1 GBP = 92.50 INR                       

BREAKING NEWS

ജിമ്മനും കര്‍ത്താവിന്റെ കുറുകെ ചാട്ടവും - പാര്‍ട്ട് ഒന്ന്

Britishmalayali
ജോജി പോള്‍

 

ന്ധകാരത്തിന്റെ അനന്തതയിലെവിടെയോ ആയിരുന്നു ഞാനപ്പോള്‍. കൂരാകൂരിരുട്ടും നിശബ്തതയും അല്ലാതെ മറ്റൊന്നുമില്ല. അപാരമായൊരു പ്രപഞ്ചത്തില്‍ ഒഴുകി നടക്കുന്നത് പോലെ.

മെല്ലെ മെല്ലെ താഴെ അഗാധമായ ഒരു ഗര്‍ത്തത്തിലേക്ക് വീഴാന്‍ തുടങ്ങി. നിലക്കാത്ത വീഴ്ച. വീണു വീണു അവസാനം എവിടെയോ തങ്ങി നിന്നു. ഇരിട്ടിനൊരു കുറവുമില്ല. പക്ഷെ ചില ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ഒന്നും വ്യക്തമല്ല.

ഉച്ചത്തില്‍ വിളിക്കണമെന്ന് തോന്നിയെങ്കിലും ശബ്ദം പുറത്തേക്കു വന്നില്ല. ഈ അവസ്ഥയില്‍ എങ്ങനെ എത്തിപെട്ടെന്ന് ആലോചിച്ചെടുക്കാന്‍ ഒരു ശ്രമം നടത്തി.

ചിന്തകള്‍ അധികം പുറകോട്ടോടുന്നില്ല. ജിമ്മന്റെ മുഖം മാത്രമാണ് ഓര്‍മയില്‍ വരുന്നത്.

ഒരു നിലാവുള്ള രാത്രിയിലാണ് അവന്‍ വന്നത്. കിടക്കാന്‍ വേണ്ടി പായയും തലയിണയുമായി ടെറസ്സിന് മുകളിലേക്ക് കയറുമ്പോഴാണ് ഗേറ്റ് തുറന്നുവരുന്ന ജിമ്മനെ ആദ്യമായി കാണുന്നത്. ആരായാലും തനിക്കെന്ത് എന്ന് വിചാരിച്ചു പായ വിരിച്ചു കിടന്നു. ആകാശത്തു നക്ഷത്രങ്ങള്‍ക്കന്നു പതിവിലേറെ തിളക്കമുണ്ടായിരുന്നു.

അടുത്ത് കാല്‍പ്പെരുമാറ്റം കേട്ടപ്പോഴാണ് മനസിലായത്, ഗേറ്റ് കടന്നു നേരെ ടെറസ്സിലേക്കാണവന്‍ വന്നതെന്ന്.

''ഉറങ്ങിയോ?'',

''ഇല്ല ആരാ?''.

തിരിച്ചു വലിയ താല്‍പര്യമില്ലാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു.

''ഇവിടത്തെ സാറിന്റെ അനിയനാ. പേര് ജിമ്മന്‍.''

'ഉം' ഞാന്‍ വെറുതെ മൂളി.

എന്റെ നിസ്സംഗത കണ്ടിട്ടാവണം അവന്‍ തുടര്‍ന്നു.

''ഇയാളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. ചേട്ടനും ചേട്ടത്തിയും എപ്പോഴും ഇയാളുടെ കാര്യങ്ങള്‍ പറയാറുണ്ട്.

മറുപടിയൊന്നും പറയാന്‍ തോന്നിയില്ല. തമിഴ് നാട്ടിലെതന്നെ ഏറ്റവും അറിയപ്പെടുന്ന ആര്‍ക്കിടെക്ടിന്റെ അടുത്ത് ജോലി തേടിവന്നതാണ് ഞാന്‍. ജോലിയില്‍ മുന്‍പരിചയം ഇല്ലാത്തതുകൊണ്ട് മാസശമ്പളം വെറും മുന്നൂറു രൂപ. കോയമ്പത്തൂര്‍ പോലൊരു പട്ടണത്തില്‍ മുന്നൂറു രൂപയ്ക്കു ജീവിക്കാന്‍ സാധ്യമല്ല. എങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു.

മുറിവാടക ഇരുന്നൂറു രൂപ. പിന്നെ ഭക്ഷണം. വല്ലപ്പോഴും നാട്ടിലേക്കുള്ള പോക്ക് വരവ്. പല ദിവസങ്ങളിലും പട്ടിണി കിടന്നു. ഓഫീസിലുള്ള ആരെങ്കിലും ഉച്ചഭക്ഷണം ഹോട്ടലില്‍ നിന്നാക്കുമ്പോള്‍ അവരുടെ തൈരുസാധവും, തക്കാളി സാധവും വെച്ചുനീട്ടും.

ഈയൊരു അവസ്ഥയിലാണ് മലയാളിയായ ഒരു ആര്‍ക്കിടെക്ടിനു എന്നെ സഹായിക്കാനൊരു ഉള്‍പ്രേരണ ലഭിക്കുന്നത്. ഭര്‍ത്താവായ എഞ്ചിനിയറുമായി കൂടിയാലോചിച്ച് അവരെനിക്കൊരു സഹായഹസ്തം നീട്ടി.

അവരുടെ ഔട്ട് ഹൗസില്‍ താമസിക്കാം. വാടക വേണ്ട. പകരം അവര്‍ക്കുള്ള ഡ്രോയിങ്സ് വരച്ചു കൊടുക്കണം.                                

പകല്‍ ഓഫീസിലെ വരപ്പ്, രാത്രി മുഴുവന്‍ ഔട്ട് ഹൗസിലിരിന്നുള്ള വരപ്പ്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ വരച്ചു. ഉറക്കത്തിന്റെ ആലസ്യത്തില്‍ അടുക്കള വരക്കണ്ട സ്ഥാനത്തു കുളിമുറിയും, കുളിമുറിയുടെ സ്ഥാനത്തു പൂജാമുറിയും വരച്ചു വെച്ചു. ആര്‍ക്കിടെക്റ്റും ഭര്‍ത്താവും പലപ്പോഴും മൂക്കത്തു വിരല്‍ വെച്ചു.

ഒടുവില്‍ ഞാനൊരു ഉറക്കമില്ലാത്ത മനുഷ്യനായി. എപ്പോഴെങ്കിലും ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാതായി. ഔട്ട് ഹൗസിലെ ഞെരുക്കത്തില്‍നിന്നുള്ള ഒരു മോചനമാണ് ടെറസ്സിലെ ഈ കിടപ്പ്.

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതിരുന്ന ജിമ്മന്‍ വളരെ വേഗം സുഹൃത്തായി. രാത്രിയിലുടനീളം അവന്‍ പുകവലിച്ചും വര്‍ത്തമാനം പറഞ്ഞും എന്റെ വരകള്‍ക്ക് കൂട്ടിരുന്നു. പകല്‍ ഞാന്‍ ഓഫീസില്‍ പോകുമ്പോള്‍ അവന്‍ കിടന്നുറങ്ങും.

ഒരു പൗര്‍ണമി ദിവസം 'ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ' എന്നവനെന്നോടു ചോദിച്ചു.

അങ്ങനെടുത്തു പറയാന്‍ മാത്രം ആരുമില്ല എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ നിശബ്ദനായി.

''എനിക്ക് നീ രണ്ടു ഉപകാരങ്ങള്‍ ചെയ്യാമോ?''

കുറച്ചു നേരത്തെ മൗനത്തിനുശേഷം അവന്‍ വീണ്ടും ചോദിച്ചു.

കടവുളേ, കാശ് വല്ലതും കടം ചോദിക്കാനായിരിക്കുമോ? '

'പറ, എന്നെകൊണ്ട് പറ്റുന്നതാണെങ്കില്‍ ചെയ്യാം.''

കാശാവില്ലെന്ന് സമാധാനിച്ചുകൊണ്ടാണ് ഞാന്‍ അത്രേം പറഞ്ഞത്.

''ഒന്ന്, നീയെന്റെ കൂടെ തിരുവല്ല വരെ വരണം. നമുക്കെന്റെ ചേട്ടന്റെ ബൈക്കില്‍ പോകാം. പക്ഷെ, ചേട്ടനോ, ചേട്ടത്തിയോ അറിയാന്‍ പാടില്ല.''

''ബൈക്കിലോ, നിനക്ക് പ്രാന്താണോ? മുന്നൂറു കിലോമീറ്ററെങ്കിലും കാണില്ലേ! ട്രെയിനില്‍ പൊയ്ക്കൂടേ?'' ഞാനമ്പരന്നു.

''അത് പറ്റില്ല, ട്രെയിനില്‍ പോയാല്‍ തിരിച്ചെത്താന്‍ വൈകും. വീട്ടിലാരും അറിയാന്‍ പാടില്ല.

എന്റെ നിര്‍ബന്ധത്തിനു വഴങ്ങി ജിമ്മന്‍ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശം വ്യക്തമാക്കി. അവനൊരു പെണ്ണുമായിട്ട് പ്രേമത്തിലാണ്. അവനെക്കാള്‍ ഏതാണ്ട്  പത്തുവയസ്സ് കൂടുതലുണ്ടവള്‍ക്ക്. ക്രിസ്ത്യാനി ആണെങ്കിലും വേറെ വേറെ വിഭാഗങ്ങള്‍. വീട്ടുകാരെതിര്‍ക്കാന്‍ വേറെന്ത് വേണം!

ഗള്‍ഫില്‍ നഴ്സായ പെണ്ണ് ലീവിന് തിരുവല്ലയിലെ അവളുടെ വീട്ടിലേക്ക് വരുന്നുണ്ട്. വീട്ടില്‍ പോയി നേരിട്ട് പെണ്ണ് ചോദിക്കാനാണ്.

ബൈക്കില്‍ പോയാല്‍ അന്നുതന്നെ, അല്ലെങ്കില്‍ പിറ്റേന്നെങ്കിലും തിരിച്ചെത്താം. ചേട്ടന്‍ ദീപാവലി അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തുന്നതിനു മുന്‍പ് ഞങ്ങള്‍ക്കും മടങ്ങിയെത്താം.

''ശരി, എന്താണ് രണ്ടാമത്തെ സഹായം?''

ഇത്തവണ ശരിക്കും ഞാനൊരല്‍പം ഭീതിയിലായി.

ജിമ്മന്റെ മനസ്സ് മാറ്റുവാന്‍, ഈ കല്യാണ ചിന്തയില്‍ നിന്നു പിന്മാറാന്‍, വീട്ടുകാര്‍ അവനു വേണ്ടി പോട്ട ധ്യാന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ ധ്യാനം ബുക്ക് ചെയ്തിട്ടുണ്ട്. ജിമ്മന് വേണ്ടി ഞാനത് കൂടണം. അവിടെ ആരെങ്കിലും ഹാജരുണ്ടായാല്‍ മതി. അവര്‍ക്ക് ആളെ അറിയില്ലല്ലോ!

രണ്ടു ഉപകാരവും ഞാനേറ്റില്ല. ദീപാവലി അവധിക്ക് എനിക്കും വീട്ടില്‍ പോകണം. രണ്ടാമത്, പോട്ട ധ്യാന കേന്ദ്രത്തില്‍ നിന്നും അധികം ദൂരമല്ല എന്റെ വീട്. എന്നിട്ടും ഞാനിതുവരെ അതിനുള്ളില്‍ കയറിയിട്ടില്ല.

''ഒന്നില്ലെങ്കിലും നമ്മളൊരു ചുമരിന് അപ്പുറവും ഇപ്പുറവും താമസിക്കുന്നവരല്ലേ. ഒരു ഉപകാരം ചെയ്യൂ സുഹൃത്തേ!'' ജിമ്മന്‍ കെഞ്ചാന്‍ തുടങ്ങി.

''ചുമരിനപ്പുറത്ത് നീ കോഴിയിറച്ചിയും കുത്തരിച്ചോറും തിന്നുമ്പോള്‍, ഇപ്പുറത്ത് ഞാന്‍ അണ്ണാച്ചിയുടെ കടയിലെ ഇഡലിയോ, ഗഫൂറിക്കാന്റെ കടയിലെ കൊത്തുപൊറോട്ടയോ, അങ്ങേയറ്റം പോയാല്‍ സര്‍ദാറിന്റെ അടുക്കളയിലുണ്ടാക്കുന്ന ചപ്പാത്തിയും പരിപ്പുകറിയും ആണ് തിന്നുന്നത്. അത്രങ്ങോട്ടു സ്‌നേഹം വേണ്ട.'' ഞാനൊരല്പം വികാരാധീനനായി.

അവസാനം, ജിമ്മന് കിട്ടുന്ന ഭക്ഷണത്തിന്റെ ഒരോഹരി എന്നുമവന്‍ എനിക്ക് തരാമെന്നു ഏറ്റതുകൊണ്ട് തിരുവല്ലയിലേക്ക് കൂടെ ചെല്ലാമെന്ന് ഞാന്‍ വാക്ക് കൊടുത്തു.

ദീപാവലി ആഘോഷങ്ങള്‍ കെട്ടടങ്ങിയ രാത്രിയില്‍ ഞങ്ങള്‍ പുറപ്പെട്ടു. നഗരത്തിലെ വൈദ്യുത ദീപങ്ങളയും ഇടയ്ക്കിടെ ആകാശത്തു പൊട്ടി വിരിഞ്ഞിരുന്ന വര്‍ണ്ണപകിട്ടുകളെയും പിന്നിലാക്കി, ഞങ്ങളെയും വഹിച്ചുകൊണ്ട്, ബൈക്ക് പാലക്കാട്ടേക്കുള്ള ഹൈവേയിലൂടെ ചീറിപ്പാഞ്ഞു. മധുക്കരൈ കടക്കുമ്പോള്‍ വെളുപ്പിന് മൂന്നുമണി. ...........
തുടരും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam