ദുബായ്: ദുബായില്‍ കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന് നായരുടെ മകള്‍ സി. വിദ്യാ ചന്ദ്രനെ (40) കുത്തി കൊന്നത് താനാണെന്ന് ഭര്‍ത്താവ് തിരുവനന്തപുരം നേമം സ്വദേശി യുഗേഷ് (43) കോടതിയില്‍ സമ്മതിച്ചു. വിദ്യാ ചന്ദ്രനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ദുബായ് കോടതിയില്‍ ആരംഭിച്ചിരുന്നു. വിചാരണയിലാണ് താന്‍ ഭാര്യയെ കുത്തിക്കൊന്നതാണെന്ന് പ്രതി കോടതിയില്‍ സമ്മതിച്ചത്. ഇതോടെ പ്രതിക്ക് ശിക്ഷ ഉറപ്പായി. വിദ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താലാണ് കൊന്നതെന്നായിരുന്നു മൊഴി. ഇതുസംബന്ധിച്ച് തനിക്ക് വിദ്യയുടെ മാനേജരുടെ എസ്എംഎസ് ലഭിച്ചിരുന്നതായും പറഞ്ഞു. മാര്‍ച്ച് രണ്ടിന് കേസിന്റെ വിചാരണ തുടരും.
ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ വിദ്യയെ ഏറെ നേരമായിട്ടും തിരിച്ചുവരുന്നത് കാണാത്തതിനാല്‍ താന്‍ ഏറെ നേരം മൊബൈലിലേയ്ക്ക് വിളിച്ചെന്നും മറുപടി ലഭിച്ചില്ലെന്നും കമ്പനി മാനേജര്‍ കോടതിയില്‍ മൊഴി നല്കി. തുടര്‍ന്ന് ഓഫീസ് ഡ്രൈവറെ അന്വേഷിക്കാന്‍ പറഞ്ഞയച്ചു. ഇയാളാണ് വിദ്യ പാര്‍ക്കിങ്ങില്‍ കുത്തേറ്റ് വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടന്‍ മാനേജരെ വിളിച്ച് കാര്യം അറിയിച്ചു. താന്‍ വന്നു നോക്കിയപ്പോള്‍ വിദ്യ പാര്‍ക്കിങ് ലോട്ടില്‍ കുത്തേറ്റ് കിടക്കുന്നത് കണ്ടെന്നും മരിച്ചിരുന്നു എന്ന് ഉറപ്പായെന്നും മാനേജര്‍ മൊഴി നല്കി. 2019 സെപ്റ്റംബര്‍ 9നായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവ ദിവസം രാവിലെ അല്‍ഖൂസിലെ കമ്പനി ഓഫീസിലെത്തിയ യുഗേഷ് വിദ്യയെ പാര്‍ക്കിങ്ങിലിയേക്ക് വിളിച്ചുകൊണ്ടുപോയി. ഇരുവരും തമ്മില്‍ തര്‍ക്കമായി. മാനേജരുടെ മുന്പില് വിദ്യയെ യുഗേഷ് ആലിംഗനം ചെയ്തത് സംബന്ധിച്ചായിരുന്നു തര്‍ക്കം. തുടര്‍ന്ന് യുഗേഷ് വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച കത്തിയെടുത്ത് മൂന്ന് പ്രാവശ്യം വിദ്യയെ കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം ജബല്‍ അലിയില്‍ നിന്ന് പൊലീസ് പിടികൂടി. മൃതദേഹത്തിനടുത്ത് നിന്ന് കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു.
വിദ്യാ ഓണം ആഘോഷിക്കാന്‍ നാട്ടിലേയ്ക്ക് പുറപ്പെടാനിരിക്കെയായിരുന്നു ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സന്ദര്‍ശക വീസയില്‍ യുഎഇയിലെത്തിയ പ്രതി അല്ഖൂസില് വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തി വിളിച്ചു പുറത്തിറക്കി പാര്‍ക്കിങ്ങിലേക്ക് കൊണ്ടുപോയി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി. കമ്പനിയുടെ ഇടപെടലായിരുന്നു ഇതിന് കാരണം. 16 വര്‍ഷം മുന്‍പായരുന്നു വിദ്യാചന്ദ്രന്റേയും യുഗേഷിന്റേയും വിവാഹം. യുഗേഷ് വിദ്യയെ നിരന്തരം ശല്യപ്പെടുത്തി. ഭാര്യയെ സംശയമുണ്ടായിരുന്നു. ഈ സംശയമാണ് ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഏറെ കാലമായി ഇരുവരും തമ്മില്‍ പിണക്കത്തിലുമായിരുന്നു. വിവാഹ മോചനത്തിനും ശ്രമിച്ചു.
ഒന്നര വര്‍ഷം മുമ്പായിരുന്നു വിദ്യ ജോലി തേടി യുഎഇയിലെത്തിയത്. യുഗേഷ് വിദ്യയുടെ പേരിലെടുത്ത 10 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തിരിച്ചടക്കാന്‍ വേണ്ടി തിരുവനന്തപുരത്തെ ജോലി രാജിവച്ചാണ് യുഎഇയിലെത്തിയത്. വിദ്യ അറിയാതെ അവരുടെ സ്വത്ത് പണയം വച്ചായിരുന്നു വായ്പയെടുത്തത്. ദുബായ് അല്‍ഖൂസിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍സ് വിഭാഗത്തിലായിരുന്നു വിദ്യ ജോലി ചെയ്തിരുന്നത്. 10, 11 ക്ലാസ് വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്മക്കള് നാട്ടില്‍ വിദ്യയുടെ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. വിഷ്ണത്ത്കാവ് തേവാരത്ത് ചന്ദ്രശേഖരന് നായരും ചന്ദ്രികയുമാണ് വിദ്യയുടെ മാതാപിതാക്കള്‍. വിദ്യയെ കൂടാതെ ഇവര്‍ക്ക് ഒരാണ്‍കുട്ടി കൂടിയുണ്ട്. വിനയന്.
വര്‍ഷങ്ങളായി തുടരുന്ന കുടുംബവഴക്ക് ഒത്തുതീര്‍ന്ന ലക്ഷണങ്ങള്‍ അവര്‍ കണ്ടതാണ്. അതിന്റെ ഭാഗമായി തന്നെയാണ് യുഗേഷ് വിസിറ്റിങ് വിസയില്‍ ദുബായില്‍ എത്തിയത്. അതിനു ശേഷം ദുബായിലെ വീട്ടില്‍ എന്താണ് സംഭവിച്ചത് ആര്‍ക്കും അറിയില്ല. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വിദ്യയെ തേടി യുഗേഷ് എത്തിയത്. എന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. ഇതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിയത്. തന്നെ വഞ്ചിച്ച് മറ്റൊരാളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. ബാലരാമപുരത്ത് സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന യുഗേഷ് അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയത്.
16 വര്‍ഷം മുന്‍പായരുന്നു ഇവരുടെ വിവാഹം. അതില്‍ പിന്നെ യുഗേഷ് വിദ്യയെ പലതും പറഞ്ഞ് പീഡിപ്പിക്കുകയായിരുന്നു. ഭാര്യയെ സംശയമുണ്ടായിരുന്നതാണ് ഇവരുടെ ദാമ്പത്യം തകരാനും ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കാനും കാരണമായത്. പീഡനം സഹിക്കാതെ വിദ്യ നാട്ടില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വരച്ചേര്‍ച്ചയിലില്ലാതിരുന്ന ഇരുവരെയും കൗണ്‍സിലിങ്ങിനും വിധേയരാക്കിയിരുന്നു.