കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണം പുരോഗമിക്കുമ്പോള്‍ കാര്യങ്ങള്‍ പ്രോസിക്യൂഷന് ഉദ്ദേശിച്ച വിധത്തില്‍ തന്നെ മുന്നോട്ടു പോകുന്നു. ഇതുവരെ ഹാജരായി മൊഴി നല്കിയവരെല്ലാം കൃത്യമായി തന്നെ അവരുടെ മൊഴി രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍, വരും ദിവസങ്ങളില്‍ ഇതെന്താകും എന്ന ചോദ്യം ഉയരുന്നുണ്ട് താനും. കാരണം മഞ്ജു വാര്യര്‍ അടക്കമുള്ളവരെയാണ് ഇനി കോടതി വിസ്തരിക്കാനുള്ളത്.
ക്വട്ടേഷന്‍ പ്രകാരം നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ (പള്‍സര്‍ സുനി) പരിചയക്കാരന് ഇന്നലെ വിചാരണക്കോടതി മുന്‍പാകെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിനു ശേഷം പള്‍സര്‍ സുനി ആലപ്പുഴ അമ്പലപ്പുഴയിലെ പരിചയക്കാരന്റെ വീട്ടിലെത്തിയപ്പോഴാണ് ഈ ദൃശ്യങ്ങള്‍ സാക്ഷിയെ കാണിച്ചത്. നടി പൊലീസിനു പരാതി നല്‍കിയതോടെ അമ്പലപ്പുഴയില്‍ നിന്നു മുങ്ങിയ സുനില്‍, ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും അതു പകര്‍ത്തിയ പെന്‍ഡ്രൈവും അഭിഭാഷകന് വഴി അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ നിയമപ്രകാരം കോടതിയില്‍ എത്തിച്ച അഭിഭാഷകനെ 19നു പ്രോസിക്യൂഷന് വിസ്തരിക്കും. ഇന്നലെ 3 സാക്ഷികളുടെ വിസ്താരം കോടതി പൂര്‍ത്തിയാക്കി. വൈകിട്ട് 6 വരെ വിസ്താരം നീണ്ടു. അതേസമയം നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശൃങ്ങള്‍ പകര്‍ത്തിയ കേസില്‍ നടി മഞ്ജു വാര്യരെ പ്രത്യേക കോടതി വിസ്തരിക്കും. ഈ മാസം 22 നായിരിക്കും മഞ്ജു വാര്യരുടെ വിസ്താരം നടക്കുക. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മഞ്ജുവിന്റെ മൊഴി ഏറെ നിര്‍ണായകമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ സാക്ഷികളായ നടി രമ്യ നമ്പീശന്, സഹോദരന് രാഹുല്‍, സംവിധായകന് ലാലിന്റെ ഡ്രൈവര്‍ എന്നിവരെ പ്രത്യേക കോടതി വിസ്തരിച്ചിരുന്നു. ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം നടിയെ സംവിധായകന് ലാലിന്റെ വീടിനടുത്താണ് പ്രതികള്‍ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടത്. ലാലിനെയാണ് നടി പീഡനവിവരം ആദ്യം അറിയിച്ചത്. 136 സാക്ഷികളെയാണ് ആദ്യഘട്ടത്തില്‍ കോടതി വിസ്തരിക്കുന്നത്. 35 ദിവസം കൊണ്ട് ആദ്യഘട്ട വിചാരണ പൂര്‍ത്തിയാക്കും. അതിനിടെ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ച് ചണ്ഡീഗഢിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് (സി.എഫ്.എസ്.എല്‍.) തയാറാക്കിയ റിപ്പോര്‍ട്ട് ദിലീപിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി ഏറ്റതായാണ് സൂചന.
ഓടുന്ന വാഹനത്തിലാണ് നടി ആക്രമിക്കപ്പെട്ടതെന്നും ദൃശ്യങ്ങള്‍ നിര്‍ത്തിയിട്ട വാഹനത്തിലേതാണെന്നുമായിരുന്നു ദിലീപിന്റെ പ്രധാനവാദം. വീഡിയോയില്‍ കൃത്രിമം ഉണ്ടെന്നും വീഡിയോയിലെ സ്ത്രീ ശബ്ദം നടിയുടേതല്ലെന്നുമായിരുന്നു മറ്റൊരു വാദം. ഇതൊന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് ശരിവയ്ക്കുന്നില്ലെന്നാണ് സൂചന. മറ്റുതെളിവുകളുമായി ഒന്നാം സാക്ഷിയുടെ (നടി) ക്രോസ് വിസ്താരം വൈകാതെ നടത്താനാണു ദിലീപിന്റെ അഭിഭാഷകന്റെ തീരുമാനം. മുദ്രവച്ച കവറില്‍ കഴിഞ്ഞാഴ്ച വിചാരണക്കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദിലീപിനു കൈമാറിയിരുന്നു. ഇരയുടെ വിസ്താരത്തീയതി വിചാരണക്കോടതി ഇന്നു തീരുമാനിക്കും. ക്രോസ് വിസ്താരത്തിനു നടിക്കു പ്രത്യേകം സമന്‍സ് അയയ്ക്കും. കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കാളികളായവരുടെ വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. ദിലീപിന്റെ പങ്കാളിത്തം വിശദീകരിക്കുന്ന സാക്ഷികളുടെ വിസ്താരം 25നു ശേഷമേ ഉണ്ടാകൂ. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ദിലീപുമായി ബന്ധപ്പെട്ട ക്രോസ് വിസ്താരം ആരംഭിക്കാവൂ എന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. നടിയുടെ പ്രോസിക്യൂഷന് വിസ്താരം കഴിഞ്ഞ 30ന് ആരംഭിച്ചിരുന്നു.
എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം ഫോറന്‍സിക് വിദഗ്ധന്റെ സാന്നിധ്യത്തില്‍ പരിശോധിച്ചശേഷമാണു ലാബിനു കൈമാറേണ്ട ചോദ്യാവലി ദിലീപിന്റെ അഭിഭാഷകര്‍ തയാറാക്കിയത്. ആക്രമണദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടോ എന്നതു സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉള്‍പ്പെടെയുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ടു പരിശോധിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ദിലീപിന് അനുമതി നല്‍കിയിരുന്നു. വിടുതല്‍ ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരേ ദിലീപ് നല്കിയ ഹര്‍ജി സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയിരുന്നു. അതുകൊണ്ട് ഈ റിപ്പോര്‍ട്ട് ദിലീപിന് അതിനിര്‍ണ്ണായകമാണ്. ഇത് ദിലീപിന് എതിരാണെന്ന സൂചനകള്‍ മംഗളമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അഡ്വക്കേറ്റ് രാമന്‍പിള്ളയാണ് കേസില്‍ ദിലീപിന്റെ അഭിഭാഷകന്.
കുറ്റകൃത്യമേ നടന്നിട്ടില്ലെന്ന നിലപാടിലേക്ക് കാര്യങ്ങളെത്തിക്കാനായിരുന്നു ദിലീപ് ആലോചിച്ചിരുന്നത്. എന്നാല്‍ ഫോറന്‍സിക് പരിശോധനാ ഫലത്തോടെ ഇത് പൊളിഞ്ഞു. അതുകൊണ്ട് തന്നെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമായി ഉയര്‍ത്താനാണ് ഇനി ദിലീപിന്റെ നീക്കം. പള്‍സര്‍ സുനി മാത്രമാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അതിന് പിന്നില്‍ സാമ്പത്തിക മോഹമാണെന്നും ദിലീപ് കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. കേസില്‍ നടിയും ദിലീപിന്റെ മുന്‍ഭാര്യയുമായ മഞ്ജു വാര്യരെ കോടതി ഉടന്‍ വിസ്തരിക്കും. മഞ്ജുവിന്റെ മൊഴി കേസില്‍ നിര്‍ണായകമാകുമെന്നാണ് പ്രോസിക്യൂഷന് വിലയിരുത്തല്‍. ആറു മാസം കൊണ്ട് കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശം സുപ്രീംകോടതിയില്‍ നിന്ന് വിചാരണ കോടതിക്ക് ലഭിച്ചിരുന്നു. കേസിലെ ഗൂഢാലോചനയില്‍ എട്ടാം പ്രതിയാണ് ദിലീപ്. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹര്‍ജിയില്‍ ഉള്ളതിനാലാണ് നടപടി. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ഇനി ഓരോ ദിനവും നിര്‍ണ്ണായകമാണ്. അതിവേഗ വിചാരണയാണ് സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വിചാരണ കോടതി പരമാവധി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്ന പ്രതി ദിലീപിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. കേസ് വനിതാ ജഡ്ജിനു കൈമാറണമെന്ന, അതിക്രമത്തിന് ഇരയായ യുവനടിയുടെ അഭ്യര്‍ത്ഥന അനുവദിച്ചാണു വനിതാ ജഡ്ജി ഹണി എം.വര്‍ഗീസിനു ഹൈക്കോടതി കേസ് കൈമാറിയത്. തന്നെ കേസില്‍ കുടുക്കിയതാണെന്നും സത്യം തെളിയിക്കാന്‍ കേസ് അന്വേഷണം സിബിഐയെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് സംസ്ഥാന അഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ചേര്‍ന്നാണ് തന്നെ കേസില്‍ കുടുക്കിയതെന്നാണ് കത്തില്‍ ദിലീപ് ആരോപിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തെ പാടെ മാറ്റി നിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്ന് കത്തില്‍ വിശദീകരിക്കുയും ചെയ്തു. ഇതിന് ശേഷമാണ് അന്വേഷണം പൊലീസ് പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയേയും സമീപിച്ചു. ഇത് കോടതി തള്ളുകയും ചെയ്തു.
നടിയെ ആക്രമിച്ച ഗൂഢാലോചനയില്‍ തന്നെ കുടുക്കിയതെന്നാണ് ദിലീപ് ഹൈക്കോടതിയിലും മറ്റും വാദിക്കാന്‍ ശ്രമിച്ചത്. പള്‍സര്‍ സുനിയുടെ ബ്ലാക് മെയില്‍ പൊലീസിനെ നേരത്തെ അറിയിച്ചിട്ടും കേസില്‍ പ്രതിയായത് താന്‍. ഇതിനെല്ലാം പിന്നാല് പൊലീസിലെ ഉന്നതയാണെന്നും ആരോപിച്ചിരുന്നു. നേരത്തെ പന്ത്രണ്ട് പേജുള്ള കത്തായിരുന്നു ദിലീപ് അഭ്യന്തരസെക്രട്ടറിക്ക് അയച്ചത്. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ദിലീപ് കത്തയച്ചത്. കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത കാര്യം സമയബന്ധിതമായി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടെന്ന കാര്യം താനാണ് പൊലീസിനെ അങ്ങോട്ട് അറിയിച്ചത്. പള്‍സര്‍ സുനിയുടെ ആളുകള്‍ തനിക്കെതിരെ ഭീഷണിയുയര്‍ത്തി സംവിധായകന് നാദിര്‍ഷായെ വിളിച്ചതെല്ലാം വിചാരണയില്‍ ദിലീപ് ഇനി ഉന്നയിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ തന്നെ അറസ്റ്റ് ചെയ്തത് ആസൂത്രിത നീക്കത്തിന്റെ ഫലമെന്ന് ദിലീപ് ആരോപിക്കുന്നു.
നടി മഞ്ജുവാര്യര്‍, പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോന്, എ.ഡി.ജി.പി. ബി. സന്ധ്യ, ലിബര്‍ട്ടി ബഷീര്‍ എന്നിവരും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളെയും ഗൂഢാലോചനക്കാരായി ദിലീപ് ജാമ്യഹര്‍ജിയിലും എടുത്തു കാട്ടിയിരുന്നു. എഡിജിപി സന്ധ്യയും മഞ്ജുവും അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണ് കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന എന്ന ആരോപണം മഞ്ജു ഉന്നയിച്ചതെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. പരസ്യ സംവിധായകന് ശ്രീകുമാര്‍ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ്ടപ്പെട്ടത് താന്‍ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാര്‍ മേനോന് തന്നോട് വിരോധം തോന്നാന്‍ കാരണമെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ ആരോപണം വിചാരണയില്‍ ദിലീപ് ഉയര്‍ത്തുമോ എന്നതാണ് നിര്‍ണ്ണായകം.