കൊല്ലം: ബോട്ടില്‍നിന്നു പിടിവിട്ടു വീണ സാമുവല്‍ എന്ന മത്സ്യത്തൊഴിലാളിക്ക് കടലമ്മ കാവല്‍ നിന്നത് 18 മണിക്കൂര്‍. ഒരു പലകും രാവിന്റെ പകുതിയും രക്ഷാതീരം തേടി നടുക്കടലില്‍ നീന്തി നടന്നപ്പോള്‍ സാമുവലിന് കരുത്ത് നല്കി കൂടെ നില്‍ക്കുകയായിരുന്നു കടലമ്മ. ആത്മവീര്യം ചോരാതെ നീന്തിയും തളര്‍ന്നപ്പോള്‍ അനങ്ങാതെ മലര്‍ന്നു കിടന്നും അലറി വിളിച്ചും കടലില്‍ കഴിഞ്ഞ സാമുവല്‍ എന്ന 38കാരനെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി ശക്തികുളങ്ങരയില്‍നിന്നു 10 പേരുമായി പോയ 'ദീപ്തി' എന്ന ബോട്ടിലെ തൊഴിലാളി ആലപ്പാട് അഖില്‍ നിവാസില്‍ സാമുവലാണു നടുക്കടലില്‍നിന്ന് അദ്ഭുതകരമായി വീണ്ടും ജീവിതത്തിന്റെ കരപറ്റിയത്. രാവിലെ നാലു മണിയോടെയാണ് അപകടം ഉണ്ടായത്. ബോട്ടിന്റെ വശത്തെ പെട്ടിപ്പുറത്തു കിടന്ന് ഉറങ്ങുക ആിരുന്നു സാമുവല്‍. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരും ഈ സമയത്ത് ഉറക്കം ആയിരുന്നു. പുലര്‍ച്ചെ നാലോടെ തണുത്ത കാറ്റ് അടിച്ചപ്പോള്‍ അകത്തു കയറിക്കിടക്കാന്‍ എഴുന്നേറ്റു. എന്നാലല്‍ പിടിവിട്ടു കടലിലേക്ക് വീഴുക ആയിരുന്നു. ഒരു നിമിഷത്തിന്റെ ഞെട്ടലിന് ശേഷം അലറി വിളിച്ചെങ്കിലും ആരും കേട്ടില്ല. ബോട്ട് മുന്നോട്ട് പോയി. ബോട്ടിന് പിന്നാലെ കുറേ നീന്തി എങ്കിലും പ്രയോജനമുണ്ടായില്ല.
നനഞ്ഞു കുതിര്‍ന്ന വേഷവുമായി കുറേ ദൂരം നീന്തി നടന്നു. കൈകാലുകള്‍ കുഴഞ്ഞതോടെ നീന്താന്‍ പറ്റാതായപ്പോള്‍ ബര്‍മുഡയും ടീഷര്‍ട്ടും ഊരിയെറിഞ്ഞു. നീന്തി നീന്തി കൈ തളര്‍ന്നു. പിന്നെ തിരകളില്‍ ബാലന്‍സ് ചെയ്ത് പൊങ്ങിക്കിടന്നു. പിന്നെ കുറച്ചുനേരം മലര്‍ന്നു നീന്തി. ഏതെങ്കിലും ബോട്ടിന്റെ ശ്രദ്ധയില്‍പ്പെടുമെന്നായിരുന്നു പ്രതീക്ഷ. കൈവിടരുതേയെന്നു പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഒരു പകല്‍ മുഴുവനും പിന്നിട്ടിട്ടും ആരും രക്ഷയ്ക്കെത്തിയില്ല. പയ്യെപയ്യെ മനസ്സില്‍ ഭീതി നിറഞ്ഞു.
ഒരു പകല്‍ മുഴുവന്‍ അങ്ങനെ നീന്തിയും മലര്‍ന്നു കിടന്നും ദൈവത്തെ വിളിച്ചു. സൂര്യനെ നോക്കിയപ്പോള്‍ വൈകിട്ട് അഞ്ചായെന്നു തോന്നി. അപ്പോള്‍ പേടി തോന്നിത്തുടങ്ങി. ഒരു ബോട്ടും അടുത്തില്ല. കുറച്ചു സമയം സങ്കടത്തോടെ അലറിക്കൂവി. ആരും കേട്ടില്ല. നീട്ടുവല ഇടുന്ന വള്ളക്കാരിലായി പിന്നെ പ്രതീക്ഷ. അവര്‍ കിഴക്കുണ്ടാകും. അങ്ങനെ കിഴക്കോട്ടു നീന്തി. രാത്രിയായി. പിന്നെയും മണിക്കൂറുകള്‍. അവസാനം ദൂരെയൊരു ബോട്ട് കണ്ടു. ഉറക്കെ വിളിച്ചു. ഭാഗ്യം ! അവര്‍ കണ്ടു.
'യേശു ആരാധ്യന്‍' എന്ന ബോട്ട് സാമുവലിനെ രക്ഷിക്കുമ്പോള്‍ സമയം രാത്രി 10.30. കടലില്‍ വീണിട്ട് 18 മണിക്കൂര്‍ പിന്നിട്ടിരുന്നു. രാത്രി 12.30നു ബോട്ട് കരയ്ക്കെത്തി. അവശനായിരുന്ന സാമുവലിനെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഈ സമയമത്രയും കോസ്റ്റ് ഗാര്‍ഡും ബോട്ടുകാരും കടലില്‍ സാമുവലിനെ തിരയുകയായിരുന്നു. എന്നാല്‍ വീണതെന്നു ബോട്ടുകാര് അറിയിച്ച സ്ഥലം മാറിപ്പോയിരുന്നു. എങ്കിലും കടലമ്മ ചതക്കില്ലെന്ന സാമുവലിന്റെ വിശ്വാസം സത്യമായി.