്കറിയ മോഡറേറ്ററായിരുന്നു.
ചടങ്ങില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ചെയര്മാന് ഷാജി ലൂക്കോസും മുന്‍ ചെയര്‍മാനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ടോമിച്ചന് കൊഴുവനാലും ട്രസ്റ്റി സോണി ചാക്കോയും ചടങ്ങില്‍ പങ്കെടുത്തു. ചെയര്മാന് ഷാജി ലൂക്കോസും മുന്‍ ചെയര്മാന് ടോമിച്ചന് കൊഴുവനാല്‍ ബ്രിട്ടീഷ് മലയാളിയെ കുറിച്ചും സംഘടനയുടെ പ്രവര്‍ത്തനവും വിവരിച്ചു. കൂടാതെ, സ്കൈ ഡൈവിംഗില്‍ പങ്കെടുത്ത കലാഭവന്‍ ദിലീപും ചടങ്ങില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറി. കലാഭവന്‍ ദിലീപായിരുന്നു ചടങ്ങില്‍ അവതാരകനായത്.
സ്കൈ ഡൈവിംഗ് നടത്തുവാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞാന്‍ പങ്കെടുക്കുവാന്‍ ഉണ്ട് എന്ന തീരുമാനം അറിയിച്ചു കൊണ്ട് ആദ്യം മുന്നോട്ടു വന്ന ആളുകളില്‍ ഒരാളായിരുന്നു കലാഭവന്‍ ദിലീപ്. ബ്രിട്ടനിലേക്ക് മറ്റു പരിപാടികള്‍ക്കായി എത്തുന്നതിനാല്‍ തന്നെ സ്കൈ ഡൈവിംഗില്‍ പങ്കെടുക്കാം എന്ന തീരുമാനം കൂടുതല്‍ ഉറതാകുകയായിരുന്നു. എന്നാല്‍ നോട്ടിംഗാമില്‍ സ്കൈ ഡൈവിംഗ് നടത്തുവാന്‍ തീരുമാനിച്ച ദിവസം കാലാവസ്ഥ വ്യതിയാനങ്ങള്‍ മൂലം പരിപാടി മുടങ്ങിയപ്പോള്‍ ഏറെ ടെന്‍ഷന്‍ അടിച്ചത് കലാഭവന്‍ ദിലീപായിരുന്നു.
കാരണം ഡൈവിങ് പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങുക എന്നത് അദ്ദേഹത്തിന് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യം ആയിരുന്നു. ഡൈവിങ്ങിനായി ഏറ്റവും ശാരീരിക പ്രയാസം അനുഭവിച്ച കൂട്ടത്തിലാണ് ദിലീപ്. നൂറു കിലോയ്ക്ക് മുകളില്‍ ഉണ്ടായിരുന്ന ശരീര ഭാരം 91 കിലോയില്‍ എത്തിച്ചാണ് അദ്ദേഹം ഡൈവ് സാധിച്ചെടുത്തത്. സ്കൈ ഡൈവിങ്ങിനു അനുവദനീയ ഭാരപരിധി 90 കിലോയായതിനാല് ആ തൂക്കത്തില്‍ എത്തിക്കാനായി ആഴ്ചകളോളം പ്രോട്ടീന്‍ മാത്രമുള്ള കിറ്റോ ഡയറ്റിങ് നടത്തിയാണ് ദിലീപ് യുകെയില്‍ എത്തിയത്. അങ്ങനെ കേംബ്രിഡ്ജില്‍ വച്ചാണ് കലാഭവന്‍ ദിലീപ് ആകാശച്ചാട്ടം പൂര്‍ത്തിയാക്കിയത്.