1 GBP = 93.00 INR                       

BREAKING NEWS

കേരളത്തിലേക്കാള്‍ വിലക്കുറവില്‍ തേങ്ങാ വിറ്റു ടെസ്‌കോ ഏഷ്യാക്കാരെ കയ്യിലെടുക്കുന്നു; ഇളനീര്‍ വില്‍പനയില്‍ മൂന്നിരട്ടി വില്‍പ്പന; ബിസ്‌കറ്റും ഐസ് ക്രീമും ഫേസ് ക്രീമും അടക്കം എല്ലാം തേങ്ങാ മാനിയയില്‍; വെളിച്ചെണ്ണ ഉപയോഗം ചായയില്‍ വരെ എത്തി നില്‍ക്കുമ്പോള്‍ നഷ്ടം കേരളത്തിന് മാത്രം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ടെസ്‌കോയില്‍ ഒരു നാളികേരത്തിന് വില വെറും 34 പെന്‍സ്. വിശ്വസിക്കാന്‍ പ്രയാസമാണ്. ഏതാനും ആഴ്ച മുന്‍പ് വരെ 60 പെന്‍സിനു വിറ്റിരുന്ന നാളികേരമാണ് ഇപ്പോള്‍ 34 പെന്‍സിലേക്ക് ഒറ്റയടിക്ക് താഴ്ത്തിയിരിക്കുന്നത്. പ്രധാന എതിരാളികളായ അസ്ദ 50 പെന്‍സിനും മോറിസണ്‍ 80 പെന്‍സിനും നാളികേരം വില്‍ക്കുമ്പോഴാണ് ടെസ്‌കോ വിലക്കുറവിന്റെ മാജിക് പുറത്തെടുക്കുന്നത്. ടെസ്‌കോയുടെ തിരഞ്ഞെടുത്ത ഷോറുമുകളില്‍ മാത്രമാണ് നാളികേരം വില്‍ക്കുന്നതെങ്കിലും ഇത്തരം കടകളില്‍ എത്തുന്ന ഏഷ്യാക്കാരുടെ ട്രോളിയില്‍ നാലും അഞ്ചും നാളികേരമാണ് ഇപ്പോള്‍ ഇടം പിടിക്കുന്നത്.

നാളികേരം കൂടുതലായി വാങ്ങുന്നവരോട് കടയില്‍ ജീവനക്കാര്‍ പോലും ചോദിച്ചു തുടങ്ങി ഇതുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന്. മലയാളികളാകട്ടെ കിട്ടിയ അവസരം എന്ന നിലയില്‍ വിലക്കുറവില്‍ കിട്ടിയ നാളികേരം കൂടുതലായി വാങ്ങി ചിരവിയെടുത്തു ഫ്രീസറില്‍ പോലും സൂക്ഷിക്കുന്നതായി പലരും പറയുമ്പോള്‍ കേരളത്തില്‍ പോലും കിട്ടാത്ത വിലക്ക് നാളികേരം കിട്ടുമ്പോള്‍ അവസരം മുതലാക്കാതിരിക്കുന്നതെങ്ങനെ എന്നാണ് സാധാരണക്കാര്‍ ചോദിക്കുന്നതും. പൗണ്ടും രൂപയുമായുള്ള താരതമ്യ വില പരിഗണിക്കുമ്പോള്‍ ടെസ്‌കോ നല്‍കുന്ന 34 പെന്‍സ് കേരളത്തിലെ പ്രാദേശിക വിപണികളില്‍ ഈടാക്കുന്ന 20 നും 25 നും   രൂപയ്ക്കും ഇടയിലുള്ള വിലയേക്കാള്‍ എത്രയോ ഭേദം എന്നാണ് തെളിയുന്നത്. 

അതിനിടെ തേങ്ങാ മാനിയ യൂറോപ്പിലെങ്ങും പടര്‍ന്നു പിടിക്കുകയാണ്. കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി യുകെ വിപണിയിലും ഇതിന്റെ അനുരണനം എത്തിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കാണുന്ന എന്തിലും നാളികേരത്തിന്റെ പടം വച്ചാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഫ്രഷ് സലാഡുകളുടെ കൂട്ടത്തില്‍ പോലും കറുമുറാ കടിച്ചു തിന്നാന്‍ തേങ്ങാപ്പൂളുകള്‍ വില്‍പനക്ക് എത്തിത്തുടങ്ങിയിരിക്കുകയാണ്. ഇതുകൂടാതെ തേങ്ങാ ചേര്‍ത്ത ഐസ്‌ക്രീം, ബിസ്‌കറ്റുകള്‍, ഫേസ് ക്രീം, എന്നുവേണ്ട നാളികേര പാലും തേങ്ങാപ്പൊടിയും ഒക്കെ ഏഷ്യന്‍ കടകളിലേതു പോലെ ബ്രിട്ടീഷുകാര്‍ എത്തുന്ന വന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും നിറയുകയാണ്.

വെളിച്ചെണ്ണ ആകട്ടെ പലതരം ബ്രാന്‍ഡുകളുടെ പേരിലും എത്തിത്തുടങ്ങി. കേരളത്തില്‍ വെന്ത വെളിച്ചെണ്ണ എന്ന പേരില്‍ പ്രസിദ്ധമായ വിര്‍ജിന്‍ കോക്കനട് ഓയിലിന് യുകെയില്‍ കടുത്ത പ്രിയമാണ്. 250 മില്ലിയുടെ ബോട്ടിലിനു 15 പൗണ്ട് വരെ വില ഈടാക്കിയിട്ടും ഷെല്‍ഫുകള്‍ കാലിയാകുന്ന വിധത്തില്‍ കോക്കനട്ട് മാനിയ പടര്‍ന്നു പിടിക്കുകയാണ്. എന്തിനേറെ ശരീര പുഷ്ടിക്കു നല്ലതാണെന്നു പറഞ്ഞു ചായയില്‍ വരെ ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കഴിക്കുന്നവര്‍ പോലും വിരളമല്ല ബ്രിട്ടീഷുകാര്‍ക്കിടയില്‍. 

വെളിച്ചെണ്ണയും തേങ്ങയും മാത്രമല്ല നാളികേര വെള്ളവും യൂറോപ്യര്‍ക്കിടയില്‍ ഹിറ്റായി മാറുകയാണ്. കാര്‍ബണും ഷുഗറും ചേര്‍ന്ന സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിച്ചു ശീലിച്ച ബ്രിട്ടീഷുകാര്‍ ഏഷ്യന്‍ നാടുകളില്‍ നിന്നും എത്തുന്ന കുപ്പിയില്‍ അടച്ച നാളികേര വെള്ളത്തിന്റെ വലിയ ഇഷ്ടക്കാരായി മാറിയിരിക്കുകയാണ്. വെറും 250 മില്ലി നാളികേര വെള്ളം ഒരു പൗണ്ടിന് വാങ്ങിക്കുടിക്കാന്‍ ഒരു മടിയും ആര്‍ക്കുമില്ല. നാളികേര വെള്ളത്തിനൊന്നും വില കല്‍പ്പിക്കാതിരുന്ന മലയാളിയും തമിഴനും അടക്കം ഉള്ളവര്‍ തിരിഞ്ഞു നോക്കാതിരുന്നിട്ടും കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഈ വിപണി അതിശയിപ്പിക്കുന്ന വളര്‍ച്ചയാണ് കാട്ടുന്നത്.
ഒരു മില്യണ്‍ വിറ്റുവരവ് ഉണ്ടായിരുന്ന നാളികേര വെള്ളത്തിന്റെ വിപണി എത്തി നില്‍ക്കുന്നത് 60 മില്യണ്‍ പൗണ്ടിന്റെ കച്ചവടത്തിലാണ് എന്നറിയുമ്പോഴാണ് കോക്കനട്ട് മാനിയ ചെറിയ സംഭവം അല്ലെന്നു മനസിലാകുന്നത്. ഹോളിവുഡ്, പോപ് സെലിബ്രിറ്റികളായ ഗിന്നത്ത് പാള്‍ട്രോ, സിയന്ന മില്ലര്‍, റിഹാന എന്നിവരൊക്കെ നാളികേര പാനീയം സൂപ്പര്‍ എന്ന് പറയുമ്പോള്‍ അവരുടെ ലക്ഷക്കണക്കിന് ആരാധകര്‍ അതൊന്നും രുചിച്ചു നോക്കാതിരിക്കുന്നതെങ്ങനെ? സൂപ്പര്‍ മോഡല്‍ മിറാന്‍ഡ കെര്‍ ഒരു ദിവസം നാലു സ്പൂണ്‍ വെളിച്ചെണ്ണ തനിക്കു കൂടിയേ തീരൂ എന്ന് പറയുമ്പോള്‍ ലോകം നാളികേരത്തിന്റെ ജാതകം മാറ്റിയെഴുതാന്‍ തയ്യാറെടുക്കുകയാണ്. മഡോണ നിത്യവും തേങ്ങാവെള്ളം കുടിക്കുമെന്നു പറഞ്ഞതോടെ വിറ്റ കോകോ കമ്പനിയുടെ നാളികേര വെള്ളം വില്‍പന 400 മില്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. 

മൂന്നു വര്‍ഷം മുന്‍പു നാളികേരത്തിന് യുകെ വിപണിയില്‍ വിലങ്ങു തടി സൃഷ്ടിക്കാന്‍ ഏതാനും ഗവേഷണ ഫലങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും അതൊന്നും ജനങ്ങള്‍ കാര്യമായി എടുത്തില്ല എന്നുവേണം പുതിയ നാളികേര ഭ്രാന്തു കാണുമ്പോള്‍ അനുമാനിക്കാന്‍. സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ന്യൂട്രീഷനിസ്റ്റ് ഡോ റോസ്‌മേരി സ്റ്റന്റന്‍ നേതൃത്വം നല്‍കിയ നാളികേര വിരുദ്ധ പ്രചാരണത്തിനു മാധ്യമങ്ങള്‍ നല്ല പിന്തുണ നല്‍കിയെങ്കിലും കാര്യമായി ഏശിയില്ല എന്ന് പിന്നീട് വിപണി നാളികേര വില്‍പനയോടു കാട്ടുന്ന മമത തന്നെ തെളിയിക്കുന്നു. ആരോഗ്യ കാര്യങ്ങളില്‍ വിദഗ്ധര്‍ നല്‍കുന്ന പ്രചാരണങ്ങള്‍ക്ക് വലിയ വിലകല്‍പിക്കുന്ന സമൂഹം എന്ന നിലയില്‍ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയുടെ പ്രചാരണം യുകെയില്‍ വെളിച്ചെണ്ണ വിപണി തകര്‍ക്കും എന്നാണ് കരുതപ്പെട്ടിരുന്നത്, എന്നാല്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് മറിച്ചാണ്. 

ഈ വാര്‍ത്തകള്‍ ഒക്കെ പുറത്തു വരുമ്പോഴും സങ്കടം ബാക്കിയാകുന്നത് കേരളത്തിലെ കേര കര്‍ഷകര്‍ക്ക് മാത്രമാണ്. ലോകം തേങ്ങയെ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോഴേക്കും കേരളത്തിന് തെങ്ങും തേങ്ങയും നഷ്ടമായ അവസ്ഥയാണ്. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളെ യൂറോപ്യന്‍ വിപണി പണ്ടേ അംഗീകരിച്ചപ്പോഴും തേങ്ങാ ആ ഗണത്തില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഒടുവില്‍ തേങ്ങയും ആഹാര പട്ടികയിലും സൗന്ദര്യ വര്‍ധക വസ്തുവിലും ഉള്‍പ്പെട്ടപ്പോഴേക്കും ശ്രീലങ്കയും തായ്ലാന്‍ഡും അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളും ടാന്‍സാനിയ, കെനിയ, മൊസാംബിക്, ഘാന അടക്കമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് യൂറോപ്യന്‍ വിപണിയുടെ നേട്ടം എടുക്കുന്നത്.

ഇന്ത്യന്‍ വെളിച്ചെണ്ണ കയറ്റുമതിയില്‍ പതിയിലേറെയും ഗള്‍ഫ് രാജ്യങ്ങളെ തേടിയെത്തുമ്പോള്‍ വെന്ത വെളിച്ചെണ്ണയുടെ നല്ല പങ്കും എത്തുന്നതും അമേരിക്കന്‍ വിപണിയിലാണ്. 31000 ടണ്‍ നാളികേരവും ഇന്ത്യയില്‍ നിന്നും ഗള്‍ഫില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ കയറ്റുമതി വരുമാനത്തില്‍ പത്തു ശതമാനമാണ് നാളികേരത്തിന്റെ പേരില്‍ എഴുതപ്പെടുന്നത്. ഈ കണക്കുകളില്‍ കേരളത്തിന്റെ വിഹിതം വെറും നാമമാത്രവും. മറ്റു രാജ്യങ്ങള്‍ക്കൊപ്പം ബ്രിട്ടനും യൂറോപ്പും ഒക്കെ നാളികേരം തേടിയെത്തുമ്പോള്‍ കൈമലര്‍ത്താന്‍ ഉള്ള യോഗം മാത്രമാണ് കേരളത്തിനുള്ളത്. ഭാവിക്കു വേണ്ടത് എന്തെന്ന് തിരിച്ചറിയാന്‍ കഴിയാതെ പോയ കേരളത്തിലെ ഭരണാധികാരികള്‍ക്ക് നേരെയുള്ള ചൂണ്ടാണിയായി മാറുകയാണ് ലോകം തേങ്ങയോടു കാട്ടുന്ന മമതയെന്നു ഉറപ്പിക്കാം. 

കഴിഞ്ഞ അഞ്ചു വര്‍ഷമായി ബ്രിടനില്‍ ഓരോ വര്‍ഷവും വെളിച്ചെണ്ണ വില്‍പ്പന ഇരട്ടിയിലധികം വളര്‍ച്ചയാണ് കാണിക്കുന്നത്. പാചകം, സൗന്ദര്യ വര്‍ധന പ്രയോഗങ്ങള്‍ എന്നു തുടങ്ങി ക്രീമിന് പകരമായും മുറിവില്‍ പുരട്ടാനും വരെ വിര്‍ജിന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഭക്ഷണത്തിലും പാചകത്തിലും കൊഴുപ്പും മറ്റും കൃത്യമായി വിലയിരുത്തി ഉപയോഗിക്കുന്ന ബ്രിട്ടീഷ് ജനതയ്ക്ക് കുറഞ്ഞ കലോറിയും നിറയെ മൂലകങ്ങളും ഉള്ള നാളികേര വെള്ളം ഒഴിച്ച് കൂടാന്‍ വയ്യാത്ത വിധമാണ് വിപണിയില്‍ ജനപ്രിയം ആകുന്നത്.

ഒട്ടു മിക്ക ജ്യൂസിലും നാളികേര പാല്‍ പ്രധാന ഘടകമായി മാറിക്കഴിഞ്ഞു. ബ്രിട്ടനില്‍ ഏറ്റവും വേഗതയില്‍ വളരുന്ന സോഫ്റ്റ് ഡ്രിങ്ക് ആയിട്ടാണ് നാളികേര വെള്ള വില്‍പന കുതിക്കുന്നത്. പൊട്ടാസ്യവും മഗ്‌നീഷ്യവും നിറഞ്ഞ കരിക്കിന്‍ വെള്ളം ഏറ്റവും ശുദ്ധമായ പ്രകൃതി ജന്യ എനര്‍ജി ഡ്രിങ്ക് ആണെന്ന് തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ കടകളില്‍ ഇവ ലഭ്യമാകുന്ന മുറയ്ക്ക് വാങ്ങിച്ചു തീര്‍ക്കുകയാണ് എന്നതാണ് ട്രെന്റ്. പേശികളുടെ ചലനാന്മാകതയ്ക്കും തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനും നാഡി വ്യവസ്ഥകളെ ഉത്തേജിപ്പിക്കാനും ഇതിനു പകരം വയ്ക്കാവുന്ന ഒരു പാനീയം ഭൂമിയില്‍ വേറെ ഇല്ലെന്നാണ് ഇപ്പോള്‍ ബ്രിട്ടീഷ് ജനതയുടെ വാദം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category