ട്രംപിന്റെ ഒരു സമയമേ! ഒന്ന് ഇന്ത്യ വരെ വന്നു പോയാല്‍ 50 ലക്ഷം ആരാധകരെ അഭിസംബോധന ചെയ്യാം; ഒപ്പം 25,000 കോടി രൂപയുടെ കച്ചവടവും! കര-നാവികസേനകള്‍ക്ക് യുഎസില്‍ നിന്ന് 30 സായുധ ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ മോദി സര്‍ക്കാര്‍; അഹമ്മദാബാദില്‍ ഒരുക്കുക പഴുതടച്ച സുരക്ഷ; ചേരികള്‍ മതില് കെട്ടി മറച്ച് ഒരുക്കങ്ങള്‍ തകൃതി; സന്ദര്‍ശനത്തിനായി ആവേശപൂര്‍വം കാത്തിരിക്കുന്നുവെന്ന് ട്രംപിന്റെ ഭാര്യ മെലാനിയയും; അമേരിക്കന്‍ പ്രസിഡന്റിനെതിരെ പ്രതിഷേധിക്കാന്‍ സിപിഎമ്മും
ന്യൂയോര്‍ക്ക്: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തും, ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനാണ് ട്രംപ് എത്തുന്നത്. 'കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ'. ട്രംപ് ചോദിക്കുന്നു. ആളുകളെ മാത്രമല്ല ഇന്ത്യയില്‍ നിന്ന് അമേരിക്കയ്ക്ക് 25,000 കോടിയുടെ കച്ചവടവും ഉറപ്പിക്കാനാകും. അങ്ങനെ ട്രംപിന് ഇന്ത്യന്‍ സന്ദര്‍ശനം നല്‍കുന്നത് നല്ലകാലം തന്നെയാകും. ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്.
ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോട് അനുബന്ധിച്ചു പ്രതിരോധ മേഖലയില്‍ 25,000 കോടി രൂപയുടെ കരാര്‍ ഒപ്പിടാന്‍ ഇരു രാജ്യങ്ങളും നടപടിയാരംഭിച്ചു. കരസേന, നാവികസേന എന്നിവയ്ക്കായി യുഎസില്‍ നിന്ന് 30 സായുധ ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാറിനു വരും ദിവസങ്ങളില്‍ സുരക്ഷാകാര്യ മന്ത്രിതല സമിതി അന്തിമ അംഗീകാരം നല്‍കും. നാവികസേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും കരസേനയ്ക്കായി 6 എഎച്ച് 64ഇ അപ്പാച്ചി കോപ്റ്ററുകളുമാണ് ഇന്ത്യ വാങ്ങുന്നത്. സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറിന്റെ ഭാഗമായി റോമിയോ കോപ്റ്ററുകള്‍ പല തവണയായി 5 വര്‍ഷത്തിനകം കിട്ടും. അപ്പാച്ചി കോപ്റ്ററുകള്‍ 3 വര്‍ഷത്തിനകവും. വ്യോമസേനയ്ക്ക് 22 അപ്പാച്ചി കോപ്റ്ററുകള്‍ ലഭ്യമാക്കാന്‍ 2015ല്‍ ഇരു രാജ്യങ്ങളും 13,952 കോടിയുടെ കരാര്‍ ഒപ്പുവച്ചിരുന്നു. ഇതില്‍ 8 എണ്ണം കഴിഞ്ഞ സെപ്റ്റംബറില്‍ കിട്ടി. അങ്ങനെ ആളെ കാണാനും കച്ചവടം ഉറപ്പിക്കാനുമാണ് ട്രംപ് എത്തുന്നത്. അതുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധത്തിനും തയ്യാറെടുക്കുന്നത്. ഏതായാലും ഇടതുപക്ഷം പ്രത്യക്ഷ സമരങ്ങള്‍ തന്നെ നടത്തും.
ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ദിവസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുമെന്ന് സിപിഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ട്രംപ് പര്യടനം നടക്കുന്നിടത്തെല്ലാം ഇടതു പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തുമെന്ന് യെച്ചൂരി പറഞ്ഞു. ഡല്‍ഹിയിലോ ഗുജറാത്തിലോ ആകാം ട്രംപ് വരുന്നത്, എന്നാല്‍ അവിടെയെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ തീര്‍ച്ചയായും പ്രതിഷേധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് കാര്യങ്ങളില്‍ ആണ് പ്രതിഷേധം നടക്കുകയെന്നും സിപിഐ എം നേതാവ് പറഞ്ഞു.''ആദ്യം അമേരിക്ക മോദിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു , സിഎഎ, ആര്‍ട്ടിക്കിള്‍ 370, തുടങ്ങിയ വിഷയങ്ങളില്‍ മോദിക്ക് പിന്തുണ നല്‍കുന്നത് വഴി അവര്‍ നേടാന്‍ ആഗ്രഹിക്കുന്ന നേട്ടമാണ് ലഭിക്കുന്നത്. നമ്മുടെ സമ്പദ്വ്യവസ്ഥയെ പൂര്‍ണ്ണമായും അവര്‍ക്കായി തുറക്കാന്‍ മോദി വഴങ്ങുകയാണ്. അത് ഇന്ത്യയുടെ താല്‍പ്പര്യത്തിന് നിരക്കാത്തതാണ്. ഇതുകൂടാതെ, യുഎസ് സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും യുഎസ് സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും നമ്മുടെ സ്വന്തം സമ്പദ്വ്യവസ്ഥയെ നശിപ്പിക്കുന്നതിനും ആണ് കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നത് ,'' എന്നും യെച്ചൂരി പറഞ്ഞു.
അഹമ്മദാബാദ് മുഖം മിനുക്കുകയാണ്. യുഎസ് പ്രസിഡന്റ് 24 ന് ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ ഒരു ചേരി പോലും ഇവിടെ കാണില്ല. ഇന്ത്യയുടെ അവികസിത പ്രദേശം ഡോണള്‍ഡ് ട്രംപ് കാണാതിരിക്കാന്‍ മതില് കെട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് ഗാന്ധിനഗറിലേക്കുള്ള വഴിയില്‍ ചേരികള്‍ മറയ്ക്കാന്‍ 7 അടി ഉയരത്തില്‍ 400 മീറ്റര്‍ നീളത്തിലാണ് മതില് ഉയരുന്നത്. 24ന് മോദിയും ട്രംപും പങ്കെടുക്കുന്ന റോഡ് ഷോ ഈ വഴി കടന്നു പോകും. 200 ജോലിക്കാരാണ് രാപകലില്ലാതെ പണിയുന്നത്. 800 കുടുംബങ്ങളിലായി 2000ത്തില്‍ അധികം ആളുകളാണ് ഈ ചേരിയില്‍ താമസിക്കുന്നത്. ട്രംപിന്റെ സുരക്ഷ ഉറപ്പാക്കാനാണു മതിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഈ റോഡിന്റെ വീഥികളിലാകും ആളുകള്‍ തടിച്ചു കൂടുക. ഇതാണ് ട്രംപിന് മോദി നല്‍കിയിരിക്കുന്ന ഉറപ്പ്.
വിമാനത്താവളത്തില്‍നിന്ന് ഇന്ദിരാബ്രിഡ്ജിലേക്കുള്ള റോഡരികില്‍ താഴ്ന്നവരുമാനക്കാരുടെ അഞ്ഞൂറോളം കുടിലുകളും ചെറുവീടുകളുമുള്ള 'സരണിയാവാസ്' എന്ന ചേരിക്കു മുന്നിലാണ് രണ്ടുദിവസമായി മതിലിന്റെ പണി നടക്കുന്നത്. 600 മീറ്റര്‍ നീളത്തിലും ഏഴടി ഉയരത്തിലും പണി പൂര്‍ത്തിയായാല്‍ റോഡില്‍നിന്ന് ചേരി കാണാനാവില്ല. മതിലിന് മുന്നില്‍ വളര്‍ച്ചയെത്തിയ ഈന്തപ്പനകളും നട്ടുപിടിപ്പിച്ച് സ്വാഭാവികത വരുത്തും. 2500-ഓളം ആളുകളാണ് ഈ ചേരിയില്‍ വര്‍ഷങ്ങളായി താമസിക്കുന്നത്.
'സന്ദര്‍ശനത്തിനായി ആവേശപൂര്‍വം കാത്തിരിക്കുന്നു'വെന്ന് ട്രംപിന്റെ ഭാര്യ മെലനിയ വ്യാഴാഴ്ച ട്വീറ്റ് ചെയ്തിരുന്നു. കാഴ്ചക്കാരെ നിറയ്ക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്കൂളുകളില്‍നിന്ന് കുട്ടികളെയും അദ്ധ്യാപകരെയും എത്തിക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു. ചേരിക്കുമുന്നില് മതില് പണിയുന്നതിനെ എ.ഐ.സി.സി. വക്താവ് രണ്‍ദീപ് സുര്‍ജേവാല വിമര്‍ശിച്ചു. ''ഇതാണ് സാഹബിന്റെ ഗുജറാത്ത് മാതൃക. ഡെവലപ്മെന്റിന്റെപേരില് കവര്‍ അപ്(മൂടി വെക്കല്‍). പരാജയം മൂടിവച്ചാണ് ഇവര്‍ ഇവിടെയെത്തിയത്...'' -അദ്ദേഹം പരിഹസിച്ചു. എന്നാല്‍, അഹമ്മദാബാദില്‍ ഇത് ആദ്യത്തെ നടപടിയല്ല. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിന് വിദേശ അതിഥികള്‍ വരുന്ന വഴിയരികില്‍ മതിലുയര്ത്തിയിരുന്നു. അതിന് സമയം കിട്ടാത്തതിനാല്‍ കഴിഞ്ഞ വര്‍ഷം ആള്‍മറ കെട്ടിയിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ട്രംപിനെ പങ്കെടുപ്പിക്കാന്‍ നേരത്തെ ശ്രമങ്ങളുണ്ടായിരുന്നു. ഇതിന് ഒരു വര്‍ഷത്തിനു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് കളമൊരുങ്ങുന്നത്. യുഎസ് ഇറാന് സംഘര്‍ഷ സാഹചര്യത്തിനിടെയാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശന നീക്കം. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യയും അമേരിക്കയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിവരുന്നതായി ജനുവരി 16 ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായത്.
'അമേരിക്ക - ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ 25 വരെ ട്രംപ് ന്യൂഡല്‍ഹിയിലേക്ക് പോകുമെന്നും അഹമ്മദാബാദില്‍ യാത്ര അവസാനിപ്പിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു. 'പ്രസിഡന്റ് ട്രംപ് ഫെബ്രുവരി 24 മുതല്‍ 25 വരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ ഇന്ത്യയിലേക്ക് പോകും. ഈ യാത്ര യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും അമേരിക്കന്‍, ഇന്ത്യന്‍ ജനതകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്യും,' വൈറ്റ് ഹൗസ് ട്വീറ്റിലൂടെ വ്യക്തമാക്കി.