1 GBP = 93.50 INR                       

BREAKING NEWS

ജിമ്മനും കര്‍ത്താവിന്റെ കുറുകെ ചാട്ടവും 3

Britishmalayali
ജോജി പോള്‍

ടയില്‍ നിന്നും ഇറങ്ങിയ ജിമ്മന്‍ ബൈക്കിന്റെ താക്കോല്‍ എനിക്ക് നേരെ നീട്ടി. 

'ഇനി നീ ഓടിക്ക്. എന്റെ കാലുകളൊക്കെ മസ്സില്‍ കയറി'. 

അതെനിക്കൊരു ഷോക്കായിരുന്നു.

'ഞാനോ, എനിക്ക് ബൈക്ക് ഓടിക്കാന്‍ അറിയില്ല. സത്യായിട്ടും, ഞാനിന്നു വരെ ഒരു ബൈക്കും ഓടിച്ചിട്ടില്ല'. 

ജിമ്മന്റെ നോട്ടം കണ്ടപ്പോള്‍ എനിക്ക് എന്നോട് തന്നെ ദേഷ്യമായി. 

'നിന്നെ പിന്നെന്തിനാ ഞാന്‍ വലിച്ചോണ്ട് വന്നത്? എനിക്ക് തന്നെ വന്നാ പോരായിരുന്നോ? ഇടക്കൊന്നു മാറി ഓടിക്കാനാ നിന്നെ കൂടെ കൂട്ടിയത്'.  

ജിമ്മന്റെ വാക്കുകളിലെ നിരാശ എനിക്ക് പെട്ടന്ന് മനസ്സിലായി. 

'നീ തിരുവല്ലക്ക് കൂട്ടുവരാനല്ലേ പറഞ്ഞുള്ളൂ! ബൈക്ക്  ഓടിക്കാനറിയോ   എന്ന് ചോദിച്ചില്ലല്ലോ? ഞാനപ്പഴേ പറഞ്ഞതാ, ട്രെയിനില്‍ പോയാ മതിയെന്ന്'.

'എന്തായാലും കുറച്ചു നേരം നീ ഓടിച്ചേ പറ്റൂ. സൈക്കിള്‍ ബാലന്‍സ് ഉണ്ടല്ലോ, അത് മതി. ഗിയര്‍ മാറ്റാന്‍ ഞാന്‍ പഠിപ്പിച്ചു തരാം'. 

ജിമ്മന്‍ വിടുന്ന മട്ടില്ല. 

ഇരു ചക്ര വാഹനത്തിന്റെ ലൈസെന്‌സെടുക്കാന്‍ പോയപ്പോള്‍ ഒരു 'ലൂണ' ഓടിച്ച പരിചയമേ ഉള്ളു. അവസാനം ജിമ്മന്റെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. പാലക്കാട് വരെ ഓടിക്കുക എന്നതാണ് എന്റെ ലക്ഷ്യം. അത് കഴിഞ്ഞാല്‍ പിന്നെ അവനോടിച്ചുകൊള്ളും. 

ആദ്യത്തെ ഒരു കുതിപ്പിനൊടുവില്‍ ഹീറോ ഹോണ്ട എന്റെ വരുതിയിലായി. മെല്ലെ മെല്ലെ ആത്മവിശ്വാസം എന്നില്‍ വര്‍ദ്ധിച്ചു. ഇത്തരത്തില്‍ പോവുകയാണെങ്കില്‍ പാലക്കാടുവരെ ഓടിക്കാന്‍ പ്രയാസമുണ്ടാകില്ല. 

പോട്ട ധ്യാന കേന്ദ്രത്തിന്റെ കവലയിലെത്തിയപ്പോള്‍ ഞാന്‍ വേഗത കൂട്ടി. ഹെല്‍മറ്റും കൂളിംഗ് ഗ്ലാസും കാരണം മുന്‍പിലെ വഴികള്‍ കൃത്യമായി കാണുന്നില്ല. എന്നാല്‍ വേഗത കൂട്ടിയ അതേ ക്രമത്തില്‍ ബൈക്കൊന്നു ഉയര്‍ന്നു പൊങ്ങി, മലക്കം മറിഞ്ഞു. 

കുറച്ചു നേരത്തേക്ക് ഒന്നും മനസിലായില്ല. ഒരു നിമിഷത്തെ ബ്ലാക്ക് ഔട്ട്, പിന്നെ ചെറിയ തലകറക്കം. അധികം ദൂരെയല്ലാതെ ജിമ്മനും റോഡില്‍ കുത്തിയിരിപ്പുണ്ട്. 

കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് വലതു കൈയുടെ 
തോളെല്ല് അതിന്റെ പൂര്‍വസ്ഥാനത്തു നിന്നും വിട്ടു തൂങ്ങി കിടക്കുകയാണെന്ന് മനസ്സിലായത്. വീഴ്ചയുടെ ആഘാതത്തില്‍ ആയിരുന്നത്കൊണ്ടാകണം വലിയ വേദന അനുഭവപ്പെട്ടില്ല. കൈയിലും കാല്‍ മുട്ടുകളിലും മുറിവുകളുണ്ട്. തലയ്ക്കു കുഴപ്പമൊന്നുമില്ല. 

ജിമ്മന്‍ നടന്ന് വരുന്നത് കണ്ടപ്പോള്‍ ആശ്വാസമായി. എന്തായാലും അവന് കാര്യമായിട്ടൊന്നും പറ്റിയിട്ടില്ല. 

'എന്താ ഉണ്ടായേ, വണ്ടി പെട്ടന്ന് മറിഞ്ഞല്ലോ?' 

അവന്‍ വീഴ്ചയുടെ കാരണമാണ് അന്വേഷിക്കുന്നത്. എനിക്കെന്തെങ്കിലും പറ്റിയോന്നു തിരക്കുന്നില്ല. 

'ധ്യാന കേന്ദ്രമല്ലേ, കര്‍ത്താവ് കുറുകേ ചാടിയതാ.' 

ഞാനൊരു ഫലിതം പറയാന്‍ ശ്രമിച്ചു. 

ജിമ്മനെ വണ്ടി നോക്കാന്‍ ഏല്‍പ്പിച്ച് ഒരു ഓട്ടോയും പിടിച്ച് ഞാന്‍ ആശുപത്രിയിലേക്ക് പോയി. തൂങ്ങി കിടക്കുന്ന കൈയൊരവും, മുറിപ്പാടണിഞ്ഞ കൈകാലുകളും, ചപ്രചിപ്ര മുടിയും, ചോര കണ്ണുകളുമായി ഞാന്‍ അത്യാഹിത വിഭാഗത്തില്‍ ചെന്നു. 

മദ്യപിച്ചു വണ്ടിയോടിച്ച്, അപകടത്തില്‍ പെട്ട ഒരുത്തനെപോലെയാണ്,  നഴ്‌സും കമ്പോണ്ടറും  പെരുമാറുന്നത്. കട്ടന്‍ കാപ്പിയും ആപ്പിളും ചേര്‍ന്നാല്‍ ആല്‍ക്കഹോള്‍ ആകും എന്നാദ്യമായി മനസ്സിലാക്കിയതും അവിടെ വെച്ചായിരുന്നു. 

എക്‌സ് റേയ്ക്ക് വേണ്ടി  ഷര്‍ട്ടൂരിയെടുക്കാന്‍ അവര്‍ പിടിവലിയായി. ആദ്യത്തെ ആലസ്യത്തില്‍ നിന്നും ഉയിര്‍ത്ത് എഴുന്നേറ്റ വേദന ഇതിനകം മാരകമായെന്നെ കീഴ്‌പെടുത്താന്‍ തുടങ്ങിയിരുന്നു.

ഡോക്ടറുടെ സമയോചിതമായ ഇടപെടല്‍ മൂലം  നഴ്‌സിന്റെയും കമ്പോണ്ടറിന്റെയും   പീഡനങ്ങളില്‍ നിന്നും ഞാന്‍ രക്ഷപെട്ടു. എക്‌സ് റേ ഫിലിം പരിശോധിച്ച ഡോക്ടരെന്നെ ഓപ്പറേഷന്‍ തിയ്യറ്ററില്‍ കൊണ്ടുപോകാന്‍ ആവശ്യപെട്ടു. 

ശാന്തനായി ഞാന്‍ വേദനയെല്ലാം സഹിച്ചു. ഇടയ്ക്കു ജിമ്മനെ ഓര്‍ത്തു പോയി. കുഴ തെറ്റിയ കൈ പെട്ടന്ന് വലിചിട്ടിട്ട് ഉടനെ തിരിച്ചുവരാം എന്ന് പറഞ്ഞാണ് ഓട്ടോയില്‍ കയറിയത്. ഏത് ഹോസ്പിറ്റല്‍ എന്നവനോട് പറഞ്ഞിട്ടില്ല. 

തിയ്യറ്ററില്‍ കയറ്റി അനസ്‌തേഷ്യ തന്നു മയക്കികിടത്തിയിട്ട് 
വേണം കൈകുക്കുഴ വലിച്ചിടാന്‍.  പിന്നെ ഓര്‍മയും വന്ന് എപ്പോഴാണ് ആസ്പത്രി വിടാന്‍ പറ്റാന്നറിയില്ല. അതുവരെ ബൈക്കിന് കാവലായി അവന്‍ ഹൈവേയില്‍ കാത്തിരിക്കണം. അവന് പരിചയമുള്ള സ്ഥലവുമല്ല. 

രാത്രി ഏകദേശം ഒന്‍പത് മണിയായി. എന്റെ വേദനയെക്കാള്‍ ജിമ്മനെ കുറിച്ച് ഓര്‍ത്തപ്പോഴാണ് എനിക്കേറെ വിഷമം തോന്നിയത്. വീണ വീഴ്ചയില്‍ ഏതെങ്കിലും വണ്ടിക്കടിയില്‍ പോയിരുന്നെങ്കിലോ? 

കൂടുതല്‍ ഓര്‍ത്ത് വിഷമിക്കാന്‍ അവസരം ലഭിക്കുന്നതിനുമുന്പ് അനസ്‌തേഷ്യ തരാന്‍ ആള് വന്നു. ഏതോ ഒരു മിശ്രിതം അവരെന്റെ ഞരമ്പുകളില്‍ കുത്തിവെച്ചു. മസിലുകള്‍ ഓരോന്നായി അയഞ്ഞ് തുടങ്ങി. നിദ്ര പതുക്കെ പതുക്കെ എന്നിലേക്ക് കടന്നു വന്നു. മുനിഞ്ഞ് കത്തി നിന്നിരുന്ന ഒരു ചുവന്ന ബള്‍ബ് ഊത നിറമായി 
മാറിക്കൊണ്ടിരുന്നു. അതിന്റെ പ്രകാശം ഇരുളുന്നതായി ഞാന്‍ കണ്ടു. അന്ധകാരത്തിന്റെ ഉമ്മറ പടിയിലേക്ക് പൂര്‍ണമായി പ്രവേശിക്കുന്ന നിമിഷത്തിന് മുന്‍പ് ഒരു മനുഷ്യ രൂപം എന്റെ അടുത്തേക്ക് നടന്നു വരുന്നത് ഞാന്‍ ശ്രദ്ധിച്ചു. ചാരനിറത്തിലുള്ള ഒരു മേലങ്കിയവര്‍ അണിഞ്ഞിരുന്നു. കഴുത്തില്‍ ഒരു ക്രൂശിത രൂപം തൂങ്ങിയാടുന്നത് അവ്യക്തമായി കാണാമായിരുന്നു. 

പ്രകാശിക്കുന്ന ഒരു മുഖം അവര്‍ക്കുണ്ടായിരുന്നു. അവരെന്റെ മുഖത്തേക്ക് കുനിഞ്ഞ് നോക്കുന്നുണ്ട് എന്നെനിക്ക് മനസ്സിലായി. ഏതോ ഒരു പ്രേരണയാല്‍ എന്റെ അവസാനത്തെ സ്വരം പുറത്തേക്ക് വന്നു.

''സിസ്റ്ററിന്റെ വീട് കൂടരഞ്ഞിയിലല്ലേ?'

പെട്ടന്ന് എല്ലാം ഇരുട്ടിലായി. ഞാന്‍ നിദ്രയിലേക്ക് ഊളയിട്ടു.

തുടരും

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam