പ്രണവും ശരണ്യയും രണ്ടുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹംകഴിച്ചതാണ്. ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയിലായിരുന്നു. ഞായറാഴ്ച രാത്രിയും ഇവര്തമ്മില് വഴക്കുണ്ടായതായി അയല്‍വാസികള്‍ പറഞ്ഞിരുന്നു. ഇതെല്ലാം ശരണ്യ ബോധപൂര്‍വ്വം ഉണ്ടാക്കിയതായിരുന്നു. ഭര്‍ത്താവിന്റെ മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രം. കുഞ്ഞിനെ വീട്ടില്‍നിന്നും കൊണ്ടുപോയി കടപ്പുറത്തെ കരിങ്കല്ഭിത്തിയില് തലയ്ക്കടിച്ച് കൊന്നശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു അമ്മയെന്ന് പൊലീസ് കണ്ടെത്തിയത് ചോദ്യം ചെയ്യലിലും ശാസ്ത്രീയ പരിശോധനയിലും കൂടെയാണ്. കുട്ടിയുടെ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു.
പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഇയാളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചതിനാല്‍ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നുമാണു പൊലീസിന്റെ കണ്ടെത്തല്‍. കുറ്റം അച്ഛന് പ്രണവിന്റെ തലയില്‍ കെട്ടിവയ്ക്കാനായി കൊലപാതകത്തിനു തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തി. പുലര്‍ച്ചെ കുഞ്ഞുമായി കടല്‍ക്കരയിലെത്തി. കുഞ്ഞിനെ കരിങ്കല്‍ക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞാണു കൊലപ്പെടുത്തിയത്. കല്ലില്‍ ശക്തിയായി തലയിടിച്ചാണു കുഞ്ഞിന്റെ മരണം. ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടെന്നു ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ശരണ്യയുടെ കാമുകന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. അമ്മ ഒറ്റയ്ക്ക് നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നില്‍. തിങ്കളാഴ്ച രാവിലെയാണ് പ്രണവ്-ശരണ്യ ദമ്പതിമാരുടെ മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാന്‍. രാത്രി വൈകി കുഞ്ഞിന് പാല്‍കൊടുത്തിരുന്നു. പുലര്‍ച്ചെ ആറിന് ഉണര്‍ന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറഞ്ഞിരുന്നു. അച്ഛന് അറിയാതെ കുട്ടിയുമായി കടപ്പുറത്ത് പോവുകയായിരുന്നു അമ്മ. പിന്നെ കൊലപാതകവും.
രാവിലെ മുതല്‍ കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂര്‍ സിറ്റി സ്റ്റേഷനില്‍ പരാതിനല്‍കിയിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് മാതാപിതാക്കളെ ചോദ്യംചെയ്തപ്പോള്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്. ഇരുട്ടില്‍ കടല്‍ തീരത്ത് എത്തിയ ശരണ്യ പരിസരത്ത് ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കടല്‍ ഭിത്തിയിലെ പാറ കെട്ടുകളിലേക്ക് കുട്ടിയെ വലിച്ച് എറിയുക ആയിരുന്നു. കുഞ്ഞ് കരഞ്ഞതോടെ ഒരിക്കല്‍ കൂടി താഴെ ഇറങ്ങി പറയിലേക്ക് കുട്ടിയെ എടുത്ത് എറിഞ്ഞ് മരണം ഉറപ്പാക്കി. പിന്നീട് ആണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. കുട്ടിയെ കാണാതയതോടെ എല്ലാ കുറ്റവും ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടന്നു.
ശരണ്യയുടെ സഹോദരനാണ് കുട്ടിയുടെ അച്ഛനിലേക്ക് കുറ്റം ആരോപിച്ചത്. വീട്ടിനുള്ളിലെ മുറിയില്‍ അച്ഛനും കുട്ടിയും ഉറങ്ങാന്‍ കിടന്നു. അമ്മ രാവിലെ കുട്ടിക്ക് പാല് കൊടുത്ത ശേഷം ഹാളിലായിരുന്നു കിടന്നത്. മുറി അകത്തു നിന്ന് പൂട്ടിയിരു്ന്നു. അതുകൊണ്ട് തന്നെ അച്ഛന് അറിയാതെ കുട്ടി പുറത്തു പോകില്ലെന്നും അച്ഛനാണ് കൊന്നതെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. അതാണ് ഇപ്പോള്‍ കള്ളമെന്ന് തളിയുന്നതും ശരണ്യ അറസ്റ്റിലാകുന്നതും.
ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റെയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്. 'ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരു തെളിവ്' എല്ലാ കുറ്റവാളികളും ബാക്കിവയ്ക്കുമെന്ന് പൊലീസ് വിശേഷിപ്പിക്കുന്നതുപോലെ, ഈ കേസില്‍ ശരണ്യയുടെ വസ്ത്രത്തിലെ ഉപ്പുവെള്ളം ആ തെളിവാകുകയായിരുന്നു. ശരണ്യയും ഭര്‍ത്താവ് പ്രണവും തമ്മില്‍ നേരത്തെ മുതല്‍ അസ്വരാസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നും ഇതിനിടെ മറ്റൊരു ബന്ധത്തിലായ ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ വെള്ളംകുടിച്ച ശരണ്യ, ഒടുവില്‍ കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു. അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ രണ്ട് മണിയോടെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് ആദ്യം കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്കി. ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസ് ആശയക്കുഴപ്പത്തിലാക്കി. എന്നാല്‍ ശരണ്യയുടെ വസ്ത്രത്തിന്റെ ഫോറന്‍സിക് പരിശോധനഫലത്തില്‍ ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ കേസന്വേഷണം വഴിമാറി. ഒടുവില്‍ ഒന്നരവയസുകാരനെ കൊന്നത് അമ്മയാണെന്ന വ്യക്തമാവുകയായിരുന്നു.
സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങള്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണല്‍തരികളോ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പൊലീസ് വസ്ത്രങ്ങള്‍ ശേഖരിച്ചത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് കുട്ടിയെ കാണാതായതായി ബന്ധുക്കള്‍ അറിയുന്നത്. പതിനൊന്ന് മണിയോടെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ കമഴ്ന്നു കിടന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും 50 മീറ്റര്‍ അകലെയാണ് പ്രണവിന്റെ വീട്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി വീട് പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അമ്മയെ കുടുക്കാനുള്ള നിര്‍ണായക തെളിവ് ലഭിച്ചത്.