1 GBP = 103.40 INR                       

BREAKING NEWS

അഞ്ചു മണിക്കൂര്‍ നീളുന്ന രാഗ താള മേളങ്ങള്‍; കൈപ്പുണ്യ വിശേഷങ്ങളുമായി അമ്മമാരും; കലയും കാരുണ്യവും കൈ കോര്‍ക്കുന്ന തൂവല്‍സ്പര്‍ശത്തിന് ഇനി മൂന്നു നാള്‍ മാത്രം

Britishmalayali
ജോര്‍ജ്ജ് എടത്വാ

ലോകത്തെവിടെ പോയാലും ഏതു സ്വര്‍ഗത്തില്‍ ജീവിച്ചാലും നമ്മളെയെല്ലാം തിരിച്ചു വിളിക്കുന്നത് ഗൃഹാതുരത മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം കൂടിയാണ്. ജോലി തിരക്കിനിടയിലും ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയിലും രുചിയോടെ നല്ല ഭക്ഷണം കഴിക്കുക എന്നത് പലര്‍ക്കും ഒരു മോഹം മാത്രമായി മാറുകയാണ്. പഠന ശേഷം അമ്മമാരുടെ കൂടെ അടുക്കളയില്‍ നിന്ന് പാചകക്കൂട്ടുകള്‍ കണ്ടും കേട്ടും പഠിക്കാന്‍ അവസരം ലഭിക്കാതെ യുകെയില്‍ എത്തിയ മലയാളി തലമുറയിലെ പലര്‍ക്കും ആശ്രയം യുട്യൂബ് വീഡിയോകളിലെ പൊടിക്കൈകളാണ്.

ഇതില്‍ പലതും ചുക്കെന്നു പറഞ്ഞിട്ട് ചുണ്ണാമ്പു കാട്ടുന്ന പരിപാടിയായി മാറുമ്പോള്‍ തനതു സ്വാദും രുചിയും കിട്ടാന്‍ അമ്മമാരുടെ കൈപ്പുണ്യം തേടി തന്നെ പോകേണ്ടി വരുന്ന ഗതികേടും അനുഭവിക്കുന്നവരാണ് പ്രവാസികളില്‍ പലരും. എന്നാല്‍ യുകെയിലെ കൈപ്പുണ്യമുള്ള ഒരുകൂട്ടം അമ്മമാര്‍ കഴിഞ്ഞ ഏഴുവര്‍ഷമായി നടത്തുന്ന വേറിട്ട പരീക്ഷണം അവശരും ആലംബഹീനരുമായ അനേകം രോഗികള്‍ക്കും നിര്‍ധനരായ ഒരു പറ്റം കുട്ടികളുടെയും ജീവിത സ്വപ്നങ്ങളില്‍ നിറങ്ങള്‍ ചാലിച്ച ചിത്രങ്ങളായി മാറിയ കഥയുമായി മദേഴ്സ് ചാരിറ്റിയുടെ തൂവല്‍സ്പര്‍ശം എന്ന കൂട്ടായ്മ വീണ്ടും ഒത്തുകൂടുകയാണ് ഈ വരുന്ന 22 നു ശനിയാഴ്ച.

സ്വന്തം വീട്ടില്‍ തയ്യാറാക്കുന്ന എന്തും കഴിക്കാന്‍ ഇഷ്ടമുള്ളവരാണ് മലയാളികള്‍. യുകെ ജീവിതത്തില്‍ ജോലിയും കുടുംബവും ആവശ്യത്തിലേറെ സമയം അപഹരിക്കുമ്പോള്‍ മദേഴ്‌സ് ചാരിറ്റിയുടെ വാര്‍ഷിക ചാരിറ്റി പ്രോഗ്രാമായ തൂവല്‍സ്പര്‍ശം സൗത്താപ്ടണിലെ ബിഷപ് വാല്‍ത്താം ജൂബിലി ഹാളില്‍ വച്ചാണ് നടക്കുന്നത്. കൃത്യമായ സമയനിഷ്ഠ പാലിച്ചാവും ഇത്തവണ തൂവല്‍സ്പര്‍ശം അരങ്ങേറുക. വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ചു രാത്രി എട്ടുമണിക്ക് തീരുന്ന രീതിയില്‍ അഞ്ചുമണിക്കൂര്‍ നീളുന്ന രാഗ താള മേളങ്ങള്‍ അടങ്ങുന്ന ഫുഡ് ഫെസ്റ്റിവല്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. കലയും കാരുണ്യവും കൈകോര്‍ക്കുന്ന ഈ അസുലഭ നിമിഷങ്ങളിലേക്ക് നിങ്ങളെ ഏവരേയും സ്വാഗതം ചെയ്യുന്നു.

തങ്ങളെ തേടിയെത്തുന്ന ആലംബ ഹീനര്‍ക്കു കൈത്താങ്ങാകാന്‍ അല്‍പം അച്ചാറും ഉണ്ണിയപ്പവും അച്ചപ്പവും മാത്രം കൈമുതലാക്കി രംഗത്തിറങ്ങിയവരാണ് ഈ അമ്മമാര്‍. തങ്ങളുടെ വേറിട്ട ഈ പരീക്ഷണ രീതി രണ്ടു കയ്യും നീട്ടി യുകെ മലയാളികള്‍ സ്വീകരിച്ച സ്‌നേഹാനുഭൂതിയില്‍ പലഹാര കൂട്ടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാണ് ഇവര്‍ തൂവല്‍ സ്പര്‍ശത്തില്‍ ഭക്ഷണ പ്രേമികളുടെ മുന്നില്‍ എത്തുന്നത്. പരിപാടിക്കെത്തുന്നവര്‍ അച്ചാറും പലഹാരങ്ങളും കൈനിറയെ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ അപൂര്‍വ്വമായ ഒരു ജീവകാരുണ്യ പ്രസ്ഥാനത്തിന് കൂടിയാണ് ജീവന്‍ വച്ചത്.

സ്വന്തം പ്രയത്‌നം വഴി നിര്‍മ്മിക്കുന്ന പലഹാരക്കൂട്ടുകള്‍ വഴി സ്വരൂപിക്കുന്ന നാണയ തുട്ടുകള്‍ കേരളത്തില്‍ അനേകം രോഗികളുടെ ഒരു നേരത്തെ മരുന്നായും പാവപെട്ട വിദ്യാര്‍ത്ഥികളുടെ ഫീസായും മാറുമ്പോള്‍ കണ്ണ് നിറയുന്നത് മദേഴ്സ് ചാരിറ്റി എന്ന വനിതാ കൂട്ടായ്മയിലെ അമ്മമാര്‍ക്കാണ്. തങ്ങള്‍ പോലും അറിയാതെ തങ്ങളുടെ കൂട്ടായ്മ ചുവടു തെറ്റാതെ വളരുന്നത് മദേഴ്സ് ചാരിറ്റിക്കാര്‍ അഭിമാനത്തോടെ കാണുമ്പോള്‍ സംഘാടക വൈഭവത്തിന്റെ മേനി പറഞ്ഞു നടക്കുന്ന പുരുഷ കേസരികളില്‍ പലര്‍ക്കും ഇവര്‍ക്ക് മുന്നില്‍ തല കുനിക്കേണ്ടി വരും.

കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ നിരവധി കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ ഈ അമ്മമാരുടെ മദേഴ്‌സ് ചാരിറ്റി എന്ന കൂട്ടായ്മക്ക് കഴിഞ്ഞു. പ്രധാനമായും അഞ്ച് ഇനം പരിപാടികളാണ് മദേഴ്‌സ് ചാരിറ്റി നടത്തുന്നത്.

1, പാലിയേറ്റീവ് കെയര്‍: അശരണരും ആലംബഹീനരുമായ രോഗികളുടെ തെരെഞ്ഞടുത്ത സഹായാഭ്യര്‍ത്ഥനകള്‍ അംഗങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചു. അതില്‍ ലഭ്യമാകുന്ന മുഴുവന്‍ തുകയും ഒപ്പം തൂവല്‍സ്പര്‍ശം പോലുള്ള ഇവന്റുകളില്‍ നിന്നും സമാഹരിക്കുന്ന തുകകളും ചേര്‍ത്ത് ആ അഭ്യര്‍ത്ഥനകള്‍ക്ക് നല്‍കുക. തുടര്‍സഹായം ആവശ്യമെങ്കില്‍ ചികിത്സാ സഹായ ഗ്രൂപ്പിലേക്ക് റെഫര്‍ ചെയ്യുക. കഴിഞ്ഞ തൂവല്‍സ്പര്‍ശത്തിന് ശേഷം ഇതുവരെ പന്ത്രണ്ട് നിര്‍ദ്ധനരായ രോഗികളെ സഹായിക്കാന്‍ മദേഴ്‌സ് ചാരിറ്റിക്ക് കഴിഞ്ഞു.

2, ചികിത്സാ സഹായ ഗ്രൂപ്പ്: നിര്‍ദ്ധനരായ രോഗികളെയും ചികിത്സാ ചിലവിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരെയും കണ്ടെത്തി അഞ്ചു മുതല്‍ പത്തുപേര്‍ വരെ അടങ്ങുന്ന മദേഴ്‌സ് സഹയാത്രികരുടെ ഗ്രൂപ്പുകള്‍ രൂപീകരിച്ചു ഒരോ രോഗിക്കും ആവശ്യമായ ചികിത്സാ സഹായം എത്തിക്കുന്ന രീതിയാണ്. കഴിഞ്ഞ തൂവല്‍ സ്പര്‍ശത്തിന് ശേഷം 45 ചികിത്സാ സഹായ ഗ്രൂപ്പുകള്‍ വഴി 45 രോഗികള്‍ക്ക് സഹായം നല്‍കി വരുന്നു.

3, വിദ്യാഭ്യാസ സഹായ ഗ്രൂപ്പ്: പത്തു പേര്‍ അടങ്ങുന്ന നിരവധി ചെറുഗ്രൂപ്പുകളായി ചേര്‍ന്ന് മദേഴ്‌സ് ചാരിറ്റി 75ല്‍ പരം ആലംബഹീനരായ കുട്ടികള്‍ക്ക് ഉപരിപഠനം അടക്കം വിദ്യാഭ്യാസം നല്‍കി വന്നിരുന്നു. ഇപ്പോള്‍ ഇരുപത് ഗ്രൂപ്പുകള്‍ വഴിയായി ഇരുപത് കുട്ടികള്‍ ഉപരിപഠനം അടക്കം വിദ്യാഭ്യാസം നടത്തുന്നു.

4, ഷെയര്‍ ദി ജോയ്: യുകെയില്‍ ഉള്ള മദേഴ്‌സ് സഹയാത്രികരുടെ ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ആഘോഷാവസരങ്ങളില്‍ ഒരു ചെറിയ തുക മദേഴ്‌സ് ചാരിറ്റി സ്വീകരിക്കുകയും ആ തുക ഓണവും ക്രിസ്മസും അടക്കമുള്ള ആഘോഷവേളകളില്‍ ആഘോഷമില്ലാത്തവര്‍ക്കു ഭക്ഷണവും പുതുവസ്ത്രങ്ങള്‍ വിതരണം ചെയ്യുക. കേരളത്തിനെ പിടിച്ചു കുലുക്കിയ പ്രളയ സമയത്ത് കേരളത്തിലങ്ങോളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഷെയര്‍ ദി ജോയ് വഴി മദേഴ്‌സ് ചാരിറ്റിക്ക് കഴിഞ്ഞു.

5, റീനല്‍ കെയര്‍ സപ്പോര്‍ട്ട്: കിഡ്‌നി രോഗത്താല്‍ വലയുന്ന അശരണരായ രോഗികള്‍ക്ക് സഹായം നല്‍കുക എന്ന രീതിയില്‍ രൂപീകരിച്ചതാണ് റീനല്‍ കെയര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്. മദേഴ്‌സ് ചാരിറ്റിയുടെ ഗ്രൂപ്പുകളില്‍ പുതിയതാണ് ആറുമാസമായി രൂപീകരിച്ചിട്ട് ഓരോ മാസവും ഓരോ രോഗിയെ വീതം സഹായിക്കുന്നു. ഇതുവരെ ആറ് രോഗികളെ സഹായിക്കാന്‍ സാധിച്ചു.

നേതാക്കളില്ലാത്ത ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് മദേഴ്‌സ് ചാരിറ്റി എന്നാല്‍ യുകെ ചാരിറ്റി കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ട്രസ്റ്റിമാരും ഉപദേശകസമിതിയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇരുന്ന് സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അശരണര്‍ക്കും ആലംബഹീനര്‍ക്കും അത്താണിയാകുകയാണ് മദേഴ്സ് ചാരിറ്റിയുടെ കരുത്തുറ്റ കര്‍മ്മോത്സുകരായ കോഡിനേറ്റേഴ്‌സ്, അവരാണ് മദേഴ്‌സ് ചാരിറ്റിയുടെ ചാരിറ്റിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
യുകെയിലെ ഒരു ചെറിയ പട്ടണത്തില്‍ ആരംഭിച്ച ഈ ചെറുകൈത്തിരി യുകെയിലെ വിവിധ നഗരങ്ങളെ കൂടാതെ മിഡില്‍ ഈസ്റ്റിലും അമേരിക്കയിലും ഇന്ത്യയിലും മദേഴ്‌സ് ചാരിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തന മാര്‍ഗ്ഗം പിന്തുടരാന്‍ നിരവധി മലയാളി കുടുംബിനികളുടെ ചെറുസംഘങ്ങള്‍ തയ്യാറായിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category