1 GBP = 94.20 INR                       

BREAKING NEWS

ജിമ്മനും കര്‍ത്താവിന്റെ കുറുകെ ചാട്ടവും -- 2

Britishmalayali
ജോജി പോള്‍

മ്മ പെട്ടെന്നുണ്ടാക്കി തന്ന പുട്ടും ചായയും കഴിച്ചു എഴുന്നേറ്റപ്പോള്‍ ഒന്നുറങ്ങിയാല്‍ കൊള്ളാമെന്നു തോന്നി.

''ഇപ്പോള്‍ തന്നെ പോണോ?''

'അമ്മ ജിമ്മനോട് തിരക്കി.

''പോണം, ഉച്ചക്ക് മുമ്പ് തിരുവല്ലയില്‍ എത്തണം. പോകുന്ന കാര്യം സാധിച്ചു രാത്രിക്കു മുന്‍പ് കോയമ്പത്തൂരില്‍ മടങ്ങിയെത്തുകയും വേണം.''

ജിമ്മന്‍ എല്ലാം കണക്കു കൂട്ടി വെച്ചിരിക്കുകയാണ്. ഇറങ്ങുന്നതിനു മുന്‍പ് അപ്പന്‍ കിടക്കുന്ന കട്ടിലിനരികില്‍ ചെന്ന് നോക്കി. തളര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. എന്റെ സ്വരം കേട്ടിട്ടാവണം അപ്പനൊന്നു ഞരങ്ങി.

പോക്കറ്റിലിരുന്ന മൂവായിരം രൂപയെടുത്തു അമ്മയുടെ കൈയ്യില്‍ കൊടുത്തു.

''ദീപാവലിക്ക് ബോണസ് കിട്ടിയതും, പിന്നെ ശമ്പളത്തില്‍നിന്നും കുറച്ചു മിച്ചം പിടിച്ചതും ആണ്.''

വേണ്ട, നീ വെച്ചോ, ഒരു വഴിക്കു പോകുന്നതല്ലേ. തിരിച്ചു വരുമ്പോള്‍ ഇതിലെ വാ. ബാക്കിയെന്തെങ്കിലും ഉണ്ടെങ്കില്‍ അപ്പോള്‍ തന്നാല്‍ മതി

കൊടുത്ത പൈസ 'അമ്മ തിരിച്ചു തന്നു.

''സൂക്ഷിച്ചു പോണേ.''

അമ്മയുടെ വിഷമം മാറീട്ടില്ല. പോട്ട ധ്യാന കേന്ദ്രത്തിനു മുന്‍പിലൂടെ കടന്നു പോയപ്പോള്‍ അറിയാതെ ഒന്ന് തിരിഞ്ഞു നോക്കി.

''കര്‍ത്താവെ കാത്തോളണേ.''

ഞായറാഴ്ച കുര്‍ബാനയും കഴിഞ്ഞു ആളുകള്‍ വീടുകളിലേക്ക് മടങ്ങുന്ന നേരം. പ്രഭാതത്തിന്റെ ഊഷ്മളതയില്‍ എം. സി റോഡിലൂടെ ഞങ്ങളങ്ങനെ പാഞ്ഞു.

വഴിയിലെവിടെയോ വെച്ച് വണ്ടിക്കൊരു പഞ്ചര്‍ കിട്ടി. പഞ്ചറൊട്ടിക്കാന്‍ എടുത്തനേരംകൊണ്ട് പലരും വന്നു സൂക്ഷിച്ചു നോക്കിയിട്ടു പോയി. ടി. എന്‍ രജിസ്‌ട്രേഷന്‍ ഉള്ള വണ്ടിയാണ്. തമിഴ് പുലികള്‍ നാട്ടിലിറങ്ങിയിരിക്കുന്ന കാലവും.

ഉച്ചയൂണിനുമുമ്പ് തിരുവല്ലയില്‍ പെണ്ണിന്റെ വീട്ടിലെത്തി. കുശാലായ ഭക്ഷണം. അത് കഴിഞ്ഞിട്ടേ ചര്‍ച്ചയുള്ളൂ. പത്തു വയസ്സ് പ്രായക്കൂടുതലുണ്ടെങ്കിലും പെണ്ണിന്റെ മുഖത്ത് നാണത്തിനു കുറവൊന്നുമില്ല.

ചര്‍ച്ചയുടെ സമയത്ത് എവിടെയെങ്കിലും ചാരിയിരുന്നു ഉറങ്ങാമല്ലോ എന്ന് ഞാനാശ്വസിച്ചു. അകത്തു ചര്‍ച്ചകള്‍ വളരെ നീണ്ടു.

കറുത്ത തൊപ്പിയണിഞ്ഞ വികാരിയച്ചന്‍, പെണ്ണിന്റെ ബന്ധുക്കള്‍, പിന്നെ സമുദായ പ്രമാണിമാരായിരിക്കണം, അങ്ങനെ കുറെ പേര്‍ അകത്ത് അടച്ചിട്ടിരിക്കുകയാണ്. ചര്‍ച്ചയെങ്ങാനും പരാജയപ്പെട്ടാല്‍ അവരെല്ലാവരും ചേര്‍ന്ന് ജിമ്മനെ ചവിട്ടിക്കൂട്ടി ചാക്കിലാക്കി റബറിന് വളമാക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

ചുവന്നു കലങ്ങിയ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍, കൂളിംഗ് ഗ്ലാസ് ഊരി മാറ്റാതെതന്നെ, വരാന്തയില്‍ കണ്ട കസേരയിലിരുന്ന് ഉറങ്ങാമെന്നു വിചാരിച്ചു. അപ്പോഴേക്കും രണ്ടു മൂന്നു പിള്ളാര് വന്നു അതും ഇതും ചോദിച്ചെന്റെ ഉറക്കം കെടുത്തി. ഒരാള്‍ക്കവളുടെ സ്റ്റാമ്പ് കളക്ഷന്‍ എനിക്ക് കാണിച്ചുതരണം.

''അങ്കിളിന്റെ കൈയില്‍ സ്റ്റാമ്പുണ്ടോ?''

''ഉം, കൊറേ ഉണ്ട്.''

ഒന്ന് പോയിതരോന്നു ചോദിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും പോട്ടെ, കൊച്ചല്ലേന്നു കരുതി.

''അങ്കിളെനിക്ക് സ്റ്റാമ്പുകള്‍ അയച്ചു താരോ?''

''ഉം, അയച്ചു തരാം.''

മറ്റൊരുത്തന് ഞാനെന്തിനാ കൂളിങ് ഗ്ലാസ് വച്ചിരിക്കുന്നതു എന്നറിയണം.

''അങ്കിള് മറ്റേ അങ്കിളിന്റെ ആരാ?''

പിള്ളാര് ഉറങ്ങാന്‍ സമ്മതിക്കില്ലാന്നു ഉറപ്പായി.

''ഏതു അങ്കിളിന്റെ?''

''ഞങ്ങളുടെ ആന്റീനെ കല്യാണം കഴിക്കാന്‍ പോകുന്ന അങ്കിളിന്റെ?''

''അതോ, ഞാനാ ഈ കല്യാണത്തിന്റെ ബ്രോക്കര്‍.''

ഒന്ന് പോടാപ്പാ എന്ന് പറയാന്‍ നാവു പൊന്തിയതാ.

''ഈ ബ്രോക്കര്‍ എന്ന് പറഞ്ഞാല്‍ എന്താ?'' ദേ, അടുത്തത്.

ചര്‍ച്ചയെല്ലാം കഴിഞ്ഞു ചായ കുടിക്കാനിരുന്നു. എല്ലാവരും വളരെ ഗൗരവത്തിലാണ്. നിരത്തിവെച്ചിരിക്കുന്ന പ്‌ളേറ്റുകളില്‍ നിന്നും ഓരോ ജിലേബിയും ലഡ്ഡുവും എനികെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ, സന്ദര്‍ഭത്തിന്റെ ഗൗരവം കണക്കിലെടുത്തു വായിലൂറിയ വെള്ളമിറക്കി കാപ്പി മാത്രം കുടിച്ചവസാനിപ്പിച്ചു. പലഹാരം കഴിക്കാന്‍ ആരും നിര്‍ബന്ധിച്ചുമില്ല.

നാലുമണിയോടെ തിരുവല്ലയില്‍ നിന്നും തിരിച്ചു പോന്നു. എങ്ങനെ വണ്ടിയോടിച്ചാലും പാതിരാത്രിയാവും കോയമ്പത്തൂരിലെത്താന്‍. ചിലപ്പോള്‍ നേരം വെളുക്കും. 

''എന്തായി, തീരുമാനം വല്ലതും ആയോ?''

ജിമ്മന്റെ മൗനം എനിക്കത്ര രസിച്ചില്ല.

''ഉം, സമ്മതിക്കാണ്ട് വഴിയില്ല, എന്നവര്‍ക്ക് മനസ്സിലായി.''.

''ഒന്നുകൂടെ ആലോചിച്ചിട്ട് പോരെ? ഒന്നോ, രണ്ടോ അല്ല, വയസ്സ് പത്താ കൂടുതല്‍. ഒന്നോര്‍ത്ത് നോക്ക്യേന്‍! നിനക്കമ്പതു ആകുമ്പോള്‍ ചേച്ചിക്ക് അറുപത്. നിങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ചയായിരിക്കും. ഇനി ഞാന്‍ പിന്തിരിപ്പിച്ചില്ല, എന്ന് പിന്നീട് നീ പറഞ്ഞേക്കരുത്.''

''അയ്യോ, നീയിതു പോരാണേലും മുന്‍പ് പറഞ്ഞിരുന്നെങ്കില്‍ ഇത്ര ദൂരം വണ്ടി ഓടിക്കണ്ടായിരുന്നു.''

ജിമ്മന്‍ ഇതു കാര്യമായിട്ട് പറഞ്ഞതാണോ എന്നെനിക്കു സംശയമായി. എന്തായാലും ഞാനൊരവസാന ശ്രമം കൂടെ നടത്തി നോക്കി.

''നിങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍, ഇതെങ്ങിനെ കാണും? നിങ്ങളുടെ ഈ ജനറേഷന്‍ ഗ്യാപ് കുഞ്ഞുങ്ങളെയും ബാധിക്കില്ലേ?''

''അത് ഞങ്ങള്‍ നോക്കിക്കൊള്ളാം. നീ മിണ്ടാതെ പിടിച്ചിരുന്നാല്‍ മതി''.

ജിമ്മന്‍ ബൈക്കിന്റെ വേഗത കൂട്ടി. ചാലക്കുടി എത്തുന്നതുവരെ പെട്രോളടിക്കാനല്ലാതെ വേറെങ്ങും അവന്‍ നിറുത്തിയില്ല. രാത്രി എട്ടുമണിയോടെ ചാലക്കുടിയിലെ ഒരു തട്ടുകടക്കു മുന്‍പില്‍ ഞങ്ങള്‍ വണ്ടി നിറുത്തി. ഇതിനകം ജിമ്മന്റെ കാലുകളിലെ മസ്സിലുകളെല്ലാം ഉരുണ്ടു കയറി അവന് നടക്കാന്‍ പോലും പറ്റാത്ത പരുവത്തിലായി.

ഞങ്ങളോരോ കട്ടന്‍കാപ്പിയും ബുള്‍സ് ഐയും വാങ്ങിക്കഴിച്ചു. പിന്‍ കഴുത്ത് മുതല്‍ അരവരെ നീരുവന്ന് മൂടിയ പോലെ ഒരു വേദന എനിക്കനുഭവപ്പെട്ടു.

''ജിമ്മാ, നമുക്കിന്നു തന്നെ പോണോ? എന്റെ വീട്ടില്‍ പോയി കിടന്നിട്ട്, കാലത്ത് പോയാല്‍ പോരെ? ചേട്ടന്‍ നാളെ വൈകീട്ടല്ലേ എത്തുള്ളൂ? അതുതന്നെയല്ല, തിരിച്ചുവരുമ്പോള്‍ വീട്ടില്‍ കയറാമെന്നു ഞാനമ്മയോടു പറയുന്നതു നീയും കേട്ടതല്ലേ? എന്റെ കൈയിലിരിക്കുന്ന പൈസ അമ്മക്ക് കൊടുക്കുകയും വേണം.''.
''ഏയ്, അതു ശരിയാവില്ല. നമുക്കിന്നുതന്നെ പോണം. കൂടിവന്നാല്‍ മൂന്നു മണിക്കൂര്‍, അല്ലെങ്കില്‍ നാല്. സ്വച്ഛന്ദമായ ഈ ആകാശത്തിനു ചുവട്ടിലൂടെ നമ്മളങ്ങനെ ഒഴുകി ഒഴുകി പോകും. നീ കിഴക്കോട്ടു നോക്കിക്കേ, ആ നക്ഷത്രം കണ്ടോ? അത് നമുക്ക് വഴികാട്ടിയാവും.''

ജിമ്മന്‍ ആകാശത്തേക്ക് വിരല്‍ ചൂണ്ടി. ഒരായിരം നക്ഷത്രങ്ങള്‍ക്കിടയില്‍ അവന്‍ പറഞ്ഞ നക്ഷത്രം മാത്രം ഞാന്‍ കണ്ടില്ല.

''എന്താ, നമ്മള്‍ പൂജരാജാക്കന്മാര്‍ പുല്‍ക്കൂട് അന്വേഷിച്ചു ഇറങ്ങീതാ?''

ഞാനല്‍പം നിരാശനായി.

''അല്ല, നമ്മള്‍ പൂജരാജാക്കന്മാര്‍ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിനെ കണ്ടിട്ട് പൗരസ്ത്യ ദേശത്തേക്കു തിരിച്ചു പോവുകയാണ്. ദാ, ഞാനും, നീയും പിന്നെ നമ്മുടെ ഈ ബൈക്കുമടക്കം മൂന്നു പൂജരാജാക്കന്മാര്‍.''

അടുത്ത കടയില്‍നിന്നും ഓരോ ആപ്പിളും വാങ്ങിത്തിന്നതിനു ശേഷം ഞങ്ങള്‍ പുറപ്പെടാന്‍ ഒരുങ്ങി. അപ്പോഴാണ് ആ അത്യാഹിതം സംഭവിക്കുന്നത്.
(തുടരും)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam