1 GBP = 93.50 INR                       

BREAKING NEWS

കുര്‍ബാന പണം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്ത വൈദികന്‍ ളോഹയൂരാന്‍ താല്‍പ്പര്യം അറിയിച്ചു അരമനയ്ക്ക് കത്തു നല്‍കി; കാമുകിയുമൊത്ത് വൈവാഹിക ജീവിതം നയിക്കാനാണ് അച്ചന്‍ തീരുമാനിച്ചതെന്നും ആരോപണം; ചികിത്സാ സഹായം എന്നു പറഞ്ഞു വിശ്വാസികളില്‍ നിന്നും ഫാ. പ്രിന്‍സ് പണം കടം വാങ്ങിയിരുന്നതായും സൂചന; കുര്‍ബാനപ്പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് വൈദികനെ രക്ഷിക്കാന്‍ ഇടപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളി കൈക്കാരന്മാരും

Britishmalayali
ആര്‍ പീയൂഷ്

കൊച്ചി: പള്ളിയില്‍ നിന്നും കുര്‍ബാന പണം അടിച്ചുമാറ്റി കാമുകിക്ക് കൊടുത്ത വൈദികന്‍ വൈദിക വൃത്തിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അരമനയ്ക്ക് കത്ത് നല്‍കി. പണം നഷ്ടപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെയാണ് ഇടപ്പള്ളി അസി.വികാരി ഫാ.പ്രിന്‍സ് തൈക്കൂട്ടത്തില്‍ കത്ത് നല്‍കിയത്. ഇതോടെ കാമുകിയുമൊത്ത് വൈവാഹിക ജീവിതം നയിക്കാനാണ് അച്ചന്റെ തീരുമാനമെന്ന് തെളിയുകയാണ്. കാമുകിയില്‍ ഒരു കുട്ടിയുണ്ട് എന്ന് ഇടവകാംഗങ്ങള്‍ തന്നെ നേരത്തെ പറഞ്ഞിരുന്നു.

വിശ്വാസികളില്‍നിന്നും പ്രിന്‍സ് പണം കടം വാങ്ങിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ചികിത്സാസഹായമെന്ന് പറഞ്ഞാണ് വാങ്ങിയത്. വിശ്വാസികളില്‍നിന്നും വൈദികരില്‍നിന്നും വാങ്ങിയതു കൂടാതെ കുര്‍ബാനപ്പണത്തിലും തിരിമറി നടത്തിയതായാണ് സംശയം. സാമ്പത്തിക തിരിമറി, വൈദികന് ചേരാത്ത ജീവിതരീതി എന്നിവയെത്തുടര്‍ന്ന് ഫാ. പ്രിന്‍സിനെ എറണാകുളം-അങ്കമാലി അതിരൂപത മെത്രാേപ്പാലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സസ്‌പെന്‍ഷന്‍ ഉത്തരവ് ഫലത്തില്‍ വൈദികവൃത്തിയില്‍നിന്നുള്ള ഒഴിവാക്കലാണ്. എന്നാല്‍ ളോഹയൂരിക്കലിന് (ഡിഫ്രോക്കിങ്) സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. വത്തിക്കാനാണ് അന്തിമനടപടി സ്വീകരിക്കുന്നത്. വൈദികവൃത്തിയില്‍നിന്ന് ഒഴിവാക്കാന്‍ ഫാ. പ്രിന്‍സ് അരമനയ്ക്ക് കത്ത് നല്‍കിയിരിക്കുന്നതിനാല്‍ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലാകും. റോമില്‍ നാലുവര്‍ഷം ദൈവശാസ്ത്രം, കൂടാതെ രണ്ടുവര്‍ഷം മോറല്‍ തിയോളജിയും പഠിച്ചതിന് ശേഷം രണ്ട് വര്‍ഷമാകുന്നതെയുള്ളൂ ഇയാള്‍ക്ക് വൈദിക പട്ടം ലഭിച്ചിട്ട്. ഒരു വര്‍ഷത്തോളമാണ് ഇയാള്‍ ഇടപ്പള്ളി പള്ളിയില്‍ പ്രവര്‍ത്തിച്ചത്.

പള്ളിയില്‍ വിശ്വാസികള്‍ ഏല്‍പ്പിച്ചിട്ടുള്ള കുര്‍ബാന നിയോഗങ്ങള്‍ അതിരൂപത പൂര്‍ണ ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്ന് മെത്രാേപ്പാലീത്തന്‍ വികാരി മാര്‍ ആന്റണി കരിയില്‍ വ്യക്തമാക്കി. ഗൗരവമായ അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് ഫാ. പ്രിന്‍സിനെ പൗരോഹിത്യ ശുശ്രൂഷകളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അതിരൂപത പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. കുര്‍ബാനപ്പണത്തിന്റെ കാര്യത്തിലുള്‍പ്പെടെ ഇദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേടുകളും ഇടപാടുകളും ശ്രദ്ധയില്‍പ്പെട്ടയുടന്‍ നടപടി സ്വീകരിച്ചതായും അതിനാല്‍ വിശ്വാസികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതിരൂപത അറിയിച്ചു.

പള്ളിയില്‍നിന്ന് കുര്‍ബാനപ്പണം വകയില്‍ തുക നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇടപ്പള്ളി സെയ്ന്റ് ജോര്‍ജ് പള്ളി കൈക്കാരന്മാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പള്ളിയില്‍ കുര്‍ബാനപ്പണം സ്വീകരിക്കുന്നത് പ്രത്യേക കൗണ്ടറിലൂടെ രസീത് പ്രകാരമാണ്. ഈ പണത്തിന് പ്രത്യേകമായ ബാങ്ക് അക്കൗണ്ടും കണക്കുമുണ്ട്. വൈദികനും രണ്ട് കൈക്കാരന്മാരും ഒപ്പിട്ടാലേ ചെക്കുകള്‍ പാസാകൂ. മറ്റ് പള്ളികളിലെ വൈദികരുടെ ആവശ്യപ്രകാരം സുതാര്യമായി അവരുടെ അക്കൗണ്ട് വഴിയാണ് പണം നല്‍കുന്നത്. കൂടുതലും സംസ്ഥാനത്തിന് പുറത്തുള്ള മിഷന്‍ രൂപതകള്‍ക്കാണ് പോകുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും -കൈക്കാരന്മാരായ ജോയ് പള്ളിപ്പാടന്‍, ജോസ് നീരാക്കല്‍ എന്നിവര്‍ പറഞ്ഞു.

ഇടവകയുടെ അക്കൗണ്ടിലുള്ള പണം പലഘട്ടങ്ങളിലായി ഇയാളുടെ കാമുകിക്ക് സ്ഥിരമായി അയച്ചുകൊടുത്തുവെന്ന ആരോപണം ഉയര്‍ന്നതിന്റെ പേരിലാണ് നടപടികളുണ്ടായത്. കാമുകിക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയുടെ അച്ഛനാണ് ഫാദര്‍ പ്രിന്‍സ് എന്നും ഇടവക അംഗങ്ങള്‍ പറയുന്നുണ്ട്. വിശ്വാസികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കുര്‍ബാന ചൊല്ലാനായി ഏല്‍പ്പിക്കുന്ന പണത്തില്‍ നിന്നാണ് 15 ലക്ഷം രൂപ കവര്‍ന്നിരിക്കുന്നത്. മരിച്ചവര്‍ക്ക് മോക്ഷം കിട്ടാനും ജോലി, വിവാഹം, രോഗസൗഖ്യം തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്കായി കുര്‍ബാന നടത്താന്‍ ഏല്‍പ്പിക്കുന്ന പണമാണ് ഇത്തരത്തില്‍ ദുര്‍വിനിയോഗം ചെയ്തതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുകൂടാതെ വിവിധ വൈദികരില്‍നിന്ന് പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് അസി. വികാരിമാരുടെ സ്ഥലംമാറ്റത്തില്‍ ഫാ. പ്രിന്‍സിനെ കറുകുറ്റിയിലേക്ക് സ്ഥലംമാറ്റി. അപ്പോഴാണ് ഫാ. പ്രിന്‍സ് പലരില്‍നിന്നായി വലിയ തുകകള്‍ കടം വാങ്ങിയിട്ടുണ്ടെന്നും തിരികെ നല്‍കിയിട്ടില്ലെന്നും അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിനെ വൈദികര്‍ അറിയിക്കുന്നത്. തുടര്‍ന്ന് ഫാ. പ്രിന്‍സിനെ കറുകുറ്റിയില്‍നിന്ന് വിളിച്ചുവരുത്തി.

വീട്ടിലെ ആവശ്യത്തിനാണ് പണം വാങ്ങിയതെന്നും പറഞ്ഞ സമയത്ത് തിരികെക്കൊടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ അന്വേഷിച്ചു. വീട്ടില്‍ യാതൊരു പണവും ഇയാള്‍ നല്‍കിയില്ല എന്നാണ് അറിഞ്ഞത്. പ്രിന്‍സ് പറഞ്ഞത് തെറ്റാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് പണം കാമുകിക്ക് കൈമാറുകയായിരുന്നെന്ന് വ്യക്തമായത്. ഇതെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.

പ്രത്യേക കുര്‍ബാനകള്‍ക്ക് വിശ്വാസികള്‍ വൈദികര്‍ക്ക് പണം നല്‍കാറുണ്ട്. പാട്ടുകുര്‍ബാനയ്ക്ക് 150 രൂപയും സാധാരണ കുര്‍ബാനയ്ക്ക് 100 രൂപയുമാണ് നിരക്ക്. ഇടപ്പള്ളി പള്ളിയില്‍ ഈ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക കൗണ്ടറും ബാങ്കില്‍ വേറെ അക്കൗണ്ടുമുണ്ട്. ഇതിന്റെ ചുമതല ഫാ. പ്രിന്‍സിനായിരുന്നു. പെരുന്നാള്‍ സമയങ്ങളിലും മറ്റും ആയിരക്കണക്കിന് കുര്‍ബാനകള്‍ നടത്തേണ്ടിവരാറുണ്ട്. ഇത് ചൊല്ലിത്തീരാന്‍ സാധിക്കാത്തതിനാല്‍ ചെറിയ പള്ളികളിലേക്കും സന്ന്യാസ മഠങ്ങളിലേക്കും കുര്‍ബാന ചൊല്ലാനുള്ള ചുമതല കൈമാറുക പതിവാണ്. അതിനുള്ള പണം അവര്‍ക്ക് നല്‍കും.

വൈദികര്‍ക്ക് കൂടുതല്‍ പണം കൈമാറിയ ശേഷം തെറ്റുപറ്റിയതാണെന്നും നിശ്ചിത തുക കഴിച്ചുള്ള ബാക്കി തുക നേരില്‍ കൈപ്പറ്റിക്കൊള്ളാമെന്നും പറഞ്ഞ് ഫാ. പ്രിന്‍സ് പണം വാങ്ങിയിരുന്നതായാണ് ആരോപണം. അതായത്, ഒരാള്‍ക്ക് ആയിരം രൂപ കൊടുക്കാനുണ്ടെങ്കില്‍ അയ്യായിരം അക്കൗണ്ടിലിടുക. ഇത് വൈദികര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ബാക്കി നാലായിരം നേരില്‍ വാങ്ങുക. ഇതുകൂടാതെയാണ് വൈദികരില്‍നിന്ന് കടം വാങ്ങിയത്. പണം വാങ്ങിയത് തിരികെ നല്‍കാമെന്നും സാവകാശം വേണമെന്നും ഫാ. പ്രിന്‍സ് അരമനയെ അറിയിച്ചിട്ടുണ്ട്. കുര്‍ബാന ചൊല്ലുന്നതില്‍ മുടക്കം വരില്ലെന്നും ഇയാള്‍ നല്‍കിയില്ലെങ്കില്‍ പണത്തിന്റെ ഉത്തരവാദിത്വം തത്കാലം അരമന ഏറ്റെടുത്തെന്നും അതിരൂപത പി.ആര്‍.ഒ. ഫാ. പോള്‍ കരേടന്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category