1 GBP = 97.00 INR                       

BREAKING NEWS

ബ്രക്സിറ്റിനെ തുണയ്ക്കാത്ത ആരും തന്നോടൊപ്പം വേണ്ടെന്ന 'വെട്ടിനിരത്തല്‍' നിലപാട് ജാവീദിന് വിനയായി; ജൂനിയര്‍ മന്ത്രിമാരെ കൂടെയിരുത്തി ബോറിസിന്റെ സെല്‍ഫ് ഡ്രൈവിംഗ്; ഭാവി പ്രധാനമന്ത്രി എന്ന് വരെ കരുതപ്പെട്ടിരുന്ന പാക് വംശജന്‍ പടിയിറങ്ങുമ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജര്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പടിയടച്ചു പിണ്ഡം വയ്ക്കുക എന്ന പ്രക്രിയയാണ് മന്ത്രിസഭാ ഉടച്ചു വാര്‍ക്കല്‍ വഴി ഇന്നലെ ബോറിസ് ജോണ്‍സണ്‍ പൂര്‍ത്തിയാക്കിയത്. ബ്രക്സിറ്റിനെ അനുകൂലിക്കാത്തവര്‍ കണ്‍സര്‍വേറ്റിവ് മന്ത്രിസഭയില്‍ ആവശ്യം ഇല്ലെന്ന നിലപാട് കാമറോണ്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത് മുതല്‍ സജീവമായിരുന്നു. ഇത്തരത്തില്‍ യൂറോപ്പിന് ഒപ്പം നില്‍ക്കണമെന്ന് പറഞ്ഞവരും പിന്നീട് ഈ വിഭാഗത്തില്‍ നിന്ന് കൂറുമാറിയവരും ഒക്കെ ഓരോന്നായി പാര്‍ട്ടി നേതൃ സ്ഥാനത്തു നിന്നും മന്ത്രിക്കസേരകളില്‍ നിന്നും പടിപടിയായി വെട്ടിനിരത്തല്‍ നടപടി നേരിടുന്നുവെന്ന് തെളിയിക്കുന്നതാണ് ഇന്നലെ നടന്ന മന്ത്രിസഭാ ഉടച്ചുവാര്‍ക്കലില്‍ ഉണ്ടായ ചിലരുടെ പടിയിറക്കവും ചിലരുടെ പടികയറ്റവും.

ആദ്യം യൂറോപ്യന്‍ പക്ഷത്തു നില്‍ക്കണം എന്ന് പറയുകയും അവസരം വന്നപ്പോള്‍ കാലു മാറുകയും ചെയ്ത മുന്‍ പ്രധാനമന്ത്രി തെരേസ മേ തന്നെ ആയിരുന്നു ബോറിസ് ഉള്‍പ്പെടെയുള്ള തീവ്ര ബ്രക്സിറ്റ് പക്ഷക്കാരുടെ ആദ്യ ഇര. പിന്നീട് ഈ നിരയില്‍ വെട്ടിനിരത്തപ്പെട്ടവര്‍ അനേകമാണ്. ജസ്റ്റിസ് സെക്രട്ടറി മൈക്കേല്‍ ഗോവ്, വര്‍ക്ക് ആന്റ് പെന്‍ഷന്‍ സെക്രട്ടറി സ്റ്റീഫന്‍ ക്രാബ്, ഡിഫന്‍സ് സെക്രട്ടറി ലിയാം ഫോക്സ്, എനര്‍ജി സെക്രട്ടറി ആന്‍ഡ്രിയ ലീഡിസം, എന്നിവരുടെ നിരയിലേക്ക് ഒടുവിലായി എത്തിയ പേരായി മാറുകയാണ് സാജിദ് ജാവീദ്.

ആദ്യം ആഭ്യന്തര സെക്രട്ടറിയും പിന്നീട് ധനസെക്രട്ടറിയും ആയി ഉയര്‍ന്ന സാജിദ് അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി വരെയായി മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ഒരു ഭാഗത്തു ഉയര്‍ന്നു വരുമ്പോള്‍ ടോറികളുടെ തുറുപ്പു ചീട്ടാണ് പാക് വംശജനായ സാജിദ് ജാവീദ് എന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല ഇന്ത്യന്‍ മുഖമായി ബോറിസിന് ഒപ്പം പ്രീതി പട്ടേല്‍ ഉള്ളപ്പോള്‍ ഒരു കാരണവശാലും സാജിദിന്റെ കസേര ഇളകിലെന്നായിരുന്നു നിഗമനം.
ഒരു ബാലന്‍സിംഗ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സാജിദ് മന്ത്രിസഭയില്‍ ബോറിസിന്റെ വലംകൈയായി കൂടെയുണ്ടാകും എന്നാണ് കരുതപെട്ടത്. എന്നാല്‍ അപ്രതീക്ഷിതമായ അട്ടിമറിയാണ് ഇന്നലെ സംഭവിച്ചത്. ആര്‍ക്കും കാര്യമായ സൂചന പോലും നല്‍കാതെ ബോറിസ് തന്റെ മന്ത്രിസഭയിലേക്ക് ജൂനിയര്‍ എംപിമാരെ മന്ത്രിസഥാനം നല്‍കി സ്വീകരിച്ചത് രണ്ടും കല്‍പ്പിച്ചു തന്നെയാണ്.

തന്റെ കുടിയേറ്റ സാഹചര്യത്തെ പറ്റിയും അടുത്തകാലത്ത് റിഷി ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പുതുതലമുറ കുടിയേറ്റക്കാരുടെ പ്രതിനിധിയാണ് താന്‍ എന്നാണ് റിഷി സൂചിപ്പിച്ചത്. ജീവിതം തേടി കുടിയേറിയ മാതാപിതാക്കളുടെ രണ്ടാം തലമുറയുടെ പ്രതിനിധിയായായാണ് റിഷി സ്വയം വിശേഷിപ്പിക്കുന്നത്. തന്‍ ഹിന്ദു ആണെന്ന് പറയുന്നതില്‍ അഭിമാനിക്കുന്ന ബ്രിട്ടന്റെ ധനസെക്രട്ടറി ആഴ്ച അവസാനത്തില്‍ അമ്പലത്തില്‍ പോകാനും ശ്രമിക്കാറുണ്ട്. ഇന്ത്യന്‍ ബിസിനസ് ടൈക്കൂണ്‍ നാരായണമൂര്‍ത്തിയുടെ മകള്‍ ഇന്ത്യന്‍ വധുവായി ഈ യുവ രാഷ്ട്രീയകാരന്റെ ജീവിതത്തിലേക്ക് കടന്നു വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ വേരുകള്‍ കൂടുതല്‍ ആഴത്തില്‍ പടരാനും കാരണമായിരിക്കണം.

തുടക്കത്തില്‍ റിമൈന്‍ പക്ഷക്കാരന്‍ ആയിരുന്ന സാജിദ് ജാവേദ് ബ്രക്സിറ്റ് നടപ്പാക്കുമ്പോള്‍ മന്ത്രിസഭയില്‍ കീ റോളില്‍ വേണ്ടെന്നു ബോറിസ് തീരുമാനിച്ചിരിക്കണം. വ്യാപാര കരാറുകള്‍ കീറാമുട്ടിയാകാതിരിക്കാന്‍ തനിക്കൊപ്പം തോളോട് തോള്‍ നില്‍ക്കുന്ന ഒരാള്‍ ധന സെക്രട്ടറി ആയി കൂടെവേണം എന്ന ബോറിസിന്റെ ചിന്തയാകും സാജിദിന്റെ കസേര തെറിപ്പിച്ചത്. മാത്രമല്ല ഈ കസേരയിലേക്ക് കണ്ടെത്തിയ പകരക്കാരന്‍ പാര്‍ട്ടിയില്‍ ജൂനിയര്‍ ആണെന്നതും പ്രസക്തമാണ്. റിഷി രാഷ്ട്രീയം പയറ്റുമ്പോള്‍ തന്നെ ബോറിസിനൊപ്പം കട്ടക്ക് കൂടെ നിന്നതും ഇപ്പോള്‍ ഗുണകരമായി.
കാമറോണ്‍ റഫറണ്ടത്തിനു തയാറായപ്പോഴും രാഷ്ട്രീയത്തില്‍ വലിയ ശബ്ദം അല്ലാതിരുന്ന റിഷി ബോറിസിന് ഒപ്പമാണ് രംഗത്ത് നിന്നതു. പിന്നീട് തെരേസ മേ പാര്‍ലിമെന്റില്‍ ബ്രക്സിറ്റ് ബില്ലുകള്‍ അവതരിപ്പിച്ചപ്പോഴും ബ്രക്സിറ്റ് നിലപാട് തന്നെയായിരുന്നു റിഷിക്ക്. മാത്രമല്ല കണ്‍സര്‍വെട്ടിവിന്റെ ശക്തമായ കേന്ദ്രമായ റിച്ച്മാന്‍ഡില്‍ ജനവിധി തേടിയ ഈ യുവ രാഷ്ട്രീയക്കാരന് മണ്ഡലത്തിലെ 55 ശതമാനം ജനങ്ങളുടെ ഇഷ്ടവും ബ്രക്സിറ്റിനു ഒപ്പമാണ് എന്നതും നിലപാടുകളില്‍ കരുത്തായി മാറിയിരിക്കണം.

താന്‍ തന്റെ സഹോദരങ്ങള്‍ക്കൊപ്പം ടീനേജ് പ്രായത്തില്‍ ഭക്ഷണ ശാലയില്‍ ഇരിക്കുമ്പോള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത വാക്കുകള്‍ അഭിമുഖം ഇരുന്നവരില്‍ നിന്നും ഉണ്ടായതായും റിഷി ഓര്‍മ്മിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എപ്പോഴും സംഭവിക്കണ്ട, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടായാല്‍ പോലും ആവശ്യത്തില്‍ അധികം ആണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതിനര്‍ത്ഥം ഒരു കുടിയേറ്റക്കാരന്റെ പ്രതിനിധിയായി ജീവിക്കുമ്പോള്‍ ബ്രിട്ടനില്‍ താനും വംശീയത നേരിട്ട് അറിഞ്ഞിട്ടുണ്ട് എന്നാണ് റിഷിയുടെ വാക്കുകള്‍ തെളിയിക്കുന്നതും. ഇത്തരം കാര്യങ്ങള്‍ തീര്‍ത്തും അരുചികരം ആണെന്നും അദ്ദേഹം തുടരുന്നു.

മന്ത്രിസഭാ ഉടച്ചു വര്‍ക്കല്‍ ഉണ്ടാകുമ്പോള്‍ അഞ്ചു ജൂനിയര്‍ വനിതാ എംപിമാര്‍ക്ക് കസേര നല്‍കാനുള്ള ബോറിസിന്റെ നീക്കം ഏതാനും ദിവസം മുന്‍പ്  ബ്രിട്ടനിലെ ടാബ്ലോയ്ഡുകള്‍ ആഘോഷമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കാലത്തു അമേരിക്കയില്‍ നിന്നുള്ള ബിസിനസുകാരി ഉയര്‍ത്തിയത് പോലുള്ള സെക്സ് ആരോപണം ഭാവിയില്‍ സംഭവിക്കാന്‍ ഇടയുണ്ട് എന്നതായിരുന്നു ടാബ്ലോയ്ഡുകള്‍ നല്‍കിയ മുന്നറിയിപ്പ്. ജൂനിയര്‍ മന്ത്രിമാരാകുമ്പോള്‍ ബോറിസിന്റെ ചൊല്‍പ്പടിക്ക് നിന്ന് കൊള്ളും എന്നതാണ് ഇതിനു മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയ ന്യായീകരണം.
എന്നാല്‍ മന്ത്രിസഭയില്‍ പ്രീതിക്കൊപ്പം പഞ്ചാബ് വംശജനായ റിഷി സുനക് കൂടി ചേരുമ്പോള്‍ ബോറിസ് മന്ത്രിസഭയ്ക്ക് രണ്ടാം ഇന്ത്യന്‍ കാബിനറ്റ് എന്ന വിളിപ്പേര് വീണിരിക്കുകയാണ്. കാരണം പ്രധാനമന്ത്രി കഴിഞ്ഞാല്‍ ശക്തരായ രണ്ടു മന്ത്രിസ്ഥാനവും ഇന്ത്യന്‍ വംശജര്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. ഇതിനു മുന്‍പ് ഇത്തരം ഒരു കാര്യം സംഭവിച്ചിട്ടില്ല. ഭാവി പ്രധാനമന്ത്രി കസേരയിലേക്ക് പോലും ഇന്ത്യന്‍ വംശജര്‍ എത്തിപ്പെടാം എന്നതിന്റെ സൂചന കൂടിയാണ് ഇതുനല്‍കുന്നത്. ധനസെക്രട്ടറി ആയി റിഷി സുനാകും ആഭ്യന്തര സെക്രട്ടറി ആയി പ്രീതി പട്ടേലും അധികാരത്തിലിരിക്കുമ്പോള്‍ വര്‍ഷങ്ങളായി ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ലോബിയിങ് നടത്തുന്ന പാക്കിസ്ഥാന്റെ ശ്രമവും നിഷ്ഫലമായി മാറും.

അടുത്തിടെയായി ഇന്ത്യ വിരുദ്ധ വികാരം വളര്‍ത്തി ലണ്ടന്‍ തെരുവുകളില്‍ പാക് അനുകൂല വിഭാഗം നടത്തുന്ന അഴിഞ്ഞാട്ടവും പാക്കിസ്ഥാന്റെ രാഷ്ട്രീയ അജണ്ട ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇന്ത്യയെ പരമാവധി പ്രകോപിപ്പിക്കുകയും അതുവഴി ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ബ്രക്സിറ്റിനു ശേഷം രൂപം കൊള്ളാനിടയുള്ള വ്യാപാര കരാറുകള്‍ അട്ടിമറിക്കാന്‍ ഉള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുകയുമാണ് പാക്കിസ്ഥാന്‍ ശ്രമം എന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

ഇത് ശരിവയ്ക്കും വിധം തുടക്കത്തില്‍ ശക്തിയായി പാക് നീക്കങ്ങളില്‍ പ്രതിഷേധം അറിയിച്ചിരുന്നു ഇന്ത്യ പിന്നീട് അതേ സ്വരത്തില്‍ പ്രതിഷേധം ഉയര്‍ത്താതിരുന്നതും ശ്രദ്ധേയമായി. ഇപ്പോള്‍ പ്രതിഷേധിക്കാതെ തന്നെ തങ്ങളുടെ സ്വരം ബ്രിട്ടീഷ് നിലപാടുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയും വിധം ഇന്ത്യന്‍ ചായ്‌വുള്ള രണ്ടു പ്രധാന കാബിനറ്റ് മന്ത്രിമാരെ സ്വന്തമാക്കിയ സന്തോഷമാണ് ഇന്ത്യന്‍ പക്ഷം പങ്കിടുന്നത്. ഇന്ത്യയുടെ ആശങ്കകള്‍ ലണ്ടന്‍ ഹൈ കമ്മീഷണര്‍ രുചി ഘനശ്യാം നേരിട്ട് പ്രീതി പട്ടേലിനെ അറിയിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ആയിരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഇന്ത്യ വിരുദ്ധ പ്രകടനം അക്രമാസക്തം ആകാതെ നോക്കാനും ബ്രിട്ടന് സാധിച്ചു. ഇത് ഇന്ത്യക്കും ബ്രിട്ടനും നല്‍കിയ ആശ്വാസം തീരെ ചെറുതല്ല. എന്നാല്‍ ബ്രിട്ടന്റെ ശക്തമായ നിലപാട് പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിന് തിരിച്ചടി സമ്മാനിക്കുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category