1 GBP = 94.20 INR                       

BREAKING NEWS

വയലറ്റ് നിറമുള്ള സില്‍ക് ഷര്‍ട്ടിട്ട് സ്മാര്‍ട്ടായി; മന്ത്രജപത്തോടെ നിറഞ്ഞ മനസ്സുമായി മകന്റെ തലയില്‍ കൈവച്ച് അനുഗ്രഹം നല്‍കല്‍; ചക്രകസേരയില്‍ കാറില്‍ ഇരുന്ന് 96-ാം വയസ്സില്‍ ഹൈക്കോടതിയില്‍ എത്തിയത് മകന്‍ ജസ്റ്റീസായി മാറുന്ന സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാകാന്‍; എല്ലാ ആകുലതകളും മറന്ന് ഇളയ മകന്റെ നേട്ടം കണ്‍കുളിര്‍കെ കണ്ട് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി; കേരളാ ഹൈക്കോടതി ജസ്റ്റീസായി പിവി കുഞ്ഞികൃഷ്ണന്‍ മാറുമ്പോള്‍ ക്രെഡിറ്റെല്ലാം അച്ഛന് തന്നെ

Britishmalayali
kz´wteJI³

കൊച്ചി: മലയാള സിനിമയിലെ മുത്തച്ഛനാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ദേശാടനത്തിലൂടെ മലയാളിയെ കരയിപ്പിച്ച മുത്തച്ഛന്‍. ഇപ്പോള്‍ പ്രായം 96. എങ്കിലും കഴിഞ്ഞ ദിവസം എല്ലാ ആകുലതകളും മറന്ന് നടന്‍ എറണാകുളത്ത് എത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും വകവയ്ക്കാതെയുള്ള യാത്ര. വയലറ്റ് നിറമുള്ള സില്‍ക്ക് ഷര്‍ട്ടിട്ട് രാവിലെത്തന്നെ അദ്ദേഹം സ്മാര്‍ട്ടായി. ഇളയമകന്‍ ഹൈക്കോടതി ജഡ്ജിയാകുന്നത് കണ്‍കുളിര്‍കെ കണ്ടു.


അച്ഛനെ ചക്രക്കസേരയിലിരുത്തി കാറില്‍ കയറ്റിയാണ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ വടുതലയിലെ വീട്ടില്‍നിന്നു പറപ്പെട്ടത്. നിറഞ്ഞമനസ്സോടെ മകന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. ഓര്‍മപ്പിശകിനിടയിലും മറക്കാത്ത മന്ത്രജപത്തോടെയുള്ള അനുഗ്രഹമേറ്റുവാങ്ങി മകന്‍ അച്ഛന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. അതിന് ശേഷമായിരുന്നു ഹൈക്കോടതിയില്‍ എത്തിയത്. അച്ഛനെ മുന്നില്‍ ഇരുത്തി സത്യപ്രതിജ്ഞ. അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍. ചിഫ് ജസ്റ്റിസ് കോടതി മുറിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എസ്. മണികമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്, അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് ലക്ഷമി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

'ദേശാടന'ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ഇളയമകനാണ് കുഞ്ഞി കൃഷ്ണന്‍. ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതില്‍ ബിരുദമെടുക്കാന്‍ കുഞ്ഞികൃഷ്ണന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന കാലം. ആയിടയ്ക്കാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരി മരിച്ചത്. അതോടെ ഗണിതപഠനം നിര്‍ത്തി വല്യച്ഛന്റെ പാത പിന്തുടരാന്‍ നിര്‍ദ്ദേശം വന്നു. അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേര്‍ന്നത്.

പയ്യന്നൂരില്‍ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോള്‍ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയാണു നിര്‍ദ്ദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം. അതും അംഗീകരിച്ചു. ഒടുവില്‍ ഹൈക്കോടതി ജഡ്ജിയും. ഈ ചടങ്ങില്‍ അച്ഛന് എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞാവേദിയില്‍ പറഞ്ഞു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുള്‍പ്പെടെയുള്ള ബന്ധുക്കളും സദസ്സിലുണ്ടായിരുന്നു. സഹോദരി ഭര്‍ത്താവാണ് കൈതപ്രം.

1989-ല്‍ അഭിഭാഷകനായി. 1993 മുതല്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ് കുഞ്ഞികൃഷ്ണന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും സ്റ്റാന്‍ഡിങ് കോണ്‍സലായിട്ടുണ്ട്. 2018 ഒക്ടോബറിലാണ് സുപ്രീംകോടതി കൊളീജിയം കുഞ്ഞികൃഷ്ണന്റെ നിയമനത്തിന് ശുപാര്‍ശചെയ്തത്. ഉത്തരവ് വൈകിയതോടെ 2019 ഫെബ്രുവരിയില്‍ കൊളീജിയം ശുപാര്‍ശ ആവര്‍ത്തിച്ചു. ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെയും പരേതയായ ലീല അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: നീത. മക്കള്‍: സുമന്‍ കൃഷ്ണന്‍, സുനയ്ന (ഇരുവരും വിദ്യാര്‍ത്ഥികള്‍).

ജഡ്ജിയായി നിയമിതനാവാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടും നിയമനത്തിന് രണ്ടുവര്‍ഷം കാലതാമസം വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫുള്‍ കോര്‍ട്ട് റഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നിയമനം വൈകുന്നതിന്റെ കാരണം അറിയാതിരിക്കുകയും കൂടി ചെയ്യുമ്പോള്‍ ഈ രണ്ടു വര്‍ഷത്തെ കാത്തിരിപ്പ് അസ്വാസ്ഥ്യജനകമായിരുന്നു.''- അദ്ദേഹം പറഞ്ഞു. 2018 ഒക്ടോബറില്‍ ആദ്യം സുപ്രീം കോടതി കൊളീജിയം ഇദ്ദേഹത്തെ ജഡ്ജിയായി നിയമിക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് 2019 ഫെബ്രുവരിയില്‍ കൊളീജിയം വീണ്ടും അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചു. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ നിയമന ഉത്തരവ് വന്നത്.

കേരള ഹൈക്കോടതി ജഡ്ജിയും ഇവിടെയും മറ്റു പല കോടതികളിലും ചീഫ് ജസ്റ്റിസും ആയിരുന്ന ജ.യു എല്‍ ഭട്ടിന്റെ ആത്മകഥയില്‍ നിന്നുള്ള ചില ഭാഗങ്ങളും ജ. കുഞ്ഞികൃഷ്ണന്‍ പ്രസംഗത്തില്‍ ഉദ്ധരിച്ചു..ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരുന്നു എന്ന കാരണത്താല്‍ ഭട്ടിന്റെ മുന്‍സിഫ് നിയമനം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരുന്നു..അദ്ദേഹം അത് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. പിന്നീട് ജഡ്ജിയായ വി ആര്‍ കൃഷ്ണയ്യര്‍ ആയിരുന്നു വക്കീല്‍. ഹൈക്കോടതി ഹര്‍ജി തള്ളി. അപ്പോഴും നിയമനം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കിയില്ല.

ഇക്കാര്യങ്ങള്‍ വിവരിച്ച ശേഷം രാഷ്ട്രീയം മാനദണ്ഡം ആക്കിയിരുന്നെങ്കില്‍ എത്ര ജഡ്ജിമാരെ ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന് നഷ്ടപ്പെടുമായിരുന്നു എന്ന് ഭട്ട് എഴുതുന്നുണ്ട് .ജ. വി ആര്‍ കൃഷ്ണയ്യര്‍ , ഒ ചിന്നപ്പ റെഡ്ഡി, തുടങ്ങി പി സുബ്രമണ്യന്‍ പോറ്റി, എം പി മേനോന്‍ എസ് കെ ഖാദര്‍,വി ശിവരാമന്‍ നായര്‍,സി എസ് രാജന്‍, കെ ബാലകൃഷ്ണന്‍ നായര്‍, കെഎ അബ്ദുല്‍ ഗഫൂര്‍, കെ കെ ദിനേശന്‍, വി കെ മോഹനന്‍ തുടങ്ങിയവര്‍ ജഡ്ജി ആകും മുമ്പ് ഇടതുപക്ഷ ബന്ധം ഉള്ളവരായിരുന്നു. കെ ടി തോമസ്,പി ജാനകിയമ്മ, കെ കെ നരേന്ദ്രന്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസിനോട് ചായ് വ് ഉള്ളവരായിരുന്നു. ജസ്റ്റിസ് കുര്യന്‍ ജോസഫ് കേരള കോണ്‍ഗ്രസിനോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.

ഇവരില്‍ മിക്കവരും വിവേകശാലികളായ ഗംഭീര ജഡ്ജിമാരായിരുന്നു. സാമാന്യ ബോധവും ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അവര്‍ക്കുണ്ടായിരുന്നു. എടുക്കുന്ന സത്യപ്രതിജ്ഞയോടും ഭരണഘടന മൂല്യങ്ങളോടുമുള്ള പ്രതിബദ്ധതയും ഭരണഘടനാപരമായ കാഴ്ചപ്പാടുമാണ് ജഡ്ജിക്ക് വേണ്ടത്. ജഡ്ജിയാകും മുമ്പ് രാഷ്ട്രീയക്കാരെ അല്ലാതിരുന്ന പലരും ഇക്കാര്യങ്ങളില്‍ പരാജയപ്പെട്ടിട്ടുമുണ്ടെന്ന ഭട്ടിന്റെ വരികള്‍ കുഞ്ഞികൃഷ്ണന്‍ ഉദ്ധരിച്ചു.രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട പലരുടെയും കേസുകളില്‍ 'രാഷ്ട്രീയ പ്രവര്‍ത്തകനാണ്, രാഷ്ട്രീയ ബന്ധമുള്ളവരാണ്' എന്നത് ഒരു അയോഗ്യത അല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഈ കാര്യങ്ങളൊന്നും തന്റെ നിയമനവുമായി എന്തെങ്കിലും ബന്ധം ഉണ്ട് എന്നതുകൊണ്ട് ഉദ്ധരിക്കുന്നതല്ലെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.''ഞാന്‍ ഭരണഘടന സ്ഥാപനങ്ങളെ വിശ്വസിക്കുന്നു. എന്റെ നിയമനത്തില്‍ ഉണ്ടായ കാലതാമസം സാധാരണമാണെന്നും ഭരണഘടനാപരമായ നിയമനങ്ങള്‍ നടത്തുമ്പോള്‍ നിയമന അധികാരികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കരുതുകയും ചെയ്യുന്നു.''-അദ്ദേഹം പറഞ്ഞു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category