1 GBP = 103.00 INR                       

BREAKING NEWS

മുഖങ്ങള്‍; ഭാഗം -38

Britishmalayali
രശ്മി പ്രകാശ്

നിക്കൊരിക്കലും ഫെലിക്‌സിനോട് ക്ഷമിക്കാന്‍ കഴിയില്ല. അയാളുമായി ഒരുമിച്ചു ജീവിക്കാന്‍ കഴിയില്ല. ആ തടവില്‍ നിന്ന് രക്ഷപെട്ടതെന്തിനാണ് എന്നുപോലും തോന്നിപ്പോകുന്നു. ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ കേട്ടിട്ടുള്ളത് അമേരിക്കയില്‍ നിന്നാണ്. പക്ഷേ ഫെലിക്‌സ്, അയാള്‍ .....എന്നോട് പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിക്കാതെ ഇസ പാതിയില്‍ നിര്‍ത്തി.

ഐസക്, എണീറ്റ് പതിയെ ഇസയുടെ അടുത്തേക്ക് വന്നു.

ഇസ, ഇനിയെന്ത് ,എങ്ങനെ എന്നൊന്നും നീ ആലോചിക്കരുതെന്ന് ഞാന്‍ പറയില്ല. പക്ഷേ ഒരു കാര്യം മറക്കരുത്,നിനക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ കാത്തിരുന്നത്. എനിക്ക് അന്ധമായ ദൈവവിശ്വാസമൊന്നുമില്ല, എങ്കിലും നീ തിരിച്ചു വരും എന്നെനിക്കുറപ്പുണ്ടായിരുന്നു. ഇനിയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല എന്നൊന്നും ഞാന്‍ പറയില്ല പക്ഷേ ഇങ്ങനെ തിരക്കിട്ടു ഒന്നും കാടുകയറി ചിന്തിക്കണ്ട.

ഫെലിക്‌സിന് ഈ ചെയ്തതിനൊക്കെ അയാളുടേതായ കാരണങ്ങളും ന്യായീകരണങ്ങളും കാണും. ഒരുപക്ഷേ അയാളൊരു മാനസിക രോഗിയായിരിക്കും.

അടഞ്ഞു കിടന്ന വാതിലുകളും കനത്ത ചുവരുകളും ഇരുളില്‍ മറഞ്ഞിരുന്ന് ആക്രമിച്ച പേടിപ്പിക്കുന്ന രൂപങ്ങളും എണ്ണാന്‍ പോലും മറന്നുകൊഴിഞ്ഞടര്‍ന്ന വര്‍ഷങ്ങളുമെല്ലാം നിന്നെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ടെന്ന് പെട്ടെന്നറിയാന്‍ കഴിഞ്ഞെന്നു വരില്ല.നമ്മളാരും ഒരിക്കലും ചിന്തിക്കുകപോലും ചെയ്യാത്ത കാര്യങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നമ്മള്‍ സഹകരിച്ചാലുംഇല്ലെങ്കിലും പോലീസ്, കേസ് മുന്നോട്ടു കൊണ്ടു പോകും.ഫെലിക്‌സിന് ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടതായി വരികയും ചെയ്യും. അച്ഛന്‍ നഷ്ട്ടപ്പെട്ട എത്രയോ കുട്ടികളുണ്ട് ഈ ലോകത്ത്? ഈ പ്രായത്തില്‍ ഫെലിക്‌സിനെ കാണാത്തത്,അതൊരു വലിയ മുറിവായി ജോക്കുട്ടനില്‍ കിടക്കില്ല.നിന്നെപ്പോലെ തന്നെ അവനും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതാണ്.

ഇസാ, സ്‌നേഹം പലരും പലരീതിയിലാണ് പ്രകടിപ്പിക്കുന്നത് എന്നാല്‍ നമ്മുടെ ആത്മാവിനെപ്പോലും അത്രമേല്‍ വേദനിപ്പിച്ചിട്ട് ഞാന്‍ നിന്നെമറ്റെന്തിനേക്കാളും സ്‌നേഹിക്കുന്നു എന്നു പറയുന്നത് ഒരിക്കലും സ്‌നേഹമല്ല. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ പല തലങ്ങളിലായി അറിഞ്ഞും അറിയാതെയും നമ്മുടെ ഉള്ളിലേക്ക് കടന്നു വരുന്ന ഒന്നാകണം പ്രണയം.അല്ലാതെ തട്ടിക്കൊണ്ട് പോയി അവളുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് മൂക്കുകയറിട്ട്‌പേടിപ്പിച്ചല്ല പ്രണയം നേടേണ്ടത്. നിന്റെ മനസ്സിനെ മഥിക്കുന്ന പല ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കും ഇപ്പോള്‍ ഒരവധി കൊടുക്കുക. ഉത്തരങ്ങള്‍ തനിയെ നിന്നിലേക്ക് പതിയെ വന്നു ചേരും.

എല്ലാവരുടെയും മനസ്സ് ഒരുപോലെയല്ലല്ലോ? പ്രണയത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്. പുഴപോലെയൊഴുകുന്ന ഒരു പ്രണയം ഏറെദൂരെമെത്തുമ്പോള്‍ ഒഴുക്ക് കുറഞ്ഞ് ഒടുവില്‍ വെള്ളമില്ലാതെയായി അവസാനിച്ചേക്കാം. എന്നിട്ടും പിന്മാറാതെ തുടരണമെന്നും ഈ ജീവിതത്തില്‍ ഇനി ഇത് മാത്രമേ പാടുള്ളുവെന്നുമുള്ള കടുംപിടുത്തങ്ങള്‍ എന്തിനാണ്? എപ്പോള്‍ നമ്മുടെ കൂടെ നില്‍ക്കുന്ന ആള്‍ക്ക് നമ്മളോട്  സ്‌നേഹമില്ലാതെയാകുന്നുവോ അവിടെ വെച്ച് പിന്തിരിഞ്ഞുനടന്നേക്കുക. ഒരു സൗഹൃദമെങ്കിലും ബാക്കിയായേക്കാം. ഇതൊക്കെയാണ് ഞാന്‍ മനസ്സിലാക്കിയ പ്രണയം. ഫെലിക്‌സിന് നിന്നോട്തോന്നിയത് പ്രണയമാണെന്ന് അയാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ ഒരു മാനസിക രോഗിയാണ്. ഇത് ഞാന്‍ വെറുതെ പറഞ്ഞതല്ല ഫെലിക്‌സ് മാനസിക രോഗിയാണെന്നും അയാള്‍ ഡിപ്രഷന്‍ മാറാനുള്ള ചികിത്സയില്‍ ആയിരുന്നെന്നുമാണ് പോലീസ് പറഞ്ഞത്.

ഒലിവിയ എന്ന് പേരുള്ള ഒരു വൈറ്റ് ലേഡിയുമായി അയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. കുറച്ചുകാലം അവര്‍ ഇവിടെ താമസിച്ചിരുന്നു. ഞാന്‍ ഫെലിക്‌സിന്റെകൂടെ ഒലിവിയയെ കണ്ടിട്ടുണ്ട്. ആ സ്ത്രീയെ നീയും കണ്ടിട്ടുണ്ട്. ആ ബന്ധം പിളര്‍ന്നപ്പോള്‍ ആണത്രേ ഫെലിക്‌സിന് ഡിപ്രഷന്‍ തുടങ്ങിയത്.

ഇപ്പോള്‍ നീ കൂടുതല്‍ ഒന്നും ചിന്തിക്കണ്ട, നാളെ ഫെലിക്‌സിനെ കോടതിയില്‍ ഹാജരാക്കും. നിനക്ക് അയാളെ കാണാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ കോര്‍ട്ട് അതിനുള്ള സൗകര്യം ചെയ്തു തരും.

എനിക്കൊരു ബുദ്ധിമുട്ടുമില്ല ഐസക്. അയാള്‍ എന്താണ് പറയുന്നതെന്ന് എനിക്ക് കേള്‍ക്കണം.

പിറ്റേന്ന് രാവിലെ ഫിലിപ്പും ,ഐസക്കും ,ഗ്രേസും ,ഇസയും ,'ജോ' യുമൊന്നിച്ചാണ് കോടതിയില്‍ എത്തിയത്.ഫെലിക്‌സിനെ അകത്ത് ഇരുത്തിയതിന് ശേഷമാണ് ഇസയെ അകത്തേക്ക് വിളിച്ചത്. മനസ്സിനെ ആവുന്നത്ര നിയന്ത്രിച്ചുകൊണ്ട് ഇസ കോടതിയുടെ ഉള്ളിലേക്ക് നടന്നു. തല കുമ്പിട്ട് ഏറെ ശാന്തനായി ഫെലിക്‌സ്, പോലീസിന്റെ കൂടെ ഒരു ഗ്ലാസ് ചേംബറില്‍ ജഡ്ജിന്റെ നേരെയായി ഇരിക്കുന്നുണ്ടായിരുന്നു.

ഒരു ബലത്തിനായി ഇസ, ഐസക്കിന്റെ കൈകളില്‍ മുറുക്കെ പിടിച്ചു.
 ( തുടരും )

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam